Thursday, September 18, 2008

അയല്‍പക്കത്തെ സുന്ദരി

ബൂലോഗത്ത് ഓര്‍കുട്ടിലും ഫേസ് ബുക്കിലും ബസ്സി
ലും ട്വിറ്ററിലും ഇന്ത്യാ റോക്സിലുമായി
എന്റെ വെര്‍ച്വല്‍ സൗഹൃദം പൂത്തുലഞ്ഞു.
ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള തൊട്ടടുത്ത ഫ്ലാറ്റിലെ
സുന്ദരിയുടെ റിക്വസ്റ്റ് സ്ക്രീനില്‍ തെളിഞ്ഞു.
അപ്പോഴാണ്‌ ഒരു പതിറ്റാണ്ടായി ഒരു ചുമരിന്‌ അപ്പുറമിപ്പുറം താമസിക്കുന്ന
അയല്‍പക്കത്തെ പരിച്ചയപെട്ടില്ലല്ലോ എന്നോര്‍ത്തത്.
സാരമില്ല, ഇനി ചാറ്റു ചെയ്ത് അയല്‍പക്ക വിശേഷം അറിയാമല്ലോ...
**
(സമയം മാസികയില്‍ 2009 മെയ് ലക്കം പ്രസിദ്ധീകരിച്ചു)

Sunday, June 22, 2008

ബ ലൂ ണ്‍ b a l o o nനേതാവ്‌ അസ്വസ്ഥനാണ്‌. തൂക്കം ദിവസംതോറും കുറഞ്ഞുവരുന്നു.
ഉള്ളും പുറവും പരിശോധിച്ച ഡോക്‌ടര്‍ക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല.
ജീവിതചര്യകളെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ പത്രപ്രസ്‌താവന നേതാവിന്‌
ഒഴിച്ചു കൂടാനാവാത്ത ദിനകൃത്യമാണെന്നറിഞ്ഞത്‌.
നേതാവിന്റെ പ്രസ്‌താവനകള്‍ ഈയിടെ പത്രത്തില്‍ കാണാത്തത്‌ അറിയാമായിരുന്ന ഡോക്‌ടര്‍ തീര്‍പ്പുകല്‍പ്പിച്ചു.
അസുഖത്തിന്‌ മരുന്നുണ്ട്‌ പത്രാധിപര്‍ കനിയണം.
ചലിക്കുന്ന ജനസഞ്ചയത്തെ കണ്ട്‌ നേതാവിന്‌ ഞെട്ടലുണ്ടായി.* * * *
അനുവാദത്തോടെ ക്യാബിനിലേക്ക്‌ കയറിവന്ന നേതാവിനെ പത്രാധിപര്‍ സ്വീകരിച്ചിരുത്തി.
തെന്നിമാറാന്‍ വിദഗ്‌ധനായിരുന്ന പത്രാധിപര്‍ വിനയത്തോടെ പറഞ്ഞു.
``മഷിപുരളാന്‍ അക്ഷരക്കൂട്ടങ്ങള്‍ അറച്ചുനില്‍ക്കുന്നു.
വിശ്വസിക്കണം - പ്രസ്‌താവനകള്‍ ഒന്നുപോലും ചവറ്റുകുട്ടയില്‍ എറിഞ്ഞിട്ടില്ല.''
നേതാവ്‌ ഏസി റൂമിലിരുന്ന്‌ വിയര്‍ത്തു.
നാലാം നിലയിലിരിക്കുന്ന പത്രാധിപര്‍ക്കു പുറകിലെ ചില്ലുജാലകത്തിലൂടെ താഴെ റോഡില്‍
പത്രമോഫീസില്‍ നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു.
ക്ഷീണിച്ച്‌ അവശനായ നേതാവിനെ ആരും തിരിച്ചറിഞ്ഞില്ല.

(കണ്‍സ്യൂമര്‍ വേള്‍ഡ്‌ ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, June 11, 2008

സരോജിനിക്കൊല്ലിയും കൈതപ്പൂമണവും Children's Novel

(‘ദേശാഭിമാനിയി'ല്‍ തുടര്‍ ലക്കങ്ങളായി പ്രസിദ്ധീകരിച്ചത്)

ഒന്ന്‌
വളര്‍ന്നു വലുതാകുമ്പോള്‍ കാവല്‍ക്കാരനാകണമെന്നാണ്‌ കാദറിന്റെ ആഗ്രഹം.
കാദറിന്റെ വാപ്പ സീകാക്കക്ക്‌ ചെട്ട്യാന്മാരുടെ വയലില്‍ കാവല്‍ പണിയാണ്‌. സീകാക്കയെ കാവലേല്‍പ്പിച്ചാല്‍ ഒരു കണ്ടം വയലിലെ വിളയും ആന ചവിട്ടിക്കൂട്ടിയും നെല്ല്‌ ഊരിയെടുത്തും നശിപ്പിക്കില്ല. ആധാരം പണയപ്പെടുത്തി വാങ്ങിയകാശുകൊണ്ട്‌ വെച്ചു പിടിപ്പിച്ച വാഴക്കന്നുകളില്‍ നിന്നും എണ്ണം നോക്കി കുലയും വെട്ടാം. ഒരു പന്നിയും കുത്തിമറിക്കാതെയും കാട്ടുവീരന്റെ പരാക്രമം ഉണ്ടാകാതെയും സീകാക്ക നോക്കിക്കൊള്ളും.
വയലില്‍ ഞാറുവെച്ച്‌ കതിരിടുമ്പോഴേക്ക്‌ പുതിയ കാവല്‍ മാടങ്ങളും ഉയരും. വെടിപടക്കവും ചൂട്ടും മണ്ണെണയും കാവല്‍മാടത്തില്‍ കരുതിയിട്ടുണ്ടാകും. രാത്രി അത്താഴത്തിനുള്ള കഞ്ഞിയും കപ്പയും ചെട്ട്യാന്മാര്‍ പണിക്കാരുടെ കൈവശം മാടത്തിലെത്തിക്കും. നേരം പുലരാറാകുമ്പോള്‍ കണ്ണിന്‌ ഒരു കടച്ചിലാണ്‌. ആ നേരത്തും സീകാക്ക ഉറങ്ങാതെ കഴിച്ചുകൂട്ടും.വെളുപ്പാന്‍കാലത്തെ കോച്ചുന്ന തണുപ്പില്‍ മറ്റു കാവല്‍പ്പുരകളിലെ കാവല്‍ക്കാരെല്ലാം ഉറക്കം പിടിച്ചിട്ടുണ്ടാകും. പുലര്‍ച്ചെ കൃഷിയിടത്തില്‍ കരിവീരന്മാര്‍ മദിച്ചെത്തിയാല്‍ കാവല്‍ക്കാരറിയാതെ പോയാല്‍ മാടം കുത്തിമറിച്ചിട്ട്‌ ചവിട്ടിയരച്ചു കൊല്ലും.നേരം വെളുപ്പിന്‌ ഉരുണ്ടുവരുന്ന കരിനിറക്കൂട്ടങ്ങള്‍ വയലിനക്കരെ തെളിഞ്ഞു കാണുന്നതിനു മുമ്പുതന്നെ സീക്കാക്കയുടെ മൂക്കിനുള്ളില്‍ ചൂരെത്തിയിട്ടുണ്ടാവും. പിന്നെ ഒരു പടപടപ്പാണ്‌. മാടത്തില്‍ എഴുന്നേറ്റുനിന്ന്‌ കൂക്കിവിളിച്ച്‌ ഉറക്കം പിടിച്ച കാവല്‍ക്കാരെയെല്ലാം ഉണര്‍ത്തും. തപ്പുകൊട്ടി ആനിയിറങ്ങിയെന്ന സൂചന കൊടുക്കും.പന്നിക്കൂട്ടമാണെങ്കില്‍ രണ്ടുമൂന്നു പടക്കം പൊട്ടിച്ചാല്‍ മതിയാകും. ചിതറി പിന്‍തിരിഞ്ഞോടിക്കൊള്ളും.
ആനക്കൂട്ടത്തില്‍ കുട്ടിയാനയുണ്ടെങ്കിലാണ്‌ പെടാപാട്‌. തന്തക്കും തള്ളക്കും കുറുമ്പു കൂടുതലുണ്ടാവും. ആനക്കുട്ടിയുടെ രക്ഷകരുതി കൊമ്പനും പിടിയാനയും കടന്നാക്രമിക്കാനും മടിക്കില്ല കതിനപൊട്ടിച്ച്‌ തപ്പുകൊട്ടി കൂക്കി വിളിച്ചിട്ടും ആനക്കൂട്ടം പിന്‍തിരിഞ്ഞില്ലെങ്കില്‍ തീപ്പന്തം എറിഞ്ഞു തുടങ്ങും. ആനയുടെ പിന്‍കാലിനടുത്ത്‌ പടക്കം തീകൊളുത്തിയിടാന്‍ സീകാക്ക വിദഗ്‌ധനാണ്‌.
നേരം പുലര്‍ന്ന്‌ മാടപ്പുരയില്‍ തന്നെ വെല്ലക്കാപ്പി തിളപ്പിച്ചു കഴിച്ച്‌ ഉച്ചവരെ മയങ്ങി ക്ഷീണം മാറ്റിയാണ്‌ സീകാക്ക വീട്ടിലേക്ക്‌ പോകുന്നത്‌. വേലന്‍ ചെട്ട്യാരുടെ കൈവശം ലൈസന്‍സില്ലാത്ത തോക്കുണ്ട്‌.ചെട്ട്യാര്‍ക്ക്‌ സീമാപ്പിളയെ വിശ്വാസമായിരുന്നു. സീകാക്കയെ ചെട്ട്യാര്‌ വെടിവെക്കാന്‍ പഠിപ്പിച്ചു. ഞാറ്റുകണ്ടത്തിലെത്തുന്ന കൊറ്റികളെ ഉന്നം വെച്ചാണ്‌ പഠിച്ചത്‌. ചേറില്‍ പിടഞ്ഞുവീഴുന്ന കൊറ്റികളെ തൂക്കിയെടുക്കുന്നത്‌ സീക്കാക്ക്‌ ഉത്സാഹമായി. കാവലിനുപോയി തുടങ്ങുന്നതിനുമുമ്പ്‌ തവളയെ കുടുക്കിയിട്ട്‌ ചെളിക്കണ്ടത്തില്‍ കൊക്കിന്‌ കെണിയൊരുക്കി പിടിക്കാറുണ്ടായിരുന്നു.ഇരുമ്പുതോക്ക്‌ സീമാപ്പിളയുടെ സഹയാത്രികനായി.
കാവല്‍മാടത്തിന്റെ മുളച്ചാര്‍ത്തിനിടയില്‍ ചാക്കില്‍ പൊതിഞ്ഞ്‌ രഹസ്യമായി തോക്കു തിരുകിവെച്ചിട്ടുള്ളത്‌ കാവല്‍ക്കാര്‍ക്കറിയാം. മദിച്ചു വരുന്ന കാട്ടുപന്നിക്കൂട്ടങ്ങളില്‍ ഒത്ത പരുവം നോക്കി ഉന്നം പിടിക്കും. വെടി പൊട്ടിയാല്‍ മൂന്നു കണ്ടം ഓടുമ്പോഴേക്കും തേറ്റ കുത്തിവീണ പന്നിയുടെ ഉശിരുകെടും.വെടിപ്പടക്കത്തിന്റെ ഒച്ചപ്പാടിനൊപ്പം തോക്കു ശബ്‌ദിച്ചത്‌ പുറത്താരുടെയും ശ്രദ്ധയില്‍ പെടില്ല.രാത്രിയിലും വെളുപ്പാന്‍കാലത്തും വനപാലകരാരും ആ പരിസരങ്ങളിലുണ്ടാവുകയുമില്ല. നന്നേ വെളുക്കും മുമ്പ്‌ പന്നിയെ വെട്ടി പങ്കുവെച്ച്‌ കാവല്‍ക്കാര്‍ വീടുകളിലേക്ക്‌ നടക്കും. സീകാക്കക്ക്‌ പന്നി ഇറച്ചി ഹറാമാണ്‌. ചെട്ട്യാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടിയാണ്‌ കാട്ടുപന്നിക്കുനേരെ സീമാപ്പിള ഉന്നം വെക്കുന്നത്‌.
വൈകുന്നേരം വെയില്‍ ചൂടുകുറയുന്ന നേരത്ത്‌ ചെട്ട്യാന്മാരുടെ പറമ്പിന്റെ അതിര്‍ത്തിയിലായി കാടിനരുകില്‍ സീമാപ്പിള പതുങ്ങിയിരിക്കും. ചില ദിവസം കൂട്ടിന്‌ ചെട്ട്യാരുമുണ്ടാകും. കൂട്ടത്തോടെ മേയാനെത്തുന്ന മാനുകളും കാട്ടാടുകളുമാണ്‌ ലക്ഷ്യം. പോക്കുവെയിലില്‍ മാനുകളെ കാണുമ്പോള്‍ തങ്കം വാരിപ്പൂശിയതുപോലെ തോന്നും.
വിനു ഒരു ദിവസം ഉച്ചക്ക്‌ കാദറിന്റെ പുരയില്‍ ചെന്നതായിരുന്നു. ചോറു വിളമ്പിവെച്ച്‌ ആമിനുമ്മ വിനുവിനെയും കാദറിനെയും ഉണ്ണാന്‍ വിളിച്ചു. പിഞ്ഞാണത്തിന്‍ നിന്നും ചോറു വാരി കഴിക്കുമ്പോല്‍ ആമിനുമ്മ അടച്ചു വെച്ച ടിന്നില്‍നിന്നും ഉണക്കിയ ഇറച്ചിയെടുത്ത്‌ ചീനച്ചട്ടിയിലിട്ട്‌ വെളിച്ചെണ്ണയില്‍ വറുത്തുതന്നു. ഉണക്ക്‌ ഇറച്ചിയുടെ രുചി വിനുവിനു രസിച്ചു. ചവച്ചരച്ചു കഴിക്കുമ്പോള്‍ കാദര്‍ തിരക്കി. ``ഈ ഇറച്ചി വിനു കൂട്ടിട്ടുണ്ടോ?''
``മുയലിറച്ചിയാണോ?''
``ഊം ഊം'' കാദര്‍ തലയാട്ടി.
``പിന്നെ എന്തിന്റെ ഇറച്ചിയാണ്‌?''
ഉമ്മ കോലായിലേക്ക്‌ പോയതു നോക്കി ശബ്‌ദം കുറച്ച്‌ കാദര്‍ ചോദിച്ചു.``ആരോടെങ്കിലും പറയ്വോ?''
``പറയില്ല, സത്യം.''
``മാനെറച്ചിയാണ്‌'' കാദര്‍ പറഞ്ഞു. ``ഫോറസ്റ്റുകാരറിഞ്ഞാല്‌ കേസ്സാകും.''
സ്‌കൂള്‍വിട്ട്‌ ഒന്നിച്ചു നടന്നുവരുമ്പോള്‍ വാപ്പയുടെ നായാട്ടു കഥകളും കാവലിന്റെ വീര്യകൃത്യങ്ങളും കാദറു പറയുമ്പോള്‍ കേള്‍ക്കാന്‍ രസമാണ്‌. മുണ്ടകൊല്ലി കാട്ടില്‍ ചുറ്റിയടിച്ചിരുന്ന `മോഴ'യെക്കുറിച്ചും `ചുള്ളിക്കൊമ്പനെ' ക്കുറിച്ചും കാദര്‍ പറഞ്ഞാണ്‌ വിനു അറിഞ്ഞത്‌.രാത്രി കാവല്‍മാടത്തില്‍ പോയിരുന്നാല്‍ കൂക്കിവിളിച്ചും തപ്പുകൊട്ടിയും തീപ്പന്തവും പടക്കവുമെറിഞ്ഞ്‌ കാട്ടാനയെയും കാട്ടുപന്നികളെയും ഓടിക്കുന്നതു കാണാം. വലുതാകുമ്പോള്‍ ചെട്ട്യാരുടെ കാവല്‍ പുരയില്‍ കാദറ്‌ കാവലിനു പോകുമെന്നാണ്‌ പറയുന്നത്‌. സ്‌കൂളില്ലാത്ത ദിവസം നൂല്‍പ്പുഴയില്‍ ചൂണ്ടയിടാന്‍ പോകാന്‍ കാദറും വിനുവും നിശ്ചയിച്ചു. മൈതാനവും മണ്ണിട്ട റോഡും കടന്ന്‌ ഗ്രാന്റിസ്‌ നിറഞ്ഞ കാപ്പിനുള്ളിലൂടെ നൂല്‍പ്പുഴയിലേക്ക്‌ കുറുക്കുവഴിയുണ്ട്‌. അതിലൂടെ നടന്ന്‌ ചെട്ട്യാരുടെ വയലിനരികിലൂടെ പോകുമ്പോള്‍ കാദര്‍ വയലിലെ കാവല്‍പുര ചൂണ്ടി കാണിച്ചു.
``ആ മാടത്തിലാണ്‌ വാപ്പയുടെ കാവല്‌.''
അതിനപ്പുറത്തെ വയലുകളിലും കാവല്‍മാടങ്ങള്‍ കാണാമായിരുന്നു. കാടിനതിര്‍ത്തിയിലുള്ള ഒരു ഇല്ലിക്കൂട്ടത്തിനു മുകളില്‍ വെച്ചു കെട്ടിയ കാവല്‍പുരയും കയറിയെത്താനുള്ള ഏണിയും കണ്ടപ്പോള്‍ അതിനുള്ളില്‍ കയറി നോക്കാന്‍ വിനുവിന്‌ ആഗ്രഹം തോന്നി.
`ആ മാടത്തിനുള്ളില്‍ വെടിപടക്കം കാണും.'' കാദര്‍ പറഞ്ഞു.
``ഇല്ലക്കുണ്ടയുടെ മുകളിലാണ്‌ കതിന സൂക്ഷിക്കുന്നത്‌.''
ഓടക്കാട്ടില്‍ കാറ്റുപിടിക്കുമ്പോള്‍ പുല്ലാങ്കുഴല്‍നാദം കേള്‍ക്കാം. കാദറും വിനുവും നൂല്‍പ്പുഴയ്‌ക്കടുത്തെത്താറായി. ദൂരെ നിന്നേ ഓടക്കാടുകളുടെ തലയിളക്കം കണ്ടു. ഓടക്കാടിനുള്ളിലെ തണുപ്പു തേടി ആനകളെപ്പോഴും വരുന്നതാണ്‌.
``പേടിയുണ്ടോ?'' കാദറു ചോദിച്ചു.
ഉള്ളില്‍ ആന്തലുണ്ടെങ്കിലുംവിനു ധൈര്യം നടിച്ചു.രണ്ട്‌


കാദറിന്റെ പുരയിലെ കോഴികള്‍ക്കെല്ലാം അസുഖം പിടിച്ചിരിക്കുന്നു. അവയെല്ലാം കണ്ണടച്ച്‌ തൂക്കം പിടിച്ച്‌ നില്‍ക്കുകയാണ്‌. കുരുപ്പു പിടിച്ച്‌ കഴിഞ്ഞ കൊല്ലവും മൂന്നെണ്ണം ചത്തതാണ്‌. അതോര്‍ത്തപ്പോള്‍ തുത്തുമ്മയ്‌ക്ക്‌ സഹിച്ചില്ല.
കള്ള്‌ തൂവലില്‍ മുക്കി പുരട്ടിയാലും കൊക്കു പിളര്‍ത്തി കുടിപ്പിച്ചാലും കുറച്ചു ഭേദപ്പെടും. ബൊമ്മന്റെ കൂടെ കാദറിനെ ഷാപ്പിലേക്ക്‌ പറഞ്ഞുവിട്ടു.കാദര്‍ റോഡരുകില്‍ നിന്നു തുത്തുമ്മ കൊടുത്ത പത്തുരൂപയുമായി ബൊമ്മന്‍ ഷാപ്പില്‍ കയറി. ഒരു കുപ്പി കള്ളു വാങ്ങിച്ചു. കാദര്‍ കൊണ്ടുവന്ന ചെറിയ കുപ്പിയില്‍ ഒഴിച്ച്‌ ബാക്കി വായ്‌ക്കുള്ളിലേക്കു കമഴ്‌ത്തി. നാടന്‍ കോഴിമുട്ട പുഴുങ്ങിയത്‌ മുളകില്‍ തൊട്ടു കഴിക്കണമെന്നുണ്ടായിരുന്നു ബൊമ്മന്‌. പത്തുരൂപയ്‌ക്ക്‌ അതുകൂടി നടക്കില്ല. എവിടെയും സ്ഥിരമായി വേലയില്ലാത്തതുകൊണ്ട്‌ ഷാപ്പില്‍ നിന്ന്‌ ബൊമ്മന്‌ കടവും കിട്ടില്ലായിരുന്നു.
ഇടവഴിയിലൂടെ കള്ളുനിറച്ച കുപ്പി ചരടില്‍ തൂക്കി നടക്കുമ്പോള്‍ കാദറിനൊരു മോഹം തോന്നി. അവന്‍ ചുറ്റും കണ്ണോടിച്ചു. പശുവിന്‌ തീറ്റയ്‌ക്ക്‌ പുല്ലരിയാന്‍ ഉമ്മയോ വല്ലിമ്മയോ തൊടിയിലെത്തിയിട്ടുണ്ടോ എന്നു നോക്കി. ആരുമില്ല. ധൈര്യമായി. കുപ്പിയുടെ അടപ്പു പതുക്കെ തുറന്നു മണത്തു. ഹൗ... മുഖം ചുളിഞ്ഞു. വളിച്ച മണമായിരുന്നു വല്ലാത്തതുതന്നെ. ഇതാണോ മനുഷ്യന്‍മാര്‌ പള്ളേല്‌ മോന്തി നിറക്കുന്നത്‌! കള്ള്‌ വയറ്റില്‌ ചെല്ലുമ്പോള്‍ മത്തു പിടക്കുമെന്നു കേട്ടിട്ടുണ്ട്‌. യോഹന്നാന്‍ ചേട്ടന്‍ കള്ളുകുടിച്ച്‌ പാട്ടും പാടി രസിച്ച്‌ ആടിവരുന്നത്‌ കാദര്‍ കണ്ടിട്ടുണ്ട്‌. കള്ള്‌ വയറ്റിലെത്തിയാല്‍ സംഭവിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ കാദറിന്‌ ഒരു തുള്ളി നാവില്‍ വെച്ചു നോക്കണമെന്നു തോന്നി. ഉമ്മയറിഞ്ഞാല്‍ കഴുത്തറുക്കും. മൊല്ലാക്കയുടെയോ കാളിയാരുടെയോ ചെവിയിലെത്തിയാല്‍ കാപ്പി വടികൊണ്ട്‌ തുടതല്ലിപ്പൊളിക്കുമെന്ന്‌ കാദറിനറിയാതെയല്ല.കള്ളിത്തറിയില്‍ പിടിച്ച്‌ മണ്‍തിട്ടയുടെ മുകളില്‍ കയറിനിന്ന്‌ ഇടവഴിയുടെ രണ്ടറ്റത്തേക്കും നോക്കി. ഒറ്റ മനുഷ്യരുമില്ല. ഇടവഴിയിലേക്ക്‌ തിരികെ ഇറങ്ങി കുന്തിച്ചിരുന്ന്‌ കുപ്പിയുടെ അടപ്പുതുറന്ന്‌ വരലില്‍ മുക്കി നാവിലേക്കു വെച്ചു. കള്ള്‌ നൊട്ടിനുണഞ്ഞിറക്കിയപ്പോല്‍ തല പെരുത്തൊന്നുമില്ല. വല്ലാത്ത ചൊവ തന്നെ.....
കുരുപ്പുപിടിച്ച കോഴികളുടെ കൊക്കു പിളര്‍ത്തി കള്ളുകൊടുക്കാന്‍ വല്ല്യമ്മയെ കാദറു സഹായിച്ചു. കള്ളിന്റെ മണം പിടിക്കൂല എന്നു പറഞ്ഞ്‌ ഉമ്മ അടുക്കലേക്കു വന്നില്ല. കുരുപ്പു മാറാന്‍ കോഴികളുടെ മുഖത്തു മഞ്ഞള്‍ അരച്ചു തേച്ചിട്ടുമുണ്ടായിരുന്നു.
ഗുളികന്‍ കാവില്‍ ഒരു കോഴിയെ കുരുതി കൊടുത്താന്‍ കോഴികളുടെ ദീനം മാറുമെന്ന്‌ ബൊമ്മന്‍ പറഞ്ഞു. ഗുളികന്‍ കല്ലില്‍ തേങ്ങ മുട്ടിയുടച്ചാലും മതി. അസുഖം പിടിച്ച കോഴികളെ ഗുളികനു കൊടുക്കുന്നെതങ്ങിനെയാണ്‌. ശുദ്ധം വേണ്ട കാര്യമല്ലേ. നേര്‍ച്ച കൊടുക്കുന്നത്‌ തേങ്ങ തന്നെ മതിയെന്ന്‌ തുത്തുമ്മ ഉറപ്പിച്ചു.കൊടുവളളി കാക്കയുടെ കടയില്‍ നിന്നും തേങ്ങ വാങ്ങിച്ചു. പേശി പേശി നാലുറുപ്പികയ്‌ക്കാണ്‌ കാക്ക സമ്മതിച്ചത്‌.
ഗുളികന്‍ കാവിലേക്ക്‌ മൂപ്പനെ കാണാന്‍ പോകുമ്പോള്‍ വല്ലിമ്മാനൊപ്പം കാദറും കൂട്ടുപോയി. കോളനിയില്‍ താമസിക്കുന്ന കുന്നുമൂപ്പനാണ്‌ കാവില്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നത്‌.കാവിനടുത്തുള്ള ആള്‍ സഞ്ചാരം കുറഞ്ഞ വഴിയിലൂടെ വേലിയരികില്‍ നിന്നും പറിച്ചെടുത്ത കരിമ്പിന്‍ പൂവും വീശി പശുവിനെ മേച്ചു നടക്കുമ്പോഴാണ്‌ വിനു കാദറിനെ കണ്ടത്‌. വഴിയില്‍ കാവലിലേക്കു തിരിയുന്ന ഭാഗത്താണ്‌ കാദര്‍ നിന്നിരുന്നത്‌. ഉറുമാല്‍ തലയില്‍ കെട്ടി മുക്കാല്‍ മുണ്ടുടുത്തു നില്‍ക്കുന്ന കാദറ്‌ ഗുളികന്‍ കാവിന്റെ പരിസരത്തേക്ക്‌ എത്തിനോക്കുകയാണ്‌. കാവിനുള്ളില്‍ നിന്നും കുഴലൂത്തുത കേള്‍ക്കുന്നുണ്ടായിരുന്നു. കാദറിന്റെ ധൈര്യം പരീക്ഷിക്കാന്‍ വിനു നിശ്ചയിച്ചു. പമ്മിപുറകിലൂടെ ചെന്ന്‌ കാദറിന്റെ കഴുത്തിനു ഇരുവശത്തും ചെവിയിലും കരിമ്പിന്‍ പൂവുകൊണ്ടുരസി.
``ന്റള്ളോ'' കണ്ണുകള്‍ മിഴിച്ച്‌ കാദര്‍ ഞെട്ടിത്തിരിഞ്ഞു. വിനുവിനെ കണ്ട്‌ ``പടച്ചോനാണേ ഞാന്‍ പേടിച്ചു.''
``പേടിയുള്ളോരെന്തിനാ കാവിന്റടുക്കല്‍ വന്നത്‌?''
``തേങ്ങ മുട്ടാന്‍ വല്ലിമ്മക്ക്‌ കൂട്ടുവന്നതാണ്‌.''
``നേര്‍ച്ച വിട്ടുന്നതുകാണാന്‍ കാവിനുള്ളില്‍ കാദറിനും പോവായിരുന്നില്ലേ?'' വിനു ചോദിച്ചു.
``പടച്ചോനേ.....''
കാദറിന്റെ നെഞ്ചിലൊരു ഗോളം പള്ളേയില്‍ നിന്നും ഉരുണ്ടുകയറി.
``മൊല്ലാക്കയെങ്ങാനും അറിഞ്ഞാല്‍ കൊല്ലും.''
കാദറിന്റെ കണ്ണില്‍ നോക്കി വിനു ചോദിച്ചു.``പേടിയുണ്ടോ?''
``ഇനിക്ക്‌ മൊല്ലാക്കനെ മാത്രമേ പേടിയുള്ളൂ.''


