Monday, December 26, 2016

നീല പൊൻമാൻ

പാലത്തിൽ നിന്നും പുഴയിലേക്കുള്ള നോട്ടത്തിൽ സ്ത്രീകളുടെ കുളിക്കടവുണ്ട്.
പുഴക്കരികെ നിന്ന ഒരു മരത്തിന്റെ ചില്ലകൾ ഇലപൊഴിഞ്ഞ് വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്നു..
ആ ശിഖരങ്ങളിൽ ഒരു നീല പൊൻമാൻ പുഴയിലേക്കും നോക്കി തപസ്സിരിക്കുന്നു. കൈയിലിരുന്ന ക്യാമറ യുടെ ഹൃദയം മിടിച്ചതാണ്.
കടവിൽ രണ്ടു സ്ത്രീകൾ നീന്തുന്നതിനാൽ സൂം ചെയ്യാനും ക്ലിക്കാനും മടിച്ചു നിന്നപ്പോൾ നീല പൊൻമാൻ ഓളപ്പരപ്പിന് മുകളിലൂടെ ചിറകു വീശി പറന്നു പോയി..
ഒരു ചിത്രകാരനായിരുന്നെങ്കിൽ ആ ഓർമയിൽ ക്യാൻവാസിൽ കുളിക്കടവിന്റെ പശ്ചാത്തലത്തിൽ ഇലപൊഴിഞ്ഞ് താഴ്ന്നു നിന്ന മരച്ചില്ലയിൽ ഒരു നീല പൊൻമാനെ വരക്കാമായിരുന്നു..
ഒരു നിമിഷം മനസ്സിനെ സ്പർശിച്ച സുന്ദര ദൃശ്യം പറന്നകലാതെ ആ പക്ഷി ക്യാൻവാസിൽ തന്നെ ഉണ്ടാകുമായിരുന്നു.
അത് ആർക്കും സമ്മാനിക്കാതെ എന്റെ ചുവരിൽ തന്നെ തൂക്കാമായിരുന്നു.

മാക്കുറ്റിയിലെ ക്രിസ്മസ് രാവുകൾ..

ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു പുലർന്നതു പോലെ, ക്രിസ്മസും ഞായറാഴ്ചയും ഒരു മനസ്സായി...
ആശംസകൾ എന്റെ സുഹൃത്തുക്കൾക്ക്.
മാക്കുറ്റിയിലെ കുട്ടിക്കാലം, പ്രീഡിഗ്രി വരെയുള്ള മാക്കുറ്റിക്കാലം.
ഏ.എൽ റെജിയുടെയും, കുന്നത്ത് ബിജു + ആന്റി + കുഞ്ഞച്ചായന്റെ വീട്ടിലും, ഏജെ വർഗ്ഗീസേട്ടന്റെ വീട്ടിലും, കാൽപ്പടി ജോസേട്ടന്റെ വീട്ടിലും, കാൽപ്പടിക്കൽ റെജി + കുര്യാക്കോസ് വീട്ടിലും, നീലാങ്കൽ ബേബിച്ചേട്ടന്റെ വീട്ടിലും ഒരു കുടുംബാംഗമായി പുൽക്കൂടൊരുക്കിയത് , ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നത്..
മാക്കുറ്റി മാസ് ക്ലബ്ബിലെ കൂട്ടുകാരോടൊപ്പം കരോൾ നടത്തി, രാത്രിയിൽ മാക്കുറ്റി, കോടതിപ്പടി, മലങ്കര, റഹ്മത്ത് നഗർ എന്നിവിടങ്ങളിലെ വീടായ വീടുകൾ മുഴുവൻ വിളിച്ചുണർത്തിയത്..
ഡിസംബറിലെ എല്ലിൽ പിടിക്കുന്ന വയനാടൻ കോച്ചിപ്പിടുത്തം മാറാൻ മൂന്നാലു ഷർട്ടും ഷാളും പുതക്കും.. മിക്കവാറും വീടുകളിൽ നിന്നും കിട്ടുന്ന ചൂടു കട്ടൻ കാപ്പിയുടെ ഉത്തേജനത്തിൽ കരോൾ ഗാനങ്ങൾക്ക് ആവേശം കൂടും. വെളിച്ചം കാട്ടാൻ പെട്രോൾ മാക്സുമായി സീകാക്കായുടെ മുസ്തഫയും സി.കെ.സലീമും മുൻപിലും പിന്നിലുമായി മാർച്ച് ചെയ്യും.
ഗായക സംഘത്തെ നയിച്ചിരുന്നത് ജോസേട്ടനും വർഗ്ഗീസേട്ടനും ബേബിയേട്ടനും റജിയും ടി ടി സഹോദരങ്ങളായ സുലൈമാൻക്കയും നാസറും എംഎ.നാസറും..
ഏറ്റു പാടാൻ സംഗീത മണം തൊട്ടു തീണ്ടാത്ത ഞങ്ങൾ കുറേ പിള്ളേരും.. ഹമീദും സൈനുദ്ദീൻക്കയുമൊക്കെ തോളോടുതോൾ ചേർന്നുണ്ടാകും.
ഇടക്ക് റഫീക്കും ആവേശം കൂട്ടാൻ ഞങ്ങളോടൊപ്പം ചേരും.. പ്രായമായ സീകാക്കയും അലവിക്കയും യുവാക്കളായ പ്രീതിയേട്ടനും ബാബുവേട്ടനുമൊക്കെ കരോൾ സംഘത്തോടൊപ്പമുണ്ടാകും.. ഷാജിയാവും മിക്കപ്പോഴും സാന്താക്ലോസ് അപ്പൂപ്പനാവുക. ഡ്രമ്മ് ഞങ്ങൾ വാടകക്കെടുക്കും.. വലിയ രണ്ടു നക്ഷത്രങ്ങൾ മുളചീന്തി വളച്ച് കൈപ്പിടിയോടു കൂടി തയ്യാറാക്കും..
''യഹൂദിയായിലെ ഒരു ഗ്രാമത്തിൽ... ഒരു.. മാസത്തിൽ കുളിരും രാവിൽ..'' കരോൾ ഗാനം പാടി കൈകൊട്ടി ,ഡ്രമ്മടിച്ച് മഞ്ഞു വീണ വയൽ വരമ്പിലൂടെ, ഇടവഴികളിലൂടെ.. മൺറോഡിലൂടെ.. കാപ്പി - കുരുമുളക് തോട്ടങ്ങൾക്കിടയിലൂടെ...
