Wednesday, January 30, 2008

മ ഞ്ചാ ടി മ ണി ക ള്‍

മഞ്ചാടി മണികള്‍ പെറുക്കിക്കൂട്ടാന്‍ ഒരു ബാല്യംവേണം. അല്ലെങ്കിലൊരു കൂട്ടികാരിയുണ്ടാവണം. അവളടുത്തു വേണമെന്നില്ല. അവളെ മനസ്സില്‍ കണ്ട്‌ മഞ്ചാടികുരുകള്‍ പെറുക്കി വെയ്‌ക്കാം.
പിന്നെ കുറെ ദിവസങ്ങള്‍ കൂടി അവളെ കാണുമ്പോള്‍ മഞ്ചാടി മണികളുടെ ചെപ്പ്‌ അവള്‍ക്കു സമ്മാനിക്കാം. അവള്‍ യുവത്വത്തിലേക്കു കാലൂന്നുകയാണ്‌. മഞ്ചാടിമണികള്‍ കൈയിലെടുത്ത്‌ മന്ദഹസിക്കുമ്പോള്‍ മൂക്കുത്തി മെല്ലെ ഇളകുമ്പോള്‍... മൂക്കുത്തിയില്‍ പതിച്ച കല്ലിനും മഞ്ചാടിമണിയുടെ ചുകന്ന നിറമാണ്‌. ആ മൂക്കുത്തിയില്‍ ഞാന്‍.... അവളൊരിക്കലേ സമ്മതിച്ചുള്ളൂ. വയലിറമ്പിലെ തോടിന്റെ കരയില്‍ പാറകളുടെ മറവില്‍വെച്ച്‌......
ദൂരെ അമ്പുകുത്തി മലകാണാം. നഗ്നയായ യുവതി ഒരു കാലുയര്‍ത്തിവെച്ചു കിടക്കുന്നതുപോലെ.. മേഘങ്ങള്‍ മലനിരകളെ തൊട്ടു പോകുന്നുണ്ട്‌. ചുകന്ന മേഘങ്ങള്‍... സായാഹ്നമാണ്‌, നേരം വൈകിയതറിഞ്ഞ്‌ അവള്‍ ഓടിപ്പോയി. മഞ്ചാടിമണികള്‍ കൈയില്‍ നിന്നു താഴെ വീണു ‍ചിതറി. ചുകന്ന മഞ്ചാടികള്‍...തോട്ടിലെ തെളിവെള്ളത്തിനടിയില്‍ വെള്ളാരം കല്ലുകള്‍ കണ്ടു, അവളുടെ അരിപ്പല്ലുകള്‍ പോലെ....
മാര്‍ച്ച്‌മാസം. കോളേജടക്കുന്ന ദിവസം, വിഘ്‌നേശ്വരനെ തൊഴുത്‌ ക്ഷേത്രത്തിന്റെ വടക്കേ മതിലനിനടുത്തുവെച്ച്‌ ഞാനവളുടെ ഉള്ളം കൈയില്‍ നാലു മഞ്ചാടിക്കുരുകള്‍ വെച്ചു. കൂടിക്കാഴ്‌ചയക്ക്‌ അവസരങ്ങളില്ലാതാകുന്നതറിഞ്ഞ്‌ 'പിരിയാം' എന്നൊരു വെറുംവാക്കു പറഞ്ഞുപോയി. അതുകേട്ട്‌ വേദനയോടെയവള്‍ മന്ദഹസിച്ചു. അകല്‍ച്ചയുടെ വേദനയറിഞ്ഞുതുടങ്ങിയപ്പോള്‍ വാക്ക്‌ അറം പറ്റിയെന്നു തോന്നി. ആക്ഷേത്ര സന്നിധിയില്‍ വെച്ചുതന്നെ പ്രാര്‍ത്ഥിക്കണം. ഞങ്ങളെ പിരിക്കല്ലേ എന്ന്‌. ഞാനവള്‍ക്കു സമ്മാനിക്കാന്‍ മഞ്ചാടിമണികള്‍ ശേഖരിച്ചുകൊണ്ടേയിരുന്നു, ദിവസം ഒന്നുവീതം...അനന്തപുരിയിലെത്തിയിട്ട്‌ തൊണ്ണൂറ്റി ഒന്‍പതു ദിവസമായിരുന്നു. തൊണ്ണൂറ്റി ഒന്‍പതു മഞ്ചാടിമണികളും. നാളെയതു നൂറാകും. ഇനി നാട്ടില്‍ പോകുമ്പോള്‍ മഞ്ചാടിമണികളുടെ ചെപ്പവള്‍ക്കു നല്‍കണം. ഇവിടുത്തെ വീടിന്റെ കോംപൗണ്ടില്‍ നിറയെ മഞ്ചാടി മരങ്ങളുളളതവളോടു പറയണം. ടാറിട്ട നിരത്തില്‍ ചുകന്ന മഞ്ചാടി മണികള്‍ വീണു കിടക്കുന്നതു കാണാന്‍ വരുന്നോ എന്നു ചോദിക്കണം. വെറുതേ വെറുതേ ഒരാഗ്രഹം.

