Saturday, March 8, 2014

വാർത്തകൾ

ലോകമെമ്പാടും  വേരോട്ടമുള്ള മനുഷ്യ ദൈവത്തിന്റെ  നിഴലായി പതിറ്റാണ്ടുകൾ നടന്ന ശിഷ്യയുടെ  നേരനുഭവങ്ങളുടെ വെളിപ്പെടുത്തലുകൾ ഇന്റർനെറ്റിലും  സോഷ്യൽ മീഡിയാകളിലും ചൂട് പിടിച്ചപ്പോഴാണ്   ചില ചാനലുകളും കണ്ണ് തുറന്നത് . 
വാർത്തയുടെ ഉള്ളറിയാൻ പത്രങ്ങളുടെ ഓണ്‍ലൈൻ എഡിഷനുകളിൽ സേർച്ച്‌  ചെയ്ത്  കണ്ണ് കഴച്ച്  നിരാശയോടെ ഉറങ്ങാൻ കിടന്നു  .അടുത്ത ദിവസം രാവിലെ ഫ്ളാറ്റിന്റെ വാതില്ക്കൽ എത്തിയ നൂറ്റാണ്ടിന്റെ  പാരമ്പര്യം അവകാശപെടുന്ന  പത്രത്തിന്റെ താളുകളെല്ലാം  അരിച്ചു പെറുക്കി. 'നേരറിയിക്കുന്ന' പത്രമായതു കൊണ്ടാവണം മനുഷ്യ ദൈവത്തിന്റെ ആശ്രമത്തിനെതിരെ ഉന്നയിക്കപെട്ട ആരോപണങ്ങൾ അവർക്ക്  ഒരു കോളം വാർത്തപോലുമായില്ല. 
മുതലാളിമാരുടെ താല്പര്യമാണ് പത്രത്തിന്റെ നയം എന്നറിയാവുന്ന, 'മുക്കി കൊല്ലാൻ' കൈത്തഴക്കം വന്ന എഡിറ്റ് ഡസ്കിലെ കങ്കാണിമാരുടെ  അരിപ്പയിൽ ചുണക്കുട്ടികളുടെ റിപ്പോർട്ടുകൾ ചോർന്നു  പോയതാവണം.
ഒന്നിലേറെ വാർത്താ ചാനലുകൾക്ക്  കണ്ണും കാതും കൊടുത്താലേ പൂഴ്ത്തിവെക്കുന്ന വാർത്തകൾ തപ്പിപിടിക്കാൻ കഴിയൂ. ഒരു ദിവസം നാലഞ്ചു പത്രങ്ങൾ  ചവച്ചരച്ചു വരികൾ ക്കിടയിലൂടെ കണ്ണ് പായിക്കണം.. എങ്കിൽ ഒരു പക്ഷേ  നമുക്ക് സത്യത്തിന്റെ വാലറ്റമെങ്കിലും കണ്ടെത്താനായേക്കാം 

Wednesday, March 5, 2014

ദൈവത്തിന്റെ അനിശ്ചിതത്വത്തില്‍ പീഢിതരാവുന്നവര്‍

മാര്‍ച്ച് 8
വീണ്ടുമൊരു വനിതാദിനം
----------------------------

നഗരത്തിരക്കിലൂടെ ഓടുന്ന ബസ്സിനുള്ളില്‍ കാമാഗ്നിയുടെ താണ്ഡവനൃത്തത്തില്‍ വെന്തുരുകി നിശബ്ദയായിപ്പോയ ഒരു യുവതിയുടെ ജീവിതം. ആ ബലി ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലായിരുന്നു. നാണക്കേടില്‍, യുവതയുടെ പ്രക്ഷോഭകൊടുങ്കാറ്റില്‍ രാജ്യംതന്നെ തലകുനിച്ചു.

ദിവസവും ഒന്നിലേറെ റേപ്പുകളും കാണാതാകുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ഡല്‍ഹി. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ തെരുവുകളില്‍ മറ്റനേകം നഗരങ്ങളില്‍ പുറംലോകമറിയാതെ നാലുചുവരുകള്‍ക്കുള്ളില്‍ തളംകെട്ടികിടക്കുന്ന പെണ്ണിന്റെ സങ്കടങ്ങളുടെയും ഭയാശങ്കയില്‍ തണുത്തുറഞ്ഞുപോയ ദുരന്ത ചിത്രങ്ങളുടെയും കണക്കെടുപ്പ് ആര്‍ക്കെടുക്കാനാവും....
മലയാളത്തിലെ തുമ്പിയാണ് തമിഴിലെ പപ്പാത്തി. വര്‍ണതുമ്പികളെപിടിച്ച് വാലില്‍ നൂലുകെട്ടി നൂലിനറ്റത്ത് കല്ലുകെട്ടിയുള്ള കുഞ്ഞുനാളിലെ വിനോദത്തില്‍ തുമ്പിയുടെ വാലുമുറിഞ്ഞുവീഴും. വാലില്ലാതെ പൊങ്ങിപറക്കുന്ന തുമ്പിയെ കണ്ട് ആഹ്ലാദിക്കാറുള്ളത്.... തുമ്പിയുടെ വേദനയെക്കുറിച്ച് ഇപ്പോഴാണ് ഞാനോര്‍ക്കുന്നത്.
