Monday, January 28, 2008

അരുവി

വയലിലൂടെ ഒഴുകുന്ന അരുവി കടന്നാണ്‌ അവള്‍ കോളേജിലേക്ക്‌ പോയിരുന്നത്‌. തെളിനീരിലിറങ്ങി പാദസരമണിഞ്ഞ കാല്‍ നനച്ച്‌ മറുകരപറ്റുന്ന പെണ്‍കുട്ടി അരുവിക്ക്‌ ഉള്‍പുളകമായിരുന്നു.
ദൂരെ തലയുയര്‍ത്തിനിന്ന മലയുടെ താഴ്‌വരയില്‍ നിന്നാണ്‌ അരുവി ഉറവയെടുത്തിരുന്നത്‌.
പെണ്‍കുട്ടി ദൂരെ നിന്നു വരുമ്പോള്‍ തന്നെ മല അവളെ കാണാറുണ്ട്‌. അപ്പോള്‍ ഉറവില്‍ പൊടിയുന്ന നീര്‍തുള്ളികളോട്‌ മല പെണ്‍കുട്ടി വരുന്നതു പറയും.
ആര്‍ത്തലക്കുന്ന മഴയും മലവെള്ളപ്പാച്ചിലുമില്ലാതിരുന്നിട്ടും ഒരു ദിവസം അരുവി കലങ്ങി മറിഞ്ഞൊഴുകി. പെണ്‍കുട്ടി വയലിലൂടെയുള്ള വരവുമാറ്റിയിരുന്നു. അവളുടെ വീടിനടുത്തുള്ള വളവില്‍ എന്നും രാവിലെ ഒരു മാരുതി വാന്‍ വന്നു നില്‍ക്കുന്നതും, പെണ്‍കുട്ടി അതില്‍ കയറി പോകുന്നതും, വൈകുന്നേരം മോട്ടാര്‍ബൈക്കിലോ കാറിലോ തിരികെ വന്നിറങ്ങുന്നതും ദൂരക്കാഴ്‌ചയില്‍ മല കാണുന്നുണ്ടായിരുന്നു. അവളുടെ ജീവിതം ഒരു ഐസ്‌ക്രീം കപ്പില്‍ കുരുങ്ങി വീഡിയോ ക്യാമറക്കു മുമ്പില്‍ ഉലഞ്ഞു പോയത്‌ നേര്‍കാഴ്‌ചയില്‍ മലയറിഞ്ഞു. ഇതൊന്നും മല അരുവിയോടു പറഞ്ഞില്ല. എന്നിട്ടും അരുവി കലങ്ങി മറിഞ്ഞൊഴുകി. അരുവിക്ക്‌ പെണ്‍കുട്ടിയുടെ മനസ്സായിരുന്നു.

7 comments:

jeevan said...

അരുവിക്ക്‌ പെണ്‍കുട്ടിയുടെ മനസ്സായിരുന്നു

Sreenath's said...

കൊള്ളാം ... ശക്തമായ ഒരു തീം നിസ്സാരമായി പറഞു.

sivakumar ശിവകുമാര്‍ said...

കുഞ്ഞിക്കഥ നല്ല കഥ...ഇഷ്ട്മമായി...

നവരുചിയന്‍ said...

വളരെ നന്നായിരിക്കുന്നു .. ഒരു പുതുമ ഉള്ള എഴുത്ത് ...

ദേവതീര്‍ത്ഥ said...

നന്നായിരിക്കുന്നു....ഇതിലും ശക്തമായ രചനകള്‍ പ്രതീക്ഷിക്കുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നന്നായിരിക്കുന്നു മാഷെ..
തുടരട്ടെ ഇനിയും അതിശക്തമായ പ്രമേയം.

ലോലഹൃദയന്‍ said...

Good