മൂന്ന്‌


തലയില്‍ ഉറുമാലുകെട്ടി `മുസ്‌ആയഫും' മദ്രസാ പുസ്‌തകങ്ങളും കൈമടക്കില്‍ വെച്ച്‌ കാദര്‍ ഓത്തു പള്ളിയിലേക്ക്‌ നടന്നു. കരയുള്ള ഒറ്റമുണ്ട്‌ കാദര്‍ ഞെരിയാണിവരെ ഉടുത്തിരുന്നു.
രാവിലെ ഏഴു മണിക്ക്‌ ഓത്തുപള്ളിയില്‍ ആദ്യത്തെ ബെല്ലടിക്കും. `ഏഴര മണിയുടെ മൂന്നാമത്തെ ബെല്ലടിക്കുന്നതിനു മുമ്പ്‌ ഓത്തുപള്ളിയിലെത്തിയില്ലെങ്കില്‍ മുഹമ്മദാലി ഉസ്‌താദിന്റെ അടികൊണ്ട്‌ തുടയിലെ തോല്‌ പൊളിഞ്ഞതു തന്നെ. കാദര്‍ വയലിലേക്കിറങ്ങി വേഗത്തില്‍ നടന്നു. പെയ്‌തിറങ്ങുന്ന മഞ്ഞിനുള്ളിലൂടെ കോച്ചിപിടിച്ചു നടക്കുമ്പോള്‍ ചുണ്ടുകളും പല്ലുകളും വിറയാര്‍ന്നു മിടിക്കുന്നുണ്ടായിരുന്നു. വരമ്പുകളില്‍ പുല്ലില്‍ വീണു കിടന്ന മഞ്ഞുതുള്ളികള്‍ കാലുകളെ നനച്ച്‌ നീറ്റലുണ്ടാക്കി. കാദറിന്റെ കാലിലെ വരണ്ട തൊലിപ്പുറം തണുപ്പില്‍ വിണ്ടുകീറിയിരുന്നു.
രണ്ടാമത്തെ മണിയടിച്ച്‌ ഫാത്തി ആ സൂറത്ത്‌ ഓതുന്നതിനു മുമ്പേ കാദര്‍ ഓത്തു പള്ളയിലെത്തി. `യാസീന്‍' കാണാതെ ചൊല്ലി പഠിച്ചു വരാന്‍ പറഞ്ഞ ദിവസമാണ്‌. മുഹമ്മദാലി ഉസ്‌താദു വന്നു. ഹാജറെടുത്ത ശേഷം ഓരോരുത്തരെയായി. മേശക്കരുകിലേക്ക്‌ മാറ്റിനിര്‍ത്തി ചൊല്ലിച്ചു.യാസിന്‍. വല്‍ ഖുര്‍ ആനില്‍ ഹക്കീം.... ഇന്നക്കലെ മിനല്‍ മുര്‍സലിന്‍...മക്കനയിട്ട നസീറയും കൗലത്തും മുനീറയും ഇസ്‌മായിലും എല്ലാം ചൊല്ലിക്കഴിഞ്ഞു. മുഴുവനായാലും ഓരോ വാക്കിന്റെയും മണിക്കലും നീട്ടലും ശരിയാക്കി ചൊല്ലിയില്ലെങ്കില്‍ കാപ്പിയുടെ വടിപുറത്തും തുടയിലും ആഞ്ഞു വീഴും. തിളച്ച എണ്ണയിലിട്ട്‌ പരുവമാക്കിയ കാപ്പി വടിയാണ്‌. കൊറ്റനാടിന്റെ പോലത്തെ താടിയാണ്‌ മുഹമ്മദാലി ഉസ്‌താദിന്‌. ഉസ്‌താദിന്റെ തല്ലു പേടിച്ച്‌ മദ്രസ്സാ പഠനം നിറുത്തിയവരുമുണ്ട്‌.കാദര്‍ `യാസിന്‍' ശരിക്കു പഠിച്ചിട്ടില്ലായിരുന്നു. പകുതി വരെ മുക്കിമുരണ്ട്‌ ചൊല്ലിയൊപ്പിച്ചിട്ടും മണിക്കലും നീട്ടലുമെല്ലാം തെറ്റിച്ചു. കാപ്പിവടി തുരുതുരെ ചന്തിയിലും പുറത്തും വീണു. ഉള്ളം കൈ അടികൊണ്ട്‌ ചുകന്നിരുന്നു. വേദനിച്ചു കണ്ണുനിറഞ്ഞു.
``ഇബ്‌ലീസിന്റെ മോന്‍. ഓതി പഠിക്കൂല''മൊല്ലാക്ക ശകാരിച്ചു.
``നേരാംവണ്ണം ഓതാന്‍ മക്കളെ രാത്രി ദറസില്‍ വിടാന്‍ പറഞ്ഞാല്‍ തന്തേം തള്ളേം കൂട്ടാക്കൂല്ല.''
കാദര്‍ അടികൊണ്ടു ഞെരിപിരികൊണ്ടു.``കാദറേ ഇയ്യ്‌ കുടീന്ന്‌ ഓതിപ്പടിക്കലുണ്ടോ?''
തികട്ടി വന്ന കരച്ചില്‍ കടിച്ചുപിടിച്ചു കാദര്‍ തലയാട്ടി.
``എന്താടാ അനക്ക്‌ നാവെറങ്ങിയോ'' ഉസ്‌താദ്‌ വെറുതെ വിടുന്ന ഭാവമില്ലായിരുന്നു.
``ആ ബാക്കി ഓത്‌ കേള്‍ക്കട്ടെ.''
കാദറിന്‌ പകുതിക്കപ്പുറം കാണാപ്പാഠം അറിയില്ലായിരുന്നു. അവന്‍ തലകുനിച്ചു. കലികൊണ്ട മൊല്ലാക്ക തുടയില്‍ അടിക്കാനായി കാദര്‍ ഉടുത്ത ഒറ്റമുണ്ട്‌ കൈകൊണ്ട്‌ പൊന്തിച്ചപ്പോഴാണതു കണ്ണില്‍പ്പെട്ടതു. കാലിലൂടെ മൂത്രം ഒലിച്ചിറങ്ങിയപാട്‌.കാദറിന്റെ കൈയില്‍ നിന്നും ഖുര്‍ആന്‍ വാങ്ങിവെച്ച്‌ മൊല്ലാക്ക അലറി.
``ഹറാം പെറന്ന പന്നി. കടക്കെടാ പുറത്ത്‌.''
മൊല്ലാക്ക കാദറിന്റെ പിരടിയില്‍ പിടിച്ച്‌ പുറത്തേക്കു തള്ളി. പള്ളിയിലെ കാള്യാര്‌ മൊയ്‌തീന്‍ കുട്ടി മുസ്ല്യാരെ വിളിച്ച്‌ മൊല്ലാക്ക വിവരം പറഞ്ഞു. ഉസ്‌താദുമാര്‍ പറഞ്ഞതുകേട്ട്‌ മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന രായിനും സിദ്ദിഖും കാദറിനെ വിളിച്ച്‌ കിണറ്റിനരികിലേക്ക്‌ നടന്നു.കാദര്‍ കരഞ്ഞു. അതുവകവെക്കാതെ അവര്‍ അവന്റെ കുപ്പായവും മുണ്ടും അഴിപ്പിച്ച്‌ ശരീരത്ത്‌ വെള്ളം കോരി ഒഴിച്ചു. ചകിരിത്തോട്‌ ചെത്തിയുണ്ടാക്കിയ മിസ്വാക്കെടുത്ത്‌ തേച്ചുരച്ച്‌ കുളിപ്പിച്ചു.കാദറിനെ കുളിപ്പിക്കുന്നതില്‍ സിദ്ദിഖിനും രായിന്‍കുട്ടിക്കു വലിയ തൃപ്‌തിയുണ്ടായിരുന്നില്ല. ഉസ്‌താദുമാര്‍ പറഞ്ഞാല്‍ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ എന്നു കരുതിയാണ്‌.... വെള്ളം കോരിയൊഴിക്കുമ്പോള്‍ കാദറിന്റെ ചെവിപിടിച്ചു തിരുമ്മി അവര്‍ അരിശം തീര്‍ത്തു.അത്താഴം കഴിഞ്ഞു കിടക്കുന്നതിന്‌ മുമ്പ്‌ മൂത്രമൊഴിക്കണമെന്ന്‌ വല്ല്യമ്മ എന്നും കാദറിനോട്‌ പറയാറുള്ളതാണ്‌.
രാത്രി പുറത്തിറങ്ങാനുള്ള പേടിയും മടിയും കാരണം മൂത്രമൊഴിക്കാതെ കിടക്കും. ഉറക്കത്തിനിടയില്‍ മൂത്രസഞ്ചിനിറഞ്ഞ്‌ വേദനിക്കുമ്പോള്‍ ചിലപ്പോള്‍ ഉണര്‍ന്ന്‌ ഉമ്മയെ വിളിക്കും. വിളക്കു കത്തിച്ച്‌ വാതില്‍ തുറന്ന്‌ പുറത്തിറങ്ങാന്‍ കൂട്ടിന്‌ ഉമ്മയോ വല്ല്യുമ്മയോ എഴുന്നേറ്റുവരും.ഉറക്കത്തില്‍ മൂത്രമൊഴിക്കാന്‍ അറിഞ്ഞില്ലെങ്കില്‍ പായയിലൊഴിച്ചത്‌ നേരം വെളുക്കുമ്പോഴാണ്‌ അറിയുക. പായയിലും വരിപ്പുകളിലും നനവുണ്ടാകും. മൂത്രത്തിന്റെ കടും ചൂര്‌ മൂക്കില്‍ തുളച്ചു കയറും. അന്നു രാവിലെ ഉമ്മയുടെ ശകാരം പൊടിപൂരമായിരിക്കും. തുത്തുമ്മ പായയും വിരിപ്പും കഴുകി സഹികെട്ടു. ഇതിനൊരവസാനമുണ്ടാകണമെന്ന്‌ അവര്‍ കരുതി. ഓത്തു പള്ളിയില്‍ പോകുന്ന ഒന്നിനു മാത്രം വരുന്ന ചെക്കനാണല്ലോ.
വീണ്ടും പായയില്‍ മൂത്രമൊഴിച്ച ദിവസം രാവിലെ പുതപ്പും വിരിപ്പും പായയും ചുരിട്ടി കാദറിന്റെ തലയില്‍ വെച്ച്‌ ആമിനുമ്മ കുളത്തിലേക്ക്‌ നടത്തിച്ചു. അന്നു മദ്രസ്സയില്‍ പറഞ്ഞുവിടാതെ വെളുപ്പാന്‍ കാലത്ത്‌ കാദറിനെക്കൊണ്ട്‌ തേച്ചുകഴുകിപ്പിച്ചു.അതില്‍പിന്നെ കിടക്കപ്പായിലേക്ക്‌ ചെല്ലുംമുമ്പ്‌ കാദര്‍ മൂത്രമൊഴിക്കുന്നത്‌ പതിവാക്കി. എന്നാലും ചില ദിവസങ്ങളില്‍ അവനറിയാതെ പണിപറ്റും. ഉമ്മയറിയാതെ എഴുന്നേറ്റ്‌ പായ മടക്കി വെക്കുമെങ്കിലും അകം അടിച്ചുവാരുമ്പോള്‍ തറയിലെ നനവുകണ്ട്‌ കള്ളത്തരം കയ്യോടെ പിടികൂടും. അതിനുള്ള ശിക്ഷ വൈകുന്നേരം സ്‌കൂള്‍ വിട്ട്‌ ചെല്ലുമ്പോഴാണ്‌.കാപ്പിയും ചായയും കഞ്ഞിവെള്ളംപോലും ഒരു തുള്ളിയും തൊണ്ട നനക്കാന്‍ കാദറിന്‌ കിട്ടില്ല. കുടിച്ചാല്‍ മൂത്രം ഒഴിച്ചു കൂട്ടാനല്ലേയെന്നാണ്‌ തുത്തുമ്മ പറയുക. വെള്ളം കുടിക്കാന്‍ കൊടുക്കാണ്ടായെന്നുള്ള ഉമ്മയുടെ ശിക്ഷാവിധി തെറ്റിക്കാന്‍ വല്ല്യുമ്മയും കൂട്ടാക്കില്ല. വെകുന്നേരങ്ങളില്‍ അരിവറുത്ത്‌ തേങ്ങ ചിരവിയതും ചായയിലിട്ടു കഴിക്കുന്നതിന്റെ രസം.... എത്ര ചിണുങ്ങിയാലും ഉമ്മയുടേയും വല്ല്യുമ്മയുടേയും മനസ്സലിയില്ല. സബിയത്തക്ക്‌ കാദറിനോട്‌ അലിവു തോന്നുമെങ്കിലും ഉമ്മയെ ധിക്കരിക്കാനുള്ള ധൈര്യമില്ലായിരുന്നു.
ഇന്നും പായ നനച്ചത്‌ രാവിലെ അറിഞ്ഞിരുന്നു. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ്‌ മുഖം കഴുകി കാപ്പിയും കുടിച്ച്‌ ഉമ്മ കള്ളത്തരം കണ്ടുപിടിക്കുന്നതിന്‌ മുമ്പ്‌ നേരത്തേ മദ്രസ്സയിലേക്ക്‌ നടന്നു. മൊല്ലാക്ക പിടികൂടുമെന്നു കരുതിയതല്ല. ഇനി കുട്ടികളൊക്കെ അറിയും. വീടിനടുത്തുള്ള കുട്ടികളുടെയിടയിലെല്ലാം `പായിപാത്തിയെന്ന്‌' പേരു വീണിട്ടുണ്ട്‌. മദ്രസ്സയില്‍ അറിഞ്ഞാല്‍ സ്‌കൂളില്‍ പരസ്യമാകാനും വലിയ താമസം വരില്ല. കാദറിന്‌ വല്ലാത്ത നാണക്കേടു തോന്നി.
കാദറിനെ തേച്ചുകുളിപ്പിച്ച്‌ സിദ്ദിഖും രായിനും ക്ലാസിലേക്ക്‌ പോയി. കാദറിനന്ന്‌ ക്ലാസില്‍ കയറാന്‍ കഴിഞ്ഞില്ല. അവന്‍ പള്ളിയുടെ പിന്നാമ്പുറത്ത്‌ വെയില്‍ കാഞ്ഞു നിന്നു. സലാത്തും ചൊല്ലി മദ്രസ്സവിട്ട്‌ കുട്ടികള്‍ പിരിഞ്ഞു പോയപ്പോള്‍ മൊല്ലാക്ക കാദറിനെ വിളിച്ചു.
``രാവിലെ എന്തു കഴിച്ചാണ്‌ ഇയ്യ്‌ വരുന്നത്‌?''
``പുട്ടും കടലയും''
``പല്ലും മോറും കഴികീട്ടാണോ പള്ളേല്‌ നിറക്കുന്നത്‌?''
കാദര്‍ മിണ്ടിയില്ല. ഉമിക്കരികൊണ്ടാണ്‌ പല്ലു തേക്കുന്നത്‌ ഈര്‍ക്കിള്‍ ചീന്തി നാവും വടിക്കാറുണ്ട്‌. അതവന്‍ പറഞ്ഞില്ല.`
`പായിലും പാത്തി വൃത്തികെട്ട്‌ ഇനി ഓതാന്‍ വന്നാല്‍ കാലു തല്ലിയൊടിക്കും. ഓര്‍മ്മിച്ചോ'' ഉസ്‌താദ്‌ പറഞ്ഞു.
``ഖുര്‍ആന്‍ കയ്യിലുണ്ടെന്ന വിചാരമെങ്കിലും വേണം. ഇബ്‌ലീസ്‌. അന്റെ തന്തേനേം തള്ളേനേം കാണട്ടെ. ചോദിക്കുന്നുണ്ട്‌.''
മൊല്ലാക്കയുടെ മുന്‍പില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ കാദര്‍ റോഡിലിറങ്ങി വേഗം സ്‌കൂളിലേക്കു നടന്നു. കാലിന്റെ തുടയില്‍ കാപ്പിവടികൊണ്ടടിച്ച നീറ്റലുണ്ടായിരുന്നു.നാല്‌


വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന്‌ കാദറും വിനുവും ഒന്നിച്ച്‌ വയലിലേക്കിറങ്ങും. വിനു തോര്‍ത്തുമുണ്ടു കരുതിയിട്ടുണ്ടാവും. പാടത്തെ വെള്ളം കെട്ടി നില്‍ക്കുന്ന തടങ്ങളില്‍ തോര്‍ത്തുമുണ്ട്‌ വലയാക്കി മീന്‍ കോരി പിടിച്ചു കുപ്പിയിലാക്കും. പരല്‍ മീനുകളാണ്‌ അധികവും കിട്ടുന്നത്‌. ചെളിയില്‍ കൈയിട്ടു തിരഞ്ഞാല്‍ വട്ടോനെ കിട്ടും. വട്ടോന്‍ പിടിയില്‍ നില്‍ക്കില്ല. കൈക്കുള്ളില്‍ പെട്ടാലും വഴുതി ഒരു പോക്കാണ്‌.
സ്‌കൂളവധി ദിവസം നൂല്‍പ്പുഴയില്‍ കാദറും വിനുവും ചൂണ്ടയിടാന്‍ പോകുന്നതിന്റെ കുറെമുകള്‍ ഭാഗത്തായിട്ടാണ്‌ കുണ്ടൂര്‍ കയവും ഭഗവതി കുണ്ടും. കുണ്ടൂര്‍ കയത്തില്‍ ധാരാളം മീനുകളുണ്ട്‌. കാദറിന്റെ അമ്മാവന്‍ കുഞ്ഞാവ തോട്ടയെറിയാന്‍ പോകുന്നതവിടെയാണ്‌. കാദറിനും വിനുവിനും കുണ്ടൂരും ഭഗവതി കുണ്ടും കാണാന്‍ പോകണമെന്നുണ്ട്‌. കനത്തു നില്‍ക്കുന്ന കാട്ടിനുള്ളിലൂടെ ഒറ്റക്കു പോകാന്‍ പേടിയാണ്‌. കാട്ടുപടര്‍പ്പുകള്‍ക്കിടയില്‍ ക്രൂരമൃഗങ്ങള്‍ പതുങ്ങി നില്‍ക്കുന്നുണ്ടാവും.നൂല്‍പ്പുഴയുടെ ഇരുവശങ്ങളിലും ചൂരല്‍ക്കാടുകള്‍ വളര്‍ന്നിരുന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന ചൂരല്‍തലപ്പുകളെ തൊട്ടുകൊണ്ടാണ്‌ നൂല്‍പ്പുഴ ഒഴുകുന്നത്‌. കുഞ്ഞാവ കൂട്ടുകാരൊത്തു കുണ്ടൂരില്‍ തോട്ടയെറിയാന്‍ പോകുന്നേരം ഒരു ദിവസം പോകണമെന്നു കാദര്‍ പറഞ്ഞു.
തോട്ടപൊട്ടിച്ചു മീന്‍ കിട്ടുന്ന ദിവസങ്ങളില്‍ അര ചെരുവം മീന്‍ കുഞ്ഞാവ തുത്തുമ്മക്ക്‌ കൊണ്ടുകൊടുക്കും. അതില്‍ നിന്നൊരു പങ്ക്‌ തുത്തുമ്മ വിനുവിന്റെ വീട്ടിലും എത്തിക്കുമായിരുന്നു. മുളകരച്ച്‌ കുടംപുളിയിട്ട്‌ വറ്റിച്ചെടുക്കുന്ന പുഴമീനും കൂട്ടി കാദര്‍ പതിവിലേറെ ചോറുണ്ടിട്ടുണ്ട്‌.
നൂല്‍പുഴയുടെ തീരത്തു താമസിക്കുന്ന പറയന്മാര്‍ മുളയും ഈറ്റയും വെട്ടി കുട്ടയും മുറവും മെടഞ്ഞ്‌ പൂജ കഴിച്ച അരിയും പൂവും ഭഗവതി കുണ്ടിലിടും. മീനുകള്‍ക്കുള്ള നേര്‍ച്ചയരിയാണിത്‌. അരിമ്പാറയും പാലുണ്ണിയും മാറാന്‍ അരിയും പൂവ്വും ഭഗവതിക്ക്‌ നിവേദിച്ച ശേഷം ഭഗവതി കുണ്ടിലെറിഞ്ഞാല്‍ മതിയെന്നാണു വിശ്വാസം.കുണ്ടൂര്‍ കയത്തിന്‌ മുകളിലാണ്‌ ഭഗവതികുണ്ട്‌. ഇലകള്‍ വീണു കുതിര്‍ന്ന ഭഗവതി കുണ്ടില്‍ നിറയെ മല്‍സ്യങ്ങളുണ്ട്‌. ഒഴുക്കില്‍പ്പെട്ട്‌ ഭഗവതി കുണ്ടിലെ മീനുകള്‍ കുണ്ടൂര്‍ കയത്തില്‍ എത്താറുണ്ട്‌. അവയെല്ലാം ചൂണ്ടയുടെ കൊളുത്തിലോ വലയിലോ പെടാതെ രാത്രിയില്‍ ഒഴുക്കിലൂടെ തിരിച്ചു കയറി ഭഗവതി കുണ്ടില്‍ തന്നെ എത്തുമെന്നാണ്‌ പറയുന്നത്‌.
ഒരു ദിവസം കുണ്ടൂര്‍ കയത്തില്‍ കുഞ്ഞാവയും കൂട്ടുകാരും തോട്ടയെറിഞ്ഞു. മൂന്നു തോട്ട തീ കൊളുത്തിയെറിഞ്ഞെങ്കിലും ഒരു പരല്‍ മീന്‍ പോലും ചത്തുപൊങ്ങിയില്ല. വെറും കൈയോടെ തിരിച്ചുപോകാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.നൂല്‍പ്പുഴയുടെ തീരത്തെ കാടുകളിലെ വാറ്റിന്റെ ലഹരി അവരുടെ തലക്ക്‌ മത്ത്‌ പിടിപ്പിച്ചിരുന്നു. അവര്‍ കുണ്ടൂര്‍ കയത്തിനരികില്‍ നിന്നും പുഴയുടെ ഒഴുക്കിനെതിരെ തീരത്തെ കാട്ടുപടര്‍പ്പുകള്‍ക്കിടയിലൂടെ നടന്നു.ഭഗവതികുണ്ട്‌ നിശബ്‌ദമായിരുന്നു. കയത്തിന്‌ മുകളില്‍ വീണുകിടന്ന പഴുക്കിലകള്‍ കാറ്റത്ത്‌ ഒഴുകി പരന്നു. ശ്വസിക്കാന്‍ നീര്‍പരപ്പില്‍ ചുണ്ടുപിളര്‍ത്തി വലിയ മത്സ്യങ്ങളുയര്‍ന്നു വരുമ്പോള്‍ കയത്തില്‍ ഓളം വെട്ടലുകളുണ്ടായി. നേര്‍ച്ചയെറിഞ്ഞ അരിയും പുവും കയത്തിനരികില്‍ ചിതറി കിടന്നിരുന്നു.കുഞ്ഞാവയും സുരയും ചുറ്റിലും നോക്കി. കാറ്റില്‍ ചൂരല്‍കാടിന്റെ ചാഞ്ചാട്ടമല്ലാതെ ജീവികളാരുമില്ല. കുഞ്ഞാവ സഞ്ചിയില്‍ നിന്നും ഒരു തോട്ടയെടുത്ത്‌ തീ കൊളുത്തി വീശിയെറിഞ്ഞു.തോട്ട ഹുങ്കാരവത്തോടെ പൊട്ടി. ആര്‍ത്തലച്ച്‌ ഗവതി കുണ്ട്‌ കലങ്ങിമറിഞ്ഞു. കയത്തിന്റെ അടിത്തട്ടോളം കണ്ടു. പ്രാണവേദയോടെ മല്‍സ്യങ്ങള്‍ പിടഞ്ഞു.കയത്തിനു മുകളില്‍ അര്‍ദ്ധ പ്രാണനോടെ മീനുകള്‍ പൊങ്ങിവന്നു. ഒരു കുമ്പാരം മീനുണ്ടാകും. എല്ലാം കൊണ്ടു പോകുന്നതെങ്ങിനെയാണ്‌. കുഞ്ഞാവ മനസ്സു നിറഞ്ഞു സുരയോടു ചോദിച്ചു.നിറയെ മല്‍സ്യം പൊങ്ങുന്നതുകണ്ട്‌ സുരയും ഉഷാറിലായിരുന്നു. ഭഗവതി കുണ്ടിലെ വലിയ മീനുകളെല്ലാം പൊങ്ങിവരില്ല. അടിത്തട്ടിലടിയുന്നത്‌ മുങ്ങിതപ്പി എടുക്കണം.
സുര ഷര്‍ട്ടും മുണ്ടും അഴിച്ച്‌ കരയിലിട്ടു. ജട്ടിമാത്രം ധരിച്ച്‌ കയത്തിലേക്കു ചാടിമറിഞ്ഞ്‌ മുങ്ങാം കുഴിയിട്ടു.ഒരു നിമിഷം. രണ്ടു നിമിഷം...... മൂന്ന്‌.... നാല്‌. അഞ്ച്‌. സുര പൊങ്ങി വന്നില്ല. അടിതട്ട്‌ കാണാനും വയ്യ. കയം കലങ്ങി മറിഞ്ഞിരിക്കുകയാണ്‌. ``സുരേ......'' കുഞ്ഞാവ വിറയാര്‍ന്നു വിളിച്ചു. കുഞ്ഞാവയുടേയും കൂടെയുണ്ടായിരുന്ന അഹമ്മദിന്റെയും ശരീരം കിടുത്തു. ഉള്ളില്‍ ഭയാശങ്കകള്‍ നിറഞ്ഞു.കയത്തില്‍ മരത്തിന്റെ വേരുകളുണ്ട്‌. അതിലെങ്ങാനും ഉടക്കി നിന്നാല്‍ പൊങ്ങിവരാറില്ല. പടച്ചോനെ...... ഞെട്ടലോടെയാണ്‌ കുഞ്ഞാവ അതോര്‍മ്മിച്ചത്‌. തലക്കു പിടിച്ച വാറ്റു ചാരായത്തിന്റെ മത്തിറങ്ങിയിരുന്നു. കയത്തില്‍ പതുങ്ങി കിടന്ന വേരുകള്‍ കുരുക്കായിട്ടുണ്ടാകുമോ? മുങ്ങാംകുഴിയിട്ടു തപ്പുമ്പോള്‍ ചേറില്‍ മുഖം പൂണ്ടുപോയാലും രക്ഷപ്പെടാനാവില്ല. മൂക്കിലൂടെ ശ്വാസനാളത്തിലേക്കു ചേറുകയറി നിമിഷ നേരം കൊണ്ടായിരിക്കും ജീവന്‍ നില്‍ക്കുന്നത്‌.കൂക്കി വിളിച്ചാല്‍ കേള്‍ക്കാന്‍ ആരും സമീപ പ്രദേശത്തില്ല. കാടിനപ്പുറത്ത്‌ നൂല്‍പ്പുഴയുടെ തീരങ്ങളിലായി കുടിലുവെച്ചുകൂടുന്ന പറയന്മാരാണ്‌ ഓടികൂടാനുള്ളത്‌. ഭഗവതി കുണ്ടില്‍ തോട്ടയെറിഞ്ഞാല്‍ അവര്‍ ബാക്കിയുള്ളവരെ കൂടി തല്ലിക്കൊല്ലും.
``അഹമ്മദേ എന്താ നമ്മള്‌ ചെയ്യണ്‌?'' കുഞ്ഞാവ ദീന സ്വരത്തില്‍ ചോദിച്ചു.
വരുന്നതുവരട്ടെ എന്ന്‌ മനസ്സിലുറപ്പിച്ച്‌ കുഞ്ഞാവ ധൈര്യത്തോടെ പറയരുടെ വീടുകളില്‍ ചെന്ന്‌ വിവരം പറഞ്ഞു. അഹമ്മദിനെ സുരയുടെ വീട്ടില്‍ വിവരമറിയിക്കാന്‍ പറഞ്ഞുവിട്ടു. ആളുകള്‍ കൂടി. വൈകുന്നേരത്തിന്‌ മുമ്പ്‌ പോലീസുമെത്തി.പറയന്മാരുടെ മനസ്സു പുകഞ്ഞു. ഭഗവതി കുണ്ടിലാണ്‌ തോട്ടയെറിഞ്ഞിരിക്കുന്നത്‌. അതിനുള്ള ശിക്ഷ ഭഗവതി തന്നെ നല്‍കി. അതോര്‍മ്മിച്ചപ്പോള്‍ അവരുടെ പുകച്ചിലടങ്ങി.
ഭഗവതി കുണ്ടില്‍ ചാടി ശവം തപ്പാന്‍ ആരും തയ്യാറായില്ല. ഏതു കയത്തിലും ചാടിമറിയുന്ന വിരരാരും തന്നെ ഭഗവതികുണ്ടില്‍ ചാടാന്‍ ധൈര്യം കാണിച്ചില്ല. ബ്രാണ്ടിയും അഞ്ഞൂറ്‌ രൂപയും വാഗ്‌ദാനം ചെയ്‌തിട്ടും ആരും മുന്നോട്ട്‌ വന്നില്ല. അടിയൊഴുക്കും പൊന്തി നില്‍ക്കുന്ന വേരുകളും ജീവന്‍കൊണ്ടു പോകുമെന്ന ഭയമായിരുന്നു.
മൂന്നാം നാള്‌ കുണ്ടൂര്‍ കയത്തില്‍ താഴെ പാലത്തിനരുകില്‍ സുരയുടെ ശവം പൊന്തി. മീന്‍കൊത്തിതിന്ന്‌ ശരീരം വികൃതരൂപമായിരുന്നു. രണ്ടുകണ്ണുകളും മല്‍സ്യങ്ങള്‍ക്ക്‌ ഭക്ഷണമായി. ഒരു ഭയാനകരൂപം. കുഞ്ഞാവ ഒരു തവണയേ നോക്കിയുള്ളൂ. ബോധം മറിഞ്ഞ്‌ കുഴഞ്ഞു വീണു.ഭഗവതികുണ്ടും തോട്ടപൊട്ടുന്ന ശബ്‌ദവും പിടഞ്ഞുമറിഞ്ഞ്‌ ചത്തുപൊങ്ങുന്ന മീനുകളും കുഞ്ഞാവയുടെ ഉറക്കം കെടുത്തി. അതില്‍പിന്നെ തോട്ടയെറിയാന്‍ കുഞ്ഞാവ നൂല്‍പ്പുഴയുടെ ഭാഗത്തേക്ക്‌ പോകാതെയായി.മാമന്റെ കൂടെ പോയി കുണ്ടൂരും ഭഗവതി കുണ്ടും കാണാമെന്ന കാദറിന്റെ മോഹവും പൊലിഞ്ഞുവീണു.അഞ്ച്‌


കാദറിന്റെ എളാമ്മ.....സബിയത്ത നന്നായി പായ നെയ്യും, പുരയിലേക്ക്‌ ആവശ്യമുള്ള പായകളെല്ലാം സബിയത്തയാണ്‌ നെയ്‌തുണ്ടാക്കുന്നത്‌. ചെറുപ്പത്തില്‍ പായ നെയ്‌ത്‌ ഒരുത്സാഹത്തിന്‌ പഠിച്ചതായിരുന്നു.
ചതുപ്പും കൈതക്കാടും നിറഞ്ഞ സരോജിനികൊല്ലിയില്‍ നിന്നുമാണ്‌ പായ നെയ്യാന്‍ കൈതോല വെട്ടിയിരുന്നത്‌. പായ നെയ്യാന്‍ ഓല വെട്ടാന്‍ സബിയത്തയുടെയും പണിക്കാരത്തി പെണ്ണുങ്ങളുടേയും കൂടെ കാദര്‍ സരോജിനികൊല്ലിയില്‍ പോയിട്ടുണ്ട്‌. കൊല്ലിയില്‍ നിന്നും വെട്ടിക്കൊണ്ടുവരുന്ന കൈതയോലകള്‍ മുള്ളുകളഞ്ഞ്‌ ചീന്തി വട്ടുകളാക്കി ഉണക്കാനിടും. ഉണങ്ങിക്കഴിഞ്ഞ്‌ വീതി കുറച്ചു ചീന്തിയിട്ടാണ്‌ നെയ്യാന്‍ തുടങ്ങുക. സബിയത്ത നല്ല കൈയൊതുക്കത്തോടെയാണ്‌ നെയ്‌തിരുന്നത്‌. ശ്രദ്ധിച്ചു ഓല വെട്ടിയെടുത്തില്ലെങ്കില്‍ സരോജിനികൊല്ലിയിലെ ചതുപ്പില്‍ താഴ്‌ന്നുപോകും. യക്ഷികള്‍ പക തീര്‍ക്കാനായി ചതുപ്പില്‍ താഴ്‌ത്തി കൊല്ലാറുള്ള കഥ പറഞ്ഞു കേട്ടിട്ടുണ്ട്‌.
കൈതയോല കെട്ടാക്കി തലയിലേറ്റിയ പണിക്കാരത്തി സ്‌ത്രീകളുടെ കൂടെ പുരയിലേക്ക്‌ നടക്കുമ്പോഴാണ്‌ സബിയത്ത സരോജിനിക്കൊല്ലിയെക്കുറിച്ചുള്ള കഥ പറഞ്ഞത്‌.
പുരയില്‍ പണിത്തിരക്കു കുറഞ്ഞ സമയം നോക്കി കൈതയോല വെട്ടാന്‍ സബിയത്ത പണിക്കാരത്തികളുമായി പോവും. കാടിനുള്ളിലൂടെ കൊല്ലിയിലേക്കിറങ്ങുമ്പോള്‍ തന്നെ കൈതപ്പൂവിന്റെ വാസന വരും. കൈതപ്പൂമണം മൂക്കില്‍ കയറുമ്പോള്‍ സബിയത്ത കൈതയോല വെട്ടാതെ മാറിനില്‍ക്കും.
കൈതപ്പൂവാസന മണത്തുവരുന്ന പാമ്പുകള്‍ കൈതച്ചെടികള്‍ക്കിടയിലെ തണുപ്പില്‍ പതുങ്ങിയിരിപ്പുണ്ടാകുമെന്നാണ്‌ കാരണം പറയുക. താടിക്ക്‌ കൈകൊടുത്ത്‌ വീണുകിടക്കുന്ന വീട്ടിമരത്തില്‍ മാറിയിരുന്ന്‌ ചിന്തിക്കുന്ന സബിയത്തയുടെ മുഖം കണ്ടാലറിയാം സത്യം അതൊന്നുമല്ലെന്ന്‌......
സബിയത്തയെ പുതിയാപ്ല മോയിന്‍കുട്ടി ഒഴിവാക്കിപ്പോയിട്ട്‌ നാലു വര്‍ഷം കഴിഞ്ഞു. മലപ്പുറത്തുനിന്നും ചുരം കയറി സെന്റ്‌ കച്ചവടത്തിനു വന്ന മോയിന്‍കുട്ടിക്ക്‌ പള്ളിയിലെ മുസ്ല്യാരുടെ വാക്കുകേട്ട്‌ സീകാക്ക സബിയത്തയെ നിക്കാഹു ചെയ്‌തു കൊടുക്കുകയായിരുന്നു. റോസ്‌, ജാസ്‌മീന്‍, ചന്ദനം, യൂക്കാലിപ്‌സ്‌ തുടങ്ങി പല മണമുള്ള സെന്റുകള്‍. മോയിന്‍കുട്ടിക്കയുടെ സെന്റ്‌ പെട്ടിയിലുണ്ടായിരുന്നെങ്കിലും കൈതപ്പൂവിന്റെ വാസനയുള്ള സെന്റായിരുന്നു മോയിന്‍കുട്ടിക്ക തേച്ചിരുന്നത്‌. സബിയത്തയുടെ പുള്ളിത്തട്ടത്തിലും മിന്നുന്ന കുപ്പായത്തിലുമെല്ലാം അതേ സെന്റായിരുന്നു തേച്ചുകൊടുത്തിരുന്നത്‌. സബിയത്തക്കും ആ മണം ഇഷ്‌ടമായിരുന്നു. അറക്കകത്തുള്ള മരപ്പെട്ടി തുറക്കുമ്പോള്‍ കൈതപ്പൂമണം മുറിയിലാകെ പടരും. ഒരു സെന്റുകുപ്പി ആ പെട്ടിയിലുണ്ട്‌. വീട്ടിലേക്കെന്നും പറഞ്ഞ്‌ ചുരമിറങ്ങിപ്പോയ മോയിന്‍കുട്ടിക്ക നാലുകൊല്ലമായിട്ടും ഇതുവരെ മടങ്ങിവന്നില്ല.
മോയിന്‍ക്കയെ ഓര്‍മ്മവരുമ്പോഴൊക്കെ സബിയത്ത മരപ്പെട്ടി തുറന്ന്‌ കൈതപ്പൂമണമുള്ള സെന്റ്‌ എടുത്തു കൈതപ്പൂമണത്തില്‍ മയങ്ങും. ചിലപ്പോഴൊക്കെ ഈ ദുനിയാവില്‌ ഞാനൊറ്റക്കാണല്ലോ എന്ന വിചാരം വരുമ്പോള്‍ സബിയത്തയുടെ മനസ്സു വിങ്ങിപ്പോകും. അപ്പോള്‍ കൈതപ്പൂമണം തട്ടി തൊടിയില്‍ നിന്നൊരു പാമ്പിഴഞ്ഞുവന്ന്‌ കൊത്തി കൊന്നോട്ടേ എന്നുവരെ തോന്നിയിട്ടുണ്ട്‌.
പുറത്തു മഴ അലച്ചു പെയ്യുന്ന രാത്രിയിലായിരിക്കും വേണ്ടാത്ത വിചാരങ്ങളൊക്കെ മനസ്സില്‌ തോന്നുക. മഴ പെയ്യുമ്പോള്‍ മനസ്സു നിശബ്‌ദമായി ഇഷ്‌ടമുള്ള ആളുടെ അടുക്കലെത്തും. അകന്നുപോയ മോഹങ്ങളാണെങ്കില്‍ ആ ഓര്‍മ്മകള്‍ ഒരലട്ടലാണ്‌.സബിയത്തയുടെ ഏകാന്തതയില്‍ മനസ്സില്‍ നിറയെ മോയിന്‍കുട്ടിക്കയായിരുന്നു.
പണിക്കാരത്തി പെണ്ണുങ്ങള്‍ കൈതയോല വെട്ടുകയാണ്‌. കുറച്ചു മാറി നിലത്തു കാട്ടുപടര്‍പ്പിനു മീതെ വീണുകിടക്കുന്ന കരിവീട്ടിയുടെ ഒരു കമ്പില്‍ ഇരിക്കുമ്പോള്‍ ഇളം കാറ്റിന്‌ കൈതപ്പൂവിന്റെ വാസനയുള്ളത്‌ സബിയത്ത അറിഞ്ഞു.ചുരം കയറി അത്തറു വില്‍ക്കാന്‍ മോയിന്‍കുട്ടിക്കവരുന്ന ദിവസം.........
``വരും. പള്ളി മൈതാനിയിലേക്കെന്നെ എടുക്കുംമുമ്പ്‌ മമ്പറത്തെ തങ്ങള്‍പാപ്പ ഓരെ ഇന്റെ കണ്‍മുമ്പിലെത്തിക്കും.'' സബിയത്ത ഹൃദയം നൊന്ത്‌ ആശിച്ചു.
``ഒന്നുകൂടി കണ്ടിട്ട്‌ മരിച്ചാലും വേണ്ടീല്ല....''ഒരിറ്റു കണ്ണുനീര്‍ കരിവീട്ടിയില്‍ വീണു തെറിച്ചു.
കൈതപ്പൂവിന്റെ മണത്തിനൊപ്പം ഒരു ദുശിച്ച ഗന്ധം കൂടി മൂക്കില്‍ കയറുന്നു. എന്തോ അഴുകിയ ദുര്‍ഗന്ധമാണ്‌. ഇളം കാറ്റിന്റെ നേരിയ തിരയിളക്കത്തില്‍ മൂക്കിലതു തുളച്ചു കയറുന്നു. കാട്ടു ജന്തുക്കളെന്തെങ്കിലും ചത്തുചീഞ്ഞതായിരിക്കുമെന്നാണ്‌കരുതിയത്‌. കരിവീട്ടിയില്‍ എഴുന്നേറ്റുനിന്ന്‌ സബിയത്ത അപ്പുറത്തേക്കു നോക്കി. അവിടെ മരത്തിനു ചുവട്ടില്‍ ഒരു വീക്കിലി കിടക്കുന്നു. കരിമരുതിന്റെ ചുവട്ടിലാണ്‌. സമീപത്ത്‌ രണ്ട്‌ പ്ലാസ്റ്റിക്ക്‌ ചെരുപ്പുകളുമുണ്ട്‌. സ്‌ത്രീകളുപയോഗിക്കുന്ന ജോഡി ചെരുപ്പാണ്‌. മനസ്സില്‍ അശുഭചിന്തകള്‍ കൂട്ടുകൂടാന്‍ തുടങ്ങി. കൈകാലുകള്‍ വിറക്കുന്നു.
സബിയത്ത കൊല്ലിയിലേക്ക്‌ ചെന്നു കൂട്ടുപണിക്കാരോട്‌ വിവരം പറഞ്ഞു.അവരൊന്നിച്ച്‌ പോയി നോക്കാനുറച്ചു. കരിമരുതിന്റെ ചുവട്ടിലെത്തും മുമ്പേ കണ്ടു. മരത്തില്‍ അധികം ഉയരത്തിലല്ലാതെ ഒരസ്ഥികുടം. ഒരു പ്ലാസ്റ്റിക്‌ കയര്‍ കഴുത്തില്‍ കെട്ടിയാണ്‌ തൂങ്ങിയിരിക്കുന്നത്‌. അഴുകി ഒലിച്ചുവീണ മാംസം അവിടവിടെ ബാക്കി നില്‍പ്പുണ്ട്‌. മുടി കൊഴിയാതെ കാറ്റില്‍ പാറി മരത്തില്‍ ചുറ്റി പിടിച്ചിരുന്നു. സബിയ അതു കണ്ടു പേടിച്ച്‌ നിലവിളിച്ചു. കത്തിയും വലിച്ചെറിഞ്ഞ്‌ അവര്‍ കൊല്ലിയില്‍ നിന്നും ഓടി.
വിവരം കേട്ടറിഞ്ഞ്‌ ആളുകള്‍ കൂടി. ആളെ തിരിച്ചറിയാന്‍ ദിവസങ്ങളെടുത്തു.ആളെ തിരിച്ചറിയുന്നതിനു മുമ്പേ കൊല്ലിയുടെ സമീപം പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ശവം സംസ്‌കരിച്ചു. കൊലപാതകമോ ആത്മഹത്യയോ എന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല. സരോജിനിയെന്നാണ്‌ പേരെന്ന്‌ പിന്നീടാണു പറഞ്ഞു കേട്ടത്‌. ടൗണിലെ ചേരിയില്‍ താമസിച്ചിരുന്ന സരോജിനിയെ കാണാതായതുമായി ബന്ധിപ്പിച്ചു പോലീസന്വേഷണം വന്നപ്പോഴാണ്‌ ചിത്രം തെളിഞ്ഞത്‌.ചേരിയില്‍ താമസിച്ചിരുന്ന സരോജിനിക്ക്‌ കൂട്ടിനാരും ഇല്ലായിരുന്നു. അനാഥയായ അവരുടെ ജീവിതാവസാനം ഏറെ ദുരൂഹതകള്‍ ബാക്കിയാക്കി. അങ്ങനെയാണ്‌ കൈതക്കൂട്ടങ്ങളും ചതുപ്പും നിറഞ്ഞ കൊല്ലിക്ക്‌ സരോജിനി കൊല്ലിയെന്നു പേരുവന്നത്‌. സരോജിനി കുണ്ടെന്നും പറയുന്നവരുണ്ട്‌.ആറ്‌


സരോജിനികൊല്ലിയുടെ പ്രേതകഥ കേട്ടശേഷം കാദറിന്‌ രാത്രി ഭയാശങ്ക കൂടി.
നമ്പൂതിരിച്ചിയെ കണ്ട്‌ പേടിച്ചു പനിച്ചത്‌ ആയിടക്കായിരുന്നു. മൊല്ലാക്ക ചരക്ക്‌ മന്ത്രിച്ചൂതി കഴുത്തില്‍ കെട്ടിക്കൊടുത്തിട്ടും പനി മാറിയില്ല.അക്കരെ പറമ്പിലുള്ള നമ്പൂതിരിയുടെ വീട്ടില്‍ കൂട്ടിന്‌ പോയതായിരുന്നു കാദര്‍. കാദറിന്റെ തരക്കാരായ ഇരട്ടപെറ്റ പെണ്‍കുട്ടികളായിരുന്നു നമ്പൂതിരിക്ക്‌. സന്ധ്യാപൂജയും കഴിഞ്ഞ്‌ നടയടച്ച്‌ അമ്പലത്തില്‍ നിന്നും നമ്പൂതിരി എത്തുന്നതു വരെ അയല്‍ വീട്ടിലെ ആരെങ്കിലും കുട്ടികള്‍ക്ക്‌ കൂട്ടിരിക്കും.അവരുടെ അമ്മ മരിച്ചതില്‍ പിന്നെയാണത്‌. കാദറും ഉമ്മയുമെല്ലാം നമ്പൂതിരിച്ചി എന്നാണ്‌ വിളിക്കുക. ആറുമാസമായി നമ്പൂതിരിച്ചി മരിച്ചിട്ട്‌. മാറ്റിയാലും മാറാത്ത തലവേദനയായിരുന്നു. ചികിത്സിച്ചു മടുത്തു. നമ്പൂതിരി വശം കെട്ടു. പ്‌രാകി പറയാന്‍ തുടങ്ങി.പണ്ടാരം ചത്തുകിട്ടിയാല്‍ സ്വര്യമായി എന്നായിരുന്നു നമ്പൂതിരിക്ക്‌.
തലപൊന്തിക്കാനാക്കാതെ നമ്പൂതിരിച്ചി പായയില്‍ കിടപ്പ്‌ തന്നെയായിരുന്നു. ഒരു മൂളല്‍ മാത്രമുണ്ടാകും. പുറത്ത്‌ പുലരിയില്‍ മഞ്ഞുപെയ്യുന്നതും സന്ധ്യാവെട്ടം പരക്കുന്നതും നിശ്ചയമില്ലാതെ ഒരു മയക്കമാണ്‌. നല്ല മനസ്സ്‌ തോന്നി നമ്പൂതിരി കഞ്ഞി വെള്ളം വല്ലതും കോരി കൊടുത്തെങ്കിലായി. കുട്ടികള്‍ക്കും തള്ളക്കും വെച്ചുണ്ടാക്കിയശേഷം വയലിലെ കുണ്ടില്‍ നിന്നും വെള്ളമെടുത്ത്‌ വീട്‌ അടിച്ചു തെളിച്ചു വൃത്തിയാക്കിയാണ്‌ നമ്പൂതിരി പൂജക്ക്‌ പോകുന്നത്‌.
നമ്പൂതിരി വേറെ സംബന്ധം ആലോചന നടത്തുന്നുണ്ടായിരുന്നു. അമ്പലത്തില്‍ ശാന്തിയായി വന്നപ്പോള്‍ പത്തുസെന്റ്‌ സ്ഥലം വാങ്ങി വീടുകെട്ടിയുണ്ടാക്കിയതാണ്‌ നമ്പൂതിരി. അന്ന്‌ നമ്പൂതിരിച്ചിയെ കാണാന്‍ ഒരു ചേല്‌ തന്നെയായിരുന്നു. കണങ്കാല്‍ വരെയും പനങ്കുലപോലുള്ള മുടിയാണ്‌. പെണ്ണുങ്ങള്‍ കണ്ടാല്‍ അസൂയകൊള്ളും.
ദീനം കൂടിയപ്പോള്‍ നമ്പൂതിരി മുടി കത്രിക വെച്ച്‌ വെട്ടിക്കളഞ്ഞു. കുറ്റി തലമുടിയുമായി നമ്പൂതിരിച്ചി കിടക്കുന്നതു കാണുമ്പോള്‍.... ഇരട്ട കുട്ടികള്‍ ലക്ഷ്‌മിക്കും ജയക്കും അമ്മയെപ്പോലെ മുടിയുണ്ട്‌. അവര്‍ കുറുന്തോട്ടിയും ചെമ്പരത്തിയും കൊണ്ട്‌ താളിയുണ്ടാക്കി തേച്ചാണ്‌ മുടികഴുകുക. സോപ്പ്‌ തലമുടിയില്‍ തൊടുക പോലുമില്ലായിരുന്നു. കുട്ടികള്‍ക്ക്‌ അമ്മ പറഞ്ഞുകൊടുത്തതായിരുന്നു.നമ്പൂതിരിച്ചി അധികകാലം കിടന്നു കഷ്‌ടപ്പെടാതെ പോയി.
പകല്‌ എല്ലാവരുടെയും കൂട്ടത്തില്‍ കാദറും കാണാന്‍ പോയി. ഉമ്മറത്ത്‌ കൈതയോലപ്പായ വിരിച്ചാണ്‌ കിടത്തിയിരിക്കുന്നത്‌. ലക്ഷ്‌മിയും ജയയും അമ്മയുടെ തലക്കരികില്‍ ഇരിപ്പുണ്ട്‌. കര്‍മ്മം ചെയ്യാന്‍ ഓടി നടക്കുന്നത്‌ നമ്പൂതിരി തന്നെയായിരുന്നു.
രാത്രി പുരയുടെ മുറ്റത്തിനരികെ നിന്ന്‌ നോക്കുമ്പോള്‍ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത്‌ നിന്നും തീനാളമുയരുന്നത്‌ കണ്ടു. നമ്പൂതിരിച്ചിയെ ദഹിപ്പിക്കുകയാണ്‌. ഇളം കാറ്റില്‍ ശരീരം വേവുന്ന മണമുണ്ടെന്നു തോന്നി. ഒരു പൊട്ടലുകേട്ടു.
``തലയോട്‌ പൊട്ടിയതാണ്‌'' അടുത്തു നിന്ന സബിയത്ത പറഞ്ഞു,
കാദറും സബിയത്തയും ചെല്ലുമ്പോള്‍ ``കുട്ട്യോളെ'' എന്നു വാത്സല്യത്തോടെ നമ്പൂതിരിച്ചി വിളിക്കുമായിരുന്നു. പാല്‍ ചായയില്‍ തേങ്ങാപീരയിട്ടു തരും.
ഇപ്പോള്‍ നമ്പൂതിരിച്ചി കത്തിത്തീരുകയാണ്‌. ലക്ഷ്‌മിയും ജയയും ഉറങ്ങാതെ ഇരിക്കുകയായിരിക്കുമോ?
അടിയന്തരം കഴിഞ്ഞതിന്റെ മൂന്നാംനാള്‌ കാദറ്‌ സബിയത്തയുടെ കൂടെ ലക്ഷ്‌മിക്കും ജയക്കും കൂട്ടു കിടക്കാന്‍ പോയതായിരുന്നു. കഥ പറഞ്ഞ്‌ പുതപ്പു മൂടി കിടന്നപ്പോള്‍ മൂത്ര ശങ്ക തോന്നി. കാദര്‍ പുറത്തിറങ്ങി. ഓട്ടിന്റെ മണ്ണെണ്ണ വിളക്കുമായിയ മുറ്റത്തിറങ്ങിയപ്പോള്‍ `കുട്ട്യേ' എന്നുള്ള വിളി കേട്ടു. തൈമാവിന്‍ ചുവട്ടില്‍ നിന്നാണ്‌ കേട്ടത്‌.നമ്പൂതിരിച്ചി.....!ഓട്ടു വിളക്ക്‌ താഴെ വീണു കെട്ടു.
നമ്പൂതിരി വന്നു കയറിയപ്പോള്‍ കാദര്‍ പിച്ചും പേയും പറയുന്നു. കിടുകിടാന്ന്‌ വിറകൊള്ളുന്നുണ്ട്‌. ഭസ്‌മം തലയില്‍ തൊടുവിച്ചു ഭേദമുണ്ടായില്ല.കാദറിനെ സബിയത്ത രാവിലെ പുരയിലേക്ക്‌ കൊണ്ടുപോയി. സദാസമയത്തും ചുട്ടുപൊള്ളുന്ന പനി. ഇടക്ക്‌ പേടിച്ചു ഞെട്ടുന്നുമുണ്ടായിരുന്നു.
അകത്തേ മുറിയിലായിരുന്നു കാദറിനെ കിടത്തിയത്‌. പുറത്ത്‌ ഡോക്‌ടറെ കാണിക്കാന്‍ സീക്കാക്ക കൂട്ടാക്കിയില്ല. ഇംഗ്ലീഷ്‌ മരുന്ന്‌ കഴിച്ചതോണ്ടു മാറുന്ന ദണ്‌ഡം അല്ലെന്നാണ്‌ സീക്കാക്ക പറഞ്ഞത്‌. ഉറുക്കും നൂലും മന്ത്രിച്ചൂതീ കെട്ടാന്‍ മൊല്ലാക്കയെ കൂട്ടിക്കൊണ്ടു വന്നു.
നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ വിവരമറിഞ്ഞാണ്‌ കരിമ്പന്‍ സീമാപ്പിളയുടെ പുരയില്‍ വടിയും കുത്തിപ്പിടിച്ച്‌ കയറിവന്നത്‌ മൊല്ലാക്കയും നമ്പൂതിരിയും ആവുന്നതൊക്കെ ചെയ്‌തിട്ടും ദീനം ഭേദപ്പെടാത്തിടത്ത്‌ കരിമ്പന്‍ പണിയന്‍ എന്തുകാട്ടിക്കൂട്ടാനാന്നായിരുന്നു സീക്കാക്ക പരിഹസിച്ചത്‌.
``നാലണ കിട്ടുമെന്ന്‌ കരുതി കോപ്രായമൊന്നും കാട്ടിവെക്കണ്ട'' സീമാപ്പിള പറഞ്ഞു. ``ചിലവില്ലാത്തതാണെങ്കില്‍ എന്താച്ചാല്‍ ചെയ്‌തോ''.
കരിമ്പന്‍ പണിയന്‍ കൊണ്ടുവന്ന പച്ചിലകള്‍ അരച്ചു പിഴിഞ്ഞ്‌ കാദറിന്റെ വായിലൊഴിച്ചു കൊടുത്തു. കുറച്ചു നെറ്റിത്തടത്തിലും പുരട്ടി നിശ്ശബ്‌ദം ചുണ്ടുകള്‍ കൊണ്ട്‌ മന്ത്രിച്ചു. ചെയ്യാനുള്ളത്‌ ചെയ്‌തു കഴിഞ്ഞപ്പോള്‍ വാതില്‍പടിയില്‍ തലമുട്ടാതെ കുനിഞ്ഞ്‌ പടിയില്‍ തലമുട്ടാതെ കുനിഞ്ഞ്‌ വടിയും കുത്തിപ്പിടിച്ചു ഒരു പോക്കുപോയി. കുന്നിറങ്ങി വയലും കടന്ന്‌ കരിമ്പന്‍ തന്റെ കുടിലിലേക്ക്‌ നടന്നു.
പിറ്റേന്നു പുലര്‍ച്ചെക്ക്‌ കരിമ്പന്റെ കുടിലിന്‌ മുറ്റത്ത്‌ ഒരു മുറം നെല്ലും മൂന്ന്‌ നാളികേരവും പത്തുറുപ്പികയുമായി തുത്തുമ്മയെത്തി. സീമാപ്പിള ഓതിക്കൊടുത്തു വിട്ടതാണ്‌. കാദറിന്‌ സുഖപ്പെട്ടു വരുന്നുവത്രെ.
കരിമ്പന്‍ മുറം ഉമ്മറത്തു വെക്കാന്‍ സമ്മതിച്ചില്ല. തുത്തുമ്മ നെല്ലും നാളികേരവും ഉറുപ്പികയുമായി തിരിച്ചു നടന്നു. കാദറിന്‌ രണ്ടു വയസായിരുന്നപ്പോള്‍ മേലു മുഴുവനും ചൊറി പിടിച്ച്‌ അളിഞ്ഞപ്പോഴും കരപ്പന്‍ വന്നപ്പോഴും കരിമ്പന്‍ കൊടുത്ത തൈലം തേച്ചിട്ടാണ്‌ മാറിയത്‌. തേച്ചുരണ്ടാം ദിവസം ഉണക്കം കണ്ടു തുടങ്ങിയെന്നാണ്‌ ഉമ്മ പറഞ്ഞത്‌. ഇഗ്ലീഷ്‌ മരുന്ന്‌ കഴിച്ചിട്ടും സൂചി വെച്ചിട്ടും മാറാതിരുന്ന ചൊറിയായിരുന്നു. മുണ്ടകൊല്ലി കാട്ടില്‍ നിന്നും പറിച്ചെടുത്ത പച്ചില കൊണ്ടുണ്ടാക്കിയ തൈലമായിരുന്നു കരിമ്പന്‍ നല്‍കിയത്‌.ഷര്‍ട്ടിടാതെ പിഞ്ഞിയ ഒരു കറുത്ത മുണ്ട്‌ മാത്രമായിരുന്നു കരിമ്പന്റെ വേഷം നല്ല പൊക്കമുള്ള ശരീരമാണ്‌. പ്രായമേറിയപ്പോള്‍ ശരീരം വളഞ്ഞ്‌ കുനിക്കൂടി വടികുത്തിയാണ്‌ നടക്കുക. ഒടിഞ്ഞുതൂങ്ങിയ മുതുകിലെ തൊലിപ്പുറം ഉരിഞ്ഞിരുന്നു. കാപ്പിച്ചെടിയുടെ ഊന്നുവടിയിലാണ്‌ ശരീരഭാരം മുഴുവനും താങ്ങുന്നത്‌. നരച്ച പുരികത്തിന്‌ താഴെയുള്ള കട്ടി കണ്ണടയുടെ ഒടിഞ്ഞകാല്‌ ചരടില്‍ തലയിലൂടെ ചുറ്റിക്കെട്ടിയിരിക്കുകയാണ്‌. മുന്‍പിലാരെയെങ്കിലും കണ്ടാല്‍ മുറുക്കിച്ചുവന്ന്‌ പാണ്ടുവീണ ചുണ്ടുപിളര്‍ത്തി മനസ്സിലാവുന്നതു വരെയും തറപ്പിച്ചു നോക്കും. കണ്ണടയുടെ കട്ടിച്ചില്ലിന്‌ പുറകില്‍ കാഴ്‌ച വഴങ്ങാതിരുന്ന കൃഷ്‌ണമണിയെ തൊട്ട്‌ കണ്‍പീലികള്‍ വേഗത്തില്‍ ചിമ്മിത്തുറന്നു കൊണ്ടിരിക്കും.വയല്‍വരമ്പിലൂടെ കൂനിക്കൂടി, മാറുന്ന കാലത്തോട്‌ പിറുപിറുത്തുകൊണ്ട്‌ വടിയും കുത്തിപ്പിടിച്ചു കരിമ്പന്‍ നടന്നുപോകുന്നത്‌ കാദറെപ്പോഴും കാണാറുണ്ടായിരുന്നു.ഏഴ്‌


