Monday, January 21, 2008

അവളുറങ്ങുമ്പോള്‍

പുറം ചെത്തിയ ഒളോര്‍മാങ്ങയുടെ നിറമായിരുന്നു അവള്‍ക്ക്‌..
ഒളോര്‍ മാമ്പഴത്തിന്റെ രുചി അയാള്‍ക്കേറ്റവും ഇഷ്‌ടമുള്ളതായിരുന്നു. അവളൊന്നിച്ചുള്ള ജീവിതത്തിലും ആ രുചിയുണ്ടാവുമെന്നയാള്‍ കരുതി. ആദ്യരാത്രിയില്‍ ഒളോര്‍ മാമ്പഴം കഴിച്ചിട്ടുണ്ടോയെന്ന്‌ അവളോടു ചോദിച്ചു. അവളതിന്‌ തത്തച്ചുണ്ടനെന്നാണ്‌ പറയുന്നത്‌. അവരുടെ തൊടിയിലുള്ള തത്തച്ചുണ്ടന്‍ മാമ്പഴം കൊത്തിപറിക്കാന്‍ കിളികള്‍ വരാറുണ്ടത്രേ... കിളികള്‍ക്കു കൊടുക്കാതെ മൂപ്പായവ പറിച്ചെടുത്ത്‌ കൊന്നച്ചപ്പില്‍ പൊതിഞ്ഞ്‌ പഴുപ്പിക്കുന്നതിനെക്കുറിച്ച്‌ അവള്‍ പറഞ്ഞു. കൊന്നയിലക്കുള്ളിലിരുന്ന്‌ പഴമായ മാമ്പഴത്തിന്‌ മഞ്ഞ നിറം കൂടുതലായിരിക്കും. ചിലനേരം അവള്‍ക്കും കൊന്നപ്പൂവിന്റെ നിറമാണെന്നയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്‌.

രാത്രിയില്‍ അയാളുടെ കരവലയത്തില്‍ ആലസ്യത്തോടെ അവളുറങ്ങുമ്പോള്‍ ഏതോ ഓര്‍മ്മയില്‍ ഒരന്യപുരുഷന്റെ പേരവള്‍ പുലമ്പാറുണ്ടായിരുന്നു. അതാരാണെന്നയാള്‍ ചോദിച്ചില്ല.തൊടിയില്‍ മാമ്പഴം കൊത്തിതിന്നാന്‍ വരുന്ന പറവകളെക്കുറിച്ചവള്‍ പറഞ്ഞിരുന്നുവല്ലോ.....
കിളികള്‍ മാമ്പഴം കൊത്തിപറിക്കുമ്പോള്‍ മാംസം പറിഞ്ഞു പോകുന്നു. ഒലിച്ചിറങ്ങുന്ന മാമ്പഴചാറ്‌ തന്റെ മുറിവേറ്റ ഹൃദയത്തില്‍ നിന്നാണ്‌.....
ഉച്ചമയക്കത്തില്‍ അയാള്‍കണ്ട സ്വപ്‌നമായിരുന്നു അത്‌.
ഒളോര്‍മാങ്ങ പാകമാകുന്നതിനും പുളിപിടിക്കുന്നതിനും മുമ്പുള്ള കുരുന്നു പ്രായത്തില്‍ ഭയങ്കര ചവര്‍പ്പാണ്‌.ചവച്ചിറക്കാനാവാതെ ജീവിതം അയാള്‍ക്ക്‌ കയ്‌ച്ചു തുടങ്ങി.

3 comments:

ജാബു | Jabu said...

വളരെ വളരെ ഇഷ്ടപ്പെട്ടു.......:)

ആ വേര്‍ഡ്‌ വെരി ഒഴിവാക്കിക്കൂടെ????

കണ്ണൂരാന്‍ - KANNURAN said...

മാസം??????? മാംസമല്ലെ ഉദ്ദേശിച്ചത്? കഥ നന്നായിരിക്കുന്നു.

ദ്രൗപദി said...

കഥ നന്നായിരിക്കുന്നു...
പഴയ കോ-ഓപ്പറേറ്റീവ്‌ ആര്‍ട്സ്‌ കോളജ്‌ മാഗസിനില്‍ കണ്ട അതേ തിളക്കം...

ആശംസകള്‍...ഭാവുകങ്ങള്‍...