Monday, January 28, 2008

അരുവി

വയലിലൂടെ ഒഴുകുന്ന അരുവി കടന്നാണ്‌ അവള്‍ കോളേജിലേക്ക്‌ പോയിരുന്നത്‌. തെളിനീരിലിറങ്ങി പാദസരമണിഞ്ഞ കാല്‍ നനച്ച്‌ മറുകരപറ്റുന്ന പെണ്‍കുട്ടി അരുവിക്ക്‌ ഉള്‍പുളകമായിരുന്നു.
ദൂരെ തലയുയര്‍ത്തിനിന്ന മലയുടെ താഴ്‌വരയില്‍ നിന്നാണ്‌ അരുവി ഉറവയെടുത്തിരുന്നത്‌.
പെണ്‍കുട്ടി ദൂരെ നിന്നു വരുമ്പോള്‍ തന്നെ മല അവളെ കാണാറുണ്ട്‌. അപ്പോള്‍ ഉറവില്‍ പൊടിയുന്ന നീര്‍തുള്ളികളോട്‌ മല പെണ്‍കുട്ടി വരുന്നതു പറയും.
ആര്‍ത്തലക്കുന്ന മഴയും മലവെള്ളപ്പാച്ചിലുമില്ലാതിരുന്നിട്ടും ഒരു ദിവസം അരുവി കലങ്ങി മറിഞ്ഞൊഴുകി. പെണ്‍കുട്ടി വയലിലൂടെയുള്ള വരവുമാറ്റിയിരുന്നു. അവളുടെ വീടിനടുത്തുള്ള വളവില്‍ എന്നും രാവിലെ ഒരു മാരുതി വാന്‍ വന്നു നില്‍ക്കുന്നതും, പെണ്‍കുട്ടി അതില്‍ കയറി പോകുന്നതും, വൈകുന്നേരം മോട്ടാര്‍ബൈക്കിലോ കാറിലോ തിരികെ വന്നിറങ്ങുന്നതും ദൂരക്കാഴ്‌ചയില്‍ മല കാണുന്നുണ്ടായിരുന്നു. അവളുടെ ജീവിതം ഒരു ഐസ്‌ക്രീം കപ്പില്‍ കുരുങ്ങി വീഡിയോ ക്യാമറക്കു മുമ്പില്‍ ഉലഞ്ഞു പോയത്‌ നേര്‍കാഴ്‌ചയില്‍ മലയറിഞ്ഞു. ഇതൊന്നും മല അരുവിയോടു പറഞ്ഞില്ല. എന്നിട്ടും അരുവി കലങ്ങി മറിഞ്ഞൊഴുകി. അരുവിക്ക്‌ പെണ്‍കുട്ടിയുടെ മനസ്സായിരുന്നു.

Monday, January 21, 2008

അവളുറങ്ങുമ്പോള്‍

പുറം ചെത്തിയ ഒളോര്‍മാങ്ങയുടെ നിറമായിരുന്നു അവള്‍ക്ക്‌..
ഒളോര്‍ മാമ്പഴത്തിന്റെ രുചി അയാള്‍ക്കേറ്റവും ഇഷ്‌ടമുള്ളതായിരുന്നു. അവളൊന്നിച്ചുള്ള ജീവിതത്തിലും ആ രുചിയുണ്ടാവുമെന്നയാള്‍ കരുതി. ആദ്യരാത്രിയില്‍ ഒളോര്‍ മാമ്പഴം കഴിച്ചിട്ടുണ്ടോയെന്ന്‌ അവളോടു ചോദിച്ചു. അവളതിന്‌ തത്തച്ചുണ്ടനെന്നാണ്‌ പറയുന്നത്‌. അവരുടെ തൊടിയിലുള്ള തത്തച്ചുണ്ടന്‍ മാമ്പഴം കൊത്തിപറിക്കാന്‍ കിളികള്‍ വരാറുണ്ടത്രേ... കിളികള്‍ക്കു കൊടുക്കാതെ മൂപ്പായവ പറിച്ചെടുത്ത്‌ കൊന്നച്ചപ്പില്‍ പൊതിഞ്ഞ്‌ പഴുപ്പിക്കുന്നതിനെക്കുറിച്ച്‌ അവള്‍ പറഞ്ഞു. കൊന്നയിലക്കുള്ളിലിരുന്ന്‌ പഴമായ മാമ്പഴത്തിന്‌ മഞ്ഞ നിറം കൂടുതലായിരിക്കും. ചിലനേരം അവള്‍ക്കും കൊന്നപ്പൂവിന്റെ നിറമാണെന്നയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്‌.