രാജനും അയ്യപ്പനും മോഹനേട്ടനുമുള്ള കോളനിയിൽ, പി വി വേലായുധേട്ടന്റെ വീട്ടിൽ, ധനജന്റെ വീട്ടിൽ, കുമാരേട്ടന്റെയും + പ്രകാശേട്ടന്റെയും വീട്ടിൽ, രാമകൃഷ്ണേട്ടന്റെ, ജോണിച്ചായന്റെ, കുഞ്ഞമ്മദ്ക്കാന്റെ, അബ്ദു റഹിമാൻക്കാന്റെ വീട്ടിൽ..
എല്ലാവരും ഊഷ്മളമായി സ്വീകരിക്കും.
കുഞ്ചായന്റെ വീട്ടിൽ നിന്നും റോസമ്മ, പെണ്ണമ്മ, സാലി ,നീലാങ്കൽചേച്ചിമാരുടെ അടുക്കൽ നിന്നും ചൂടു കാപ്പിയുടെ കൂടെ അച്ചപ്പവും, കുഴലപ്പവും, അവലോസുണ്ടയും കിട്ടും..
സൗഹൃദത്തിന്റെ , കൂട്ടായ്മയുടെ , സ്നേഹ ബന്ധത്തിന്റെ , ഒരുമയുടെ ഒരു താളം എനിക്കനുഭവമായത് മാക്കുറ്റി ഗ്രാമ ജീവിതവും അന്ന് എന്റെ ഹൃദയത്തെ തൊട്ട മാസ് ക്ലബ്ബ് സംഘാടനവുമാണ്.
എന്നെ എപ്പോഴും സങ്കടപ്പെടുത്തുന്ന നഷ്ടബോധങ്ങളിലൊന്ന് മാക്കുറ്റിയിൽ നിന്നും എന്റെ ജീവിതം പറിച്ചു നടപ്പെട്ടതാണ്.
തിരികെ പോകാൻ എപ്പോഴും ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്ന്. പക്ഷേ പ്രിയപ്പെട്ട പലരും കാലയവനികക്കുള്ളിൽ മറഞ്ഞു. കാൽപ്പടി ജോസേട്ടൻ, കുഞ്ചായൻ, സി കെ അബ്ദുറഹിമാൻക്ക, സി കെ ആലിക്ക, കുഞ്ഞമ്മദ്ക്ക. മൂഴിക്കൽ ഭാസ്ക്കരേട്ടൻ..
മാക്കുറ്റിയിലെ കുഞ്ഞമ്മദ്ക്കയുടെ കുമ്മട്ടി + തട്ടുകടയും വിസ്മൃതിയിലായി.
പക്ഷേ എന്റെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന നല്ല ഓർമ്മകളുടെ തുരുത്താണ് മാക്കുറ്റി ഗ്രാമം.
അവിടത്തെ ജീവിതകാല അനുഭവങ്ങളാണ് ഇപ്പോഴും എന്റെ ഉള്ളിലെ കാതൽ..
വയനാട്ടിൽ, സുൽത്താൻ ബത്തേരിക്കടുത്ത്,മാക്കുറ്റിയിൽ ജീവിക്കുന്ന എഴുത്തുകാരൻ ഹാരിസ് നെന്മേനി ആ നാടിന്റെ സുകൃതങ്ങളിലൊന്നാണ്.
വീണ്ടുമൊരു മാക്കുറ്റി ജീവിതം തിരിച്ചു പിടിക്കാനാവാത്ത ദൂരത്താണെന്നെനിക്കറിയാം.
ഇന്നത്തെ ക്രിസ്മസ് രാവിൽ ,തൊട്ടടുത്ത പള്ളിയിൽ നിന്ന് പാതിരാ കുർബാനക്ക് മണി ഉയരുമ്പോൾ മാക്കുറ്റിയിലെ ക്രിസ്മസ് രാവുകളും ചില സന്തോഷങ്ങളും ഞാൻ ഓർക്കാതിരിക്കുന്നതെങ്ങനെ...24.12.2016