``ചെമ്പോത്തേ ഒളിച്ചൊളിച്ചോ കള്ളന്‍ വരുന്നുണ്ട്‌ണ്ട്‌ ” കാദര്‍ ഉറക്കെ പറഞ്ഞു.
ആഞ്ഞിലി മരത്തില്‍ നിന്നും ചുവന്ന ചിറകു വീശി നിലത്തേക്ക്‌ പറന്നിറങ്ങിയ ചെമ്പോത്ത്‌ ശബ്‌ദം കേട്ട്‌ കണ്‍വെട്ടത്തു നിന്നും മറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും ചെമ്പോത്തിന്റെ മൂളല്‍ കേട്ടു.
ഊം.............. ഊം...........ഊം...... നിറുത്താതെ മൂളുകയാണ്‌.
നമസ്‌കരിക്കാന്‍ സമയമാകുമ്പോഴാണ്‌ ചെമ്പോത്ത്‌ മൂളുന്നതെന്നാണ്‌ കാദറ്‌ വിനുവിനോട്‌ പറഞ്ഞത്‌. അള്ളാഹുവിന്റെ മുന്‍പില്‍ കുമ്പിടാന്‍ നേരമറിയിക്കുകയാണത്രേ.
കാദറും വിനുവും മുണ്ടകൊല്ലി കാടുകാണാന്‍ പോകുകയായിരുന്നു. കാട്ടാന മദിച്ചു നടക്കുന്ന കാടാണ്‌. കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച വാര്‍ത്ത കേള്‍ക്കാത്ത ദിവസം കുറവാണ്‌.
``പകല്‌ കാട്ടാന ഇറങ്ങില്ല'' കാദര്‍ വിനുവിനെ സമാധാനിപ്പിച്ചു.
കാട്ടിനുള്ളിലെ അടിക്കാടിനൊപ്പം തഴച്ചു വളര്‍ന്ന പാണലിന്റെ പഴുത്ത കായ പറിച്ച്‌ തിരിച്ചും മറിച്ചും നോക്കി കാദര്‍ വിനുവിന്‌ നല്‍കി. പാണല്‍ പഴം പാമ്പു കൊത്തിയിട്ടുണ്ടോന്നു നോക്കിയിട്ടേ കഴിക്കാവൂ. പാമ്പുകള്‍ക്ക്‌ പാണല്‍ പഴം പ്രിയങ്കരമാണ്‌. പാണല്‍ പഴം പറിക്കാന്‍ പോകുമ്പോള്‍ പാമ്പുകള്‍ ചുറ്റുവട്ടത്തെവിടെയെങ്കിലുമുണ്ടോയെന്നു ശ്രദ്ധിക്കണം. പച്ചിലപ്പാമ്പുകളാണ്‌ പാണല്‍ ചെടിയിലുണ്ടാകുകയെന്നാണ്‌ വിനു കരുതിയിരുന്നത്‌. എല്ലാ പാമ്പുകള്‍ക്കും പാണല്‍ പഴം ഇഷ്‌ടമാണെന്ന്‌ കാദര്‍ പറഞ്ഞു.
പാണല്‍ പഴം നൊട്ടിനുണഞ്ഞ്‌ കാദറും വിനുവും മുണ്ടകൊല്ലിയിലേക്ക്‌ നടക്കുമ്പോള്‍ കടങ്കഥകള്‍ പറഞ്ഞു. കൈകൊട്ടി താളത്തില്‍ പാട്ടുപാടി. ഇല്ലിപ്പടര്‍പ്പുകളിലും മരങ്ങളിലും കുരങ്ങന്മാര്‍ ചാടിക്കളിക്കുന്നതും മുളത്തലപ്പുകളില്‍ ഊഞ്ഞാലാടുന്നതും കണ്ടു. ഇല്ലിക്കൂട്ടങ്ങള്‍ക്ക്‌ ചുവട്ടില്‍ മുളക്കൂമ്പുകള്‍ പൊങ്ങിനിന്നിരുന്നു.
രാത്രി ഈ വഴി വരുന്നത്‌ പേടിക്കണം. മുളക്കൂമ്പുകള്‍ ചവച്ചുതിന്നാന്‍ കാട്ടാനകള്‍ വരും. പനിക്കും മുളക്കൂമ്പ്‌ പ്രിയങ്കരമാണ്‌. കാട്ടുപന്നിയുടെ കണ്ണില്‍ പെട്ടാല്‍ തേറ്റകൊണ്ട്‌ കുത്തിമറിച്ച്‌ യുദ്ധക്കളമാക്കും. കാഴ്‌ചകള്‍ കണ്ട്‌ നടക്കുമ്പോള്‍ കാദറിന്റെ കഴുത്തില്‍ കെട്ടിയിരുന്ന ചരട്‌ കാണാതിരുന്നപ്പോള്‍ വിനു ചോദിച്ചു.
``മന്ത്രിച്ചു കെട്ടിയ ചരട്‌ കാണുന്നില്ലല്ലോ?''
``ഞാനതറുത്തു കളഞ്ഞു'' പേടിയുടെ ചെകുത്താന്‍ ഒഴിഞ്ഞുപോകാനാണ്‌ മൊല്ലാക്ക മന്ത്രിച്ചു കെട്ടിയതെന്നാണ്‌ ഉമ്മ കാദറിനോട്‌ പറഞ്ഞിട്ടുള്ളത്‌.
``ഇനിക്ക്‌ ചെകുത്താനേക്കാളും പേടി മൊല്ലാക്കയെയാണ്‌'' കാദര്‍ പറഞ്ഞു.
കാട്ടിനുള്ളില്‍ നിന്നും മലയണ്ണാന്റെ കരച്ചില്‍ കേട്ടു. ഇടതൂര്‍ന്ന കാട്‌ ആരംഭിക്കുന്നതിനടുത്ത്‌ കുറ്റിക്കാടുകള്‍ മാത്രം പടര്‍ന്നു പന്തലിച്ച ഒരു ഞാവല്‍ മരം നിന്നിരുന്നു. പഴുത്ത ഞാവല്‍ കായ്‌കള്‍ ചുവടു നിറച്ചും വീണു കിടപ്പുണ്ട്‌, ചുവട്ടില്‍ കൊഴിഞ്ഞുവീണതില്‍ നാരുപോലത്തെ പുഴുക്കളുണ്ടാകും. അതു കഴിച്ചാല്‍ ഛര്‍ദ്ദിയും വയറിളക്കവും വരും.വലിയ മരമാണ്‌, മുകളില്‍ പിടിച്ചു കയറി പറിക്കാനും പറ്റില്ല.ഞാവല്‍ കായ തിന്നാല്‍ വായും ചുണ്ടുകളും വയലറ്റ്‌ കളറാകും.
കാദര്‍ ഒരു ഉണങ്ങിയ കമ്പെടുത്ത്‌ ഞാവല്‍ മരത്തിന്റെ ചില്ലയിലെറിഞ്ഞു.പഴുത്തു നീലച്ച ഞാവല്‍ പഴങ്ങള്‍ ആലിപ്പഴം പൊഴിയുമ്പോലെ കൊഴിഞ്ഞുവീണു.
( ദേശാഭിമാനി ദര്‍പ്പണം സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത് )