തമിഴ് നാടോടികളുടെ മകളായിരുന്നു പപ്പാത്തി. കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആ തമിഴ് ബാലിക കാമവെറി മൂത്ത ഒരു തന്തകാരണവരുടെ ചാട്ടുളിയേറ്റ് പിടഞ്ഞുമരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പാണത്... ആ ദുരന്തവാര്‍ത്തയുടെ വ്യഥ മനസ്സിനെ ഇപ്പോഴും മഥിച്ചുകൊണ്ടിരിക്കുന്നു.
ഏഴാംക്ലാസ്സുകാരി കൃഷ്ണപ്രിയയുടെ മാനം കവര്‍ന്നെടുത്ത് ശ്വാസം മുട്ടിച്ചുകൊന്നത് കുടുംബസുഹൃത്തായ അയല്‍വാസിയാണ്. കൃഷ്ണപ്രിയയുടെ പിതാവുതന്നെ വേട്ടക്കാരന്റെ ജീവനെടുത്തു. അത് അയാളുടെ കായബലവും മനോബലവും പ്രതികാര ദാഹവുംകൊണ്ട്....
തിരൂരില്‍ റോഡരികിലെ ചായ്പില്‍ അമ്മയോടൊപ്പം അന്തിയുറങ്ങിയ മൂന്നുവയസ്സുകാരി ബാലികയെ എടുത്തുകൊണ്ടുപോയത് താലോലിക്കാനായിരുന്നില്ല. മനുഷ്യമൃഗം കടിച്ചുകീറിയ പിഞ്ചോമനയെ പ്രാണന്‍വെടിയുംമുമ്പ് പിറ്റേന്ന് കുറ്റിക്കാട്ടിലെ ചവറ്റുകൂനയില്‍നിന്നാണ് കണ്ടെടുത്തത്.
തൃശൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കാണുമ്പോള്‍ നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ 'സൗമ്യ' മായ മുഖമാണ് ഓര്‍മവരുക. ഉള്ളിലൊരു ഗദ്ഗദവും.... അവളെ പ്രസവിച്ചുവളര്‍ത്തിയ അമ്മയുടെ വേദന....  അനുജന്റെ സങ്കടം....
ഒറ്റകയ്യന്‍ ആരോഗ്യദൃഢഗാത്രന്‍ തമിഴന്‍ ഗോവിന്ദചാമി ലേഡീസ് കംപാര്‍ട്ടുമെന്റില്‍നിന്നും അവളെ തള്ളിയിട്ട് ആക്രമിക്കപ്പെടുന്ന ദുരന്തചിത്രം നേരില്‍കണ്ടിട്ടും വീടണയാനുള്ള തിടുക്കത്തില്‍ മുഖംതിരിച്ച സഹയാത്രികര്‍.... അവള്‍ അവരില്‍ ആരുടെയെങ്കിലും സഹോദരിയായിരുന്നെങ്കില്‍..... ഒരാളെങ്കിലും അങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍.... ഗോവിന്ദചാമിക്കുവേണ്ടി ഒരു പട ക്രിമിനല്‍ അഡ്വക്കറ്റുമാരാണ് കോടതിയില്‍ ഹാജരായത്. ജനാധിപത്യരാജ്യത്ത് വേട്ടക്കാര്‍ക്കും സംരക്ഷകരുണ്ടല്ലോ. അറസ്റ്റ്‌ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ട ഗോവിന്ദചാമി ബിരിയാണിക്കും ഇറച്ചിക്കുംവേണ്ടി ജയിലില്‍ വഴക്കുണ്ടാക്കുന്നു.
പണിതേടി കേരളത്തിലേക്കു തീവണ്ടികയറിയ പ്രതിശ്രുത വരനെ കാണാനെത്തിയ യുവതിയെയും കൂട്ടുകാരനെയും വഴികാണിക്കാമെന്നു പറഞ്ഞ് ടിപ്പറില്‍ കയറ്റി പുഴയോരത്തേക്കു വലിച്ചിഴച്ച് കാമവെറിയടക്കിയത് ഒരു കൂട്ടം മലയാളി യുവാക്കളാണ്. എന്നിട്ട് തുണിയില്ലാതെ പൊതുവഴിയിലൂടെ ആട്ടിപ്പായിക്കുകയും ചെയ്തു. വിയറ്റ്‌നാം യുദ്ധകാലത്ത് അണുബോംബ് സ്‌ഫോടനത്തില്‍നിന്നും രക്ഷപ്പെടാനായി തെരുവിലൂടെ ഓടുന്ന നഗ്നയായ ബാലികയുടെ ചിത്രമാണ് ഓര്‍മവരുന്നത്. മനുഷ്യന്റെ നിസ്സഹായതയുടെ നേര്‍ചിത്രമാണത്. മാറുന്ന കാലത്ത് രാക്ഷസീയ ദുരന്തങ്ങള്‍ വിവിധ ദേശങ്ങളില്‍ പല രൂപത്തില്‍ ആവര്‍ത്തിക്കുകയാണ്. ഭാഷയറിയാതെ, ദിക്കറിയാതെ, തകര്‍ന്നടിഞ്ഞ ആ പെണ്‍ ശരീരത്തെ നെഞ്ചോടുചേര്‍ത്ത് ആശ്വസിപ്പിക്കുവാന്‍ ഭൂമിദേവിക്കുപോലും മനസ്സുവന്നില്ല. രണ്ടായി പിളര്‍ന്ന് സീതയുടെ സങ്കടം ഏറ്റുവാങ്ങിയ ഭൂമിയുടെ ദയാവായ്പ് പുരാണ കഥ മാത്രമോ?