രാത്രിയില്‍ അയാളുടെ കരവലയത്തില്‍ ആലസ്യത്തോടെ അവളുറങ്ങുമ്പോള്‍ ഏതോ ഓര്‍മ്മയില്‍ ഒരന്യപുരുഷന്റെ പേരവള്‍ പുലമ്പാറുണ്ടായിരുന്നു. അതാരാണെന്നയാള്‍ ചോദിച്ചില്ല.തൊടിയില്‍ മാമ്പഴം കൊത്തിതിന്നാന്‍ വരുന്ന പറവകളെക്കുറിച്ചവള്‍ പറഞ്ഞിരുന്നുവല്ലോ.....
കിളികള്‍ മാമ്പഴം കൊത്തിപറിക്കുമ്പോള്‍ മാംസം പറിഞ്ഞു പോകുന്നു. ഒലിച്ചിറങ്ങുന്ന മാമ്പഴചാറ്‌ തന്റെ മുറിവേറ്റ ഹൃദയത്തില്‍ നിന്നാണ്‌.....
ഉച്ചമയക്കത്തില്‍ അയാള്‍കണ്ട സ്വപ്‌നമായിരുന്നു അത്‌.
ഒളോര്‍മാങ്ങ പാകമാകുന്നതിനും പുളിപിടിക്കുന്നതിനും മുമ്പുള്ള കുരുന്നു പ്രായത്തില്‍ ഭയങ്കര ചവര്‍പ്പാണ്‌.ചവച്ചിറക്കാനാവാതെ ജീവിതം അയാള്‍ക്ക്‌ കയ്‌ച്ചു തുടങ്ങി.

Thursday, January 17, 2008

പ്രണയം

കുതിരകുളമ്പടി കാതോര്‍ത്ത്‌ രാജകുമാരി മട്ടുപ്പാവില്‍ കാത്തുനിന്നു............ഉശിരുള്ള ചെമ്പന്‍കുതിരയായിരുന്നു........കുമാരിയെ കുതിരപ്പുറത്തിരുത്തി ഉദ്യാനത്തിലൂടെ.. രാജവീഥികളിലൂടെ പടയൊഴിഞ്ഞ പടക്കളത്തിലൂടെ......കുളമ്പടിയൊച്ചയ്‌ക്കൊപ്പം കുമാരിയുടെ മനസ്സും തുടികൊട്ടി. രാജകുമാരി കുതിരക്കാരനെ ചേര്‍ത്തു പിടിച്ചു. വിശാലമായ പുല്‍മേട്ടിലെത്തുമ്പോള്‍ കുതിരകുളമ്പടി പതുക്കെയാവും. പിന്നീട്‌ പതം ശബ്‌ദമാകും. കടിഞ്ഞാണയയും. ചുറ്റിലുമുള്ള പച്ചപ്പിന്റെ പ്രശാന്തവും നീലമലകളുടെ ദൂരക്കാഴ്‌ചകളും രാജകുമാരിക്കും കുതിരക്കാരനും ഇഷ്‌ടമായിരുന്നു. അപ്പോള്‍ കുതിരക്കാരനെ ചുറ്റിവരിഞ്ഞ കൈകള്‍ പതുക്കെ അയഞ്ഞുതുടങ്ങും. മധുരമായി രാജകുമാരി സംസാരിച്ചു തുടങ്ങും. അയാള്‍ രാജകുമാരിയെ കേള്‍ക്കാതെ വേറെ ഏതോ ആഴക്കാഴ്‌ചയില്‍ മനസ്സിനെ വ്യാപരിച്ച്‌.....രാജകുമാരി പ്രണയ പരവശയായി അവനോടു സംസാരിച്ചത്‌ പുല്‍മേട്ടില്‍ വെച്ചായിരുന്നു. ചെമ്പിച്ച മുടികളുള്ള കുതിരക്കാരന്റെ കരുത്തിലമരാന്‍ രാജകുമാരി മോഹിച്ചിരുന്നു.അവള്‍ക്കെന്നും പുല്‍മേട്ടില്‍ പോകണം. കുതിരക്കാരന്‍ അനുസരിക്കും. അംഗരക്ഷകരെയോ തോഴിമാരെയോ കൂടെകൂട്ടില്ല. രാജകുമാരി കുതിരക്കാരന്റെ നീല ഞരമ്പുകളിലൂടെ വിരലുകളോടിച്ചു. മൂര്‍ച്ചയുള്ള ആ കണ്ണുകളെ കീഴ്‌പ്പെടുത്താനാവാതെ പലപ്പോഴും തളര്‍ന്നുപോയി. അപ്പോള്‍ രാജകുമാരി പൊട്ടിക്കരയും.. കുതിരയുടെ സീല്‍ക്കാരം.. കുതിരക്കാരന്റെ നിസ്സംഗത.. പ്രകൃതിയുടെ പ്രശാന്തതയില്‍ ദൂരെ നീലഗിരികളുടെ കാത്തിരിപ്പിന്റെ ധ്യാനം..ഒരു വൈകുന്നേരം നീലക്കുന്നുകളെ വെളുത്ത മേഘങ്ങള്‍ മൂടിയ നേരത്ത്‌, പുല്‍മേടുകളുടെ മുകളിലും വെള്ളി മേഘങ്ങള്‍ കുമിഞ്ഞു കൂടിയപ്പോള്‍, തന്നെ മുഴുവനും സമര്‍പ്പിച്ചിട്ടും സ്വീകരിക്കാതെ നില്‍ക്കുന്ന ഇഷ്‌ടപുരുഷന്റെ വലിയ കരുത്തിനു മുമ്പില്‍ മനസ്സുപൊരിഞ്ഞ്‌ രാജകുമാരി പൊട്ടിക്കരയുന്നതിനു മുമ്പ്‌, കുതിരക്കാരന്‍ രാജകുമാരിയെ വാരിയെടുത്ത്‌ ചെമ്പന്‍ കുതിരയുടെ പുറത്തിരുത്തി ആകാശത്തുകൂടെ പറന്ന്‌, മേഘങ്ങള്‍ക്കിടയിലൂടെ ഊളിയിട്ടുപോയത്‌... പറന്നു പറന്നു പോയത്‌.... ആരും കണ്ടതില്ല. അവരുടെ സ്വര്‍ഗ്ഗം തേടുന്ന പ്രണയിനികള്‍ ഇതുവരെ അവിടെ എത്തിയതുമില്ല.