Monday, August 8, 2016

വെടി വഴിപാട് - 07.08.2016.

1. പശുവിന്റെ പേരിൽ അക്രമം വേണ്ട - ഗോ സംരക്ഷകർ ഭൂരിഭാഗവും സമൂഹവിരുദ്ധർ -പ്രധാനമന്ത്രി നരേന്ദ്ര മോദി @ മൈ ഗവൺമെന്റ്.
=അപ്പോൾ ദളിതന്റെ നേരെ ഓങ്ങുന്ന കൈകളോ?
***
2.മാണി സമദൂരത്തിൽ, ആരും വിരട്ടണ്ട -മാണി.
കോൺഗ്രസ്സിനെ വിരട്ടാൻ ആർക്കുമാവില്ല -ചെന്നിത്തല.
= വെടിക്ക് മറുവെടി.
***
3. കുറ്റിപ്പുറത്തു നിന്നും കോളറ ഭീഷണി ഒഴിയുന്നില്ല - വാർത്ത
=ലീഗ് ഗൂഢാലോചനയുണ്ടോ? മന്ത്രി ജലീലിന്റെ തവനൂർ മണ്ഡലത്തിലാണല്ലോ കുറ്റിപ്പുറം.
***
4. ''മനുഷ്യനൊപ്പം നിൽക്കുന്നവരും മനുഷ്യനൊപ്പം മാറുന്നതുമാകണം പോലീസ് '' -മുഖ്യമന്ത്രി കൊച്ചിയിൽ.
=ഹെൽമറ്റ് ധരിക്കാത്തതിന് വയർലസ് സെറ്റ് കൊണ്ട് പോലീസ് തലക്കടിച്ച കൊല്ലത്തെ യുവാവിന്റെ നില ഗുരുതരം. പോലീസിപ്പോഴും മർദ്ദക വീരന്മാർ തന്നെ.
***
5. മാണിയെ സി പി എം പ്രോത്സാഹിപ്പിക്കും. തൽക്കാലം സ്വാഗതം ചെയ്യില്ല. - വാർത്ത.
=കൊതിപ്പിച്ച് കൊതിപ്പിച്ച് ഉമ്മറത്തു നിർത്തും.രണ്ടില സഹായം വേണോന്ന് പിന്നീട് തീരുമാനിക്കും.മാണി വന്നാ കോട്ടയം പതിച്ചു കിട്ടും!. രണ്ടില തണലിൽ ഭരണം പത്തുകൊല്ലത്തേക്ക് നീട്ടുകേം ചെയ്യാം.
***
6.ഗുരു സന്ദേശം തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രതൈ.
=ജാതി ചോദിക്കരുതെന്ന് പറഞ്ഞത് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ അനുയായി നടേശ ഗുരു വാക്യം - ജാതി ചോദിച്ചാലെന്താ ? പറഞ്ഞാലെന്താ? ന്നാണ്. ഏതു ഗുരു സന്ദേശത്തിനാണാവോ ശ്രീനാരായണ രീയരിൽ മുൻതൂക്കം!
***
7. ഫറോക്കിൽ രണ്ടര വയസ്സുള്ള എൽ കെ ജി വിദ്യാർത്ഥിയെ തെരുവുനായ കടിച്ച് നൂറു മീറ്ററോളം വലിച്ചിഴച്ചു.
=പഞ്ചായത്ത് മുനിസിപ്പാലിറ്റിയായപ്പോ പുരോഗതീണ്ട്.!
***
8. സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷികം ആഘോഷിക്കാൻ ബി.ജെ.പീടെ തിരംഗാ യാത്ര!
=ആഘോഷത്തിലേന്തുന്നത് ത്രിവർണ്ണ പതാകയോ കാവിക്കൊടിയോ?
***
9. ട്രഷറിയിലെ ശമ്പള ബില്ലിൽ ഇനി ഡിജിറ്റൽ ഒപ്പ് നിർബന്ധം.
=ഡിജി.ഒപ്പാൻ കഴിയാത്തവരെ നിരക്ഷര കുക്ഷികളായി പ്രഖ്യാപിക്കും
***
10. എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സ് മുറികൾ ഇക്കൊല്ലം തന്നെ ഹൈെടെക് ആക്കും.- വിദ്യാഭ്യാസ മന്ത്രി.
=മുൻപാ ക്ലാസ്സ് മുറിയിൽ പഠിച്ചിറങ്ങിയവർക്കൊക്കെ ലോ ക്ലാസ്സ് സർട്ടിഫിക്കറ്റ് കിട്ടോ?
***
11. ഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനുമെതിരെ ത്വരിത പരിശോധനക്ക് വിജിലൻസ് കോടതി ഉത്തരവ്.
=രാഷ്ട്രീയ തമ്പുരാക്കൻമാർക്കെതിരെയുള്ള അന്വേഷണമല്ലേ. അവസാന വിധി മന്ത്രം സ്വാഹ.. സ്വാഹ..
***
12. സഭാവസ്ത്രം ഉപേക്ഷിച്ച് ബഹിർവാസത്തിന് - സന്യാസജീവിതത്തിന് തീരുമാനിച്ച കന്യാസ്ത്രീക്കെതിരെ മഠം മോഷണ-പീഢന കുറ്റം ചുമത്തി കേസ് നൽകി.
=സ്വർഗ്ഗസ്ഥനായ പിതാവേ ഇവർക്ക് ഇഹലോകത്തു വെച്ചു തന്നെ മോക്ഷം നൽകേണമേ..
© ടunil k faizal