അമ്മയില്ലാതെ വളര്‍ന്ന ഒരു പെണ്‍കുട്ടി സ്വന്തം പിതാവിന്റെ പീഢനം സഹിക്കവയ്യാതെ സങ്കടങ്ങള്‍ എഴുതിവെച്ചത് അയല്‍പക്കത്തെ അമ്മിക്കല്ലിനരികത്തായിരുന്നു. എവിടെനിന്നെങ്കിലും ഒരു സഹായഹസ്തം തനിക്കഭയമേകുമെന്ന് ആ കുഞ്ഞുഹൃദയം വിശ്വസിച്ചുകാണും.... മനസ്സുമരവിച്ച ആ 'അച്ഛന്' പന്ത്രണ്ടുകൊല്ലത്തെ തടവറയൊരുക്കി വിചാരണകോടതി ശിക്ഷിച്ചതും , നേരറിവു പറഞ്ഞുകൊടുക്കേണ്ട കോളേജ് അദ്ധ്യാപകന്‍ ശിഷ്യയെ വഴിതെറ്റിച്ചതിന് കീഴ്‌ക്കോടതി നല്‍കിയ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചതും കഴിഞ്ഞ മാസമാണ്.
പീടിക വരാന്തയില്‍ അന്തിമയങ്ങിയ എഴുപതുവയസ്സുപ്രായമുള്ള നിരാലംബയായ ഒരു വൃദ്ധയെ മദ്യപിച്ചു ലക്കുകെട്ട കേരളീയ യുവത്വം പീഢിപ്പിച്ചുകൊന്നതും ഈയടുത്ത കാലത്താണ്. ''കേരളമെന്നുകേട്ടാല്‍ തിളക്കണം  ചോര ഞരമ്പുകളില്‍''.... എന്ന കവിവാക്യം ഭ്രാന്തുപിടിച്ച് തലങ്ങൂം വിലങ്ങും വെട്ടിക്കളയുകയാണ്.... മര്‍ദ്ദകരും കാമവെറിയന്മാരും മദിച്ചു പുളയുന്നത് പൊതുസമൂഹത്തിന് കാവല്‍ ഭടന്മാരില്ലാത്തതുകൊണ്ടാണ്. ജനകീയ സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നവരുടെ വൃഷണം ഞെരിക്കുന്ന നിയമപാലകര്‍ കാമവെറിയന്മാരുടെ കൊടിമരം ചതച്ചരക്കാത്തതെന്തുകൊണ്ടാണ്? ജയിലിലടക്കുന്ന പീഢകരുടെ മെനുവില്‍ കരിങ്ങാലിക്കും കട്ടന്‍കാപ്പിക്കും പകരം മൂന്നുനേരം കടുക്കാവെള്ളമെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു...
പെണ്ണിന്റെ സൈ്വര്യജീവിതത്തിന് ഭീഷണിയാകുന്നവന്റെ  'വരി' ഉടക്കാനുള്ള നിയമം വന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു....
ജയിലില്‍നിന്നും കോടതിയില്‍ ഹാജരാക്കപ്പെട്ട ചിത്രം കണ്ടപ്പോള്‍ ''സുഖ ചികിത്സ'' കഴിഞ്ഞെത്തിയ ഗോവിന്ദചാമിയെയാണ് കണ്ടത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അയാള്‍ മനസ്സിനൊരു ഇടിവും വരാതെ തടിച്ചു കൊഴുത്തിരിക്കുന്നു!
പീഢന വാര്‍ത്തകള്‍ ഓരോന്നു കേള്‍ക്കുമ്പോള്‍, അനിമല്‍ പ്ലാനറ്റിലും ഡിസ്‌കവറി ചാനലിലും കാണാറുള്ള മാന്‍പേടയെ പിന്തുടര്‍ന്ന് പതിഞ്ഞിരുന്ന് ആക്രമിച്ച് കടിച്ചു കീറുന്ന വേട്ടപ്പുലിയുടെ ദൃശ്യങ്ങളാണ് ഓര്‍മ്മവരുക. കെണിയിലകപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ഇരുള്‍മൂടിയ ജീവിതകഥയായ ''അച്ഛനുറങ്ങാത്ത വീട്'' ഹൃദയസ്പര്‍ശമായി ലാല്‍ജോസ് ചിത്രീകരിച്ചിട്ടും അതുകാണാന്‍ മടികാണിച്ച ദൃശ്യകേരളം ജിത്തുജോസഫ് മോഹന്‍ലാല്‍ മീന ടീമിന്റെ 'ദൃശ്യ'ത്തെ ഉത്സവാഘോഷത്തോടെയാണ് വരവേറ്റത്. തിയേറ്ററിലെ തിരക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. നിരന്തരം കേള്‍ക്കുന്ന ദുരന്തവാര്‍ത്തകള്‍ പെണ്‍കുട്ടികളുള്ള അച്ഛനമ്മമാരുടെ മനസ്സിലുണ്ടാക്കിയ ഭയാശങ്കകള്‍ ഘനീഭവിച്ച് കാര്‍മേഘങ്ങളായി നില്‍ക്കുന്ന അന്തരീക്ഷത്തിലേക്കാണ് 'ദൃശ്യ'മെത്തുന്നത്.
വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും തെരുവുകളിലും സിനിമാ ശാലകളിലും ട്രെയിനിലും ബസ്സിലും കാമകണ്ണുകളുടെ മൂര്‍ച്ചയേറിയ നോട്ടങ്ങളാല്‍ വിവസ്ത്രമാക്കപ്പെടുന്ന അവസ്ഥ ഓരോ പെണ്ണും അഭിമുഖീകരിക്കുന്നതാണ്. 'അവന്‍' വേട്ടപ്പുലിയെപോലെ ചീറിവരുന്നില്ലെന്നു മാത്രം.
സ്വന്തം മകളെ സ്‌നേഹ വാത്സല്യത്താല്‍ മടിയിലിരുത്തി ലാളിക്കാന്‍ അവള്‍ക്ക് ജന്മം നല്‍കിയ അച്ഛന്‍ ഭയപ്പെടുന്ന കാലമാണിത്.
സ്‌കൂളിനു സമീപത്തെ കൂള്‍ബാറിലെ കുഞ്ഞാപ്പു, ജ്യൂസ് നല്‍കി എട്ടാംക്ലാസ്സുകാരിയെ വശീകരിച്ച് കടയോടുചേര്‍ന്ന മുറിയില്‍വെച്ച് പീഢിപ്പിച്ചതറിയാതെ അവളുടെ അടിവയറ്റിലൂറിയ ജീവനാരെന്ന ചോദ്യത്തിന് സമൂഹം ഒന്നടങ്കം വിരല്‍ ചൂണ്ടിയത് പഠന മുറിയില്‍ മകള്‍ക്ക് കൂട്ടിരിക്കുന്ന, ഉറങ്ങുംമുമ്പേ അവള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്ന അച്ഛനു നേരെയാണ്. എം. മുകുന്ദന്റെ ഏറ്റവും പുതിയ കഥയായ 'അച്ചന്‍' ഭയാശങ്കയുടെ ആഴം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. ''കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇത്തരം കഥകള്‍ സൃഷ്ടിക്കാവുന്ന പ്രതികരണങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാന്‍ ഭയപ്പെടുന്ന അച്ഛന്‍മാരുടെയും അവരുടെ സ്‌നേഹം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെയും നാടായി കേരളം മാറുകയാണോ? ഇത്തരമൊരു കാലത്ത് മുകുന്ദന്റെ കഥ തന്നെ വല്ലാതെ ആകുലപ്പെടുത്തുന്നു'' എന്നാണ് 'അച്ചനെ'തിരെ സാറാജോസഫ് പ്രതികരിച്ചത്.
തുഷാരഗിരി വെള്ളച്ചാട്ടം കാണാന്‍പോയ പതിനെട്ടുവയസ്സുകാരി ജര്‍മന്‍ യുവതി രാത്രി വനത്തിലകപ്പെട്ടതു കൂസാക്കാതെ ആനയിറങ്ങുന്ന മലഞ്ചെരുവില്‍ കാട്ടുചെടിയില്‍ കൊതുകുവല കെട്ടി സുഖമായി കിടന്നുറങ്ങി.  തിരഞ്ഞുചെന്ന പോലീസും നാട്ടുകാരും അവളെ എഴുന്നേല്പിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത് പത്രവാര്‍ത്തയായി. മനുഷ്യമൃഗങ്ങള്‍ മേയുന്ന നാടിനെക്കാള്‍ സുരക്ഷിതത്വം കാടുതന്നെ...'ദൈവത്തിന്റെ സ്വന്തം നാടെ'ന്നെഴുതിയ പരസ്യപലക പൂതലിച്ച് വികൃതമായത് അവര്‍ അറിഞ്ഞിട്ടുണ്ടാവില്ല.
ഒരു കൊലപാതകത്തിന്റെ തെളിവുകളെ ശാസ്ത്രീയമായി 'കുഴിച്ചുമൂടുന്ന' ദൃശ്യം സിനിമ റിലീസായതിനു ശേഷമാണ് പുല്പള്ളിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഗുണ്ടല്‍ പേട്ടയിലെ തടാകത്തില്‍ മുക്കി കൊന്നതും, നിലമ്പൂരിലെ പാര്‍ട്ടിഓഫീസിലെ തൂപ്പുകാരിയെ കൊന്ന് ചാക്കില്‍കെട്ടി പുഴയില്‍ താഴ്ത്തിയതും....
പുല്പള്ളിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ചവന്‍ അവളെ ബൈക്കില്‍ കയറ്റി മുത്തങ്ങ കാടുകടന്ന് ഗുണ്ടല്‍പേട്ടയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കര്‍ണ്ണാടക അതിര്‍ത്തിയെത്തുംമുന്‍പ് പൊന്‍ കുഴിയില്‍ സീതാദേവിയുടെ പേരിലൊരു ക്ഷേത്രവുമുണ്ട്. അവിടെ സീതയുടെ കണ്ണീര്‍ പൊഴിഞ്ഞുവീണ് നീരുറവ പൊടിഞ്ഞുണ്ടായ ഒരു കുളമുണ്ട്. ക്ഷേത്രത്തില്‍ കയറി സ്‌കൂള്‍ യൂണിഫോം അഴിച്ചുമാറ്റി ജീന്‍സും ടോപ്പും ധരിച്ച് ബൈക്കില്‍ അവനോട് ചേര്‍ന്നിരുന്ന് യാത്രപോകുമ്പോള്‍ ഒരുനിമിഷംപോലും ആ പെണ്‍കുട്ടി ചിന്തിച്ചുകാണില്ല - കാമദാഹം തീര്‍ത്തശേഷം ചെളിയിലും വെള്ളത്തിലും മുഖംപൂഴ്ത്തി ശ്വാസം മുട്ടിച്ച് ഇവന്‍ തന്നെ കൊല്ലുമെന്ന്.... അതിര്‍ത്തി കടന്ന് തിരികെ വരുന്നത് തന്റെ ജീവനറ്റ ശരീരമാകുമെന്ന്....
കാട്ടില്‍ നിന്നിറങ്ങിയ കടുവ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ കൊന്നു. ചത്തപശുക്കളുമായി നാട്ടുകാര്‍ റോഡുപരോധിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കടുവാസങ്കേതത്തിന്റെ ബഫര്‍സോണ്‍ ദീര്‍ഘിപ്പിക്കുന്നതിനെതിരെ വയനാട്ടില്‍ സമരങ്ങള്‍ ചൂടുപിടിക്കുകയാണ്. എന്നാല്‍ മനുഷ്യമൃഗങ്ങള്‍ കൂര്‍ത്ത ദ്രംഷ്ട്രകളോടെ നാട്ടില്‍ വിഹരിച്ചുകൊണ്ടിരിക്കുകയാണ്....
കാലംതെറ്റി പൂത്ത ഒരു കൊന്നമരം, ഇളംപച്ച ടോപ്പും മഞ്ഞപാന്റുമണിഞ്ഞുനില്‍ക്കുന്ന യുവതിയെപോലെ നഗരത്തിലെ റോഡരികിലുണ്ട്. വിഷുകാലത്ത് നിറയെ പൂത്ത് നില്‍ക്കുന്ന കണികൊന്ന പൂക്കളുടെ കാഴ്ച കണ്‍കുളിര്‍ക്കെ കാണണമെങ്കില്‍ തിരുനെല്ലി കാട്ടിലേക്കു പോകണം.... അപ്പോള്‍ നിരാലംബയായ ഒരു പെണ്ണിന്റെ ഗദ്ഗദംപോലെ ദൂരെ കൊട്ടുവടിയുടെ താളം കേള്‍ക്കാം. കാട്ടില്‍മേയുന്ന കന്നുകാലികളുടെ കഴുത്തിലണിയിക്കുന്ന മരംകൊണ്ടുണ്ടാക്കിയ സംഗീതോപകരണമാണ് കൊട്ടുവടി. കൊട്ടുവടിയുടെ താളം കേട്ട ദിക്കറിഞ്ഞാണ് വൈകുന്നേരം നാല്‍ക്കാലികളെ കൂട്ടത്തോടെ ആലയിലേക്ക് തെളിക്കുന്നത്. തേക്കുമരങ്ങള്‍ക്കിടയിലൂടെ കേള്‍ക്കുന്ന കൊട്ടുവടിയുടെ താളം ചവിട്ടി മെതിക്കപ്പെട്ട ആദിവാസിപ്പെണ്ണുങ്ങളുടെ നെഞ്ചിടിപ്പാണോ? അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ ''ദയാവായ്പ്'' അവരുടെ നെഞ്ചിനുള്ളിലെ കരിങ്കല്ലിന്റെ ഭാരം കുറക്കുമോ?
തിരുനെല്ലികാട്ടില്‍ പുഷ്പിണിയായി നില്‍ക്കുന്ന യുവതികളുടെ മുടിയും കാതുമറുത്ത്  കെട്ടുകളാക്കി വിഷുക്കണിയൊരുക്കുന്നവര്‍ക്ക് അഞ്ചുരൂപക്കും പത്തുരൂപക്കും വില്‍ക്കുവാന്‍ നഗരത്തിലേക്ക് വണ്ടികയറുന്നവര്‍....