Monday, January 14, 2008

അഗതി മന്ദിരം

സ്‌കൂളവധിക്ക്‌ കേരളത്തില്‍ പോകാമെന്നും മുത്തച്ഛനെയും മുത്തശ്ശിയേയും കാണാമെന്നും മകന്‌ അച്ഛന്‍ വാക്കു കൊടുത്തിരുന്നു. മഞ്ഞപിത്തം പിടിച്ചു കിടന്ന കുട്ടി മുത്തശ്ശിയേയും മുത്തച്ഛനെയും കുറിച്ചു ചോദിച്ചപ്പോ ഒരാശ്വാസ വാക്കു പറഞ്ഞതായിരുന്നു. കുട്ടിയതു മറന്നില്ല. പരീക്ഷ കഴിഞ്ഞ്‌ അവധിക്കാലമെത്തുന്നതും കാത്തവനിരുന്നു.
അച്ഛന്റെ നാടിനെക്കുറിച്ചുള്ള കേട്ടറിവേ കുട്ടിക്കുണ്ടായിരുന്നുള്ളൂ. പാടത്തിനരികെയുള്ള വലിയ തറവാട്ടിന്റെ ഉമ്മറത്തു നിന്നു നോക്കിയാല്‍ ദൂരെ പുഴയൊഴുകുന്നത്‌ കാണാം. ഉമ്മറ തിണ്ണയിരിക്കുന്ന മുത്തശ്ശിക്ക്‌ മുറുക്കാന്‍ ഇടിച്ചു കൊടുത്ത്‌ മുത്തശ്ശി പറയുന്ന കഥ കേള്‍ക്കണം. മുത്തച്ഛന്റെ കൂടെ തൊടിയിലൂടെ ആട്ടങ്ങ വള്ളി നോക്കിപോകണം. മൂവാണ്ടന്‍ മാവിന്റെ ചുവട്ടിലാണെത്രേ ആട്ടങ്ങ വള്ളി പടര്‍ന്നു കിടക്കുന്നത്‌. സൈ്ര്യം കെടുത്തിയപ്പോഴാണ്‌ അമ്മ കൂടെ വരാന്‍ സമ്മതിച്ചത്‌. ശംഖുമുഖത്ത്‌ വീമാനമിറങ്ങി. ടൗണില്‍ റൂമെടുത്ത്‌ വിശ്രമിച്ചു. ഭക്ഷണവും കഴിച്ച്‌ നഗരം കാണാനിറങ്ങി. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി. ശ്രീ പത്മനാഭനെ തൊഴാന്‍ അമ്മയ്‌ക്കായിരുന്നു നിര്‍ബന്ധം. ഭാരതപ്പുഴയും തുതപ്പുഴവും ചേരുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന അച്ഛന്‍ കാനഡയിലേക്ക്‌ പോകുന്നതിനുമുമ്പ്‌ രണ്ടു വര്‍ഷം തിരുവനന്തപുരത്ത്‌ ജോലിയിലിരുന്നപ്പോഴാണ്‌ അമ്മയെ വിവാഹം ചെയ്‌തത്‌.
ക്ഷേത്രത്തില്‍ നിന്നും തൊഴുതിറങ്ങിയപ്പോള്‍ ഞാനിനിയെങ്ങുമില്ലെന്ന്‌ അമ്മ പറഞ്ഞു. അച്ഛന്‍ മ്യൂസിയവും കാഴ്‌ച ബംഗ്ലാവും കാണിച്ചു. കാഴ്‌ച ബംഗ്ലാവിലെ കരിങ്കുരങ്ങിനും സിംഹവാലന്‍ കുരങ്ങുകള്‍ക്കും പ്രസരിപ്പുണ്ടായിരുന്നില്ല. തറവാട്ടിലേക്കെപ്പഴാ പോകുന്നതെന്ന ചോദ്യത്തിന്‌ അച്ഛന്‍ ഒന്നും മിണ്ടിയില്ല. അഗതി മന്ദിരത്തിന്റെ മുന്‍പില്‍ റിക്ഷയില്‍ ചെന്നിറങ്ങി. അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും നിറഞ്ഞ സ്ഥലമായിരുന്നു. സിസ്റ്റര്‍ സോഫിയയുടെ കൂടെ കുട്ടിയും അച്ഛനും ചെന്നു. ഒരു റൂമില്‍ ഒരമ്മൂമ്മയും അപ്പൂപ്പനും. പുറമെ കണ്ടവരെപ്പോലെ തന്നെ. കണ്ണും മുഖവും വിളറി വെളുത്തിരുന്നു. ഒരിറ്റു പ്രതീക്ഷയോ കാത്തിരിപ്പോ ആ കണ്ണുകളിലില്ലായിരുന്നു. മുത്തച്ഛനും മുത്തശ്ശിയുമാണ്‌ അച്ഛന്‍ പറഞ്ഞു. വിറയ്‌ക്കുന്ന കൈകളോടെ കുട്ടിയെ ചേര്‍ത്തു പിടിച്ചപ്പോള്‍ മുത്തച്ഛന്റെ കണ്ണു നിറഞ്ഞു. മുത്തശ്ശി വാത്സല്യത്തോടെ മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. പുറകിലേക്കു കൈവലിച്ച്‌ അച്ഛന്‍ പോകാമെന്നു പറഞ്ഞത്‌ എത്ര പെട്ടെന്നാണ്‌... മകന്റെ മുലകുടി മാറ്റാന്‍ ആട്ടങ്ങയുടെ നീര്‌ മുലഞെട്ടില്‍ പുരട്ടിയത്‌ മുത്തശ്ശി ഓര്‍മ്മിച്ചു അന്ന്‌ കയ്‌പോടെ മുഖംകോട്ടിയ മകന്റെ അതേഭാവം ഇപ്പോഴും മുഖത്തുണ്ട്‌. അമ്മ അന്ന്‌ ചെയ്‌തത്‌ തെറ്റായി പോയോ മോനേ? മുത്തശ്ശിക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നു. ശബ്‌ദം വിറച്ച്‌ പുറത്തുവരുന്നതിനു മുമ്പ്‌ മകനും പേരക്കുട്ടിയും പുറത്തേക്കിറങ്ങി നടന്നു പോയിരുന്നു.
വൃദ്ധസദനത്തിന്റെ ഒതുക്കുകളിറങ്ങുമ്പോള്‍ മകന്‍ അച്ഛനോടു ചോദിച്ചു.``മുത്തച്ഛനേം മുത്തശ്ശിയേം കാഴ്‌ച്ചബംഗ്ലാവിലക്കിയതെന്തിനാ?"
കുട്ടി ചോദിച്ചതയാള്‍ കേട്ടില്ല. അമ്മയെയും അച്ഛനെയും അഗതി മന്ദിരത്തിലാക്കിയപ്പോള്‍ തറവാട്‌ തീറെഴുതി വിറ്റ മുഴുവന്‍ കാശും വൃദ്ധ സദനത്തിലേക്കു നല്‍കിയതിനെക്കുറിച്ചാണ്യാള്‍ ആലോചിച്ചത്‌. എന്നിട്ടും ഇന്ന്‌ സിസ്റ്റര്‍ പറഞ്ഞത്‌ അഗതി മന്ദിരത്തിലേക്ക്‌ നല്ലൊരു തുക നല്‍കി സഹായിക്കണമെന്നാണ്‌. ഇരുപത്തി അയ്യായിരം രൂപയുടെ ചെക്കെഴുതി കൊടുത്തിട്ടും സിസ്റ്ററുടെ മുഖം തെളിഞ്ഞില്ല. അതൊരു കുറഞ്ഞ തുകയല്ലെന്നറിയാം. അമ്മയുടെയും അച്ഛന്റെയും സുരക്ഷിതത്വവും ക്ഷേമവും ഉറപ്പു വരുത്തേണ്ടത്‌ മകന്റെ കടമയാണല്ലോ.

(ഫെമിനിസ്റ്റ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Friday, January 11, 2008

വിവാഹം

പെണ്ണ്‌ സുന്ദരിയായിരിക്കണം..
മുടി പനങ്കുലപോലെ. കലാകാരിയായിരിക്കണമെന്ന്‌ നിര്‍ബന്ധമുണ്ട്‌.
വാനമ്പാടിയല്ലെങ്കില്‍ നൃത്തമറിയണം. എഴുത്തുകാരി വേണ്ട. അവളുടെ മനോലോകത്തിനറ്റം പിടികിട്ടാതെ വന്നാലെ എന്ന പേടിയാണ് .....
സര്‍ക്കാരുദ്യോഗസ്ഥ അതും ഉയര്‍ന്ന റാങ്കില്‍. അഞ്ചക്ക ശമ്പളമാണ്‌ കൂട്ടിയെടുക്കുന്നത്‌..
സ്‌ത്രീധനം പണമായിട്ടൊന്നും പറയണ്ട. കാറും, പവന്‍ നൂറില്‍ കുറയാതെയും...
വരനു സമ്മാനിക്കുന്ന വീട്‌ സിറ്റിയിലാവണമെന്നു കടും പിടുത്തമില്ല. യാത്രാ സൗകര്യത്തിന്‌ റോഡരുകിലായാലും മതി.
അവസാനമായി ദല്ലാളിനോടൊരു വാക്ക്‌ - എന്റെ അഴുക്കുപുരണ്ട പണിയും കമ്പനിയില്‍ ഏതു സമയത്തും ലോക്കൗട്ട്‌ വരാവുന്ന കാര്യവും പെണ്‍വീട്ടുകാരില്‍ നിന്നും മറച്ചുപിടക്കുന്നതിലാണ്‌ നിങ്ങളുടെ മിടുക്ക്‌. പറഞ്ഞുറപ്പിച്ച കമ്മീഷന്‍ തുക കുറയുമെന്നു കരുതണ്ട.
അവള്‍ വരുതിയിലായിട്ടുവേണം എനിക്കു ജീവിച്ചു തുടങ്ങുവാന്‍...

(ദേശാഭിമാനി വരാന്തപതീപ്പില്‍ പ്രസിദ്ധീകരീച്ചത്)

Thursday, January 10, 2008

തിരുനെല്ലി


ആത്മാക്കള്‍ ശാന്തി തേടുന്ന ബ്രഹ്മഗിരിയുടെ താഴ്‌വാരം.
പൗര്‍ണമി രാവിലെ മലങ്കാടിന്റെ കാഴ്‌ച ജീവിതത്തിന്റെ ധന്യതയാകുന്നത്‌.
പുലര്‍ച്ചെ കുളിരൊഴുകുന്ന പാപനാശിനിയില്‍ മുങ്ങി നിവര്‍ന്നു.
കാട്ടു ചോലയുടെ കളകളാരവം അലട്ടലുകള്‍ക്ക്‌ ശാന്തി മന്ത്രമാകുമെന്ന്‌ ആശ്വസിക്കുമ്പോഴാണ്‌ താഴ്‌വരയില്‍ നിന്നും ഒരു പെണ്ണിന്റെ ഗദ്‌ഗദം കേട്ടത്‌.
തൈലപ്പുല്ലുകളുടെ തലപ്പുകളിളകി മലഞ്ചെരിവ്‌ വിറകൊണ്ടു.
ഉടുക്കിന്റെ താളവും തിരുനെല്ലി പെരുമാളിന്റെ സ്‌തോത്രവും കേട്ടു വളര്‍ന്ന പാവങ്ങള്‍...തമ്പുരാക്കള്‍ പറഞ്ഞ കഥകള്‍ വിശ്വസിച്ചു പോയി...
മാറിലും മടിയിലും തലചായ്‌ക്കാനനുവദിച്ചതിന്‌ കിട്ടിയ സമ്മാനം ഒക്കത്തൊരു `മാറാപ്പാ' യിരുന്നു. ശരീരം കോച്ചുന്ന തണുപ്പിലും ഒക്കത്തെ `മാറാപ്പ്‌' ചുട്ടുപൊള്ളലായി. ഒറ്റപന്നി കുത്തി മറിച്ച പാടവരമ്പുപോലെയായി അവരുടെ ജീവിതം.
കാലികളെ മേച്ചു നടക്കുന്ന കുട്ടികളുടെ നിലവിളി കാട്ടു ചോലയില്‍ കനത്തു നിന്നു. പാണല്‍ പഴവും ചടച്ചിക്കായയും തിന്ന്‌ വിശപ്പുമാറാത്ത അവരുടെ കണ്ണുനീര്‍ തെക്കന്‍ കാശിയുടെ മണ്ണില്‍ പേരറിയാത്ത പിതാക്കള്‍ക്ക്‌ ബലിക്കാഴ്‌ച്ചയായി. ചുടുകണ്ണീര്‍ മണ്ണിലൂര്‍ന്നിറങ്ങുമ്പോള്‍, അവര്‍ക്ക്‌ ജന്മം നല്‍കിയ തമ്പ്രാക്കളുടെ ആത്മാക്കള്‍ നിലയില്ലാകയത്തില്‍ ശ്വാസം മുട്ടി ഈ പ്രപഞ്ചമൊടുക്കും വരെയും...
താഴ്‌വരയിലെ പെണ്ണുങ്ങളുടെ നെടുവീര്‍പ്പുകള്‍ ഒന്നു ചേര്‍ന്ന്‌ കൊടുങ്കാറ്റാകുമ്പോള്‍, തമ്പ്രാക്കളുടെ മണിമാളികകളുടെ നെടുംതൂണുകള്‍ ഓരോന്നായി ഇളകി വീഴും...

