Monday, December 26, 2016

മാക്കുറ്റിയിലെ ക്രിസ്മസ് രാവുകൾ..

ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു പുലർന്നതു പോലെ, ക്രിസ്മസും ഞായറാഴ്ചയും ഒരു മനസ്സായി...
ആശംസകൾ എന്റെ സുഹൃത്തുക്കൾക്ക്.
മാക്കുറ്റിയിലെ കുട്ടിക്കാലം, പ്രീഡിഗ്രി വരെയുള്ള മാക്കുറ്റിക്കാലം.
ഏ.എൽ റെജിയുടെയും, കുന്നത്ത് ബിജു + ആന്റി + കുഞ്ഞച്ചായന്റെ വീട്ടിലും, ഏജെ വർഗ്ഗീസേട്ടന്റെ വീട്ടിലും, കാൽപ്പടി ജോസേട്ടന്റെ വീട്ടിലും, കാൽപ്പടിക്കൽ റെജി + കുര്യാക്കോസ് വീട്ടിലും, നീലാങ്കൽ ബേബിച്ചേട്ടന്റെ വീട്ടിലും ഒരു കുടുംബാംഗമായി പുൽക്കൂടൊരുക്കിയത് , ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നത്..
മാക്കുറ്റി മാസ് ക്ലബ്ബിലെ കൂട്ടുകാരോടൊപ്പം കരോൾ നടത്തി, രാത്രിയിൽ മാക്കുറ്റി, കോടതിപ്പടി, മലങ്കര, റഹ്മത്ത് നഗർ എന്നിവിടങ്ങളിലെ വീടായ വീടുകൾ മുഴുവൻ വിളിച്ചുണർത്തിയത്..
ഡിസംബറിലെ എല്ലിൽ പിടിക്കുന്ന വയനാടൻ കോച്ചിപ്പിടുത്തം മാറാൻ മൂന്നാലു ഷർട്ടും ഷാളും പുതക്കും.. മിക്കവാറും വീടുകളിൽ നിന്നും കിട്ടുന്ന ചൂടു കട്ടൻ കാപ്പിയുടെ ഉത്തേജനത്തിൽ കരോൾ ഗാനങ്ങൾക്ക് ആവേശം കൂടും. വെളിച്ചം കാട്ടാൻ പെട്രോൾ മാക്സുമായി സീകാക്കായുടെ മുസ്തഫയും സി.കെ.സലീമും മുൻപിലും പിന്നിലുമായി മാർച്ച് ചെയ്യും.
ഗായക സംഘത്തെ നയിച്ചിരുന്നത് ജോസേട്ടനും വർഗ്ഗീസേട്ടനും ബേബിയേട്ടനും റജിയും ടി ടി സഹോദരങ്ങളായ സുലൈമാൻക്കയും നാസറും എംഎ.നാസറും..
ഏറ്റു പാടാൻ സംഗീത മണം തൊട്ടു തീണ്ടാത്ത ഞങ്ങൾ കുറേ പിള്ളേരും.. ഹമീദും സൈനുദ്ദീൻക്കയുമൊക്കെ തോളോടുതോൾ ചേർന്നുണ്ടാകും.
ഇടക്ക് റഫീക്കും ആവേശം കൂട്ടാൻ ഞങ്ങളോടൊപ്പം ചേരും.. പ്രായമായ സീകാക്കയും അലവിക്കയും യുവാക്കളായ പ്രീതിയേട്ടനും ബാബുവേട്ടനുമൊക്കെ കരോൾ സംഘത്തോടൊപ്പമുണ്ടാകും.. ഷാജിയാവും മിക്കപ്പോഴും സാന്താക്ലോസ് അപ്പൂപ്പനാവുക. ഡ്രമ്മ് ഞങ്ങൾ വാടകക്കെടുക്കും.. വലിയ രണ്ടു നക്ഷത്രങ്ങൾ മുളചീന്തി വളച്ച് കൈപ്പിടിയോടു കൂടി തയ്യാറാക്കും..
