Wednesday, January 30, 2008

മ ഞ്ചാ ടി മ ണി ക ള്‍

മഞ്ചാടി മണികള്‍ പെറുക്കിക്കൂട്ടാന്‍ ഒരു ബാല്യംവേണം. അല്ലെങ്കിലൊരു കൂട്ടികാരിയുണ്ടാവണം. അവളടുത്തു വേണമെന്നില്ല. അവളെ മനസ്സില്‍ കണ്ട്‌ മഞ്ചാടികുരുകള്‍ പെറുക്കി വെയ്‌ക്കാം.
പിന്നെ കുറെ ദിവസങ്ങള്‍ കൂടി അവളെ കാണുമ്പോള്‍ മഞ്ചാടി മണികളുടെ ചെപ്പ്‌ അവള്‍ക്കു സമ്മാനിക്കാം. അവള്‍ യുവത്വത്തിലേക്കു കാലൂന്നുകയാണ്‌. മഞ്ചാടിമണികള്‍ കൈയിലെടുത്ത്‌ മന്ദഹസിക്കുമ്പോള്‍ മൂക്കുത്തി മെല്ലെ ഇളകുമ്പോള്‍... മൂക്കുത്തിയില്‍ പതിച്ച കല്ലിനും മഞ്ചാടിമണിയുടെ ചുകന്ന നിറമാണ്‌. ആ മൂക്കുത്തിയില്‍ ഞാന്‍.... അവളൊരിക്കലേ സമ്മതിച്ചുള്ളൂ. വയലിറമ്പിലെ തോടിന്റെ കരയില്‍ പാറകളുടെ മറവില്‍വെച്ച്‌......
ദൂരെ അമ്പുകുത്തി മലകാണാം. നഗ്നയായ യുവതി ഒരു കാലുയര്‍ത്തിവെച്ചു കിടക്കുന്നതുപോലെ.. മേഘങ്ങള്‍ മലനിരകളെ തൊട്ടു പോകുന്നുണ്ട്‌. ചുകന്ന മേഘങ്ങള്‍... സായാഹ്നമാണ്‌, നേരം വൈകിയതറിഞ്ഞ്‌ അവള്‍ ഓടിപ്പോയി. മഞ്ചാടിമണികള്‍ കൈയില്‍ നിന്നു താഴെ വീണു ‍ചിതറി. ചുകന്ന മഞ്ചാടികള്‍...തോട്ടിലെ തെളിവെള്ളത്തിനടിയില്‍ വെള്ളാരം കല്ലുകള്‍ കണ്ടു, അവളുടെ അരിപ്പല്ലുകള്‍ പോലെ....
മാര്‍ച്ച്‌മാസം. കോളേജടക്കുന്ന ദിവസം, വിഘ്‌നേശ്വരനെ തൊഴുത്‌ ക്ഷേത്രത്തിന്റെ വടക്കേ മതിലനിനടുത്തുവെച്ച്‌ ഞാനവളുടെ ഉള്ളം കൈയില്‍ നാലു മഞ്ചാടിക്കുരുകള്‍ വെച്ചു. കൂടിക്കാഴ്‌ചയക്ക്‌ അവസരങ്ങളില്ലാതാകുന്നതറിഞ്ഞ്‌ 'പിരിയാം' എന്നൊരു വെറുംവാക്കു പറഞ്ഞുപോയി. അതുകേട്ട്‌ വേദനയോടെയവള്‍ മന്ദഹസിച്ചു. അകല്‍ച്ചയുടെ വേദനയറിഞ്ഞുതുടങ്ങിയപ്പോള്‍ വാക്ക്‌ അറം പറ്റിയെന്നു തോന്നി. ആക്ഷേത്ര സന്നിധിയില്‍ വെച്ചുതന്നെ പ്രാര്‍ത്ഥിക്കണം. ഞങ്ങളെ പിരിക്കല്ലേ എന്ന്‌. ഞാനവള്‍ക്കു സമ്മാനിക്കാന്‍ മഞ്ചാടിമണികള്‍ ശേഖരിച്ചുകൊണ്ടേയിരുന്നു, ദിവസം ഒന്നുവീതം...അനന്തപുരിയിലെത്തിയിട്ട്‌ തൊണ്ണൂറ്റി ഒന്‍പതു ദിവസമായിരുന്നു. തൊണ്ണൂറ്റി ഒന്‍പതു മഞ്ചാടിമണികളും. നാളെയതു നൂറാകും. ഇനി നാട്ടില്‍ പോകുമ്പോള്‍ മഞ്ചാടിമണികളുടെ ചെപ്പവള്‍ക്കു നല്‍കണം. ഇവിടുത്തെ വീടിന്റെ കോംപൗണ്ടില്‍ നിറയെ മഞ്ചാടി മരങ്ങളുളളതവളോടു പറയണം. ടാറിട്ട നിരത്തില്‍ ചുകന്ന മഞ്ചാടി മണികള്‍ വീണു കിടക്കുന്നതു കാണാന്‍ വരുന്നോ എന്നു ചോദിക്കണം. വെറുതേ വെറുതേ ഒരാഗ്രഹം.