Saturday, May 24, 2008

ആരവമൊടുങ്ങുന്നു aaravamodungunnu

(2003 മാര്‍ച്ച്‌ 9 തിയ്യതി മാതൃഭുമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥ)
കുട്ടന്‍ പിള്ളയുടെ ചിരിയും വാച്ചില്‍നോട്ടവും കണ്ട്‌ സഹികെട്ടപ്പോഴാണ്‌ അയാളെന്റെ ശത്രുവായത്‌. ഓഫീസ്‌ സമയം തുടങ്ങുന്നത്‌ പത്ത്‌ മണിക്കാണെന്ന്‌ എല്ലാവര്‍ക്കുമറിയുന്നതാണ്‌. താമസ സ്ഥലത്തുനിന്നും ഓഫീസിലേയ്‌ക്ക്‌ അരമണിക്കൂര്‍ യാത്രയുണ്ട്‌. പ്യൂണായ എനിയ്‌ക്ക്‌ പത്തുമണിക്കു മുന്‍പേ ഓഫീസിലെത്തണമെങ്കില്‍ ഒന്‍പതേകാലിനു മുന്‍പേ ബസ്സു പിടിക്കണം. സ്ഥിരമായിട്ട്‌ തിരക്കൊഴിഞ്ഞ പതിനൊന്നു മണിയുടെ ബസ്സില്‍ പോകാറുള്ള ഞാന്‍ ബസ്സ്‌ കാത്തുനില്‍ക്കുന്ന നേരത്ത്‌ വായനശാലയില്‍ കയറി പത്രമോടിച്ചു നോക്കും. വായനശാലയിലെ വരാന്തയുടെ തിണ്ണയിലോ അകത്തെ ബഞ്ചിലോ ഇരിയ്‌ക്കുന്ന കുട്ടന്‍പിള്ള പത്രം അരിച്ച്‌ പെറുക്കി വായിക്കുന്നത്‌ കാണാം. കാലുകള്‍ക്കിടയില്‍ ഒരു കാലന്‍കുട ഇറുക്കിപ്പിടിച്ചിട്ടുണ്ടാകും. ഓഫീസിലേയ്‌ക്ക്‌ പുറപ്പെടുന്ന എന്നെ കാണുന്നതേ കുട്ടന്‍പിള്ള കൈയില്‍ കെട്ടിയ സൈക്കോ ഫൈവ്‌ വാച്ചിലേക്കൊന്ന്‌ നോക്കും. എന്നിട്ട്‌ എന്റെ നേരെ നോക്കിയൊരു ചിരിയാണ്‌ . അപ്പോള്‍ തന്നെ കട്ടി കണ്ണടകള്‍ക്കിടയിലൂടെ വായനയിലേയ്‌ക്ക്‌ കൂപ്പ്‌ു കുത്തുകയും ചെയ്യും.
മൂഷിക രാജാവും പരിവാരങ്ങളും തട്ടിന്‍പുറത്ത്‌ വാഴുന്നതുപോലെ മേലാളന്മാരായ എഞ്ചിനിയര്‍, ഓവര്‍സിയര്‍, ഇത്യാദി സങ്കേതിക വിദഗ്‌ധരും പാവം കുറച്ച്‌ ക്ലര്‍ക്കുമാരും അവര്‍ക്കിടയില്‍ ചപ്പരാസിപ്പണിയെടുക്കുന്ന പ്യൂണായ എന്നെപ്പോലെയുള്ള രണ്ടുമൂന്നാളുകളും അനുഗ്രഹ കോംപ്ലക്‌സിന്റെ മൂന്നാം നിലയില്‍ സുഖമായിട്ടങ്ങനെ കഴിയുന്നതിനിടയില്‍ കുട്ടന്‍പിള്ളയുടെ മറ്റേലെ ചിരി മാത്രമാണ്‌ എന്നെ അസ്വസ്ഥനാക്കുന്നത്‌.
ഇത്ര നാളായിട്ടും ഒരു മാര്‍ജാരനും മണം പിടിച്ച്‌ വിജിലന്‍സുകാരുടെ വേഷത്തില്‍ സ്റ്റെപ്പു കയറിയെത്തിയിട്ടില്ല. സംഘടനാ പ്രവര്‍ത്തനത്തിനും നോട്ടീസ്‌ വിതരണത്തിനും പിരിവിനുമൊക്കെയായി എന്‍.ജി.ഒ. യൂണിയന്‍കാരും അസോസിയേഷന്‍കാരും സംഘക്കാരുമൊക്കെയാണ്‌ ഞങ്ങളെ പിണക്കാനും അലോസരപ്പെടുത്താനുമായിട്ട്‌ വല്ലപ്പോഴും കയറിവരുന്നത്‌. ഒരിക്കല്‍ ചീട്ടുകളി തടസ്സപ്പെടുത്തിയ യൂണിയന്‍ നേതാക്കള്‍ പത്രത്തില്‍ വാര്‍ത്ത കൊടുത്തു. അന്വേഷണവും നടപടിയുമൊക്കെയുണ്ടാകുമെന്നായപ്പോള്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റില്‍ കയറിയ ഒരു ക്ലാര്‍ക്കും ഒരു ഓവര്‍സിയറും ഓഫീസിലുണ്ടായിരുന്നതുകൊണ്ട്‌ ജാതിവിളിച്ചാക്ഷേപിച്ചെന്നും പറഞ്ഞൊരു കേസു കൊടുത്തു. സംഗതി കുഴഞ്ഞു മറിയുമെന്നായപ്പോള്‍ നേതാക്കള്‍ ഒത്തു തീര്‍പ്പിനായെത്തി. ഓഫീസില്‌ കള്ള്‌ കുടിച്ചാലെന്താ ചീട്ടു കളിച്ചാലെന്താ? സംഘടനയുടെ പ്രവര്‍ത്തനം ജീവനക്കാരെ ദ്രോഹിക്കാനാവരുത്‌. യൂണിയന്‍ ബ്രാഞ്ച്‌ കമ്മറ്റിക്കും അവരുടെ നടപടിക്ക്‌ ഒത്താശ ചെയ്‌തു കൊടുത്ത ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിയറ്റ്‌ വക കിഴുക്ക്‌ കിട്ടുകയും ചെയ്‌തു. ഒന്നു രണ്ടു ദിവസം പത്രത്താളുകളില്‍ കയറിക്കൂടിയ ഈ വാര്‍ത്ത കണ്ടപ്പോഴാണ്‌ അനുഗ്രഹ കോംപ്ലക്‌സിന്റെ മുകളില്‍ ഒരു ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന വിവരം നാട്ടുകാരറിഞ്ഞത്‌. തിരക്കുള്ള ക്ഷേത്രറോഡിലൂടെ നടന്നു പോകുന്നവരും ബസ്സില്‍ പോകുന്നവരും അനുഗ്രഹ കോംപ്ലക്‌സിന്റെ മുകളിലേയ്‌ക്ക്‌ തലയുയര്‍ത്തി നോക്കിത്തുടങ്ങി. അപ്പോള്‍ തുരുമ്പിച്ചതും അക്ഷരങ്ങള്‍ തെളിയാത്തതുമായ ഒരു മഞ്ഞ ബോര്‍ഡ്‌ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസിനു മേല്‍വിലാസം നല്‍കി തൂങ്ങി നില്‍ക്കുന്നത്‌ കണ്ടു. അവര്‍ക്കാര്‍ക്കും അതിന്‌ മുകളില്‍ കയറിച്ചെല്ലേണ്ട ആവശ്യമുണ്ടായിട്ടില്ല. സാറിന്ന്‌ ലീവാണെന്നുള്ള പറച്ചില്‍ കേട്ട്‌ മടുത്ത വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റ്‌ ചെയ്യാന്‍ അങ്ങോട്ട്‌ ചെല്ലാതെയുമായി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മൂഷിക സാമ്രാജ്യം പോലെ പത്തു മുപ്പത്‌ ജീവനക്കാരുണ്ടെന്നും അതില്‍ നാലുപേര്‍ ഗസറ്റഡ്‌ റാങ്കിലുള്ളവരാണെന്നും ഇവര്‍ക്കെല്ലാം കൂടി മാസത്തില്‍ ഒന്നര ലക്ഷത്തോളം രൂപ ശമ്പള ബില്ലാകുമെന്നും ഏറ്റു പറയുന്ന ഞാനും അതുപറ്റി സുഖിയനായി ചോറുണ്ണുന്നവനാണ്‌. ഞങ്ങള്‍ പൊതുമരാമത്ത്‌ ഇനം ജീവികളായതുകൊണ്ട്‌ ഒന്നാം തിയ്യതി തന്നെ ചെക്കുമായി സ്റ്റേറ്റ്‌ ബാങ്കിലേയ്‌ക്ക്‌ ചെന്നാല്‍ മതി. പതിനൊന്നരയോടെ ആദ്യ ടോക്കണ്‍ വിളിക്കുന്നത്‌ പി.ഡബ്ല്യൂ.ഡിയ റോഡ്‌സ്‌കാരെയോ അല്ലെങ്കില്‍ മൈനര്‍ ഇറിഗേഷന്‍കാരെയോ ആയിരിക്കും. ഒന്നര ലക്ഷത്തോളം ഉറുപ്പിക ബാഗിലിട്ട്‌ ഓട്ടോ പിടിച്ച്‌ അനുഗ്രഹ കോംപ്ലക്‌സിന്‌ മുമ്പിലിറങ്ങി സ്‌റ്റെപ്പ്‌ കയറിച്ചെല്ലുമ്പോള്‍ ഓഫീസില്‍ കാക്കക്കൂട്ടം മാതിരി ബഹളമായിരിക്കും. മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം കുടുംബത്തിലെ കാരണവരുടെ ഷഷ്‌ഠിപൂര്‍ത്തി ആഘോഷത്തിനൊത്തുകൂടിയതുപോലെയാണ്‌. ഹാജര്‍ ബുക്കില്‍ പേരുള്ള എല്ലാവരും എത്തിയിട്ടുണ്ടാകും. പ്രസവാവധിയുള്ളവരുടെ ഭര്‍ത്താക്കന്മാരോ ബന്ധുക്കളോ അധികാരപ്പെടുത്തിയ അപേക്ഷയുമായി റവന്യൂ സ്റ്റാമ്പും കൈയില്‍ പിടിച്ച്‌ സഹികെട്ട്‌ നില്‍ക്കുന്നുണ്ടാവും. സംസ്ഥാനത്തെ എല്ലാ ദിക്കില്‍ നിന്നുള്ളവരുമുണ്ടെങ്കിലും കൂട്ടത്തില്‍ മെജോറിറ്റി തെക്കന്‍ ജില്ലക്കാര്‍ക്കാണ്‌. ഓഫീസിലെ മൊത്ത ശമ്പളം എണ്ണി തിട്ടപ്പെടുത്തി അക്വിറ്റന്‍സ്‌ രജിസ്റ്ററുമായി ഒത്തു നോക്കുന്ന സൂപ്രണ്ടിന്റെ മേശയ്‌ക്കു മുമ്പിലൊരു ക്യൂ പതുക്കെ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ടാവും. എല്ലാവര്‍ക്കും ധൃതിയാണ്‌. നാലുമണിക്കു മുന്‍പേ കോഴിക്കോട്ടേക്കുള്ള ബസ്സ്‌ പിടിച്ചാലേ ഏഴേപത്തിനുള്ള കണ്ണൂര്‍ - തിരുവനന്തപുരം ട്രെയ്‌നില്‍ കയറിപ്പറ്റാനൊക്കുകയുള്ളൂ. ചില സാറന്മാര്‌ ബര്‍ത്തും കാലേക്കൂട്ടി റിസര്‍വ്വ്‌ ചെയ്‌തിട്ടുണ്ടാകും. ശമ്പളം കൈയില്‍ കിട്ടിയാല്‍ അടുത്തമാസം ഒന്നാം തിയ്യതിവരെയുള്ള ലീവപേക്ഷകള്‍ മൂന്നും നാലുമായി എഴുതി എന്റെ കൈയില്‍ ഏല്‍പ്പിക്കുന്നതിനൊപ്പം ഒരു നോട്ടും അവരെന്റെ പോക്കറ്റില്‍ തിരുകും. ഏഴേഴു ദിവസം കൂടുമ്പോള്‍ ലീവപേക്ഷ മാറ്റിവെക്കാനും ഹാജര്‍ ബുക്കില്‍ കഴിഞ്ഞുപോയ ദിവസങ്ങളിലെ കോളങ്ങളില്‍ അവരുടെ ഒപ്പനുകരിച്ച്‌ മാറിമാറിയിടാനും ഞാനെന്തിനാണ്‌ മടിക്കുന്നത്‌. എല്ലാവരും കൂടി അന്‍പതും നൂറുമായി ആയിരത്തിലധികം രൂപ സന്തോഷത്തോടെയാണല്ലോ തരുന്നത്‌. ആരോടും കെഞ്ചാതെ പോക്കറ്റില്‍ വന്നുവീഴുന്ന പണം നഷ്‌ടപ്പെടുത്തുന്നതെന്തിനാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും ജൂനിയര്‍ സൂപ്രണ്ട്‌ വിദ്യാധരന്‍ സാറെ പ്രസാദിപ്പിക്കുന്നതിന്‌ ജീവനക്കാരുടെ കൂട്ടുത്തരവാദിത്വമുണ്ടായിരുന്നു. പതിനഞ്ചിലധികം ഫുള്‍ ബോട്ടിലുണ്ടായാലേ ഒരു മാസം വിദ്യാധരന്റെ ടാങ്ക്‌ നിറയുകയുള്ളൂ. അഞ്ചാറു ഫുള്ളിനുള്ള ഷെയറെടുത്ത്‌ സ്‌നേഹത്തോടെ കവറിലിട്ട്‌ കൊടുക്കുമ്പോള്‍ ഭവ്യതയോടെ ചിരിച്ചുകൊണ്ട്‌ രണ്ട്‌ കൈയും നീട്ടി വാങ്ങിച്ച്‌ ദക്ഷിണ ലഭിച്ച നിര്‍വൃതിയോടെ രണ്ട്‌ കണ്ണിലും തൊടുവിച്ച്‌ സൂപ്രണ്ട്‌ പാന്‍സിന്റെ പുറം പോക്കറ്റില്‍ തിരുകും.
ചടങ്ങുകളെല്ലാം കഴിഞ്ഞാല്‍ ഓരോരുത്തരായി പടിയിറങ്ങുകയായി. പിന്നെ അത്യാവശ്യം വര്‍ക്ക്‌ ചെയ്യാനുള്ള പേബില്ലെഴുതുന്ന തോമസുകുട്ടിയും അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസിലേയ്‌ക്ക്‌ മാസക്കണക്ക്‌ അയയ്‌ക്കേണ്ട സുലൈമാനും അത്‌ ചെയ്‌ത്‌ തീരുന്നതുവരെ ഓഫീസിലുണ്ടാകും.
"സൂപ്രണ്ടിന്‌ വീട്ടിലൊന്നും പോകണ്ടേ?" ഒരു ദിവസം സുലൈമാന്‍ അടുപ്പം കൊണ്ട്‌ ചോദിച്ചുപോയതാണ്‌.
"ഞാന്‍ പോയില്ലെങ്കില്‍ തനിക്കെന്നാടാ കൂവ്വേ കടച്ചില്‌?"
പന്തിയല്ലെന്ന്‌ കണ്ടപ്പോള്‍ സുലൈമാന്‍ പതുക്കെ പിന്‍വലിഞ്ഞു. പുതിയ നിയമനം കിട്ടിവന്ന എല്‍.ഡി.ക്ലാര്‍ക്ക്‌ വര്‍ക്കലക്കാരന്‍ ഷാജിത്‌ ജോലിയില്‍ ചേരാനെത്തിയ ദിവസം സൂപ്രണ്ട്‌ തെക്കുദിക്കുകാരനാണെന്നറിഞ്ഞപ്പോള്‍ താല്‍പ്പര്യത്തോടെ അന്വേഷിച്ചതാണ്‌.
"സാറ്‌ തെക്കെവിടാ?"
"തിരുവനന്തപുരത്ത്‌ " സൗമ്യമായിട്ടാണ്‌ മറുപടി.
"തിരുവനന്തപുരത്തെവിടാ സാറേ? "
"കാവടിയാര്‍ കൊട്ടാരത്തില്‌. എന്റെ ഊരും പേരുമറിഞ്ഞിട്ട്‌ തനിക്കെന്തിനാ കൂവ്വേ?"
"അറിയാന്‍ ചോദിച്ചതാ സാറേ?"
"എന്തോന്നറിയാന്‍ കാശുണ്ടെങ്കി നൂറിങ്ങെടുക്ക്‌ ?" മടിച്ചുനിന്ന ഷാജിത്തിന്റെ പോക്കറ്റില്‍ നിന്ന്‌ പേഴ്‌സെടുത്ത്‌ നൂറുരൂപയും വലിച്ചെടുത്ത്‌ സൂപ്രണ്ട്‌ സ്റ്റെപ്പുകളിറങ്ങി. ചുങ്കത്തെ ദ്വാരക ബാറിലേക്കാണ്‌. ഇനി വൈകുന്നേരം നോക്കിയാല്‍ മതി.
ഒരാഴ്‌ചക്കുള്ളില്‍ ഓഫീസിലെ ചിട്ടവട്ടങ്ങളുമായി ഷാജിത്ത്‌ പൊരുത്തപ്പെട്ടു. പ്രൊബേഷന്‍ പൂര്‍ത്തിയാവുന്നതിന്‌ മുമ്പ്‌ മുങ്ങാന്‍ ഒരുള്‍ഭയം. അതുകൊണ്ട്‌ വാടകറൂമൊന്നും നോക്കാതെ രാത്രിയിലെ പൊറുതി സ്റ്റോര്‍റൂമിലാക്കി.ഓഫീസില്‍ തന്നെ കിടത്തമുള്ള സൂപ്രണ്ട്‌ ലഹരിയുടെ കെട്ടിറങ്ങി രാത്രിയില്‍ വല്ല നേരത്തുമാണ്‌ വന്നു കയറുക. നേരം തെറ്റിവരുന്ന കെട്ട്യോനെ കാത്തിരിക്കുന്ന ഭാര്യയെപ്പോലെ സൂപ്രണ്ട്‌ വരുന്നതും കാത്ത്‌ ഷാജിത്ത്‌ ഉറക്കത്തിലേക്ക്‌ വഴുതിയും ഞെട്ടിയുണര്‍ന്നുമിരിക്കും. ചില രാത്രിയില്‍ കാലുറക്കാതെ വഴിയോരത്തോ സ്റ്റെപ്പിലോ വീണുപോയ സൂപ്രണ്ട്‌ നനഞ്ഞ കോഴിയെപ്പോലെ പുലര്‍ച്ചെയാണ്‌ കയറിവരുക.
രാത്രിയില്‍ ഉറക്കം കിട്ടാത്ത ഷാജിത്ത്‌ ഓഫീസ്‌ സമയത്ത്‌ സ്റ്റോര്‍ റൂമില്‍ ചുരുണ്ടു കിടന്നുറങ്ങുന്നതൊരു ശീലമാക്കി. ശമ്പള ദിവസത്തിന്റെ ആരവങ്ങളടങ്ങിയാല്‍ പിന്നെയും പഴയതുപോലെതന്നെ. ശൂന്യമായ മരക്കസേരകള്‍, ഉച്ചയുറക്കം, വല്ലപ്പോഴും കയറിവരുന്നവര്‍ ഒത്തുചേര്‍ന്നുള്ള ചീട്ടുകളി, വനിതാ ജീവനക്കാരുടെ പായ്യാരം പറച്ചില്‍.... ഇത്യാദി സുഖവിനോദങ്ങള്‍, ഇടയ്‌ക്കൊരു സ്‌മാള്‍, എന്തൊരു സുഖജീവിതം. ഇടയ്‌ക്ക്‌ അപൂര്‍വ്വമായി മാത്രം വല്ല പേപ്പറും ഡ്രാഫ്‌റ്റ്‌ ചെയ്യാനുണ്ടാകുമ്പോള്‍ ഉയരുന്ന ടൈപ്പ്‌റൈറ്റിന്റെ ശബ്‌ദം ഓഫീസിന്റെ തനതവസ്ഥയെ അസ്വസ്ഥപ്പെടുത്തി.. ഉച്ചയൂണിനൊപ്പം രണ്ട്‌ പെഗ്‌ അകത്താക്കി ഡസ്‌കിന്‌ പുറത്ത്‌ ചുരുണ്ടുമയങ്ങുന്ന സൂപ്രണ്ട്‌ വിദ്യാധരന്‍ ഞെട്ടിയുണര്‍ന്ന്‌ ടൈപ്പിസ്റ്റ്‌ കമലയെ തല്ലാന്‍ ചെന്നത്‌ വലിയ ഒച്ചപ്പാടുണ്ടാക്കി. ടൈപ്പ്‌ ചെയ്യാതെ മരവിച്ചുപോയ കൈവിരലുകള്‍ക്കൊരു രക്തയോട്ടമുണ്ടാകട്ടെ എന്നു കരുതി കമല ലീവപേക്ഷ ടൈപ്പ്‌ ചെയ്‌തതായിരുന്നു.അസോസിയേഷനില്‌ അഞ്ചുറുപ്പിക മെമ്പര്‍ഷിപ്പും കൃത്യമായി പിരിവ്‌ കൊടുക്കുകയും ചെയ്‌തിരുന്ന കമലയുടെ പരാതി സംഘടനക്കാര്‍ ഏറ്റെടുക്കുമെന്നു വന്നപ്പോള്‍ കാര്യ ഗൗരവത്തോടെ എനിക്ക്‌ മധ്യസ്ഥന്റെ റോള്‍ ഏറ്റെടുക്കേണ്ടി വന്നു. കമലയുടെ പേരില്‌ അസോസിയേഷന്‍കാരും യൂണിയന്‍കാരുമൊക്കെ ഓഫീസ്‌ കയറി നിരങ്ങാന്‍ തുടങ്ങിയാല്‍ ഓഫീസിലെ സ്വസ്ഥത ഇല്ലാതാവും. അതുകൊണ്ട്‌ രണ്ട്‌ ഭാഗത്തുനിന്നും വിട്ടുവീഴ്‌ചയുണ്ടാവണം. പ്രശ്‌നം പറഞ്ഞു തീര്‍ക്കണം. പിറ്റേന്ന്‌ സംഘടനയുടെയാളുകള്‍ ഒറ്റയ്‌ക്കും കൂട്ടായും കമലയുടെയടുത്തു വന്നപ്പോള്‍ അവള്‍ക്കൊരു പരാതിയുമില്ലായിരുന്നു. സൂപ്രണ്ടിനിപ്പോള്‍ ടൈപ്പ്‌റൈറ്ററിന്റെ ശബ്‌ദം കേട്ടാലേ ഓഫീസിലിരിക്കാന്‍ കഴിയുകയുള്ളുവെന്നും ടൈപ്പ്‌ ചെയ്യുന്ന ശബ്‌ദം ഒരേ താളത്തില്‍ കേട്ടാലേ എത്ര വീശിയാലും ഒന്നു മയങ്ങാന്‍ കഴിയൂ എന്നുമുള്ള മാനസികാവസ്ഥയായിരിക്കുകയുമാണ്‌. അതുകൊണ്ട്‌ കമലയുടെ കൈവിരലുകളുടെ മരവിപ്പ്‌ മാറി. ഞരമ്പുകളില്‍ രക്തയോട്ടമുണ്ടായി. ടൈപ്പ്‌ റൈറ്ററിലെ അക്ഷരങ്ങളിലോരോന്നിലും തൊട്ടു തലോടി ഓരോരോ വാക്കുകള്‍ക്കായി കമല പതുക്കെ കൊട്ടികൊണ്ടിരുന്നു. ഇടയ്‌ക്കെല്ലാം ടൈപ്പ്‌ റൈറ്ററിന്റെ ശബ്‌ദമുയരുന്നതുകൊണ്ട്‌ കയറിവരുന്നവര്‍ക്കൊക്കെ ഓഫീസ്‌ ഉണര്‍ന്നിരിക്കുന്നതായി തോന്നി.
ഒരു പണിയുമെടുക്കാതെ മാസ ശമ്പളവും വാങ്ങി ഞങ്ങള്‍ തിന്നു കുടിച്ചു കഴിയുകയാണ്‌. ഞങ്ങളെക്കൊണ്ട്‌ നാടിനോ നാട്ടുകാര്‍ക്കോ ഒരുപകാരവുമില്ല എന്നത്‌ പുറത്ത്‌ പറയാന്‍ പാടില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണ്‌. ശമ്പള ബില്ലെഴുതുക, പി.എഫ്‌. ഇന്‍ഷൂറന്‍സ്‌ റിക്കവറികള്‍ രേഖപ്പെടുത്തുക, സര്‍വ്വീസ്‌ ബുക്കിലെ കുറിപ്പുകള്‍ കൃത്യമായി രേഖപ്പെടുത്തുക, മാസകണക്ക്‌ ശരിയാക്കി അക്കൗണ്ടന്റ്‌ ജനറലിനയക്കുക ഇതിലപ്പുറം ഒരു പണിയുമില്ല.
ഓഫീസിലിരുന്ന്‌ ചൊറിയും കുത്തി നശിക്കാതെ പുറത്ത്‌ ഓരോ ഏര്‍പ്പാടുകള്‍ ഓരോരുത്തരും തട്ടിക്കൂട്ടിയിട്ടുണ്ട്‌.കൃഷിയുള്ളവര്‍ അത്‌ നന്നായി നോക്കി നടത്തി ഓഫീസുപണി സൈഡു പരിപാടിയാക്കി.. ശമ്പള സര്‍ട്ടിഫിക്കറ്റ്‌ പണയപ്പെടുത്തി ജില്ലാ സഹകരണ ബാങ്കില്‍ നിന്നും അന്‍പതിനായിരം ഉറുപ്പിക ലോണെടുത്ത്‌ ഷിമോഗയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന ഡ്രാഫ്‌റ്റ്‌സ്‌മാന്‍ വിജയന്‍ അവിടത്തെ എരിപൊരി വെയിലില്‍ കഷ്‌ടപ്പെടുകയാണ്‌. ധനജയന്‍ സീരിയലും കഥയെഴുത്തുമായി ഉലകം ചുറ്റുന്നതിനിടയില്‍ ഇടയ്‌ക്ക്‌ ഇതിലെ വരുമ്പോള്‍ ഓഫീസില്‍ കയറിയിട്ടുപോകും. ആലപ്പുഴക്കാരന്‍ ബേബിക്കുട്ടന്‍ വഞ്ചിക്കാരുടെ കൂടെ മീന്‍ പിടിക്കാന്‍ കടലില്‍ പോയി വരുമാനമുണ്ടാക്കുന്നു. ഇടയ്‌ക്ക്‌ എനിയ്‌ക്ക്‌ ഫോണ്‍ ചെയ്‌ത്‌ ഓഫീസിലെ വിവരങ്ങള്‍ അന്വഷിക്കാറുണ്ട്‌. യൂ.ഡി.ക്ലാര്‍ക്ക്‌ ജോണ്‍സന്‍ 'ഇന്‍ഫാം' എന്ന സംഘടനയുടെ മുന്‍നിര പ്രവര്‍ത്തകനാണ്‌. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക്‌ ശമ്പളം കൊടുത്താണ്‌ നാടിന്‌ പക്ഷാഘാതം പിടിപെട്ടതെന്ന കര്‍ഷക സംഘടനയുടെ അഭിപ്രായത്തില്‍ ജോണ്‍സന്‍ പതിരു കണ്ടില്ല. യേശുവചനം പോലെ സത്യമായ ഇക്കാര്യം നേര്‍ക്കറിയുന്ന താന്‍ അംഗീകരിച്ചില്ലെങ്കില്‍ പാപമല്ലേ എന്നാണ്‌ ജോണ്‍സന്റെ പക്ഷം. ഇതൊക്കെ പറയുമെങ്കിലും ഓഫീസില്‍ നിന്നും മുങ്ങി വല്ലപ്പോഴും സ്റ്റെപ്പു കയറി പൊങ്ങിവരുന്ന ജോണ്‍സന്‍ ലീവപേക്ഷ വലിച്ചുകീറി റജിസ്റ്ററില്‍ തുടര്‍ച്ചയായി ഒപ്പുക്കാന്‍ ഒരു മടിയും കാണിച്ചില്ല. ഇന്‍ഫാമും കെ.സി.വൈ.എം.ഉം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ എതിര്‍ക്കുന്ന പ്രകടനത്തെ പിന്‍പറ്റി നടക്കാനും അയാളുണ്ടാകും. ഇങ്ങനെ എല്ലാവര്‍ക്കും ഓരോ പരിപാടികളുണ്ടെങ്കിലും സൂപ്രണ്ടിനും ടൈപ്പിസ്റ്റ്‌ കമലക്കും എനിക്കും ഈയൊരു സേവനം തന്നെ ശരണം. ഞങ്ങളുടെ ചൂടും നിശ്വാസവും പൊടിപിടിച്ച ഫയലുകളെ ചുറ്റിപറ്റി നിന്നു. കമല പതുക്കെ ടൈപ്പ്‌റൈറ്ററില്‍ വിരലോടിക്കുന്നതിന്റെ താളക്രമം അവളുടെ ശ്വാസഗതിപോലെ മുടങ്ങാതെയുണ്ട്‌. ഒഴിവാക്കാനാവാത്ത ഒരു വീട്ടുകാര്യത്തിന്‌ ഒരു ദിവസം കമല ലീവായാല്‍ ഓഫീസിനുള്ളില്‍ ഒരപശകുനത്തിന്റെ പ്രതീതിയാണ്‌. അന്ന്‌ ദ്വാരക ബാറിലേക്ക്‌ പോകുന്ന വിദ്യാധരന്‍ സാറ്‌ നേരമിരുട്ടിയാലേ കയറിവരികയുള്ളൂ. ടൈപ്പ്‌ റൈറ്ററിനരികെ ഡസ്‌കടിപ്പിച്ചിട്ട്‌ കയറി കിടക്കും. ഒരു കൈകൊണ്ട്‌ ടൈപ്പിങ്‌ മെഷീന്‍ ചുറ്റിപിടിച്ചിട്ടുണ്ടാകും. സുഖമുള്ള ഈ കിടത്തത്തെക്കുറിച്ച്‌ എന്നോട്‌ പറഞ്ഞത്‌ ഷാജിത്താണ്‌. പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനെ ഭയക്കാതെ ഷാജിത്തും മുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. വീട്ടിലേക്കു വണ്ടി കയറി പന്ത്രണ്ടു ദിവസമായിട്ടും ഷാജിത്തിനെക്കുറിച്ച്‌ ഒരുവിവരവുമില്ല. പൊതുവേ ഒരു പറച്ചിലുണ്ട്‌. തെക്കന്‍കാരനല്ലേ വലിയ പിടിപാടുകാണും.
സമരകാലത്ത്‌ ശമ്പളദിവസംപോലെ ഓഫീസ്‌ സജീവമായിരിക്കുമെന്ന കാര്യം പറയാതിരിക്കാനാവില്ല. സംഘടനകള്‍ ഒറ്റയ്‌ക്കോ സംയുക്തമായോ നടത്തുന്ന പണിമുടക്കമായാലും അന്ന്‌ ഞങ്ങളുടെ ഓഫീസിന്‌ ജീവനുണ്ടാകും. ശമ്പളത്തില്‍ കുറയുന്ന ഒരേര്‍പ്പാടിനും ഞങ്ങളെ കിട്ടില്ല. അനിശ്ചിതകാല സമരമാണെങ്കില്‍ സംഘടനക്കാരെല്ലാം കൂടി ഒത്തുചേര്‍ന്ന്‌ കയറിവരുന്നതിനെ പ്രതിരോധിക്കാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ തടിമിടുക്കുള്ള നാലഞ്ചുപേര്‌ തയ്യാറായിട്ടുതന്നെ നില്‌ക്കും. കായബലമുള്ള ബേബിക്കുട്ടനായിരിക്കും നേതാവ്‌. അതുകൊണ്ട്‌ രക്ഷയാണ്‌. സമരകാലത്ത്‌ മുദ്രാവാക്യം വിളിയുമായി ആരുമിങ്ങോട്ട്‌ അടുക്കാറില്ല. കരിങ്കാലി പണംപറ്റുന്നവരാണെന്നുള്ള ആക്ഷേപം ഞങ്ങളാരും കാര്യമാക്കാറില്ല.
ഇപ്പോള്‍ മൈനര്‍ ഇറിഗേഷന്‌ കഷ്‌ടകാലമാണെങ്കിലും മേശപ്പുറത്തു പൊടിപിടിച്ചു കൂമ്പാരം കൂടിയ ഫയലുകള്‍ക്ക്‌ സമൃദ്ധിയുടെ ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌. നാലഞ്ച്‌ ലിഫ്‌ട്‌ ഇറിഗേഷന്‍ സ്‌കീമുകളുടെ മെയിന്റനന്‍സ്‌ വര്‍ക്കിന്റെ ഇരുപതിനായിരത്തില്‍ താഴെ ഉറുപ്പികയുടെ ബില്ലുമാറാന്‍ മാത്രമായി കയറിവരുന്ന കോണ്‍ട്രാക്‌ടര്‍ അവിരായും കുഞ്ഞവറാനുമൊക്കെ കൂമ്പാരം കൂടികിടക്കുന്ന ഫയലുനോക്കി നെടുവീര്‍പ്പിടുന്നതു കാണാം. എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിട്ട്‌ സൂപ്രണ്ടിന്റെ തലയ്‌ക്കുമീതെ ചുമരില്‍ സൂചിയനങ്ങാത്തൊരു ക്ലോക്കുണ്ട്‌. പണ്ടൊരിക്കല്‍ ബില്ലുമാറിയ സന്തോഷത്തില്‍ കോണ്‍ട്രാക്‌ടര്‍ അവിര ഓഫീസിലേയ്‌ക്കു വാങ്ങിച്ചുകൊടുത്തതാണ്‌. ക്ലോക്കിന്റെ ബാറ്ററി മാറ്റിയിട്ടാലത്‌ ചലിച്ചുകൊള്ളും. ജീവനക്കാരെപ്പോലെതന്നെ വല്ലപ്പോഴും കയറിവരുന്ന അവിരായും അതവഗണിക്കുകയായിരുന്നു.
അഞ്ചെട്ടുകൊല്ലം മുമ്പത്തെ കഥയാണ്‌. ട്രഷറി രാത്രി പന്ത്രണ്ട്‌, രണ്ട്‌ മണിവരെയൊക്കെ പ്രവര്‍ത്തിക്കുന്ന മാര്‍ച്ച്‌ മുപ്പത്തിയൊന്നിന്‌ മൈനര്‍ ഇറിഗേഷന്‍ ഡിവിഷനിലും ഉത്സവമായിരുന്നു. കുപ്പിയും ബിരിയാണിയും കോണ്‍ട്രാക്‌ട്‌ വര്‍ക്കുമായി ബന്ധപ്പെട്ടൊരു സീറ്റില്‌ അയ്യായിരം രൂപയെങ്കിലും തടയും. ഇപ്പോഴത്തെ മാര്‍ച്ചവസാനം മൈനര്‍ ഇറിഗേഷന്‍ മരിച്ച വീടുപോലെയാണ്‌. അതേസമയം കാരാപ്പുഴ, ബാണാസുരസാഗര്‍ ഇറിഗേഷന്‍ പ്രോജക്‌ട്‌ ഓഫീസുകളിലെ കൊട്ടിയാഘോഷത്തെക്കുറിച്ചറിഞ്ഞ്‌ സഹിക്കവയ്യാതെയാണ്‌ സൂപ്രണ്ട്‌ വിദ്യാധരന്‍ ബ്രാണ്ടിയില്‍ ഫ്യൂരിഡാന്‍ കലക്കി ജീവനൊടുക്കാന്‍ നിശ്ചയിച്ചത്‌. ഷാജിത്ത്‌ ഓഫീസിലുള്ള ദിവസമായതുകൊണ്ട്‌ ചത്തില്ല. പിറ്റേന്ന്‌ രാവിലെ ഫോണിലൂടെ വിവരമറിഞ്ഞപ്പോള്‍ ഏപ്രില്‍ ഫൂളാക്കുകയാണെന്നാണ്‌ ഞാനാദ്യം കരുതിയത്‌. വയറു കഴുകി ഒരാഴ്‌ച താലൂക്കാശുപത്രിയില്‍ കിടന്ന സൂപ്രണ്ടിന്‌ ഞാനും ഷാജിത്തും മാറി മാറി കൂട്ടുനിന്നു. കമല ഇടയ്‌ക്ക്‌ പൊടിയരിക്കഞ്ഞിയുമായി കടന്നുവരും. കമല വരുമ്പോഴും പോകുമ്പോഴും ടൈപ്പ്‌ റൈറ്ററില്‍ വിരലോടുന്ന നേര്‍ത്ത ശബ്‌ദം കേള്‍ക്കുന്നതായി സൂപ്രണ്ടിനു തോന്നും. ഒരു മയക്കത്തിലേക്ക്‌ കണ്ണുകളടഞ്ഞു പോകുമ്പോഴാണ്‌ ചൂടുള്ള പൊടിയരിക്കഞ്ഞി കുടിക്കാന്‍ വിളിച്ചുണര്‍ത്തുന്നത്‌. ഇറിഗേഷന്‍ പ്രോജക്‌ട്‌ ഓഫീസുകളിലൊന്നിലെത്തിപ്പെടുകയെന്നത്‌ സൂപ്രണ്ടിന്റെയൊരു സ്വപ്‌നമായിരുന്നു. കല്ല്യാണം കഴിക്കാതെ വീടിനെക്കുറിച്ചോര്‍മ്മിക്കാതെ പെറ്റ തള്ളയുടേയും തന്തയുടേയും കൂടപ്പിറപ്പുകളുടേയും വിവരമന്വേഷിക്കാത്ത സൂപ്രണ്ടിനുള്ള ഏക മോഹം അതുമാത്രമായിരുന്നു. വകുപ്പു മാറിമാറി ഭരിക്കുന്ന ഈര്‍ക്കിലിപാര്‍ട്ടി നേതാക്കളുടെ കാലുതിരുമ്മിയിട്ടും ആരും കനിഞ്ഞില്ല. പ്രോജക്‌ട്‌ ഓഫീസുകളിലേ കൊയ്‌ത്തുള്ളൂ എന്നറിയാവുന്ന വമ്പന്‍ സ്രാവുകള്‍ സൂപ്രണ്ട്‌ ഇരിക്കാനാഗ്രഹിച്ച കസേര കൈക്കലാക്കി. തങ്ങള്‍ക്കു ബോധിച്ചവരെ ഓരോ സീറ്റിലും പ്രതിഷ്‌ഠിക്കാന്‍ പ്രോജക്‌ട്‌ കോണ്‍ട്രാക്‌ടര്‍ തന്നെ സര്‍ക്കിള്‍ ചീഫ്‌ എഞ്ചിനീയര്‍ ഓഫീസുകളില്‍ വേണ്ടതുപോലെ ഇടപെട്ട്‌ ഉത്തരവിറക്കി. മക്കളുടെ കല്ല്യാണ ദിരവസം ഉദ്യോഗസ്ഥന്റെ വീടു തേടിയെത്തുന്ന കോണ്‍ട്രാക്‌ടറുടെ വക കിട്ടുന്ന പണപ്പൊതിയോര്‍ത്ത്‌ റിട്ടയറാകുമ്പോള്‍ ഉപഹാരമായി തരുന്ന മാരുതി കാറോര്‍മ്മിച്ച്‌ സര്‍ക്കാര്‍ മേല്‍വിലാസത്തില്‍ പ്രോജക്‌ട്‌ കോണ്‍ട്രാക്‌ടറെ സേവിക്കാന്‍ ചിലരൊക്കെ മത്സരിച്ചു. അവരുടെ തലയില്‍ വരച്ചത്‌ എന്റെ ആസനത്തിലൊന്നുപോറാന്‍പോലും ദൈവം തമ്പുരാന്‍ കനിവ്‌ കാണിച്ചില്ലല്ലോ എന്നോര്‍ത്ത്‌ സൂപ്രണ്ട്‌ സങ്കടപ്പെടും.
ഇരുപത്തിനാലു കൊല്ലം മുന്‍പ്‌ ഏഴു കോടി രൂപയുടെ എസ്റ്റിമേറ്റില്‍ തുടങ്ങിയ കാരപ്പുഴ പദ്ധതിയിപ്പോള്‍ നൂറ്റി ഇരുപത്തി ഏഴു കോടി ചെലവഴിച്ചിട്ടും കമ്മീഷന്‍ ചെയ്‌തിട്ടില്ല. ഇങ്ങനെയൊരു പദ്ധതി വയനാട്ടില്‍ തുടങ്ങിയതെന്തിനാണ്‌? കൃഷിക്ക്‌ ജലസേചനത്തിനാണെന്നാണ്‌ പറയുന്നത്‌. വയനാട്ടിലിനിയും അഞ്ചാറു പദ്ധതികള്‍ കൂടി വരുന്നുണ്ട്‌. ചുണ്ടേലിപ്പുഴ, നൂല്‍പ്പുഴ, കല്ലംപതി, ചേകാടി, കടമാന്‍തോട്‌............അതില്‍ ഏതെങ്കിലുമൊരു ഓഫീസില്‍ കയറിപ്പറ്റണമെന്നും പ്രോജക്‌ട്‌ ഓഫീസിലെ കസേരയിലിരുന്ന്‌ റിട്ടയറാകണമെന്ന സ്വപ്‌നവുമായിട്ടാണ്‌ വിദ്യാധരന്‍ സൂപ്രണ്ട്‌ കഴിയുന്നത്‌. ഇനിയൊരു പദ്ധതി വയനാട്ടിലനുവദിക്കില്ലെന്നു പറഞ്ഞ്‌ കര്‍ഷകര്‍ സംഘടിച്ചു. ഇന്‍വെസ്റ്റിഗേഷനുവന്ന എഞ്ചിനിയറുടെ തലയടിച്ചുപൊട്ടിച്ചു. സൂപ്രണ്ടിന്‌ പിന്നെയും നിരാശയായി. റിട്ടയര്‍മെന്റിന്‌ കുറച്ചുകാലമല്ലേയുള്ളൂ. ജനകീയാസൂത്രണമെന്നും പറഞ്ഞ്‌ വര്‍ക്കുകളൊക്കെ പഞ്ചായത്തുകള്‍ക്കു കൈവിട്ടു നല്‍കിയതുകൊണ്ടാണ്‌ മൈനര്‍ ഇറിഗേഷന്‍ ഓഫീസുകള്‍ നായ കയറിയ അവസ്ഥയിലായത്‌. ഇടതന്മാര്‍ ഭജരണത്തില്‍ നിന്നിറങ്ങിയപ്പോള്‍ മാരണം തീര്‍ന്നെന്ന്‌ ആശ്വസിച്ചതായിരുന്നു. ഖജനാവു നിറയ്‌ക്കാന്‍ ഏ.ഡീ.ബീ. ന്നൊക്കെ വായ്‌പ വാങ്ങുന്ന യു.ഡി.എഫുകാര്‌ ഞങ്ങളുടെ നഷ്‌ടപ്രതാപം വീണ്ടെടുത്തു തരുമെന്നും മൈനര്‍ ഇറിഗേഷന്‍ സൈറ്റുകള്‍ പറുദീസയായി മാറുമെന്നും ആശിച്ചു പോയതു വെറുതെയായി. ഞങ്ങളെ ഓരോരുത്തരെ പഞ്ചായത്തിലേക്ക്‌ തട്ടാനായി ഉത്തരവായിരിക്കുന്നു. പുനര്‍ വിന്യാസമെന്ന ഓമനപ്പേര്‌ ഞങ്ങള്‍ക്ക്‌ വെള്ളിടിയാണ്‌. എഞ്ചിനിയര്‍മാരും ഓവര്‍സിയര്‍മാരും ക്ലാര്‍ക്കുമാരും ഓരോരുത്തരായി പടിയിറങ്ങി തുടങ്ങി. പൊട്ടിക്കരച്ചിലും തേങ്ങലും. എല്ലാവരുടേയും ഹൃദയമുലഞ്ഞിരുന്നു. ധനജന്‌ ഒരു സങ്കടവുമുണ്ടായിരുന്നില്ല. ഉത്തരവ്‌ കൈപ്പറ്റാനും അവന്‍ കൂട്ടാക്കിയില്ല. ടെലിവിഷന്‍ ചാനലുകളുടെ ലോകത്ത്‌ സീരിയലുകളുമായി വര്‍ണകൂട്ടിലവന്‍ രമിച്ചു നടക്കുകയാണ്‌. അവസാനം ഓഫീസില്‍ ഞാനും കമലയും സൂപ്രണ്ടും മാത്രമായി. തങ്ങളുടെ നിയോഗം ഏതു ഗ്രാമപഞ്ചായത്തിലാണെന്നറിയിച്ചുകൊണ്ടുള്ള ഉത്തരവും കാത്തിരിക്കുകയാണ്‌.
പതിവില്ലാതെ വീട്ടിലേക്കെന്നും പറഞ്ഞ്‌ വെറും കയ്യോടെ പുറപ്പെട്ടിറങ്ങിയ സൂപ്രണ്ട്‌ ഇതുവരെ തിരികെ വന്നിട്ടില്ല. മാസം മൂന്നു കഴിഞ്ഞു. ഒന്നാം തിയ്യതി ശമ്പളമെഴുതണമെങ്കില്‍ സൂപ്രണ്ട്‌ വന്നിട്ടു വേണം. മൂകമായ ഓഫീസിനുള്ളില്‍ ഞാനും കമലയും മാത്രം. ടൈപ്പ്‌ റൈറ്ററില്‍ ശബ്‌ദം കേള്‍ക്കുന്നില്ല. കമലയുടെ കൈവിരലുകള്‍ മരവിച്ചു പോയിരിക്കുന്നു. കണ്ണുനീര്‍ ടൈപ്പ്‌ റൈറ്ററിനു പുറത്തുറ്റി വീണു.
പുനര്‍വ്യന്യസിക്കാന്‍ കഴിയാതെ അധികം വന്ന ജീവനക്കാരെ രണ്ട്‌ കൊല്ലം പകുതി ശമ്പളം കൊടുത്ത്‌ വീട്ടില്‍ നിര്‍ത്തുമെന്നും തുടര്‍ നടപടി പിന്നീട്‌ തീരുമാനിക്കുമെന്നുമുള്ള മന്ത്രി സഭാ തീരുമാനം പത്രത്തില്‍ വായിച്ചതുമുതല്‍ ശരീരമാകെ മരവിപ്പാണ്‌. അന്ന്‌ പന്ത്രണ്ട്‌ മണിയോടെയാണ്‌ ഓഫീസിലെത്തിയത്‌. എന്നെ കണ്ടതേ വിറയലോടെ കമല പറഞ്ഞു.
"കുട്ടന്‍പിള്ള തിരക്കി വന്നിരുന്നു. "
" ഏതു കുട്ടന്‍പിള്ള? "
" നാട്ടുകാരനാണെന്നാണ്‌ പറഞ്ഞത്‌ "
" അയാളിവിടേം കയറി വന്നോ ? "
" മൂന്ന്‌ ദിവസമായിട്ട്‌ കൃത്യം പത്ത്‌ മണിയാകുമ്പോള്‍ അയാളിവിടെ കയറി വരാറുണ്ട്‌. നിങ്ങളെത്തിയില്ലെന്നു പറയുമ്പോള്‍ വാച്ചിലേക്കൊരു നോട്ടാണ്‌. എന്നിട്ട്‌ ലീവാണോന്നൊരു ചോദ്യമാണ്‌. ലീവല്ല, വരുമെന്നു പറയുമ്പോള്‍ പിന്നേം വാച്ചിലേക്കു നോക്കും"
കമല പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ രണ്ടു ചെറിയ ബാറ്ററികള്‍ നീട്ടിയിട്ടു പറഞ്ഞു.
" ഇതയാള്‌ തന്നേല്‍പിച്ചതാണ്‌. ഇത്‌ ക്ലോക്കില്‍ മാറ്റിയാടാന്‍ പറഞ്ഞിട്ടാണ്‌ അയാള്‍ പടിയിറങ്ങിയത്‌ "
ചുമരിലേക്കു നോക്കി. ഇതിങ്ങനെ ചത്തു കിടക്കുന്നത്‌ ആരും ശ്രദ്ധിച്ചില്ലല്ലോ എന്ന്‌ അപ്പോഴാണോര്‍ത്തത്‌. ചുമരിലെ ആണിയില്‍ തൂക്കിനിര്‍ത്‌തിയ പൊടിപിടിച്ച ക്ലോക്കെടുത്തപ്പോള്‍ കൂടുകൂട്ടിയ പാറ്റകളും കൂറയും ഒരു പറ്റമുണ്ടായിരുന്നു. പൊട്ടിയൊലിച്ചു കിടക്കുന്ന പഴയ സെല്ലെടുത്തു കളഞ്ഞു. തുടച്ചു വൃത്തിയാക്കി പുതിയ ബാറ്ററിയിട്ടു. സൂചികള്‍ ശരിയാക്കി. ടിക്‌ ടിക്‌ ശബ്‌ദം കാതോര്‍ത്തു. കമലയും അരികെ വന്നു നില്‍പുണ്ട്‌. അനങ്ങുന്നില്ല.ചെവിയോടു ചേര്‍ത്തു പിടിച്ചു. ഇല്ല യന്ത്രമനങ്ങുന്നില്ല. ഇതാകെ തകരാറിലായിരിക്കുകയാണ്‌.

Monday, May 19, 2008

കൂടുമാറ്റം / നീമയുടെ പരിഭവങ്ങള്‍ koodumaattam / neemayude paribhavangal

അത്താഴം കഴിഞ്ഞെഴുന്നേറ്റപ്പോഴാണ്‌ പപ്പ വീടു വിറ്റു അഡ്വാന്‍സ്‌ വാങ്ങിയതു പറഞ്ഞത്‌. രാത്രി നീമക്കുറക്കം വന്നില്ല. പൂമുറ്റത്തെ അവള്‍ നട്ടു നനക്കുന്ന പൂന്തോട്ടത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ഡാലിയകളും, റോസും ഇലച്ചെടികളുമുണ്ടായിരുന്നു. വില്‍ക്കണ്ടായെന്നു പറയാന്‍ പറ്റില്ല. കടം വന്നു പപ്പക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നത്‌ അവള്‍ക്കറിയാം. കടക്കാര്‍ വന്നു സ്വൈര്യം കെടുത്താത്ത ദിവസമില്ലായിരുന്നു. പിച്ച വെച്ചു വളര്‍ന്നു പന്ത്രണ്ടുകൊല്ലക്കാലം ജീവിച്ച വീടും തൊടിയും വിട്ടു പോകുന്നതോര്‍ക്കാന്‍ വയ്യ. ചൂടുവിങ്ങല്‌ അമ്മയ്‌ക്കുമുണ്ട്‌. പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ. അടുക്കള തൊടിയില്‍ അമ്മ വളര്‍ത്തുന്ന ചീരത്തോട്ടവും കാന്താരിമുളകുചെടിയുമുണ്ട്‌. അടുത്ത ഓണത്തിന്‌ കായ പാകമാകാന്‍ കണക്കാക്കി നട്ട മത്തങ്ങ വള്ളിയും കുമ്പളവും പടര്‍ന്നു പിടിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പൂമുറ്റത്ത്‌ നിറയെ കായ്‌ക്കുന്ന ഒരു മുരിങ്ങ മരമുണ്ട്‌. തൊടിയില്‍ എളോര്‍മാവും നീമയുടെ പ്രായമുള്ള കായ്‌ഫലം നിറഞ്ഞ തെങ്ങുമുണ്ടായിരുന്നു. വേലിയരികിലുള്ള ചടച്ചിമരത്തിലാണ്‌ ചാണക്കിളി കൂടുവെയ്‌ക്കാറുള്ളത്‌. കിളി പുല്ലുകൊത്തി കൊണ്ടുപോയി കൂടുകൂട്ടുന്നതും മുട്ടയിട്ടു വിരിയിക്കുന്നതും കുഞ്ഞുങ്ങള്‍ പറക്കുമുറ്റുന്നതുവോരെ പോയി നോക്കാറുള്ളതുമൊക്കെ ഓര്‍മിച്ച്‌ നീമ ഉറങ്ങിയതറിഞ്ഞില്ല. ഉറക്കത്തില്‍ തൊടിയിലെ പക്ഷികളെയും അണ്ണാറക്കണ്ണനേയും സ്വപ്‌നം കണ്ടു. `ഞങ്ങളും കൂടെ വരുന്നുണ്ട്‌' പൂക്കളും പൂച്ചെടികളും പറഞ്ഞു. പുതിയ വീടിന്റെ ഉമ്മറത്ത്‌ ചെടികള്‍ നട്ടോളൂ. വാടാത്ത പൂക്കളായി ഞങ്ങളതില്‍ വിരിയാമെന്ന്‌ പൂമൊട്ടുകള്‍ പറഞ്ഞു.
ഒരു മാസത്തെ അവധി കഴിഞ്ഞാണ്‌ വീടൊഴിഞ്ഞുകൊടുക്കുന്നത്‌. വീട്ടു സാമാനങ്ങലുമായി പുതിയ താമസസ്ഥലത്തേക്കു പോകുമ്പോള്‍ പൂച്ചെടി നടാന്‍ മുറ്റമുണ്ടാവണേ എന്നായിരുന്നു നീമ പ്രാര്‍ത്ഥിച്ചത്‌. അടുക്കള തോട്ടമൊരുക്കാന്‍ അമ്മ വെണ്ടയുടേയും കയ്‌പക്കയുടേയും ചീരയുടേയും പയറിന്റെയും വിത്തുകള്‍ കരുതിയിട്ടുണ്ട്‌. റോഡരുകില്‍ നീണ്ടു കിടക്കുന്ന ഒരു കെട്ടിടത്തിനു മുമ്പില്‍ വണ്ടി നിന്നു. കുറെ ആളുകള്‍ താമസിക്കുന്ന കോളനിയുടെ ഒരറ്റമായിരുന്നു അത്‌. രണ്ടു റൂമും ഒരടുക്കളയും മാത്രമുള്ള വാടകവീടായിരുന്നു. വാതില്‍ തുറന്നിറങ്ങുന്നത്‌ റോഡിലേക്കാണ്‌. അടുക്കള വാതിലിനു പുറകില്‍ മതിലാണ്‌. അഴുക്കു ചാലിന്റെ ദുര്‍ഗന്ധവും നിറയെ കൊതുകും... കൊതുകുകളുടെ മൂളക്കമാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. ഇടയ്‌ക്കു റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കാതിലലയ്‌ക്കും. കോളനിയിലെ ആളുകളുടെ അട്ടഹാസങ്ങളും അലക്കുകാരുടെ ബഹളവും കേട്ട്‌ പുറത്തിറങ്ങാതെ നീമ ദിവസങ്ങള്‍ കഴിച്ചു. സ്‌കൂള്‍ തുറന്നു കിട്ടാനവള്‍ പ്രാര്‍ത്ഥിച്ചു. ക്ലാസ്സില്‍ പോയി തുടങ്ങുമ്പോള്‍ മടുപ്പു മാറും. സ്‌കൂള്‍ തുറന്നാല്‍ പുതിയ ക്ലാസ്സിലേക്കാണ്‌ ഇനി പോകേണ്ടത്‌. പരീക്ഷയില്‍ ജയിക്കുമെന്ന്‌ നീമക്കുറപ്പായിരുന്നു. കൂടെ വരാമെന്നു പറഞ്ഞ പൂക്കളും പക്ഷികളും ഇവിടം ഇഷ്‌ടപ്പെടാതെ തിരികെ പോയിട്ടുണ്ടാകും. നീമ ദുഃഖത്തോട പഴയ നോട്ടു പുസ്‌തകത്തില്‍ പരിഭവം കുത്തി നിറച്ചെഴുതി. മനസ്സിനുള്ളില്‍ പൂമൊട്ടു വരിയുന്നതും പക്ഷികള്‍ ചിറകിട്ടടിക്കുന്നതും അണ്ണാറക്കണ്ണന്‍ ചിലയ്‌ക്കുന്നതും നീമയറിഞ്ഞു. നീമയുടെ പരിഭവങ്ങള്‍ കവിതയായി.

Monday, May 12, 2008

പരിണയം parinayam

മഞ്ഞും വെയിലും കാറ്റും മഴയുംമേഘങ്ങളും മലയെ പ്രണയിച്ചു. മല പ്രണയിച്ചത്‌ നിലാവിനെയാണ്‌. പൗര്‍ണമി നിലാവില്‍ മല മണവാട്ടിയാകും.
പുലരും വരെ മലയും നിലാവും പരിണയിച്ചു.
മലയില്‍ പറ്റിനിന്ന വിയര്‍പ്പുകണങ്ങള്‍ കണ്ട്‌ അസൂയയോടെ വെയില്‍ കത്തിക്കാളി.
ആലസ്യത്തില്‍ മയങ്ങിക്കിടന്ന മല ശരീരം ചുട്ടുപൊള്ളുന്നതറിഞ്ഞില്ല.

Thursday, May 8, 2008

മോതിരം mothiram

കോളേജില്‍ കൂട്ടുകാരുമായി ഒത്തു ചേര്‍ന്ന്‌ മോതിരം മാറല്‍ ചടങ്ങ്‌ നടത്തണമെന്ന്‌ അവള്‍ക്കായിരുന്നു നിര്‍ബന്ധം. കോളേജ്‌ ബ്യൂട്ടിയെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഒട്ടേറെ സന്തോഷിച്ചു. സുഹൃത്തുക്കളുടെ അഭിനന്ദനങ്ങളില്‍ അസൂയയുണ്ടായിരുന്നു. പിന്നീട്‌ ജോലി ലഭിച്ചതിനുശേഷം വിവാഹത്തിന്‌ നിര്‍ബന്ധിച്ചപ്പോഴൊക്കെ അവള്‍ ഒഴിഞ്ഞുമാറി. അവള്‍ റിസര്‍ച്ചു ചെയ്‌തുകൊണ്ടിരിക്കെയാണ്‌ കാണണമെന്നാഗ്രഹം പറഞ്ഞ്‌ കത്തു കിട്ടിയത്‌. ഗുമസ്‌ത പണിയില്‍ നിന്നും ഒരു ദിവസത്തെ അവധി വാങ്ങി യൂണിവേഴ്‌സിറ്റി കാമ്പസിലെത്തി. ഹോസ്റ്റലിന്റെ അതിഥി മുറിയില്‍ കാത്തിരുന്ന എന്നെയും കൂട്ടി അവള്‍ പുറത്തേക്കിറങ്ങി. റോഡരികെ പൂത്തുനിന്ന വാകമരത്തണലില്‍ ഞങ്ങള്‍ നിശബ്‌ദരായി നിന്നു... അപ്പോളവള്‍ മോതിരം ഊരിയെടുത്ത്‌ കൈയില്‍ വെച്ച്‌ ഒന്നും മിണ്ടാതെ തിരികെ നടന്നു. വിരലുകളില്‍ അവള്‍ വേറെയും മോതിരങ്ങളണിഞ്ഞിരുന്നു.

Tuesday, May 6, 2008

ശാന്തി shanthi

ദൂരെ, ആകാശത്തേക്കു തലയുയര്‍ത്തി നില്‍ക്കുന്ന മല കണികണ്ടാണ്‌ അയാളുണര്‍ന്നിരുന്നത്‌. സമയം കിട്ടുമ്പോഴൊക്കെ അയാള്‍ കടല്‍തീരത്ത്‌ ഒറ്റക്കിരിക്കും. സമുദ്രത്തിന്റെ ആഴപ്പരപ്പ്‌ അയാള്‍ മനസ്സുകൊണ്ടറിഞ്ഞു. കവിത വായിച്ച്‌ ഉള്‍കണ്ണുണ്ടായി.പിഴക്കാത്ത അറിവ്‌ അയാളെ അധികാരമുള്ള ഉദ്യോഗത്തിലെത്തിച്ചു. വിനയമുള്ള അയാളെ സ്‌നേഹിച്ച ഗ്രാമവാസികള്‍ ഗംഭീര സ്വീകരണവും തലസ്ഥാന നഗരത്തിലേക്ക്‌ യാത്രയയപ്പും നല്‍കി.സുഹൃത്തുക്കളും പരിചയക്കാരും ശുപാര്‍ശക്കായി വീര്‍പ്പുമുട്ടിച്ചപ്പോഴും ഔദ്യോഗിക ജീവിതത്തില്‍ അയാള്‍ അവിഹിതമായതൊന്നും ചെയ്‌തില്ല. കാലം ചെല്ലുന്തോറും അയാള്‍ ഒറ്റയ്‌ക്കായി. വിവാഹിതനാകാനും മറന്നു പോയിരുന്നു.റിട്ടയര്‍ ചെയ്‌ത്‌, നഗരവികസനത്തിന്‌ വഴിമാറിയ പഴയ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അയാള്‍ തീര്‍ത്തും ഏകനായി. പരിചിത മുഖങ്ങളും ബന്ധുക്കളുമെല്ലാം മുഖം തിരിച്ചു.ഒടുക്കം നാം നമ്മിലേക്കു തന്നെ മടങ്ങുന്നു എന്ന കവിവാക്യം ഓര്‍മ്മിച്ച്‌ ചക്രവാളത്തിലെ അസ്‌തമയസൂര്യന്റെ ഛായാപടം കണ്ട്‌ ജനാലയ്‌ക്കരികിലെ ചാരുകസേരയില്‍ അയാള്‍ നീണ്ടു നിവര്‍ന്നു കിടന്നു.നേരുതെറ്റാത്ത ജീവിതമായതിനാല്‍ അവസാനശ്വാസം വരെ അയാള്‍ക്കു ശാന്തി ലഭിച്ചു.

Sunday, March 30, 2008

'എന്തരു ഐക്യം' entheru aikyam

സ്വദേശിയും വിദേശിയുമായ കുത്തക കമ്പനിക്കാരുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരുന്ന ഇടങ്ങളിലൊക്കെ വ്യാപാരി വ്യവസായി ഏകോപന സമിതിക്കാരുടെയും, വ്യാപാരി വ്യവസായി സമിതിക്കാരുടെയും സമരപന്തലാണ്. നാട്ടിലെ ബഡാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും, ഒരു കൊടിയും ഒരു നേതാവും ഉള്ള ഈര്‍ക്കിലി പാര്‍ട്ടികളുടെയും എല്ലാം കൊടികള്‍ പന്തലില്‍ കൂട്ടികെട്ടിയിട്ടുണ്ട്. പതിനെട്ടു കൊല്ലക്കാലമായി പുതിയ സാമ്പത്തിക പരിഷ്കാരം ഭാരതത്തില്‍ തുടങ്ങിയിട്ട്. 1991 നു ശേഷം കര്‍ഷക സമരം, സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ..ഓരോന്നായി വന്നപ്പോള്‍ പരിഹസിച്ചവര്‍... സമരക്കാരെ ശകുനം മുടക്കികളായിട്ടാണ് ഇവര്‍ കണ്ടത്. പിരിവിനു ചെന്നാല്‍ സംഭാവന സംഘടനയിലൂടെ എന്ന് പറഞ്ഞു ഓടിച്ച്ച്ചവര്‍.. ഇന്ന് കരുത്തുള്ളവര്‍ക്കു നില നില്കാം . അഭിവൃദ്ധി പിടിച്ചു നില്‍ക്കാന്‍ കെല്പുള്ളവര്‍ക്ക് മാത്രം ..വിദേശ ഭീമന്മാരുടെ മുന്‍പില്‍ സ്വദേശ കുത്തകര്‍ക്കുവരെ അടി പതറുന്നു . അവര്‍ വിദേശ ഭീമന്മാരുമായി കൊളാബ്രേറ്റു ചെയ്യുന്നു. മാറിയ കാലത്ത് ഇപ്പൊ സ്വദേശിയും ഇല്ല. വിദേശിയും ഇല്ല. ഒലിച്ചു പോകുന്നത് ..മാഞ്ഞു ഇല്ലാതാകുന്നത് പട്ടിണി പാവങ്ങള്‍ മാത്രമല്ല എന്ന് വ്യാപാരി സമൂഹം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി .

Thursday, March 27, 2008

മുഖശ്രീ മാറുമ്പോള്‍ mughasree maarumpol

1906 നവംബര്‍ 19 ന്‌ ജനിക്കുകയും 101 വര്‍ഷമായി ഭാരത ജനതയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കനറാബാങ്കിന്റെ ലോഗോക്ക്‌ 2007 ഡിസംബര്‍ 29 മുതല്‍ രൂപ മാറ്റം വന്നു.
ലോഗോ മാറ്റിയത്‌ പൊതുജനങ്ങള്‍ക്കു വേണ്ടിയാണെന്നാണു പറയുന്നത്‌. നൂറ്റിയൊന്നു വര്‍ഷം ഐശ്വര്യത്തില്‍ നിന്ന്‌ ഐശ്വര്യത്തിലേക്ക്‌ , സമൃദ്ധിയില്‍ നിന്ന്‌ സമൃദ്ധിയിലേക്ക്‌ മുന്നേറിയ കനറാബാങ്ക്‌ ലോഗോ മാറ്റാനും രാജ്യത്താകമാനമുള്ള ഏരിയാ ഓഫീസുകളിലൂടെയും ശാഖകളുടെയും എ.ടി.എം കൗണ്ടറുകളുടേയും മുമ്പില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കാനും, പത്രപരസ്യങ്ങള്‍ നല്‍കാനും വഴിയോരങ്ങളില്‍ കൂറ്റണ്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വേണ്ടി ആയിരം കോടിയോളം രൂപയാണ്‌ ചിലവഴിച്ചത്‌...
കനറാ ബാങ്കിന്റെ ലോഗോ മാറ്റാന്‍ ആയിരം കോടിയും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രണ്ടായിരം കോടിയുമാണ്‌  ചെലവാക്കിയത്‌. വലിയൊരു കാര്യത്തിന്‌ ചെലവാക്കാവുന്ന ചില്ലറക്കാശ്‌ തന്നെ. സംഗതി വേണ്ട വിധം നടക്കണമെങ്കില്‍ അത്‌ വിശ്വസ്‌തരായ ആളുകളെ ഏല്‌പ്പിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. പരസ്യ കരാര്‍ ഏല്‌പിച്ചത്‌ കേന്ദ്രധനകാര്യ മന്ത്രിയുടെ പുത്രന്റെ ഉടമസ്ഥതയിലുള്ള പരസ്യ കമ്പനിക്കായിരുന്നു.
പരസ്യ സൂക്തവും ബഹു കേമം തന്നെ.
ഒറ്റനോട്ടത്തില്‍ ഒരു കീ ചെയിന്‍ പോലെ തോന്നുന്നു. സാധാരണ ജന വിഭാഗങ്ങള്‍ക്കുള്ള സേവന താഴിട്ടുപൂട്ടി, പണക്കാര്‍ക്കു മാത്രം സ്വാഗതമോതുന്നതിന്റെ പ്രതീക ചിഹ്നമാണോ പുതിയ ലോഗോ എന്നു സംശയിച്ചു പോകുകയാണ്‌.........
എസ്‌.ബി.ഐ, എസ്‌.ബി.ടി കനറാബാങ്ക്‌ തുടങ്ങിയ ദേശസാല്‍കൃത ബാങ്കുകളിലെ ഇടപാടുകാരില്‍ ഭൂരിഭാഗവും 45 വയസിനു മുകളിലുള്ളവരാണെന്നാണ്  കണ്ടു പിടുത്തം......യുവ നിരയുടെ ഇടപാട്‌ , ഐ.സി.ഐ.സി.ഐ , എച്ച്‌.ഡി.എഫ്‌.സി, ഐ.ഡി.ബി.ഐ, ഫെഡറല്‍ബാങ്ക്‌ തുടങ്ങിയ കുളൂസ്‌ ബാങ്കുകളിലാണ്‌................
യുവത്വത്തെയും വിദേശികളെയും വാരിപ്പുണരാനാണ് ഈ പുതുവസ്‌ത്രമണിയൽ എന്നു സംശയിച്ചു പോകും .പരമ്പര്യത്തെ പിഴുതെറിഞ്ഞ്‌ പുതുലോക്രമത്തിനനുസരിച്ച്‌ ചുവടു വെച്ചു നോക്കുന്ന കനറാബാങ്ക്‌ നമ്മുടെ മണ്ണില്‍ മുളപൊട്ടി, വേരുപിടിച്ച്‌ പടര്‍ന്നു പന്തലിച്ചത്‌ ഇന്ത്യക്കാരുടെ സഹകരണവും പിന്തുണയും കൊണ്ടാണ്‌.
വിദേശ ബാങ്കുകള്‍ അനേകം  ഇന്ത്യയില്‍ കാലുകുത്തുമ്പോൾ പിടിച്ചു നില്‍ക്കാന്‍ സ്വദേശികളും അടിമുടി മാറുകയാണ്‌....
ഒരെളിയ സംശയം?ഇന്ത്യയിലെ ഇടപാടുകാരും മാറിമറിയുമോ?
മാറിമറിയുകയല്ല. സാധാരണക്കാരായ കര്‍ഷക, കര്‍ഷകതൊഴിലാളി പീറ ഇടപാടുകാരെ തുടച്ചു നീക്കും.. ബാങ്കുകളുടെ നാലയലത്ത്‌ അടുപ്പിക്കില്ല. അവര്‍ക്ക്‌ വേണമെങ്കില്‍ നാട്ടിലെ വട്ടിപ്പലിശക്കാരുടെ മുമ്പിൽ താണുവണങ്ങി കൈ നീട്ടാം......
സ്വദേശിയും വിദേശിയുമായ കുളൂസ്‌ ബാങ്കുകള്‍ക്ക്‌ വേണ്ടത്‌ കുംഭേര ഇടപാടുകാരെ മാത്രം........ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മജിയെ ഇറക്കി വിടുമോ ? അര്‍ദ്ധ നഗ്നനായ രാഷ്‌ട്ര പിതാവിനെ കോട്ടും സൂട്ടുമണിയിച്ച്‌ മോഡേണാക്കുന്നതും കാണേണ്ടി വരുമോ?

Tuesday, March 25, 2008

വേശ്യ

കല്യാണി പഴുത്ത മധുരനെല്ലിക്കപോലെകാണാനഴകുള്ള പെണ്ണാണ്‌. തെളിവെള്ളത്തില്‍ തത്തിക്കളിക്കുന്ന പരല്‍മീന്‍പോലെയുള്ള അവളുടെ കണ്ണുകള്‍പലരെയും കൊത്തിവലിച്ചു. കാപ്പിത്തോട്ടത്തിലും മലഞ്ചെരിവിലും അവള്‍ മലച്ചുകിടന്നു.
കല്യാണിയെക്കുറിച്ചുള്ള പുലയാട്ട്‌‌ ഗ്രാമത്തില്‍ കത്തിപടര്‍ന്നു. പഠനം തുടരാതെ സ്‌കൂളില്‍ നിന്നും കൊഴിഞ്ഞ്‌ ഇപ്പോള്‍ കരിങ്കല്‍ ക്വാറിയില്‍ കല്ലുടക്കാന്‍ പോകുന്ന കല്യാണി എന്റെ കളികൂട്ടുകാരിയായിരുന്നു.
കുഞ്ഞുനാളില്‍ മേലാസകലം ചപ്പോട്ട പൊന്തിയപ്പോള്‍ തൊടിയിലെ ആര്യവേപ്പുമരത്തില്‍ കയറി ഇല പറിച്ചെടുത്തു കൊണ്ടു വന്നതും, മഞ്ഞളുംകൂട്ടി കല്ലിലിട്ട്‌ അരച്ചു തന്നതും അവളാണ്‌. അരച്ചെടുത്ത മരുന്ന്‌ ദേഹത്തു പുരട്ടിയതിന്റെ രണ്ടാം പക്കം പൊള്ളന്‍ ചുങ്ങിതുടങ്ങി. ഒരു വേപ്പുമരമുണ്ടെങ്കില്‍ ചുറ്റുവട്ടത്തെ വായുശുദ്ധമാകും. ഭക്ഷണം വേവിക്കുമ്പോള്‍ ഒരു നുള്ളു മഞ്ഞള്‍പൊടിയിട്ടാല്‍ വിഷാംശം നീങ്ങിപോകും. പ്രാന്തു പിടിച്ചുചെല്ലുന്നവരുടെ അഴുക്കെല്ലാം ഏറ്റു വാങ്ങുന്ന കല്യാണിയെ വെറുക്കാന്‍ തോന്നിയില്ല.
വേശ്യ ഒരു സത്രമാണ്‌. വഴിയമ്പലമാണ്‌. തളര്‍ന്നുറങ്ങുമ്പോഴാണ്‌ അവളില്‍ അര്‍ച്ചന നടത്തേണ്ടത്‌.

Sunday, March 2, 2008

പ്രലോഭനം

കുടുംബ മാസികയുടെ പുതിയ ലക്കത്തില്‍ അടിവസ്‌ത്രങ്ങളെക്കുറിച്ചുള്ള ഫോട്ടോഫീച്ചര്‍ കണ്ടപ്പോള്‍ അയാള്‍ക്ക്‌ ഓക്കാനം വന്നു. അതി പരിചയത്തിന്റെ മടുപ്പകറ്റി ദാമ്പത്യത്തിന്റെ സൗരഭ്യമെന്നും നിലനിര്‍ത്താമെന്നു പറഞ്ഞാണ്‌ ഫീച്ചര്‍ ആരംഭിക്കുന്നത്‌. അന്നു രാത്രി ഭാര്യയുമായി ശയിക്കാനൊരുങ്ങുമ്പോള്‍ അനുഭവപ്പെട്ട പുതുമണം അടിവസ്‌ത്രങ്ങളുടേതായിരുന്നു. പുതിയ ബ്രേസിയറിന്റെയും പാന്റീസിന്റെയും ഇലാസ്‌തിക്‌ അലോസരപ്പെടുത്തിയപ്പോല്‍ അയാളവളില്‍ നിന്നും വേര്‍പെട്ട്‌ തുള്ളല്‍പനി പിടിച്ചതുപോലെ ചുരുണ്ടു കിടന്നു. ഭാര്യ അയാള്‍ക്കരികെ കനല്‍കെടാതെയും....
പിറ്റേന്ന്‌, ബീച്ചില്‍ കാമുകിയെ ചേര്‍ത്തു പിടിച്ചു നടക്കുമ്പോള്‍ അവളുടെ മാറിടത്തിന്റെ മൃദുത്വം അയാളുടെ തോളിലമര്‍ന്നു. അടിവസ്‌ത്രം ഉപേക്ഷിച്ച ഇവള്‍ കാലം ആവശ്യപ്പെടുന്ന മാറ്റം എത്രപെട്ടെന്നാണ്‌ മനസ്സിലാക്കുന്നത്‌.
വില്‍പ്പന കുറയുന്ന കമ്പനികളുടെ പ്രലോഭനങ്ങളില്‍ മുങ്ങി ലേഖകന്മാര്‍ തയ്യാറാക്കുന്ന ഫോട്ടോഫീച്ചര്‍ വായിച്ചും, ടി. വി. യിലെ പരസ്യം കണ്ടു ഭ്രമിച്ചും പാവം വീട്ടമ്മമാര്‍ ഭര്‍ത്താവിനെ വശീകരിക്കാന്‍ പുതിയ അടിവസ്‌ത്രങ്ങള്‍ വാങ്ങിയണിയും...അടിവസ്‌ത്രങ്ങള്‍ പഴഞ്ചന്‍ ആശയമാണെന്ന്‌ ഭാര്യയോടു പറയണം. അവള്‍ക്കു തിരിയുമോ എന്തോ?

Sunday, February 3, 2008

മഞ്ഞ പേസ്റ്റ്‌

പ്രീഡിഗ്രി പഠനകാലത്ത്‌ ഒരു പെരുന്നാളവധിക്ക്‌ അമ്മായിമാരുടെ മക്കളും എന്റെ കളിക്കൂട്ടുകാരുമായ മുജീബും ഷമീറുമൊത്ത്‌ പരിചയമില്ലാത്ത നാട്ടിലൂടെ കേട്ടറിവുവെച്ച്‌ ഒരു ടൂര്‍...
തൃശൂര്‌ ചെന്നിറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞ്‌ മൂന്നുമണി നേരം. ഒരു ഹോട്ടലില്‍ നിന്നും ചോറും ബീറ്റ്‌റൂട്ട്‌ തോരനുമാണ്‌ ആകെ കിട്ടിയത്‌...വിളന്നു പൊരി‌ഞ്ഞതിനാല്‍ തൂവെള്ള ചോറില്‍ വയലറ്റ്‌ തോരന്‍ കുഴച്ചും വയര്‍ നിറച്ചുണ്ടു.
തൃശൂരില്‍നിന്നും പീച്ചിയിലേക്ക്‌-പിറ്റേന്ന്‌ മലമ്പുഴയ്‌ക്ക്‌. മലമ്പുഴ നിന്നും പാലക്കാടുവഴി മേട്ടുപ്പാളയം ചുരം കയറി ഊട്ടിയിലെത്തി. ബോട്ടാണിക്കല്‍ ഗാര്‍ഡനും തടാകവും ചുറ്റിക്കറങ്ങി. രാത്രി ഊട്ടിയുടെ കൊടും തണുപ്പില്‍ വിറച്ച്‌ ബസ്റ്റാന്റില്‍ കഴിച്ചുകൂട്ടി. തെരുവില്‍ തീകൂട്ടിയതിനരികെ നിന്ന്‌ തണുപ്പകറ്റി. സുല്‍ത്താന്‍ ബത്തേരി വഴി കണ്ണൂര്‍ക്കുള്ള ബസ്സ്‌ പുലര്‍ച്ചെ നാലുമണിക്കാണ്‌.

കൗമാരപ്രായത്തിലുള്ള ഞങ്ങള്‍ മുന്നു പയ്യന്‍മാരെ 'നോട്ടമിട്ട്‌ ' 'വട്ടമിട്ട്‌ ' കൊച്ചിന്‍ ഹനീഫയുടെ പ്രകൃതമുള്ള മദ്ധ്യവയസ്‌ക്കനായ മലപ്പുറം ഹാജിയാരുടെ ഭാവമുള്ള ഒരാള്‍ വന്ന്‌ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു.
"മക്കളേ ഹോട്ടലിലേക്കു വരുന്നോ..റൂമുണ്ട്‌..കമ്പിളിയുണ്ട്‌...കൂടെ കിടക്കാം...ജീപ്പില്‍ പോകാം നമുക്ക്‌. രാവിലത്തെ വണ്ടിക്ക്‌ സമയമാവുമ്പോ ഇവിടെ കൊണ്ടിറക്കാം."
ഊട്ടിയിലെ തെരുവിലെ കനത്ത തണുപ്പില്‍ നിന്നും കമ്പിളിക്കുള്ളിലേക്കുള്ള ക്ഷണം പ്രലോഭനമായതാണ്‌...പക്ഷേ ഷമീര്‍ വിലങ്ങു തടിയായി നിന്നു. തണുത്തു വിറങ്ങലിച്ചുള്ള
നില്‍പ്പിലും ചൂടുള്ള വാഗ്‌ദാനങ്ങള്‍ അവന്‍ പുറംകൈകൊണ്ടു തട്ടിക്കളഞ്ഞു.
"കുണ്ടന്‍ പണിക്കാണോ അയാള്‍ വിളിച്ചത്‌ ..." യാത്രാനുഭവം കേട്ട സുഹൃത്തുക്കള്‍ കളിയാക്കി. "പോയാല്‍ ബ്ലേഡുകൊണ്ട്‌ നിങ്ങളുടെ മൂലമയാള്‍ ചീന്തുമായിരുന്നു.."
"ഹൊ" ഓര്‍ക്കാന്‍ വയ്യ.
നാലുമണിക്ക്‌ കണ്ണൂര്‍ ബസ്സില്‍ കയറി തണുപ്പില്‍ കൂനിപ്പിടിച്ചിര ന്നു. യാത്രയില്‍ ഷമീറിന്‌ വയറു വേദന തുടങ്ങി. ഗൂഡല്ലൂര്‍ ബസ്റ്റാന്റാന്റിലെത്തിയപ്പോള്‍ നേരം പുലര്‍ന്നിരുന്നു. ഷമീര്‍ ധൃതിവെച്ച്‌ ടോയ്‌ലെറ്റിനടുത്തേക്കോടി. കക്കൂസുകള്‍ക്കു മുമ്പില്‍ ക്യൂവാണ്‌. വാതില്‍ തുറന്ന്‌ ഒരാള്‍ പുറത്തിറങ്ങുന്നതുകണ്ട്‌ അവന്‍ മറ്റുള്ളവരോട്‌ ദയനീയമായി കെഞ്ചി.
"അര്‍ജന്റാണ്‌. ഞാന്‍ കയറട്ടേ"
ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും ഒറ്റ മറുപടിയായിരുന്നു. "ഞങ്ങള്‍ക്കും അര്‍ജന്റാണ്‌."
മുറുക്കം അയഞ്ഞ്‌ ആശ്വാസം കിട്ടാന്‍ ഇനി എത്രനേരം ഇറുക്കി പിടിച്ചോണ്ടു ല്‍ക്കണം. അധികനേരം കഴിഞ്ഞില്ല. ഇറുക്കമയഞ്ഞ്‌ 'മഞ്ഞ പേസ്റ്റ്‌ ' കാലിലൂടെ പാന്റു നനച്ച്‌ ഒലിച്ചിറങ്ങാന്‍ തുടങ്ങി...

Wednesday, January 30, 2008

മ ഞ്ചാ ടി മ ണി ക ള്‍

മഞ്ചാടി മണികള്‍ പെറുക്കിക്കൂട്ടാന്‍ ഒരു ബാല്യംവേണം. അല്ലെങ്കിലൊരു കൂട്ടികാരിയുണ്ടാവണം. അവളടുത്തു വേണമെന്നില്ല. അവളെ മനസ്സില്‍ കണ്ട്‌ മഞ്ചാടികുരുകള്‍ പെറുക്കി വെയ്‌ക്കാം.
പിന്നെ കുറെ ദിവസങ്ങള്‍ കൂടി അവളെ കാണുമ്പോള്‍ മഞ്ചാടി മണികളുടെ ചെപ്പ്‌ അവള്‍ക്കു സമ്മാനിക്കാം. അവള്‍ യുവത്വത്തിലേക്കു കാലൂന്നുകയാണ്‌. മഞ്ചാടിമണികള്‍ കൈയിലെടുത്ത്‌ മന്ദഹസിക്കുമ്പോള്‍ മൂക്കുത്തി മെല്ലെ ഇളകുമ്പോള്‍... മൂക്കുത്തിയില്‍ പതിച്ച കല്ലിനും മഞ്ചാടിമണിയുടെ ചുകന്ന നിറമാണ്‌. ആ മൂക്കുത്തിയില്‍ ഞാന്‍.... അവളൊരിക്കലേ സമ്മതിച്ചുള്ളൂ. വയലിറമ്പിലെ തോടിന്റെ കരയില്‍ പാറകളുടെ മറവില്‍വെച്ച്‌......
ദൂരെ അമ്പുകുത്തി മലകാണാം. നഗ്നയായ യുവതി ഒരു കാലുയര്‍ത്തിവെച്ചു കിടക്കുന്നതുപോലെ.. മേഘങ്ങള്‍ മലനിരകളെ തൊട്ടു പോകുന്നുണ്ട്‌. ചുകന്ന മേഘങ്ങള്‍... സായാഹ്നമാണ്‌, നേരം വൈകിയതറിഞ്ഞ്‌ അവള്‍ ഓടിപ്പോയി. മഞ്ചാടിമണികള്‍ കൈയില്‍ നിന്നു താഴെ വീണു ‍ചിതറി. ചുകന്ന മഞ്ചാടികള്‍...തോട്ടിലെ തെളിവെള്ളത്തിനടിയില്‍ വെള്ളാരം കല്ലുകള്‍ കണ്ടു, അവളുടെ അരിപ്പല്ലുകള്‍ പോലെ....
മാര്‍ച്ച്‌മാസം. കോളേജടക്കുന്ന ദിവസം, വിഘ്‌നേശ്വരനെ തൊഴുത്‌ ക്ഷേത്രത്തിന്റെ വടക്കേ മതിലനിനടുത്തുവെച്ച്‌ ഞാനവളുടെ ഉള്ളം കൈയില്‍ നാലു മഞ്ചാടിക്കുരുകള്‍ വെച്ചു. കൂടിക്കാഴ്‌ചയക്ക്‌ അവസരങ്ങളില്ലാതാകുന്നതറിഞ്ഞ്‌ 'പിരിയാം' എന്നൊരു വെറുംവാക്കു പറഞ്ഞുപോയി. അതുകേട്ട്‌ വേദനയോടെയവള്‍ മന്ദഹസിച്ചു. അകല്‍ച്ചയുടെ വേദനയറിഞ്ഞുതുടങ്ങിയപ്പോള്‍ വാക്ക്‌ അറം പറ്റിയെന്നു തോന്നി. ആക്ഷേത്ര സന്നിധിയില്‍ വെച്ചുതന്നെ പ്രാര്‍ത്ഥിക്കണം. ഞങ്ങളെ പിരിക്കല്ലേ എന്ന്‌. ഞാനവള്‍ക്കു സമ്മാനിക്കാന്‍ മഞ്ചാടിമണികള്‍ ശേഖരിച്ചുകൊണ്ടേയിരുന്നു, ദിവസം ഒന്നുവീതം...അനന്തപുരിയിലെത്തിയിട്ട്‌ തൊണ്ണൂറ്റി ഒന്‍പതു ദിവസമായിരുന്നു. തൊണ്ണൂറ്റി ഒന്‍പതു മഞ്ചാടിമണികളും. നാളെയതു നൂറാകും. ഇനി നാട്ടില്‍ പോകുമ്പോള്‍ മഞ്ചാടിമണികളുടെ ചെപ്പവള്‍ക്കു നല്‍കണം. ഇവിടുത്തെ വീടിന്റെ കോംപൗണ്ടില്‍ നിറയെ മഞ്ചാടി മരങ്ങളുളളതവളോടു പറയണം. ടാറിട്ട നിരത്തില്‍ ചുകന്ന മഞ്ചാടി മണികള്‍ വീണു കിടക്കുന്നതു കാണാന്‍ വരുന്നോ എന്നു ചോദിക്കണം. വെറുതേ വെറുതേ ഒരാഗ്രഹം.

Monday, January 28, 2008

അരുവി

വയലിലൂടെ ഒഴുകുന്ന അരുവി കടന്നാണ്‌ അവള്‍ കോളേജിലേക്ക്‌ പോയിരുന്നത്‌. തെളിനീരിലിറങ്ങി പാദസരമണിഞ്ഞ കാല്‍ നനച്ച്‌ മറുകരപറ്റുന്ന പെണ്‍കുട്ടി അരുവിക്ക്‌ ഉള്‍പുളകമായിരുന്നു.
ദൂരെ തലയുയര്‍ത്തിനിന്ന മലയുടെ താഴ്‌വരയില്‍ നിന്നാണ്‌ അരുവി ഉറവയെടുത്തിരുന്നത്‌.
പെണ്‍കുട്ടി ദൂരെ നിന്നു വരുമ്പോള്‍ തന്നെ മല അവളെ കാണാറുണ്ട്‌. അപ്പോള്‍ ഉറവില്‍ പൊടിയുന്ന നീര്‍തുള്ളികളോട്‌ മല പെണ്‍കുട്ടി വരുന്നതു പറയും.
ആര്‍ത്തലക്കുന്ന മഴയും മലവെള്ളപ്പാച്ചിലുമില്ലാതിരുന്നിട്ടും ഒരു ദിവസം അരുവി കലങ്ങി മറിഞ്ഞൊഴുകി. പെണ്‍കുട്ടി വയലിലൂടെയുള്ള വരവുമാറ്റിയിരുന്നു. അവളുടെ വീടിനടുത്തുള്ള വളവില്‍ എന്നും രാവിലെ ഒരു മാരുതി വാന്‍ വന്നു നില്‍ക്കുന്നതും, പെണ്‍കുട്ടി അതില്‍ കയറി പോകുന്നതും, വൈകുന്നേരം മോട്ടാര്‍ബൈക്കിലോ കാറിലോ തിരികെ വന്നിറങ്ങുന്നതും ദൂരക്കാഴ്‌ചയില്‍ മല കാണുന്നുണ്ടായിരുന്നു. അവളുടെ ജീവിതം ഒരു ഐസ്‌ക്രീം കപ്പില്‍ കുരുങ്ങി വീഡിയോ ക്യാമറക്കു മുമ്പില്‍ ഉലഞ്ഞു പോയത്‌ നേര്‍കാഴ്‌ചയില്‍ മലയറിഞ്ഞു. ഇതൊന്നും മല അരുവിയോടു പറഞ്ഞില്ല. എന്നിട്ടും അരുവി കലങ്ങി മറിഞ്ഞൊഴുകി. അരുവിക്ക്‌ പെണ്‍കുട്ടിയുടെ മനസ്സായിരുന്നു.

Monday, January 21, 2008

അവളുറങ്ങുമ്പോള്‍

പുറം ചെത്തിയ ഒളോര്‍മാങ്ങയുടെ നിറമായിരുന്നു അവള്‍ക്ക്‌..
ഒളോര്‍ മാമ്പഴത്തിന്റെ രുചി അയാള്‍ക്കേറ്റവും ഇഷ്‌ടമുള്ളതായിരുന്നു. അവളൊന്നിച്ചുള്ള ജീവിതത്തിലും ആ രുചിയുണ്ടാവുമെന്നയാള്‍ കരുതി. ആദ്യരാത്രിയില്‍ ഒളോര്‍ മാമ്പഴം കഴിച്ചിട്ടുണ്ടോയെന്ന്‌ അവളോടു ചോദിച്ചു. അവളതിന്‌ തത്തച്ചുണ്ടനെന്നാണ്‌ പറയുന്നത്‌. അവരുടെ തൊടിയിലുള്ള തത്തച്ചുണ്ടന്‍ മാമ്പഴം കൊത്തിപറിക്കാന്‍ കിളികള്‍ വരാറുണ്ടത്രേ... കിളികള്‍ക്കു കൊടുക്കാതെ മൂപ്പായവ പറിച്ചെടുത്ത്‌ കൊന്നച്ചപ്പില്‍ പൊതിഞ്ഞ്‌ പഴുപ്പിക്കുന്നതിനെക്കുറിച്ച്‌ അവള്‍ പറഞ്ഞു. കൊന്നയിലക്കുള്ളിലിരുന്ന്‌ പഴമായ മാമ്പഴത്തിന്‌ മഞ്ഞ നിറം കൂടുതലായിരിക്കും. ചിലനേരം അവള്‍ക്കും കൊന്നപ്പൂവിന്റെ നിറമാണെന്നയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്‌.

രാത്രിയില്‍ അയാളുടെ കരവലയത്തില്‍ ആലസ്യത്തോടെ അവളുറങ്ങുമ്പോള്‍ ഏതോ ഓര്‍മ്മയില്‍ ഒരന്യപുരുഷന്റെ പേരവള്‍ പുലമ്പാറുണ്ടായിരുന്നു. അതാരാണെന്നയാള്‍ ചോദിച്ചില്ല.തൊടിയില്‍ മാമ്പഴം കൊത്തിതിന്നാന്‍ വരുന്ന പറവകളെക്കുറിച്ചവള്‍ പറഞ്ഞിരുന്നുവല്ലോ.....
കിളികള്‍ മാമ്പഴം കൊത്തിപറിക്കുമ്പോള്‍ മാംസം പറിഞ്ഞു പോകുന്നു. ഒലിച്ചിറങ്ങുന്ന മാമ്പഴചാറ്‌ തന്റെ മുറിവേറ്റ ഹൃദയത്തില്‍ നിന്നാണ്‌.....
ഉച്ചമയക്കത്തില്‍ അയാള്‍കണ്ട സ്വപ്‌നമായിരുന്നു അത്‌.
ഒളോര്‍മാങ്ങ പാകമാകുന്നതിനും പുളിപിടിക്കുന്നതിനും മുമ്പുള്ള കുരുന്നു പ്രായത്തില്‍ ഭയങ്കര ചവര്‍പ്പാണ്‌.ചവച്ചിറക്കാനാവാതെ ജീവിതം അയാള്‍ക്ക്‌ കയ്‌ച്ചു തുടങ്ങി.