''യഹൂദിയായിലെ ഒരു ഗ്രാമത്തിൽ... ഒരു.. മാസത്തിൽ കുളിരും രാവിൽ..'' കരോൾ ഗാനം പാടി കൈകൊട്ടി ,ഡ്രമ്മടിച്ച് മഞ്ഞു വീണ വയൽ വരമ്പിലൂടെ, ഇടവഴികളിലൂടെ.. മൺറോഡിലൂടെ.. കാപ്പി - കുരുമുളക് തോട്ടങ്ങൾക്കിടയിലൂടെ...
രാജനും അയ്യപ്പനും മോഹനേട്ടനുമുള്ള കോളനിയിൽ, പി വി വേലായുധേട്ടന്റെ വീട്ടിൽ, ധനജന്റെ വീട്ടിൽ, കുമാരേട്ടന്റെയും + പ്രകാശേട്ടന്റെയും വീട്ടിൽ, രാമകൃഷ്ണേട്ടന്റെ, ജോണിച്ചായന്റെ, കുഞ്ഞമ്മദ്ക്കാന്റെ, അബ്ദു റഹിമാൻക്കാന്റെ വീട്ടിൽ..
എല്ലാവരും ഊഷ്മളമായി സ്വീകരിക്കും.
കുഞ്ചായന്റെ വീട്ടിൽ നിന്നും റോസമ്മ, പെണ്ണമ്മ, സാലി ,നീലാങ്കൽചേച്ചിമാരുടെ അടുക്കൽ നിന്നും ചൂടു കാപ്പിയുടെ കൂടെ അച്ചപ്പവും, കുഴലപ്പവും, അവലോസുണ്ടയും കിട്ടും..
സൗഹൃദത്തിന്റെ , കൂട്ടായ്മയുടെ , സ്നേഹ ബന്ധത്തിന്റെ , ഒരുമയുടെ ഒരു താളം എനിക്കനുഭവമായത് മാക്കുറ്റി ഗ്രാമ ജീവിതവും അന്ന് എന്റെ ഹൃദയത്തെ തൊട്ട മാസ് ക്ലബ്ബ് സംഘാടനവുമാണ്.
എന്നെ എപ്പോഴും സങ്കടപ്പെടുത്തുന്ന നഷ്ടബോധങ്ങളിലൊന്ന് മാക്കുറ്റിയിൽ നിന്നും എന്റെ ജീവിതം പറിച്ചു നടപ്പെട്ടതാണ്.
തിരികെ പോകാൻ എപ്പോഴും ആഗ്രഹിക്കുന്ന ഇടങ്ങളിലൊന്ന്. പക്ഷേ പ്രിയപ്പെട്ട പലരും കാലയവനികക്കുള്ളിൽ മറഞ്ഞു. കാൽപ്പടി ജോസേട്ടൻ, കുഞ്ചായൻ, സി കെ അബ്ദുറഹിമാൻക്ക, സി കെ ആലിക്ക, കുഞ്ഞമ്മദ്ക്ക. മൂഴിക്കൽ ഭാസ്ക്കരേട്ടൻ..
മാക്കുറ്റിയിലെ കുഞ്ഞമ്മദ്ക്കയുടെ കുമ്മട്ടി + തട്ടുകടയും വിസ്മൃതിയിലായി.
പക്ഷേ എന്റെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന നല്ല ഓർമ്മകളുടെ തുരുത്താണ് മാക്കുറ്റി ഗ്രാമം.
അവിടത്തെ ജീവിതകാല അനുഭവങ്ങളാണ് ഇപ്പോഴും എന്റെ ഉള്ളിലെ കാതൽ..
വയനാട്ടിൽ, സുൽത്താൻ ബത്തേരിക്കടുത്ത്,മാക്കുറ്റിയിൽ ജീവിക്കുന്ന എഴുത്തുകാരൻ ഹാരിസ് നെന്മേനി ആ നാടിന്റെ സുകൃതങ്ങളിലൊന്നാണ്.
വീണ്ടുമൊരു മാക്കുറ്റി ജീവിതം തിരിച്ചു പിടിക്കാനാവാത്ത ദൂരത്താണെന്നെനിക്കറിയാം.
ഇന്നത്തെ ക്രിസ്മസ് രാവിൽ ,തൊട്ടടുത്ത പള്ളിയിൽ നിന്ന് പാതിരാ കുർബാനക്ക് മണി ഉയരുമ്പോൾ മാക്കുറ്റിയിലെ ക്രിസ്മസ് രാവുകളും ചില സന്തോഷങ്ങളും ഞാൻ ഓർക്കാതിരിക്കുന്നതെങ്ങനെ...24.12.2016

No comments: