Monday, January 14, 2008

അഗതി മന്ദിരം

സ്‌കൂളവധിക്ക്‌ കേരളത്തില്‍ പോകാമെന്നും മുത്തച്ഛനെയും മുത്തശ്ശിയേയും കാണാമെന്നും മകന്‌ അച്ഛന്‍ വാക്കു കൊടുത്തിരുന്നു. മഞ്ഞപിത്തം പിടിച്ചു കിടന്ന കുട്ടി മുത്തശ്ശിയേയും മുത്തച്ഛനെയും കുറിച്ചു ചോദിച്ചപ്പോ ഒരാശ്വാസ വാക്കു പറഞ്ഞതായിരുന്നു. കുട്ടിയതു മറന്നില്ല. പരീക്ഷ കഴിഞ്ഞ്‌ അവധിക്കാലമെത്തുന്നതും കാത്തവനിരുന്നു.
അച്ഛന്റെ നാടിനെക്കുറിച്ചുള്ള കേട്ടറിവേ കുട്ടിക്കുണ്ടായിരുന്നുള്ളൂ. പാടത്തിനരികെയുള്ള വലിയ തറവാട്ടിന്റെ ഉമ്മറത്തു നിന്നു നോക്കിയാല്‍ ദൂരെ പുഴയൊഴുകുന്നത്‌ കാണാം. ഉമ്മറ തിണ്ണയിരിക്കുന്ന മുത്തശ്ശിക്ക്‌ മുറുക്കാന്‍ ഇടിച്ചു കൊടുത്ത്‌ മുത്തശ്ശി പറയുന്ന കഥ കേള്‍ക്കണം. മുത്തച്ഛന്റെ കൂടെ തൊടിയിലൂടെ ആട്ടങ്ങ വള്ളി നോക്കിപോകണം. മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലാണെത്രേ ആട്ടങ്ങ വള്ളി പടര്‍ന്നു കിടക്കുന്നത്‌. സൈ്ര്യം കെടുത്തിയപ്പോഴാണ്‌ അമ്മ കൂടെ വരാന്‍ സമ്മതിച്ചത്‌. ശംഖുമുഖത്ത്‌ വീമാനമിറങ്ങി. ടൗണില്‍ റൂമെടുത്ത്‌ വിശ്രമിച്ചു. ഭക്ഷണവും കഴിച്ച്‌ നഗരം കാണാനിറങ്ങി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി. ശ്രീ പത്മനാഭനെ തൊഴാന്‍ അമ്മയ്‌ക്കായിരുന്നു നിര്‍ബന്ധം. ഭാരതപ്പുഴയും തുതപ്പുഴവും ചേരുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന അച്ഛന്‍ കാനഡയിലേക്ക്‌ പോകുന്നതിനുമുമ്പ്‌ രണ്ടു വര്‍ഷം തിരുവനന്തപുരത്ത്‌ ജോലിയിലിരുന്നപ്പോഴാണ്‌ അമ്മയെ വിവാഹം ചെയ്‌തത്‌.
ക്ഷേത്രത്തില്‍ നിന്നും തൊഴുതിറങ്ങിയപ്പോള്‍ ഞാനിനിയെങ്ങുമില്ലെന്ന്‌ അമ്മ പറഞ്ഞു. അച്ഛന്‍ മ്യൂസിയവും കാഴ്‌ച ബംഗ്ലാവും കാണിച്ചു. കാഴ്‌ച ബംഗ്ലാവിലെ കരിങ്കുരങ്ങിനും സിംഹവാലന്‍ കുരങ്ങുകള്‍ക്കും പ്രസരിപ്പുണ്ടായിരുന്നില്ല. തറവാട്ടിലേക്കെപ്പഴാ പോകുന്നതെന്ന ചോദ്യത്തിന്‌ അച്ഛന്‍ ഒന്നും മിണ്ടിയില്ല. അഗതി മന്ദിരത്തിന്റെ മുന്‍പില്‍ റിക്ഷയില്‍ ചെന്നിറങ്ങി. അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും നിറഞ്ഞ സ്ഥലമായിരുന്നു. സിസ്റ്റര്‍ സോഫിയയുടെ കൂടെ കുട്ടിയും അച്ഛനും ചെന്നു. ഒരു റൂമില്‍ ഒരമ്മൂമ്മയും