Thursday, January 17, 2008

പ്രണയം

കുതിരകുളമ്പടി കാതോര്‍ത്ത്‌ രാജകുമാരി മട്ടുപ്പാവില്‍ കാത്തുനിന്നു............ഉശിരുള്ള ചെമ്പന്‍കുതിരയായിരുന്നു........കുമാരിയെ കുതിരപ്പുറത്തിരുത്തി ഉദ്യാനത്തിലൂടെ.. രാജവീഥികളിലൂടെ പടയൊഴിഞ്ഞ പടക്കളത്തിലൂടെ......കുളമ്പടിയൊച്ചയ്‌ക്കൊപ്പം കുമാരിയുടെ മനസ്സും തുടികൊട്ടി. രാജകുമാരി കുതിരക്കാരനെ ചേര്‍ത്തു പിടിച്ചു. വിശാലമായ പുല്‍മേട്ടിലെത്തുമ്പോള്‍ കുതിരകുളമ്പടി പതുക്കെയാവും. പിന്നീട്‌ പതം ശബ്‌ദമാകും. കടിഞ്ഞാണയയും. ചുറ്റിലുമുള്ള പച്ചപ്പിന്റെ പ്രശാന്തവും നീലമലകളുടെ ദൂരക്കാഴ്‌ചകളും രാജകുമാരിക്കും കുതിരക്കാരനും ഇഷ്‌ടമായിരുന്നു. അപ്പോള്‍ കുതിരക്കാരനെ ചുറ്റിവരിഞ്ഞ കൈകള്‍ പതുക്കെ അയഞ്ഞുതുടങ്ങും. മധുരമായി രാജകുമാരി സംസാരിച്ചു തുടങ്ങും. അയാള്‍ രാജകുമാരിയെ കേള്‍ക്കാതെ വേറെ ഏതോ ആഴക്കാഴ്‌ചയില്‍ മനസ്സിനെ വ്യാപരിച്ച്‌.....രാജകുമാരി പ്രണയ പരവശയായി അവനോടു സംസാരിച്ചത്‌ പുല്‍മേട്ടില്‍ വെച്ചായിരുന്നു. ചെമ്പിച്ച മുടികളുള്ള കുതിരക്കാരന്റെ കരുത്തിലമരാന്‍ രാജകുമാരി മോഹിച്ചിരുന്നു.അവള്‍ക്കെന്നും പുല്‍മേട്ടില്‍ പോകണം. കുതിരക്കാരന്‍ അനുസരിക്കും. അംഗരക്ഷകരെയോ തോഴിമാരെയോ കൂടെകൂട്ടില്ല. രാജകുമാരി കുതിരക്കാരന്റെ നീല ഞരമ്പുകളിലൂടെ വിരലുകളോടിച്ചു. മൂര്‍ച്ചയുള്ള ആ കണ്ണുകളെ കീഴ്‌പ്പെടുത്താനാവാതെ പലപ്പോഴും തളര്‍ന്നുപോയി. അപ്പോള്‍ രാജകുമാരി പൊട്ടിക്കരയും.. കുതിരയുടെ സീല്‍ക്കാരം.. കുതിരക്കാരന്റെ നിസ്സംഗത.. പ്രകൃതിയുടെ പ്രശാന്തതയില്‍ ദൂരെ നീലഗിരികളുടെ കാത്തിരിപ്പിന്റെ ധ്യാനം..ഒരു വൈകുന്നേരം നീലക്കുന്നുകളെ വെളുത്ത മേഘങ്ങള്‍ മൂടിയ നേരത്ത്‌, പുല്‍മേടുകളുടെ മുകളിലും വെള്ളി മേഘങ്ങള്‍ കുമിഞ്ഞു കൂടിയപ്പോള്‍, തന്നെ മുഴുവനും സമര്‍പ്പിച്ചിട്ടും സ്വീകരിക്കാതെ നില്‍ക്കുന്ന ഇഷ്‌ടപുരുഷന്റെ വലിയ കരുത്തിനു മുമ്പില്‍ മനസ്സുപൊരിഞ്ഞ്‌ രാജകുമാരി പൊട്ടിക്കരയുന്നതിനു മുമ്പ്‌, കുതിരക്കാരന്‍ രാജകുമാരിയെ വാരിയെടുത്ത്‌ ചെമ്പന്‍ കുതിരയുടെ പുറത്തിരുത്തി ആകാശത്തുകൂടെ പറന്ന്‌, മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിട്ടുപോയത്‌... പറന്നു പറന്നു പോയത്‌.... ആരും കണ്ടതില്ല. അവരുടെ സ്വര്‍ഗ്ഗം തേടുന്ന പ്രണയിനികള്‍ ഇതുവരെ അവിടെ എത്തിയതുമില്ല.

Monday, January 14, 2008

അഗതി മന്ദിരം

സ്‌കൂളവധിക്ക്‌ കേരളത്തില്‍ പോകാമെന്നും മുത്തച്ഛനെയും മുത്തശ്ശിയേയും കാണാമെന്നും മകന്‌ അച്ഛന്‍ വാക്കു കൊടുത്തിരുന്നു. മഞ്ഞപിത്തം പിടിച്ചു കിടന്ന കുട്ടി മുത്തശ്ശിയേയും മുത്തച്ഛനെയും കുറിച്ചു ചോദിച്ചപ്പോ ഒരാശ്വാസ വാക്കു പറഞ്ഞതായിരുന്നു. കുട്ടിയതു മറന്നില്ല. പരീക്ഷ കഴിഞ്ഞ്‌ അവധിക്കാലമെത്തുന്നതും കാത്തവനിരുന്നു.
അച്ഛന്റെ നാടിനെക്കുറിച്ചുള്ള കേട്ടറിവേ കുട്ടിക്കുണ്ടായിരുന്നുള്ളൂ. പാടത്തിനരികെയുള്ള വലിയ തറവാട്ടിന്റെ ഉമ്മറത്തു നിന്നു നോക്കിയാല്‍ ദൂരെ പുഴയൊഴുകുന്നത്‌ കാണാം. ഉമ്മറ തിണ്ണയിരിക്കുന്ന മുത്തശ്ശിക്ക്‌ മുറുക്കാന്‍ ഇടിച്ചു കൊടുത്ത്‌ മുത്തശ്ശി പറയുന്ന കഥ കേള്‍ക്കണം. മുത്തച്ഛന്റെ കൂടെ തൊടിയിലൂടെ ആട്ടങ്ങ വള്ളി നോക്കിപോകണം. മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലാണെത്രേ ആട്ടങ്ങ വള്ളി പടര്‍ന്നു കിടക്കുന്നത്‌. സൈ്ര്യം കെടുത്തിയപ്പോഴാണ്‌ അമ്മ കൂടെ വരാന്‍ സമ്മതിച്ചത്‌. ശംഖുമുഖത്ത്‌ വീമാനമിറങ്ങി. ടൗണില്‍ റൂമെടുത്ത്‌ വിശ്രമിച്ചു. ഭക്ഷണവും കഴിച്ച്‌ നഗരം കാണാനിറങ്ങി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി. ശ്രീ പത്മനാഭനെ തൊഴാന്‍ അമ്മയ്‌ക്കായിരുന്നു നിര്‍ബന്ധം. ഭാരതപ്പുഴയും തുതപ്പുഴവും ചേരുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന അച്ഛന്‍ കാനഡയിലേക്ക്‌ പോകുന്നതിനുമുമ്പ്‌ രണ്ടു വര്‍ഷം തിരുവനന്തപുരത്ത്‌ ജോലിയിലിരുന്നപ്പോഴാണ്‌ അമ്മയെ വിവാഹം ചെയ്‌തത്‌.
ക്ഷേത്രത്തില്‍ നിന്നും തൊഴുതിറങ്ങിയപ്പോള്‍ ഞാനിനിയെങ്ങുമില്ലെന്ന്‌ അമ്മ പറഞ്ഞു. അച്ഛന്‍ മ്യൂസിയവും കാഴ്‌ച ബംഗ്ലാവും കാണിച്ചു. കാഴ്‌ച ബംഗ്ലാവിലെ കരിങ്കുരങ്ങിനും സിംഹവാലന്‍ കുരങ്ങുകള്‍ക്കും പ്രസരിപ്പുണ്ടായിരുന്നില്ല. തറവാട്ടിലേക്കെപ്പഴാ പോകുന്നതെന്ന ചോദ്യത്തിന്‌ അച്ഛന്‍ ഒന്നും മിണ്ടിയില്ല. അഗതി മന്ദിരത്തിന്റെ മുന്‍പില്‍ റിക്ഷയില്‍ ചെന്നിറങ്ങി. അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും നിറഞ്ഞ സ്ഥലമായിരുന്നു. സിസ്റ്റര്‍ സോഫിയയുടെ കൂടെ കുട്ടിയും അച്ഛനും ചെന്നു. ഒരു റൂമില്‍ ഒരമ്മൂമ്മയും അപ്പൂപ്പനും. പുറമെ കണ്ടവരെപ്പോലെ തന്നെ. കണ്ണും മുഖവും വിളറി വെളുത്തിരുന്നു. ഒരിറ്റു പ്രതീക്ഷയോ കാത്തിരിപ്പോ ആ കണ്ണുകളിലില്ലായിരുന്നു. മുത്തച്ഛനും മുത്തശ്ശിയുമാണ്‌ അച്ഛന്‍ പറഞ്ഞു. വിറയ്‌ക്കുന്ന കൈകളോടെ കുട്ടിയെ ചേര്‍ത്തു പിടിച്ചപ്പോള്‍ മുത്തച്ഛന്റെ കണ്ണു നിറഞ്ഞു. മുത്തശ്ശി വാത്സല്യത്തോടെ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. പുറകിലേക്കു കൈവലിച്ച്‌ അച്ഛന്‍ പോകാമെന്നു പറഞ്ഞത്‌ എത്ര പെട്ടെന്നാണ്‌... മകന്റെ മുലകുടി മാറ്റാന്‍ ആട്ടങ്ങയുടെ നീര്‌ മുലഞെട്ടില്‍ പുരട്ടിയത്‌ മുത്തശ്ശി ഓര്‍മ്മിച്ചു അന്ന്‌ കയ്‌പോടെ മുഖംകോട്ടിയ മകന്റെ അതേഭാവം ഇപ്പോഴും മുഖത്തുണ്ട്‌. അമ്മ അന്ന്‌ ചെയ്‌തത്‌ തെറ്റായി പോയോ മോനേ? മുത്തശ്ശിക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നു. ശബ്‌ദം വിറച്ച്‌ പുറത്തുവരുന്നതിനു മുമ്പ്‌ മകനും പേരക്കുട്ടിയും പുറത്തേക്കിറങ്ങി നടന്നു പോയിരുന്നു.
വൃദ്ധസദനത്തിന്റെ ഒതുക്കുകളിറങ്ങുമ്പോള്‍ മകന്‍ അച്ഛനോടു ചോദിച്ചു.``മുത്തച്ഛനേം മുത്തശ്ശിയേം കാഴ്‌ച്ചബംഗ്ലാവിലക്കിയതെന്തിനാ?"
കുട്ടി ചോദിച്ചതയാള്‍ കേട്ടില്ല. അമ്മയെയും അച്ഛനെയും അഗതി മന്ദിരത്തിലാക്കിയപ്പോള്‍ തറവാട്‌ തീറെഴുതി വിറ്റ മുഴുവന്‍ കാശും വൃദ്ധ സദനത്തിലേക്കു നല്‍കിയതിനെക്കുറിച്ചാണ്യാള്‍ ആലോചിച്ചത്‌. എന്നിട്ടും ഇന്ന്‌ സിസ്റ്റര്‍ പറഞ്ഞത്‌ അഗതി മന്ദിരത്തിലേക്ക്‌ നല്ലൊരു തുക നല്‍കി സഹായിക്കണമെന്നാണ്‌. ഇരുപത്തി അയ്യായിരം രൂപയുടെ ചെക്കെഴുതി കൊടുത്തിട്ടും സിസ്റ്ററുടെ മുഖം തെളിഞ്ഞില്ല. അതൊരു കുറഞ്ഞ തുകയല്ലെന്നറിയാം. അമ്മയുടെയും അച്ഛന്റെയും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പു വരുത്തേണ്ടത്‌ മകന്റെ കടമയാണല്ലോ.

(ഫെമിനിസ്റ്റ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Friday, January 11, 2008

വിവാഹം

പെണ്ണ്‌ സുന്ദരിയായിരിക്കണം..
മുടി പനങ്കുലപോലെ. കലാകാരിയായിരിക്കണമെന്ന്‌ നിര്‍ബന്ധമുണ്ട്‌.
വാനമ്പാടിയല്ലെങ്കില്‍ നൃത്തമറിയണം. എഴുത്തുകാരി വേണ്ട. അവളുടെ മനോലോകത്തിനറ്റം പിടികിട്ടാതെ വന്നാലെ എന്ന പേടിയാണ് .....
സര്‍ക്കാരുദ്യോഗസ്ഥ അതും ഉയര്‍ന്ന റാങ്കില്‍. അഞ്ചക്ക ശമ്പളമാണ്‌ കൂട്ടിയെടുക്കുന്നത്‌..
സ്‌ത്രീധനം പണമായിട്ടൊന്നും പറയണ്ട. കാറും, പവന്‍ നൂറില്‍ കുറയാതെയും...
വരനു സമ്മാനിക്കുന്ന വീട്‌ സിറ്റിയിലാവണമെന്നു കടും പിടുത്തമില്ല. യാത്രാ സൗകര്യത്തിന്‌ റോഡരുകിലായാലും മതി.
അവസാനമായി ദല്ലാളിനോടൊരു വാക്ക്‌ - എന്റെ അഴുക്കുപുരണ്ട പണിയും കമ്പനിയില്‍ ഏതു സമയത്തും ലോക്കൗട്ട്‌ വരാവുന്ന കാര്യവും പെണ്‍വീട്ടുകാരില്‍ നിന്നും മറച്ചുപിടക്കുന്നതിലാണ്‌ നിങ്ങളുടെ മിടുക്ക്‌. പറഞ്ഞുറപ്പിച്ച കമ്മീഷന്‍ തുക കുറയുമെന്നു കരുതണ്ട.
അവള്‍ വരുതിയിലായിട്ടുവേണം എനിക്കു ജീവിച്ചു തുടങ്ങുവാന്‍...

(ദേശാഭിമാനി വരാന്തപതീപ്പില്‍ പ്രസിദ്ധീകരീച്ചത്)

Thursday, January 10, 2008

തിരുനെല്ലി


ആത്മാക്കള്‍ ശാന്തി തേടുന്ന ബ്രഹ്മഗിരിയുടെ താഴ്‌വാരം.
പൗര്‍ണമി രാവിലെ മലങ്കാടിന്റെ കാഴ്‌ച ജീവിതത്തിന്റെ ധന്യതയാകുന്നത്‌.
പുലര്‍ച്ചെ കുളിരൊഴുകുന്ന പാപനാശിനിയില്‍ മുങ്ങി നിവര്‍ന്നു.
കാട്ടു ചോലയുടെ കളകളാരവം അലട്ടലുകള്‍ക്ക്‌ ശാന്തി മന്ത്രമാകുമെന്ന്‌ ആശ്വസിക്കുമ്പോഴാണ്‌ താഴ്‌വരയില്‍ നിന്നും ഒരു പെണ്ണിന്റെ ഗദ്‌ഗദം കേട്ടത്‌.
തൈലപ്പുല്ലുകളുടെ തലപ്പുകളിളകി മലഞ്ചെരിവ്‌ വിറകൊണ്ടു.
ഉടുക്കിന്റെ താളവും തിരുനെല്ലി പെരുമാളിന്റെ സ്‌തോത്രവും കേട്ടു വളര്‍ന്ന പാവങ്ങള്‍...തമ്പുരാക്കള്‍ പറഞ്ഞ കഥകള്‍ വിശ്വസിച്ചു പോയി...
മാറിലും മടിയിലും തലചായ്‌ക്കാനനുവദിച്ചതിന്‌ കിട്ടിയ സമ്മാനം ഒക്കത്തൊരു `മാറാപ്പാ' യിരുന്നു. ശരീരം കോച്ചുന്ന തണുപ്പിലും ഒക്കത്തെ `മാറാപ്പ്‌' ചുട്ടുപൊള്ളലായി. ഒറ്റപന്നി കുത്തി മറിച്ച പാടവരമ്പുപോലെയായി അവരുടെ ജീവിതം.
കാലികളെ മേച്ചു നടക്കുന്ന കുട്ടികളുടെ നിലവിളി കാട്ടു ചോലയില്‍ കനത്തു നിന്നു. പാണല്‍ പഴവും ചടച്ചിക്കായയും തിന്ന്‌ വിശപ്പുമാറാത്ത അവരുടെ കണ്ണുനീര്‍ തെക്കന്‍ കാശിയുടെ മണ്ണില്‍ പേരറിയാത്ത പിതാക്കള്‍ക്ക്‌ ബലിക്കാഴ്‌ച്ചയായി. ചുടുകണ്ണീര്‍ മണ്ണിലൂര്‍ന്നിറങ്ങുമ്പോള്‍, അവര്‍ക്ക്‌ ജന്മം നല്‍കിയ തമ്പ്രാക്കളുടെ ആത്മാക്കള്‍ നിലയില്ലാകയത്തില്‍ ശ്വാസം മുട്ടി ഈ പ്രപഞ്ചമൊടുക്കും വരെയും...
താഴ്‌വരയിലെ പെണ്ണുങ്ങളുടെ നെടുവീര്‍പ്പുകള്‍ ഒന്നു ചേര്‍ന്ന്‌ കൊടുങ്കാറ്റാകുമ്പോള്‍, തമ്പ്രാക്കളുടെ മണിമാളികകളുടെ നെടുംതൂണുകള്‍ ഓരോന്നായി ഇളകി വീഴും...

Tuesday, January 8, 2008

മ്യാവൂ..


കുറുങ്ങേയെന്നു വിളിച്ചാല്‍ `മ്യാവൂ' എന്നു കരഞ്ഞ്‌ വാലാട്ടി കാലിലൊട്ടി നില്‍ക്കും. കൈകളിലെടുത്തു തലോടുന്നതുവരെ വാലുപൊക്കി കാലില്‍ ഉരസിക്കൊണ്ടിരിക്കും.

ഒരു ദിവസം കുറുങ്ങയെ കാണാതായി. പനച്ചേട്ടന്‍ പിടിച്ച്‌ കഴുത്തറുത്ത്‌ കറിവെച്ചു കഴിച്ചെന്നു കേട്ടു. വഴക്കുണ്ടാക്കാന്‍ പോയില്ല. പൂച്ചയെ കൊന്നാല്‍ കൈവിറക്കും.പനച്ചേട്ടന്റെ കൈ വിറച്ചില്ല. അതു പഴങ്കഥയായി.

വാതം ശമിക്കാന്‍ പൂച്ചയിറച്ചി നല്ലതാണെന്നു നാട്ടില്‍ പറയുന്നതുകേട്ടു.
പനച്ചേട്ടനറിയാതെ ``പൂച്ച രസായനം'' പേറ്റന്റ്‌ ഒരു സായ്‌പ്‌ സ്വന്തമാക്കി. മസ്‌തിഷ്‌ക ചോര്‍ച്ചയെക്കുറിച്ചു പത്രമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ച നടക്കുമ്പോഴും നിരക്ഷരനായ പനച്ചേട്ടന്‍ ഒന്നുമേതുമറിഞ്ഞില്ല.

പൂച്ചകളുടെ സ്വച്ഛന്ദ സൗമ്യതയിലും മനുഷ്യന്‍ ആര്‍ത്തിയോടെ നക്കി.
പൂച്ചകള്‍ക്കും കഷ്‌ടകാലം.

Sunday, January 6, 2008

കണ്ടല്‍ കാടുകള്‍

ദേശാടന പക്ഷികളുടെ വരവായി.
കഴിഞ്ഞ വര്‍ഷം യാത്ര ചോദിച്ചുപോയ കണ്ടല്‍കാടുകളുടെ സ്ഥാനത്ത്‌ മണ്ണുനികത്തി കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളുയര്‍ന്നിരിക്കുന്നു.

മണ്ടപോയ തെങ്ങിന്റെ തലപ്പത്ത്‌ തൊണ്ട വരണ്ടുണങ്ങിയിരിക്കുമ്പോള്‍ വയലില്‍ ഒരു കര്‍ഷകന്‍ കിളക്കുന്നതു കണ്ടു. കൊത്തിമറിച്ച മണ്ണിലെ പാറ്റയും മണ്ണിരകളും പുല്‍നാമ്പുകളും, പ്രലോഭനമായി. പറന്നു ചെന്ന്‌ വരമ്പിലിരുന്നു.

കണ്ടല്‍കാടുകളുടെ ചതുപ്പില്‍ നിന്നായിരുന്നു കൃഷിയിറക്കാന്‍ വെള്ളം തിരിച്ചുകൊണ്ടു വന്നിരുന്നത്‌. ഇത്തവണ വിത്തെറിയാന്‍ പാടത്ത്‌ ഒരുറവപോലുമില്ലായിരുന്നു.

വിയര്‍ത്തൊലിച്ച കര്‍ഷകന്‍ തൂമ്പാവെച്ച്‌ തളര്‍ന്നിരുന്നപ്പോഴാണ്‌ അരികത്തൊരു പക്ഷിയിരിക്കുന്നതു കണ്ടത്‌. കീടനാശിനിയും രാസവളവും വീണ്‌ തുടിപ്പില്ലാതായ വയലില്‍ മണ്ണിരയും പ്രാണികളും ഒന്നു പോലുമില്ലായിരുന്നു.
ധ്യാനിച്ചിരുന്ന ദേശാടനകിളി തൂമ്പാകൊണ്ടുള്ള അടിയേറ്റ്‌ ജീവനറ്റു വീണു.
ഒരു നേരത്തെ ഭക്ഷണത്തിനൊരു തൊടുകറി. അത്രയെങ്കിലുമായി.
വിരുന്നുകാര്‍ ഭക്ഷണമാകുമ്പോള്‍ ജീവിതം പിന്നെയും വരണ്ടുപോകുന്നു. പെയ്യാന്‍ മടിച്ചുനിന്ന മഴമേഘത്തെ കാറ്റു ദൂരേയ്‌ക്കു കൊണ്ടുപോയി.

(ബാങ്കിങ് & കള്‍ച്ചറല്‍ സോളിഡാരിറ്റി മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, January 2, 2008

വാനമ്പാടി

കലോത്സവം
ബാഡ്‌ജും ധരിച്ച്‌ അവള്‍ വേദിയിലേക്കു വന്നു. കോളേജില്‍ ഇതിനുമുമ്പ്‌ ഈ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. വിരൂപമെങ്കിലും ചൂടുള്ള ഒരാകര്‍ഷണം അവളുടെ മുഖത്തുണ്ടായിരുന്നു.
സദസ്സ്‌ നിശബ്‌ദതയിലാണ്‌.
അവള്‍ പാടിതുടങ്ങിയില്ല. അവളുടെ കണ്ണുകള്‍ ചുറ്റും ആരെയോ തേടുകയാണ്‌. താഴേക്കു നോട്ടമെത്തിയപ്പോഴാണ്‌ അവളുടുത്ത പാവാടയ്‌ക്ക്‌ അര മുതല്‍ പാദംവരെയുള്ള കീറല്‍ കണ്ടത്‌. അതു പാവാടയായിരുന്നില്ല. നീളമുള്ള തുണിക്കഷ്‌ണം വാരിചുറ്റിയതു പോലെയായിരുന്നു. വിങ്ങുന്ന സദസ്സിലൂടെ കടന്നു വന്ന കുസൃതിക്കാറ്റ്‌ മുണ്ടിന്റെ ഒരരിക്‌ അമ്മാനമാടി. അവള്‍ക്ക്‌ അടി വസ്‌ത്രമില്ലായിരുന്നു. സദസ്സിന്റെ നിശബ്‌ദത അതിന്റെ കേന്ദ്രീകരണം അവളുടെ ഗുഹ്യഭാഗത്തേക്കു മാറി.

അപ്പോള്‍ അവള്‍ പാടിതുടങ്ങി.
മധുരതരമായ ഗാനത്തിന്റെ അനുഭൂതിയില്‍ സദസ്സിനോടൊപ്പം ഇഴുകിചേരുമ്പോള്‍ ഞാനവളുടെ നഗ്നത മറന്നു. വിരൂപത മറന്നു. വാനമ്പാടിയുടെ ശബ്‌ദമായിരുന്നു. അവളുടെ രാഗധാരയുടെ ലയവും താളവുമെല്ലാം എനിക്ക്‌ ആദ്യത്തേതായിരുന്നു.

സ്വച്ഛന്ദമായ ഒഴുക്കിന്‌ പൊടുന്നനെയൊരു കരിങ്കല്‍ തടമുയര്‍ന്നു. സംഗീതം നിലച്ചു. മിഴികള്‍ ഇറുകെ പൂട്ടി സംഗീതത്തോടൊപ്പം ഒഴുകിയിരുന്ന എനിക്ക്‌ പിടിവള്ളി കൈവിട്ടു. കണ്ണുതുറന്നു. അവള്‍ വേദിയില്‍ സതബ്‌ധയായി നില്‍ക്കുന്നു. അവളുടെ നഗ്നത ഒരാള്‍ പിന്നു കുത്തി മറക്കുകയാണ്‌ അതെന്റെ അദ്ധ്യാപകനായിരുന്നു.
പെട്ടെന്ന്‌ പൊട്ടിക്കരഞ്ഞുകൊണ്ടവള്‍ വേദി വിട്ടിറങ്ങിയോടി. കോളേജിനു പുറകിലെ മൈതാനത്തിലൂടെയാണ്‌ അവള്‍ കരഞ്ഞു കൊണ്ടോടുന്നത്‌. പുറകെ ഓടിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവളെ തടഞ്ഞു നിര്‍ത്തി. അവര്‍ അവളെ വേദിയിലേക്ക്‌ തിരികെ കൊണ്ടുവരുമോ? അവര്‍ക്കവളുടെ പാട്ടുകേള്‍ക്കണം. എല്ലാവര്‍ക്കുമവളുടെ പാട്ടുകേള്‍ക്കണം.
അവള്‍ മുഖംപൊത്തി കരയുകയാണ്‌...

(101 മിനിക്കഥകള്‍ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്)