മെയ്മാസക്കാലത്ത് ഇലകള്‍ കൊഴിഞ്ഞ തേക്കുമരങ്ങള്‍ക്കു കീഴെ നിറയെ പൂത്തുചുവന്ന കൂവപൂക്കള്‍ കാണാം. കാട്ടില്‍ ചുവപ്പുപരവതാനി വിരിച്ച കാഴ്ചയാണത്. കിളച്ചുമതിക്കപ്പെട്ട കാതറുക്കപ്പെട്ട പാവം പെണ്ണിന്റെ  കണ്ണില്‍നിന്നും ഇറ്റിവീണ ചെഞ്ചോര പൂക്കളാണത്...
ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥകളുടെ സ്വീകരണ ചിലവിനുവേണ്ടി പുസ്തകങ്ങള്‍ വില്‍ക്കാന്‍ കൂട്ടുകാരുമായി സഞ്ചിയും തൂക്കി നടന്ന പഴയകാലം.... കേരള-തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നീലഗിരി ജില്ലയിലെ അയ്യന്‍കൊല്ലി, അമ്പലമൂല സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് നല്‍കിയ പുസ്തകത്തിന്റെ പണം ശേഖരിച്ചു വെക്കാമെന്നേറ്റ മാഷിന്റെ വീടുതേടി മറ്റൊരുനാള്‍ മണ്‍പാതയിലൂടെ കാല്‍നടയായി പോയത്.... ഒരു തിരിവില്‍വെച്ച് വഴിചോദിച്ചത് രണ്ട് യുവാക്കളോടായിരുന്നു. 'ഞങ്ങളാ വഴിക്കാണ് കൂടെപോര്' എന്നുപറഞ്ഞ അവരോടൊപ്പം നടക്കുമ്പോള്‍ യുവാക്കളുടെ സംസാരത്തിന് കാതുകൊടുക്കാതിരിക്കാനായില്ല. ആദിവാസി കോളനിയിലെ രണ്ടു പെണ്‍കുട്ടികളെക്കുറിച്ചാണ് ആര്‍ത്തിയോടെ അവര്‍ സംസാരിക്കുന്നത്. ഒരുകുട്ടിയെ 'കൈവെച്ചു'. അവളുടെ മാനം കവര്‍ന്നു കഴിഞ്ഞു. ഇളയവള്‍ കുറച്ചുകൂടി പാകമാകാനുണ്ട് എന്നാണൊരുവന്‍ പറഞ്ഞത്. കേരളത്തിലും തമിഴ്‌നാട്ടിലുമായുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ എത്രയോ ആദിവാസി കോളനികളുണ്ട്. അതില്‍ പണിയരുണ്ട്, നായ്ക്കരുണ്ട്, കുറുമരുണ്ട്.... ഏതു കോളനിയിലെ ഏതുകുട്ടികളെകുറിച്ചാണാവോ ഇവര്‍ പറയുന്നത്.... അരക്ഷിതമായ ആ പാവം ജീവിതങ്ങളെക്കുറിച്ചോര്‍ത്ത് വേദനിക്കാന്‍ മാത്രമേ അപ്പോള്‍ എനിക്കു കഴിഞ്ഞുള്ളൂ. നമ്മള്‍ എന്തുമാത്രം നിസ്സഹായരാണെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമായിരുന്നുവത്.
ഇറാക്കിലും പാലസ്തീനിലും അമേരിക്കന്‍ സേനയുടെ പടയോട്ട സമയത്ത് എത്രയെത്ര സ്ത്രീകളാണ് ചവിട്ടിമെതിക്കപ്പെട്ടത്. ശ്രീലങ്കയില്‍ യുദ്ധകാലത്ത് പട്ടാളക്കാര്‍ കാമവെറിതീര്‍ത്തത് എത്രയെത്ര സ്ത്രീകളോടും പെണ്‍കുട്ടികളോടുമാണ്. യുദ്ധഭൂമിയില്‍ ഭയത്തിന്റെ മുള്‍മുനയില്‍ ഹോമിക്കപ്പെടുന്ന ഒരു കാലാവസ്ഥയിലല്ല സാധാരണ ജീവിതത്തിലേക്കുള്ള കടന്നുകയറ്റം. ഒരു ജനാധിപത്യരാജ്യത്തെ ഗ്രാമങ്ങളുടെ കനത്ത നിശബ്ദതയില്‍നിന്നും ചുടുകാറ്റടിക്കുന്നത് നീലഗിരിയില്‍ നിന്നുള്ള മടക്ക കാല്‍നടയാത്രയില്‍ ഞാനറിഞ്ഞു. എന്റെ ശരീരം വിയര്‍ക്കുകയും ഉള്ളുവിങ്ങുകയുമായിരുന്നു. കിതപ്പില്‍ വെള്ളത്തിനുവേണ്ടി ദാഹിച്ചു. ചെമ്മണ്‍പാതക്കരുകില്‍ കിണറുകള്‍ കണ്ടു. തൊട്ടിയിറക്കി വെള്ളംകോരി ഒരിറക്ക് വെള്ളം കോരിക്കുടിക്കാന്‍ തോന്നിയില്ല. ആ ഗ്രാമത്തിലെ കിണറ്റിലെ ജലം വിഷമയമാണോ എന്നു ഞാന്‍ വെറുതെ സംശയിച്ചു. വല്ലാത്ത പരവേശത്തോടെയും വരണ്ട തൊണ്ടയോടെയുമാണ് അന്നു ഞാന്‍ വീടണഞ്ഞ് കിടക്കയിലേക്കു വീണത്....