Tuesday, January 8, 2008

മ്യാവൂ..


കുറുങ്ങേയെന്നു വിളിച്ചാല്‍ `മ്യാവൂ' എന്നു കരഞ്ഞ്‌ വാലാട്ടി കാലിലൊട്ടി നില്‍ക്കും. കൈകളിലെടുത്തു തലോടുന്നതുവരെ വാലുപൊക്കി കാലില്‍ ഉരസിക്കൊണ്ടിരിക്കും.

ഒരു ദിവസം കുറുങ്ങയെ കാണാതായി. പനച്ചേട്ടന്‍ പിടിച്ച്‌ കഴുത്തറുത്ത്‌ കറിവെച്ചു കഴിച്ചെന്നു കേട്ടു. വഴക്കുണ്ടാക്കാന്‍ പോയില്ല. പൂച്ചയെ കൊന്നാല്‍ കൈവിറക്കും.പനച്ചേട്ടന്റെ കൈ വിറച്ചില്ല. അതു പഴങ്കഥയായി.

വാതം ശമിക്കാന്‍ പൂച്ചയിറച്ചി നല്ലതാണെന്നു നാട്ടില്‍ പറയുന്നതുകേട്ടു.
പനച്ചേട്ടനറിയാതെ ``പൂച്ച രസായനം'' പേറ്റന്റ്‌ ഒരു സായ്‌പ്‌ സ്വന്തമാക്കി. മസ്‌തിഷ്‌ക ചോര്‍ച്ചയെക്കുറിച്ചു പത്രമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ച നടക്കുമ്പോഴും നിരക്ഷരനായ പനച്ചേട്ടന്‍ ഒന്നുമേതുമറിഞ്ഞില്ല.

പൂച്ചകളുടെ സ്വച്ഛന്ദ സൗമ്യതയിലും മനുഷ്യന്‍ ആര്‍ത്തിയോടെ നക്കി.
പൂച്ചകള്‍ക്കും കഷ്‌ടകാലം.

Sunday, January 6, 2008

കണ്ടല്‍ കാടുകള്‍

ദേശാടന പക്ഷികളുടെ വരവായി.
കഴിഞ്ഞ വര്‍ഷം യാത്ര ചോദിച്ചുപോയ കണ്ടല്‍കാടുകളുടെ സ്ഥാനത്ത്‌ മണ്ണുനികത്തി കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളുയര്‍ന്നിരിക്കുന്നു.

മണ്ടപോയ തെങ്ങിന്റെ തലപ്പത്ത്‌ തൊണ്ട വരണ്ടുണങ്ങിയിരിക്കുമ്പോള്‍ വയലില്‍ ഒരു കര്‍ഷകന്‍ കിളക്കുന്നതു കണ്ടു. കൊത്തിമറിച്ച മണ്ണിലെ പാറ്റയും മണ്ണിരകളും പുല്‍നാമ്പുകളും, പ്രലോഭനമായി. പറന്നു ചെന്ന്‌ വരമ്പിലിരുന്നു.

കണ്ടല്‍കാടുകളുടെ ചതുപ്പില്‍ നിന്നായിരുന്നു കൃഷിയിറക്കാന്‍ വെള്ളം തിരിച്ചുകൊണ്ടു വന്നിരുന്നത്‌. ഇത്തവണ വിത്തെറിയാന്‍ പാടത്ത്‌ ഒരുറവപോലുമില്ലായിരുന്നു.

വിയര്‍ത്തൊലിച്ച കര്‍ഷകന്‍ തൂമ്പാവെച്ച്‌ തളര്‍ന്നിരുന്നപ്പോഴാണ്‌ അരികത്തൊരു പക്ഷിയിരിക്കുന്നതു കണ്ടത്‌. കീടനാശിനിയും രാസവളവും വീണ്‌ തുടിപ്പില്ലാതായ വയലില്‍ മണ്ണിരയും പ്രാണികളും ഒന്നു പോലുമില്ലായിരുന്നു.
ധ്യാനിച്ചിരുന്ന ദേശാടനകിളി തൂമ്പാകൊണ്ടുള്ള അടിയേറ്റ്‌ ജീവനറ്റു വീണു.
ഒരു നേരത്തെ ഭക്ഷണത്തിനൊരു തൊടുകറി. അത്രയെങ്കിലുമായി.
വിരുന്നുകാര്‍ ഭക്ഷണമാകുമ്പോള്‍ ജീവിതം പിന്നെയും വരണ്ടുപോകുന്നു. പെയ്യാന്‍ മടിച്ചുനിന്ന മഴമേഘത്തെ കാറ്റു ദൂരേയ്‌ക്കു കൊണ്ടുപോയി.