അപ്പൂപ്പനും. പുറമെ കണ്ടവരെപ്പോലെ തന്നെ. കണ്ണും മുഖവും വിളറി വെളുത്തിരുന്നു. ഒരിറ്റു പ്രതീക്ഷയോ കാത്തിരിപ്പോ ആ കണ്ണുകളിലില്ലായിരുന്നു. മുത്തച്ഛനും മുത്തശ്ശിയുമാണ്‌ അച്ഛന്‍ പറഞ്ഞു. വിറയ്‌ക്കുന്ന കൈകളോടെ കുട്ടിയെ ചേര്‍ത്തു പിടിച്ചപ്പോള്‍ മുത്തച്ഛന്റെ കണ്ണു നിറഞ്ഞു. മുത്തശ്ശി വാത്സല്യത്തോടെ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. പുറകിലേക്കു കൈവലിച്ച്‌ അച്ഛന്‍ പോകാമെന്നു പറഞ്ഞത്‌ എത്ര പെട്ടെന്നാണ്‌... മകന്റെ മുലകുടി മാറ്റാന്‍ ആട്ടങ്ങയുടെ നീര്‌ മുലഞെട്ടില്‍ പുരട്ടിയത്‌ മുത്തശ്ശി ഓര്‍മ്മിച്ചു അന്ന്‌ കയ്‌പോടെ മുഖംകോട്ടിയ മകന്റെ അതേഭാവം ഇപ്പോഴും മുഖത്തുണ്ട്‌. അമ്മ അന്ന്‌ ചെയ്‌തത്‌ തെറ്റായി പോയോ മോനേ? മുത്തശ്ശിക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നു. ശബ്‌ദം വിറച്ച്‌ പുറത്തുവരുന്നതിനു മുമ്പ്‌ മകനും പേരക്കുട്ടിയും പുറത്തേക്കിറങ്ങി നടന്നു പോയിരുന്നു.
വൃദ്ധസദനത്തിന്റെ ഒതുക്കുകളിറങ്ങുമ്പോള്‍ മകന്‍ അച്ഛനോടു ചോദിച്ചു.``മുത്തച്ഛനേം മുത്തശ്ശിയേം കാഴ്‌ച്ചബംഗ്ലാവിലക്കിയതെന്തിനാ?"
കുട്ടി ചോദിച്ചതയാള്‍ കേട്ടില്ല. അമ്മയെയും അച്ഛനെയും അഗതി മന്ദിരത്തിലാക്കിയപ്പോള്‍ തറവാട്‌ തീറെഴുതി വിറ്റ മുഴുവന്‍ കാശും വൃദ്ധ സദനത്തിലേക്കു നല്‍കിയതിനെക്കുറിച്ചാണ്യാള്‍ ആലോചിച്ചത്‌. എന്നിട്ടും ഇന്ന്‌ സിസ്റ്റര്‍ പറഞ്ഞത്‌ അഗതി മന്ദിരത്തിലേക്ക്‌ നല്ലൊരു തുക നല്‍കി സഹായിക്കണമെന്നാണ്‌. ഇരുപത്തി അയ്യായിരം രൂപയുടെ ചെക്കെഴുതി കൊടുത്തിട്ടും സിസ്റ്ററുടെ മുഖം തെളിഞ്ഞില്ല. അതൊരു കുറഞ്ഞ തുകയല്ലെന്നറിയാം. അമ്മയുടെയും അച്ഛന്റെയും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പു വരുത്തേണ്ടത്‌ മകന്റെ കടമയാണല്ലോ.

(ഫെമിനിസ്റ്റ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

1 comment:

മുത്തശ്ശി said...

ഇരുപത്തി അയ്യായിരം രൂപയുടെ ചെക്കെഴുതി കൊടുത്തിട്ടും സിസ്റ്ററുടെ മുഖം തെളിഞ്ഞില്ല. അതൊരു കുറഞ്ഞ തുകയല്ലെന്നറിയാം. അമ്മയുടെയും അച്ഛന്റെയും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പു വരുത്തേണ്ടത്‌ മകന്റെ കടമയാണല്ലോ.