Sunday, January 6, 2008

കണ്ടല്‍ കാടുകള്‍

ദേശാടന പക്ഷികളുടെ വരവായി.
കഴിഞ്ഞ വര്‍ഷം യാത്ര ചോദിച്ചുപോയ കണ്ടല്‍കാടുകളുടെ സ്ഥാനത്ത്‌ മണ്ണുനികത്തി കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളുയര്‍ന്നിരിക്കുന്നു.

മണ്ടപോയ തെങ്ങിന്റെ തലപ്പത്ത്‌ തൊണ്ട വരണ്ടുണങ്ങിയിരിക്കുമ്പോള്‍ വയലില്‍ ഒരു കര്‍ഷകന്‍ കിളക്കുന്നതു കണ്ടു. കൊത്തിമറിച്ച മണ്ണിലെ പാറ്റയും മണ്ണിരകളും പുല്‍നാമ്പുകളും, പ്രലോഭനമായി. പറന്നു ചെന്ന്‌ വരമ്പിലിരുന്നു.

കണ്ടല്‍കാടുകളുടെ ചതുപ്പില്‍ നിന്നായിരുന്നു കൃഷിയിറക്കാന്‍ വെള്ളം തിരിച്ചുകൊണ്ടു വന്നിരുന്നത്‌. ഇത്തവണ വിത്തെറിയാന്‍ പാടത്ത്‌ ഒരുറവപോലുമില്ലായിരുന്നു.

വിയര്‍ത്തൊലിച്ച കര്‍ഷകന്‍ തൂമ്പാവെച്ച്‌ തളര്‍ന്നിരുന്നപ്പോഴാണ്‌ അരികത്തൊരു പക്ഷിയിരിക്കുന്നതു കണ്ടത്‌. കീടനാശിനിയും രാസവളവും വീണ്‌ തുടിപ്പില്ലാതായ വയലില്‍ മണ്ണിരയും പ്രാണികളും ഒന്നു പോലുമില്ലായിരുന്നു.
ധ്യാനിച്ചിരുന്ന ദേശാടനകിളി തൂമ്പാകൊണ്ടുള്ള അടിയേറ്റ്‌ ജീവനറ്റു വീണു.
ഒരു നേരത്തെ ഭക്ഷണത്തിനൊരു തൊടുകറി. അത്രയെങ്കിലുമായി.
വിരുന്നുകാര്‍ ഭക്ഷണമാകുമ്പോള്‍ ജീവിതം പിന്നെയും വരണ്ടുപോകുന്നു. പെയ്യാന്‍ മടിച്ചുനിന്ന മഴമേഘത്തെ കാറ്റു ദൂരേയ്‌ക്കു കൊണ്ടുപോയി.

(ബാങ്കിങ് & കള്‍ച്ചറല്‍ സോളിഡാരിറ്റി മാസികയില്‍ പ്രസിദ്ധീകരിച്ചത്)

6 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

വിയര്‍ത്തൊലിച്ച കര്‍ഷകന്‍ തൂമ്പാവെച്ച്‌ തളര്‍ന്നിരുന്നപ്പോഴാണ്‌ അരികത്തൊരു പക്ഷിയിരിക്കുന്നതു കണ്ടത്‌. കീടനാശിനിയും രാസവളവും വീണ്‌ തുടിപ്പില്ലാതായ വയലില്‍ മണ്ണിരയും പ്രാണികളും ഒന്നു പോലുമില്ലായിരുന്നു.
ധ്യാനിച്ചിരുന്ന ദേശാടനകിളി തൂമ്പാകൊണ്ടുള്ള അടിയേറ്റ്‌ ജീവനറ്റു വീണു.

പൊതുവാള് said...

സുനില്‍ :)

വളരെ നന്നായിരിക്കുന്നു ഈ കൊച്ചു കഥ

അഭിനന്ദനങ്ങള്‍.......

കുതിരവട്ടന്‍ :: kuthiravattan said...

കഥ കൊള്ളാം മാഷേ.

കാവലാന്‍ said...

"ഭക്ഷണത്തിനൊരു തൊടുകറി. അത്രയെങ്കിലുമായി"

അതിഥി സേവോ ഭവഃ........ച്ചാല്‍ അതിഥിയെ സേ...വിച്ച് പശിയടക്ക്വാന്ന ന്നെ!!

വല്യമ്മായി said...

ചെറുതെങ്കിലും വളരെ നല്ല കഥ.

Sound Of Silence said...

therenjedutha vishayam kollam......congrats