നൂല്‍പ്പുഴകാട്ടില്‍ സരോജിനികൊല്ലി എന്ന പേരിലൊരു കൈതക്കാടുണ്ട്. സരോജിനിയെന്നു പേരുള്ള പെണ്ണിനെ കൊന്ന് കെട്ടിത്തൂക്കിയത് കൈതക്കാടിനരികിലെ വേങ്ങമരത്തിലാണ്. കഴുകനും കാക്കയും കൊത്തിപറിച്ച് മാംസം അഴുകിവീണ് എല്ലിന്‍കൂടായ രൂപം പായനെയ്യാന്‍ കൈതയോല വെട്ടാന്‍വന്ന പെണ്ണുങ്ങളാണ് കാണുന്നത്. ആ അസ്ഥികൂടം കാട്ടില്‍തന്നെ കുഴിച്ചുമൂടി. അതിനുശേഷമാണ് സരോജിനികൊല്ലി എന്ന പേരുവീണത്. പീന്നീട് കൊല്ലിയില്‍ പൂക്കുന്ന കൈതപ്പൂക്കള്‍ക്ക് സരോജിനിയുടെ ചന്തിവരെ ഞാന്നുകിടന്നിരുന്ന കാര്‍കൂന്തലിന്റെ സുഗന്ധമുണ്ടായിരുന്നോ എന്തോ? അവളെ പ്രാപിച്ചശേഷം കഴുത്തുഞെരിച്ചുകൊന്ന മനുഷ്യമൃഗത്തിന് ആ മണം തിരിച്ചറിഞ്ഞേക്കാം. അവനാരാണെന്ന് ഇന്നും കണ്ടെത്താനായിട്ടില്ല,
'ബലാല്‍സംഗ'ത്തെക്കുറിച്ച് നടന്ന ഒരു സെമിനാറില്‍ എല്ലാ വിഷയ അവതരണവും പ്രസംഗങ്ങളും ശ്രദ്ധയോടെകേട്ട ഒരു പെണ്‍കുട്ടി വേദിയിലേക്കു കയറി സ്വന്തം പിതാവിനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന മാനസികസംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം ഞെട്ടുകയായിരുന്നു. പ്രസംഗം കഴിഞ്ഞശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ വേദിവിട്ടിറങ്ങി പുറത്തേക്കോടി.
പുറത്ത് ഗാര്‍ഡനിലെ ഗാന്ധിപ്രതിമക്കുകീഴെ ഇരുന്ന് തേങ്ങിക്കരയുന്ന പെണ്‍കുട്ടിയുടെ അടുക്കലേക്ക് ചെന്ന അദ്ധ്യാപകരോടും കൂട്ടുകാരികളോടുമായി അവള്‍ പറഞ്ഞത് ''ഞാനെന്റെ അച്ഛനെ വെറുക്കുന്നു'' എന്നാണ്. എന്‍.പി. ഹാഫിസ് മുഹമ്മദ് വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ 'റോക്ക് ഗാര്‍ഡന്‍' എന്ന കഥയുടെ ചുരുക്കമാണിത്. കോളേജ് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത എന്‍.എസ്.എസ്. ക്യാമ്പില്‍വെച്ച് മാഷിന് കേള്‍ക്കാനിടവന്ന ഒരനുഭവം കഥക്ക് വിഷയമാവുകയായിരുന്നു.
പിച്ചിപറിച്ച 'പപ്പാത്തി'ക്ക് കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് 'തത്തമ്മ' ബാലമാസികയില്‍ ഒ.എന്‍.വി. ഒരു കവിത കുറിച്ചിരുന്നു. ആ പിഞ്ചുകുഞ്ഞിന്റെ വേദന ഹൃദയത്തെ മഥിച്ചപ്പോള്‍ ഉള്ളില്‍നിന്നു തികട്ടിവന്ന വാക്കുകള്‍ കടലാസില്‍ പകര്‍ത്തി അദ്ദേഹം ആശ്വാസം കൊണ്ടതാവാം.
ഓരോ പീഢന വാര്‍ത്തകളും നമ്മുടെ മനസ്സിനെ എത്രമാത്രമാണ് വേദനിപ്പിക്കുന്നത്....
ദൈവത്തിന്റെ അനിശ്ചിതത്വത്തില്‍ പെട്ടുപോകുന്നവരാണോ പീഢിതരാവുന്ന ഓരോ സ്ത്രീജന്മങ്ങളും....
രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനകീയ സംഘടനകളുടെയും മതങ്ങളുടെയും സമുദായങ്ങളുടെയും സ്വാധീനവും ആള്‍ബലവുമില്ലാത്ത ഒരിടംപോലും കേരളഭൂമിയിലില്ല. 