8 comments:

Bindu Kuriakose(Aswathi) said...

മൂക്കുത്തിയില്‍ ഞാന്‍.... അവളൊരിക്കലേ സമ്മതിച്ചുള്ളൂ.
nashtta pranaya smaranayanallo? Aara pattichu poyaval?

Anonymous said...

http://malayalam.blogkut.com/

Anonymous said...

Malayalam Blogs at single click

ജാബു | Jabu said...

Ellam Orupidi nalla Ormakal..Alle....

Word Veri...ath veno?

Sreenath's said...

പണ്ട്‌ എതൊ ഒരുത്തിയുമായി നല്ല പ്രേമം തന്നെയായിരുന്നല്ലേ? എല്ലാ പോസ്റ്റിലും അങ്ങിനെ എന്തൊക്കെയോ മണക്കുന്നു...

sivakumar ശിവകുമാര്‍ said...

പ്രണയം...

ദ്രൗപദി said...

ഒരുപാട്‌ പ്രണയസമാഗമങ്ങള്‍ക്ക്‌ വേദിയായിട്ടുണ്ട്‌
ആ വിഘ്നേശ്വര ക്ഷേത്രത്തിന്റെ
വഴി...
ഒരുപാട്‌ കണ്ണുനീരും ആ ഭൂമിയെ
ആര്‍ദ്രമാക്കിയിട്ടുണ്ട്‌....

കലാലയജീവിതത്തിന്റെ പ്രാഥമിക അധ്യായങ്ങള്‍
മനസിലേക്കിട്ട്‌ തന്നെ ആ വയല്‍മണ്ണില്‍
എത്രയെത്ര പ്രണയങ്ങള്‍ പൂത്തുകൊഴിഞ്ഞിരിക്കുന്നു...
മയില്‍പീലിയും മഞ്ചാടിക്കുരുവും ചെമ്പകപൂക്കളുമായി
എത്ര പ്രഭാതങ്ങള്‍
കണ്ടുമുട്ടിയിരിക്കുന്നു....

കലോത്സവവേദികളിലെ
മുഖഛായയിലൊന്ന്‌ ഇന്നും മനസിനെ നൊമ്പരപ്പെടുത്തുന്നുണ്ട്‌.....
സാന്ദ്രമായൊരു മൗനം തന്ന്‌ നടന്നുപോയൊരു കൂട്ടുകാരിയെ ഞാനും ഓര്‍ക്കുന്നുണ്ട്‌...

ഓര്‍ക്കാനിഷ്ടമല്ലാത്തതൊക്കെ ഓര്‍മ്മിപ്പിച്ചിട്ട്‌ കൂടി
എനിക്ക്‌ വരേണ്ടി വന്നു...
ഈ മഞ്ചാടിമണികള്‍ പെറുക്കാന്‍...

ആശംസകളോടെ...

jo said...

manasil ennum pranayam sookshikkunna enne polullavarude kadha...manchadimanikalum baalyakaala sagiyum enno nasttapettupoyenkilum gruhathuthwam maanchupokathe ennum ethtryo akale...........