Saturday, August 6, 2016

വെടിക്കെട്ട് 06.08.2016 പത്രവാർത്ത

*1*.മന്ത്രി ജലീലിന് സൗദി യാത്രക്കുള്ള നയതന്ത്ര പാസ്പോർട്ട് കേന്ദ്ര സർക്കാർ നിഷേധിച്ചു.     - വാർത്ത.                                                                            *>*വിദേശ പൂട്ടുകളുടെ താക്കോൽ ചോദിച്ചാരും വരണ്ടാ - എന്നാണവരുടെ    നയം.
സംഗതി പൊളിറ്റിക്കലാണേ!                                                          
   * * * *        
2. ബിവറേജസ് മദ്യ ശാലകളും ഓൺലൈനാകുന്നു!.
> മദ്യം ഓൺലൈനിലൂടെ ലഭിക്കുമോ? നടു റോഡിൽ ക്യൂ നിൽക്കാൻ പലർക്കും 'മാന്യത' ഒരു തടസ്സമാണേ!
    * * * *
3. ചെറുകാറുകൾക്ക് വില കുറയും.
  > ഗ്രാമ റോഡിലും ഇനി ട്രാഫിക് ജാമുണ്ടാകും! നാടു പുരോഗതിയിലേക്കു തന്നെ!
      * * * *
4. തസ്തിക നഷ്ടപ്പെട്ട ഗവ: സ്കൂൾ അദ്ധ്യാപകരെ എയ്ഡഡ് സ്കൂളിലെ ഒഴിവിൽ വിന്യസിക്കാനുള്ള സർക്കാർ നീക്കം മാനേജ്മെന്റ് ചെറുത്തു തോൽപ്പിച്ചു.
> സർക്കാറിൽ നിന്നും കോഴപ്പണം കിട്ടില്ലല്ലോ.മാനേജ്മെൻറ് കച്ചവടക്കാർ കാണിക്കുന്ന വീറിന്റെ നാലിലൊന്ന് സർക്കാർ കാണിച്ചാ മതി - എയ്ഡഡ് നിയമനം പിഎസ്സിക്കു വിടുക. നെഗളിപ്പ് അതോടെ നിക്കും. അതിന് ഇത്തിരി ഗഡ്സ് വേണം.
        * * * *
5. ഐ എസിനെ പിഴുതെറിയും- ഒബാമ.
> ഇവരെ സ്പോൺസർ ചെയ്ത് തീറ്റിപോറ്റണതും നിങ്ങയാണെന്നൊരു വർത്തമാനണ്ടല്ലോ?..
       * * * *
6. മാണിക്ക് ഇടതു മുന്നണിയിൽ സ്ഥാനമില്ല - പന്ന്യം രവീന്ദ്രൻ.
> മൂന്നാം മുന്നണീൽ സ്ഥാനോം കിട്ടും മോന് കേന്ദ്രത്തിൽ മന്ത്രിക്കുപ്പായോം കിട്ടും. പണ്ട് മുഖ്യമന്ത്രിയെന്ന മുന്തിരിങ്ങക്കുല കാട്ടി കൊതിപ്പിച്ചോരല്ലേ - ആർക്കു വേണം ഇനി നിങ്ങ സ്ഥാനം!

( *Sunil k faizal* )

Monday, July 4, 2016

വിനീതൻ..വിനീതർ...

