Monday, May 19, 2008

കൂടുമാറ്റം / നീമയുടെ പരിഭവങ്ങള്‍ koodumaattam / neemayude paribhavangal

അത്താഴം കഴിഞ്ഞെഴുന്നേറ്റപ്പോഴാണ്‌ പപ്പ വീടു വിറ്റു അഡ്വാന്‍സ്‌ വാങ്ങിയതു പറഞ്ഞത്‌. രാത്രി നീമക്കുറക്കം വന്നില്ല. പൂമുറ്റത്തെ അവള്‍ നട്ടു നനക്കുന്ന പൂന്തോട്ടത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ഡാലിയകളും, റോസും ഇലച്ചെടികളുമുണ്ടായിരുന്നു. വില്‍ക്കണ്ടായെന്നു പറയാന്‍ പറ്റില്ല. കടം വന്നു പപ്പക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായിരിക്കുന്നത്‌ അവള്‍ക്കറിയാം. കടക്കാര്‍ വന്നു സ്വൈര്യം കെടുത്താത്ത ദിവസമില്ലായിരുന്നു. പിച്ച വെച്ചു വളര്‍ന്നു പന്ത്രണ്ടുകൊല്ലക്കാലം ജീവിച്ച വീടും തൊടിയും വിട്ടു പോകുന്നതോര്‍ക്കാന്‍ വയ്യ. ചൂടുവിങ്ങല്‌ അമ്മയ്‌ക്കുമുണ്ട്‌. പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ. അടുക്കള തൊടിയില്‍ അമ്മ വളര്‍ത്തുന്ന ചീരത്തോട്ടവും കാന്താരിമുളകുചെടിയുമുണ്ട്‌. അടുത്ത ഓണത്തിന്‌ കായ പാകമാകാന്‍ കണക്കാക്കി നട്ട മത്തങ്ങ വള്ളിയും കുമ്പളവും പടര്‍ന്നു പിടിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പൂമുറ്റത്ത്‌ നിറയെ കായ്‌ക്കുന്ന ഒരു മുരിങ്ങ മരമുണ്ട്‌. തൊടിയില്‍ എളോര്‍മാവും നീമയുടെ പ്രായമുള്ള കായ്‌ഫലം നിറഞ്ഞ തെങ്ങുമുണ്ടായിരുന്നു. വേലിയരികിലുള്ള ചടച്ചിമരത്തിലാണ്‌ ചാണക്കിളി കൂടുവെയ്‌ക്കാറുള്ളത്‌. കിളി പുല്ലുകൊത്തി കൊണ്ടുപോയി കൂടുകൂട്ടുന്നതും മുട്ടയിട്ടു വിരിയിക്കുന്നതും കുഞ്ഞുങ്ങള്‍ പറക്കുമുറ്റുന്നതുവോരെ പോയി നോക്കാറുള്ളതുമൊക്കെ ഓര്‍മിച്ച്‌ നീമ ഉറങ്ങിയതറിഞ്ഞില്ല. ഉറക്കത്തില്‍ തൊടിയിലെ പക്ഷികളെയും അണ്ണാറക്കണ്ണനേയും സ്വപ്‌നം കണ്ടു. `ഞങ്ങളും കൂടെ വരുന്നുണ്ട്‌' പൂക്കളും പൂച്ചെടികളും പറഞ്ഞു. പുതിയ വീടിന്റെ ഉമ്മറത്ത്‌ ചെടികള്‍ നട്ടോളൂ. വാടാത്ത പൂക്കളായി ഞങ്ങളതില്‍ വിരിയാമെന്ന്‌ പൂമൊട്ടുകള്‍ പറഞ്ഞു.
ഒരു മാസത്തെ അവധി കഴിഞ്ഞാണ്‌ വീടൊഴിഞ്ഞുകൊടുക്കുന്നത്‌. വീട്ടു സാമാനങ്ങലുമായി പുതിയ താമസസ്ഥലത്തേക്കു പോകുമ്പോള്‍ പൂച്ചെടി നടാന്‍ മുറ്റമുണ്ടാവണേ എന്നായിരുന്നു നീമ പ്രാര്‍ത്ഥിച്ചത്‌. അടുക്കള തോട്ടമൊരുക്കാന്‍ അമ്മ വെണ്ടയുടേയും കയ്‌പക്കയുടേയും ചീരയുടേയും പയറിന്റെയും വിത്തുകള്‍ കരുതിയിട്ടുണ്ട്‌. റോഡരുകില്‍ നീണ്ടു കിടക്കുന്ന ഒരു കെട്ടിടത്തിനു മുമ്പില്‍ വണ്ടി നിന്നു. കുറെ ആളുകള്‍ താമസിക്കുന്ന കോളനിയുടെ ഒരറ്റമായിരുന്നു അത്‌. രണ്ടു റൂമും ഒരടുക്കളയും മാത്രമുള്ള വാടകവീടായിരുന്നു. വാതില്‍ തുറന്നിറങ്ങുന്നത്‌ റോഡിലേക്കാണ്‌. അടുക്കള വാതിലിനു പുറകില്‍ മതിലാണ്‌. അഴുക്കു ചാലിന്റെ ദുര്‍ഗന്ധവും നിറയെ കൊതുകും... കൊതുകുകളുടെ മൂളക്കമാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. ഇടയ്‌ക്കു റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കാതിലലയ്‌ക്കും. കോളനിയിലെ ആളുകളുടെ അട്ടഹാസങ്ങളും അലക്കുകാരുടെ ബഹളവും കേട്ട്‌ പുറത്തിറങ്ങാതെ നീമ ദിവസങ്ങള്‍ കഴിച്ചു. സ്‌കൂള്‍ തുറന്നു കിട്ടാനവള്‍ പ്രാര്‍ത്ഥിച്ചു. ക്ലാസ്സില്‍ പോയി തുടങ്ങുമ്പോള്‍ മടുപ്പു മാറും. സ്‌കൂള്‍ തുറന്നാല്‍ പുതിയ ക്ലാസ്സിലേക്കാണ്‌ ഇനി പോകേണ്ടത്‌. പരീക്ഷയില്‍ ജയിക്കുമെന്ന്‌ നീമക്കുറപ്പായിരുന്നു. കൂടെ വരാമെന്നു പറഞ്ഞ പൂക്കളും പക്ഷികളും ഇവിടം ഇഷ്‌ടപ്പെടാതെ തിരികെ പോയിട്ടുണ്ടാകും. നീമ ദുഃഖത്തോട പഴയ നോട്ടു പുസ്‌തകത്തില്‍ പരിഭവം കുത്തി നിറച്ചെഴുതി. മനസ്സിനുള്ളില്‍ പൂമൊട്ടു വരിയുന്നതും പക്ഷികള്‍ ചിറകിട്ടടിക്കുന്നതും അണ്ണാറക്കണ്ണന്‍ ചിലയ്‌ക്കുന്നതും നീമയറിഞ്ഞു. നീമയുടെ പരിഭവങ്ങള്‍ കവിതയായി.

2 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

നീമയുടെ പരിഭവങ്ങള്‍

chithrakaran:ചിത്രകാരന്‍ said...

ജീവിതം എന്നത് , നമുക്കു സ്വന്തമല്ലാത്ത പൂന്തോട്ടത്തില്‍ വിരിയുന്ന കുറച്ചു പൂക്കളുടെ സൌരഭ്യവും,അതേക്കുറിച്ചുള്ള ചില ഓര്‍മ്മകളും കോര്‍ത്തെടുത്ത ഒരു കഥ മാത്രമാണ് സുനില്‍ ഭായ് !