(ബാങ്കിങ് & കള്‍ച്ചറല്‍ സോളിഡാരിറ്റി മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Wednesday, January 2, 2008

വാനമ്പാടി

കലോത്സവം
ബാഡ്‌ജും ധരിച്ച്‌ അവള്‍ വേദിയിലേക്കു വന്നു. കോളേജില്‍ ഇതിനുമുമ്പ്‌ ഈ പെണ്‍കുട്ടിയെ കണ്ടിട്ടില്ല. വിരൂപമെങ്കിലും ചൂടുള്ള ഒരാകര്‍ഷണം അവളുടെ മുഖത്തുണ്ടായിരുന്നു.
സദസ്സ്‌ നിശബ്‌ദതയിലാണ്‌.
അവള്‍ പാടിതുടങ്ങിയില്ല. അവളുടെ കണ്ണുകള്‍ ചുറ്റും ആരെയോ തേടുകയാണ്‌. താഴേക്കു നോട്ടമെത്തിയപ്പോഴാണ്‌ അവളുടുത്ത പാവാടയ്‌ക്ക്‌ അര മുതല്‍ പാദംവരെയുള്ള കീറല്‍ കണ്ടത്‌. അതു പാവാടയായിരുന്നില്ല. നീളമുള്ള തുണിക്കഷ്‌ണം വാരിചുറ്റിയതു പോലെയായിരുന്നു. വിങ്ങുന്ന സദസ്സിലൂടെ കടന്നു വന്ന കുസൃതിക്കാറ്റ്‌ മുണ്ടിന്റെ ഒരരിക്‌ അമ്മാനമാടി. അവള്‍ക്ക്‌ അടി വസ്‌ത്രമില്ലായിരുന്നു. സദസ്സിന്റെ നിശബ്‌ദത അതിന്റെ കേന്ദ്രീകരണം അവളുടെ ഗുഹ്യഭാഗത്തേക്കു മാറി.

അപ്പോള്‍ അവള്‍ പാടിതുടങ്ങി.
മധുരതരമായ ഗാനത്തിന്റെ അനുഭൂതിയില്‍ സദസ്സിനോടൊപ്പം ഇഴുകിചേരുമ്പോള്‍ ഞാനവളുടെ നഗ്നത മറന്നു. വിരൂപത മറന്നു. വാനമ്പാടിയുടെ ശബ്‌ദമായിരുന്നു. അവളുടെ രാഗധാരയുടെ ലയവും താളവുമെല്ലാം എനിക്ക്‌ ആദ്യത്തേതായിരുന്നു.

സ്വച്ഛന്ദമായ ഒഴുക്കിന്‌ പൊടുന്നനെയൊരു കരിങ്കല്‍ തടമുയര്‍ന്നു. സംഗീതം നിലച്ചു. മിഴികള്‍ ഇറുകെ പൂട്ടി സംഗീതത്തോടൊപ്പം ഒഴുകിയിരുന്ന എനിക്ക്‌ പിടിവള്ളി കൈവിട്ടു. കണ്ണുതുറന്നു. അവള്‍ വേദിയില്‍ സതബ്‌ധയായി നില്‍ക്കുന്നു. അവളുടെ നഗ്നത ഒരാള്‍ പിന്നു കുത്തി മറക്കുകയാണ്‌ അതെന്റെ അദ്ധ്യാപകനായിരുന്നു.
പെട്ടെന്ന്‌ പൊട്ടിക്കരഞ്ഞുകൊണ്ടവള്‍ വേദി വിട്ടിറങ്ങിയോടി. കോളേജിനു പുറകിലെ മൈതാനത്തിലൂടെയാണ്‌ അവള്‍ കരഞ്ഞു കൊണ്ടോടുന്നത്‌. പുറകെ ഓടിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവളെ തടഞ്ഞു നിര്‍ത്തി. അവര്‍ അവളെ വേദിയിലേക്ക്‌ തിരികെ കൊണ്ടുവരുമോ? അവര്‍ക്കവളുടെ പാട്ടുകേള്‍ക്കണം. എല്ലാവര്‍ക്കുമവളുടെ പാട്ടുകേള്‍ക്കണം.
അവള്‍ മുഖംപൊത്തി കരയുകയാണ്‌...

(101 മിനിക്കഥകള്‍ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്)