വിനീതൻ.. അതി വിനീതൻ.. അധികാരമുണ്ട്.. പരിവാരമുണ്ട്.. ഉപജാപവൃന്ദങ്ങളുണ്ട്.. സിംഹാസനത്തിനു ചുറ്റും വെഞ്ചാമരം വീശാൻ തരുണീ മണികളുണ്ട്.. മധു പകർന്നു കൊടുക്കാൻ പരിചാരകരുണ്ട്. നൂറ്റമ്പതിൽ കുറയാത്ത അകമ്പടിക്കാർ.. നൂറായിരം പടകളുടെ അധിപൻ.. ധീരൻ... ഏഴു വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിൽ എഴുന്നള്ളുന്നവൻ... ജനങ്ങളുടെ കണ്ണീരൊപ്പുന്നവൻ.. ജനകീയൻ.. ഒട്ടും ഗർവ്വില്ലാത്തവൻ.. വിനീതനാണ് ഈ അധികാരി.. അതിവിനയം മുഖമുദ്രയാക്കിയവൻ.. അധികാരമുള്ളവന്റെ അതി വിനയം ഉൾനാടകശാലക്കു മുൻപിൽ ഞാന്നു കിടക്കുന്ന തിരശ്ശീല മാത്രമാണ്.. മുഖം മൂടി പിച്ചി ചീന്തും പോലെ തിരശ്ശീല നീക്കാൻ കെൽപ്പുള്ള ഒരാണോ പെണ്ണോ രാജ്യത്തുണ്ടോ? സൂക്ഷിക്കണം മൂർച്ചയേറിയ വാളുമായി തിരശ്ശീലക്കു മുൻപിൽ കായബലമുള്ള വിധേയരുണ്ട്. അംഗരക്ഷകർ സത്യത്തിന്റെ കാവലാൾ കൂടിയാണ്. സത്യത്തിന്റെ മൂടു പടം വെളിപ്പെടാതിരിക്കാൻ  കാവൽ നിൽക്കുന്നവർ..!      എണ്ണ കണ്ണിലൊഴിച്ച് എത്ര നാളിങ്ങനെ ? മടുക്കില്ലേ.. എത്ര വിധേയരാണെങ്കിലും ഒന്നു കെട്ടു പൊട്ടിക്കില്ലേ? തീർച്ചയായും .. തിരശ്ശീലക്കപ്പുറത്തെ മദനോത്സവത്തിന്റെ സീൽക്കാരങ്ങൾ ഞരമ്പുകളെ ത്രസിപ്പിച്ചപ്പോഴാണ് അയാൾ അലറിയത്.. വാൾ വീശിയത്.. മൂർച്ചയിൽ തിരശ്ശീലയുടെ കെട്ടറ്റ് വീണു. രംഗവേദിയിൽ അധികാരിയും തോഴി മാരും.. ഒറ്റ കാഴ്ചയിൽ കെട്ടിമറിയുന്ന വിഷ സർപ്പങ്ങൾ... വെളുത്ത ഉടലുകൾ.. നഗ്നതയുടെ ഉത്സവം... വാദ്യഘോഷം മുഴങ്ങി.. രാജ കേളിയെ കൊട്ടാരം വിദൂഷകർ വാഴ്ത്തി.. നഗ്നത വെളിപ്പെട്ട രാജാവ് കല്പിച്ചു ഇനിയീ രാജ്യത്താരും ഉടുതുണി അണിയേണ്ടതില്ല. ഇനി എല്ലാവർക്കും സർവ്വ സ്വാതന്ത്ര്യം... തുണി ഉരിഞ്ഞുകളഞ്ഞ് അടി വസ്ത്രങ്ങൾ പരസ്പരം അറുത്തു മുറിച്ച് ജനക്കൂട്ടം ആർത്തു വിളിച്ചു. ജയ് മഹാരാജ്.. ജയ് മഹാരാജ്..

Friday, February 12, 2016

പണ്ട് ഇന്ന്
പണ്ട്

അവർ ഒരേ പാർട്ടി. ഒരേ സംഘടന..
ലക്ഷ്യം ഒന്ന് .
ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾക്ക് ഒരേ താളം
ഒറ്റമനസ്സോടെ ഐക്യപ്പെട്ട് അവർ പോരാടി.
അവർ ചിതറിയ രക്തത്തിൽ നിന്നും ആകാശചെരുവിൽ ഒരായിരം നക്ഷത്രങ്ങൾ ഉദിച്ചുയർന്നു.
അത് വരും തലമുറക്ക് വെളിച്ചമായി.