നാടിന്റെ സംരക്ഷകരാകുവാന്‍ ആശ്വാസമാകാന്‍.. കാവല്ക്കാരാകുവാന്‍ തെറ്റിനെതിരെ പ്രതികരിക്കുവാന്‍ ഇതില്‍ എത്ര സംഘനകള്‍ക്കും  മതങ്ങള്‍ക്കും കഴിയുന്നുണ്ട് ? ഇവര്‍ അവരവരുടെ സംരക്ഷകര്‍ മാത്രമാകുന്നത് കൊണ്ടാണ് അതിനു കഴിയാത്തത് .
ഇത്തരം അരുതായ്മകള്‍ക്ക്  എതിരെ ശക്തമായ  ഒരു പ്രതിരോധ നിര ഗ്രാമങ്ങളിലും  നഗരങ്ങളിലും രൂപപെടുത്തേണ്ടത് കാലഘട്ടത്തിന്റെ  ആവശ്യമാണ് . അതിന്റെ മുന്‍നിരയില്‍ നില്‍ക്കേണ്ടത്  നമ്മള്‍ ഓരോരുത്തരുമാണ് .
--------------------------------------------------

2015 March 8 ലെ ചില വനിതാദിന ചിന്തകൾ ...
രാത്രി ഒൻപതു മണി കഴിഞ്ഞാൽ പുറത്തിറങ്ങുന്ന പെണ്‍കുട്ടികൾ ശരിയല്ല . ബലാത്സംഗ സമയത്ത് അവൾ നിശബ്ദമായി സഹകരിച്ചിരുന്നുവെങ്കിൽ കൊല്ലപ്പെടില്ലായിരുന്നു എന്നു പറഞ്ഞത് കോടതി തൂക്കു കയർ വിധിച്ച ഒരു കുറ്റ വാളിയാണ് . ദൽഹി കൊടും പീഡന കേസിൽ ശിക്ഷിക്കപ്പെട്ട് അഴിയെണ്ണുന്ന അയാൾ ബി.ബി.സി അഭിമുഖത്തിൽ അഭിസംബോധന ചെയ്തത് ലോകത്തെയാണ് . രാജ്യത്തെ സാമാന്യ ജനങ്ങളെയും സംസ്കാരത്തെയും അപഹസിച്ചു കൊണ്ട് അയാൾക്കിത് പറയാനും നാല്പതിനായിരം രൂപ പ്രതിഫലം ലഭിക്കാനും സാഹചര്യം ഒരുക്കപ്പെട്ടത് തീഹാർ ജയിലിലാണ് .ജയിൽ ചട്ടം ലംഘിച്ച് അധികാരികളുടെ സമ്മതത്തോടെയാണത് നടന്നത് . സെൽഫ്‌ പ്രൊമോഷന് വേണ്ടി കരാർ ഒപ്പു വെച്ച ഇവന്റു മാനേജ്മെന്റ്കാർ വായിൽ തിരുകി കയറ്റുന്ന "സ്വച്ച് ഭാരത്‌ " മുദ്രാവാക്യവുമായി ഇന്ത്യ തൂത്തു വൃത്തിയാക്കുവാൻ മാധ്യമ പ്രചാരവേലയുമായി ഇറങ്ങിയ കേന്ദ്ര ഭരണാധികാരികൾ ഭാരതാംബയുടെ മുഖത്തുവീണ മുകേഷ് സിങ്ങ് എന്ന കൊടും ക്രിമിനലിന്റെ വായാടിത്തത്തിലെ തുപ്പൽ തൂത്തു വൃത്തിയാക്കുവാൻ ഒരു ചെറു വിരലെങ്കിലും അനക്കുമോ ?
ഡൽഹിയിൽ ബസ്സിൽ പീഡിപ്പിച്ച് കൊന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചത് ബി.ബി.സി അഭിമുഖം എല്ലാവരും കാണണമെന്നാണ് . കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഒരു കുറ്റവാളിക്ക് ഇങ്ങനെ പറയാമെങ്കിൽ രാജ്യത്തെ നിയമ സംഹിതയുടെ അവസ്ഥ എന്തു മാത്രം ദുർബലമാണെന്ന് എല്ലാവരും ചർച്ച ചെയ്യണമെന്നതിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടിയത് .
പല രീതിയിലുള്ള ചവിട്ടിമെതിക്കലിൽ ഞെരിഞ്ഞു പോകാതെ സ്ത്രീത്വം ആത്മവിശ്വാസ മുയർത്തി നെഞ്ചുവിരിച്ചു തല ഉയർത്തി നിന്നേ മതിയാകൂ. അതിന് ചകിതയാവാതെ മനസ്സ് കരുത്തുറ്റതാക്കണം .കൂട്ടായ്മ വളർത്തണം .തിരിച്ചറിവു നേടണം .നിഷേധിക്കുന്ന അവകാശങ്ങൾ ചോദിച്ചു വാങ്ങണം .

-------------------------------------------------------------------
സുനില്‍ കെ ഫൈസല്‍ 09961077070
(തലക്കെട്ടിന് മാര്‍ക്കേസിനോട് കടപ്പാട്)
------------------------------------------------------------------