ഇന്ന്  

അവർ ഒരേ പാർട്ടി തന്നെ..
പോരാട്ടം ഒരേ ലക്ഷ്യത്തിലേക്കുതന്നെ..
പക്ഷേ എനിക്കു നിന്നെയും നിനക്ക് എന്നെയും വിശ്വാസമില്ല.
ആര് ആരുടെ വയറ്റില്‍ കത്തികയറ്റുമെന്ന ഭീതിയിൽ ചുവടുവെപ്പുകൾ ഇടറുന്നു.
ആര് ആരെയാണ് ആദ്യം വെട്ടിയത്.?
ചിതറിവീണ ചോര നക്കികുടിക്കാൻ ആട്ടിൻ തോലണിഞ്ഞ ചെന്നായ..
ആ ചെന്നായ വാഴ്ത്തപ്പെടുന്നു
അയാൾക്കുവേണ്ടി സ്തുതിഗീതം ഉരുവിടുന്നു.
ഇപ്പോഴും ഉരുവിടുന്നു..
ദൈവമേ....
(ഞാനൊരു അന്ധവിശ്വാസിയായ ദൈവവിശ്വാസിയാണേ)
** ** **
രക്തസാക്ഷികൾ അമരന്മാർ അമരന്മാർ അവർ ധീരന്മാർ..
ഭീരുക്കൾക്ക്  ഒരിക്കലും രക്തസാക്ഷിയാവാനോ
ജീവിതം ബലികഴിച്ചവരോട് ഐക്യപ്പെടാനോ കഴിയില്ല.
അഥവാ അവർ രക്തസാക്ഷികളെ സ്തുതിക്കുുവെങ്കിൽ  അത് വെറും ''പ്രകടനം'' മാത്രമാണ്.

*** *** ***      *** *** ***  *** *** ***      *** *** ***

പണ്ട്

അന്നത്തിന് രാപ്പകൽ  നടുവൊടിഞ്ഞ് പണിയുന്നത് തമ്പ്രാന്റെ പാടത്താണെങ്കിലും
അന്നം  നല്‍കുന്ന തമ്പ്രാന്റെ ചൂഷണത്തിനെതിരെ പൊരുതാൻ  തൊഴിലാളികൾ ഒറ്റക്കെട്ടായിരുന്നു. രക്തപതാകയോടുള്ള കൂറ് അവരുടെ ആത്മവിശ്വാസമായിരുന്നു.

ഇന്ന്  

പാർട്ടിയോട് കൂറുണ്ട്,
സംഘടനയോട് കൂറുണ്ട്,
യജമാനനോടും കൂറുണ്ട്.
ഇതിനിടയില്‍ ഞാനെവിടെ? നീയെവിടെ?
എന്താണ് നമ്മുടെ മുദ്രാവാക്യം?
എന്താണ് നമ്മുടെ നിലപാട്?ചരിത്രം

ബ്രിട്ടീഷ്‌  ഇന്ത്യയിൽ  അവർക്ക് സാമന്തപണിയെടുത്ത കുറേ "തറവാട്ട്" കാരുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ആ  "തറവാട്ട്"കാര്‍  ഭരണപക്ഷ നേതാക്കളായി, രാജ്യ ഭരണത്തില്‍ പങ്കാളികളായി.
എക്കിട്ടുപോലെ ചരിത്രത്തിന്റെ  ചില  അടയാളപ്പെടുത്തലുകൾ ഇടക്കോർമ്മവരും.
എക്കിട്ടമർത്താൻ  നാലു പെഗ്ഗടിക്കണം.
'താജിൽ' പോകാൻ പോക്കറ്റിൽ കാശില്ല.
ബീവറേജിനുമുന്‍പിൽ ക്യൂ നില്‍ക്കാൻ സ്റ്റാറ്റസ് ഒരു ഭാരവും..
തൊണ്ട വരണ്ട് ചാകാൻ തന്നെ വിധി.