Saturday, November 11, 2023

നിശ്ചലമാവാതിരുന്നത് ...

 നിശ്ചലമാവാതിരുന്നത് ...

ചെറുകഥ
Sunil Kodathi Faizal 
…...…...…...…...…...…..
അന്ന് സന്ധ്യ കനത്തു വന്ന ഒരു നേരത്താണ് നഗര റോഡിൽ വിയർത്തു കുളിച്ച് തളർന്നു വീണത്. ജീവിതം ഒന്നു പിടഞ്ഞു. അപരിചിതരായ രണ്ടു മനുഷ്യരാണ് കൈത്താങ്ങായത്. ആശുപത്രിയിലേക്ക് അവർ കൂട്ടു വന്നതിനാൽ ജീവിതം നിശ്ചലമാവാതെ തുടർന്നും ഒഴുകിക്കൊണ്ടിരിക്കുന്നു.

നഗരത്തിൽ വാടകക്കു താമസിച്ചിരുന്ന മൂന്നാം നിലയിലെ റൂമിൽ നിന്നും ഓടിയിറങ്ങുകയായിരുന്നു. ജനറൽ ആശുപത്രിയിൽ വെച്ച് മാലാഖകളായി മുൻപിൽ കണ്ട നഴ്‌സുമാർ ഒരു പിടി ഗുളികകൾ കഴിപ്പിച്ചതും , പിന്നീട് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് കുതിക്കുന്നതും , സ്ട്രെച്ചർ വരാന്തയിലൂടെ നീങ്ങുന്നതും മങ്ങലുള്ള കാഴ്ചയായി ഓർമ്മയിലുണ്ട്.

റൂമിൽ നിന്നും ഓടിയിറങ്ങുന്നതിന് മുമ്പ് , നെഞ്ചു തടവി കട്ടിലിൽ കിടന്നപ്പോൾ രാത്രി വിശ്രമിച്ച്, പിറ്റേന്ന് അവധിയെടുത്ത് ആശുപത്രിയിൽ പോയി ചെക്കപ്പ് നടത്താം എന്ന് ഞാൻ ചിന്തിച്ചതാണ്. വിയർപ്പ് അമിതമായി, ഇടതു കൈ വേദന അനുഭവപ്പെട്ടപ്പോഴാണ് ലക്ഷണക്കേട് തോന്നി ഓടിയിറങ്ങിയത്. നല്ല ധൈര്യം തോന്നിയിരുന്നു. ഒട്ടും ഭയമുണ്ടായിരുന്നില്ല. കാറിലും ആംബുലൻസിലും ആശുപത്രിയിലേക്കുള്ള യാത്രാ വഴിയിലും ഇപ്പോൾ ജീവിതം നിലച്ചു പോകുമെന്ന ചിന്തയോ ഭയപ്പാടോ എനിക്കൊട്ടും ഉണ്ടായിരുന്നില്ല.

ആശുപത്രിവാസം കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുമ്പോൾ മീര കൂടെ വന്നു താമസിച്ചിരുന്നു. അന്നൊരു ദിവസം ഹരിത കാണാൻ വന്നു. അവൾ ഒരു എണ്ണ ഛായാചിത്രം സമ്മാനിച്ചു. ഇരു കരയിലും പച്ചപ്പു നിറഞ്ഞ പുഴയിൽ നിന്നും മീൻ കൊത്തി ചിറകടിച്ച് പറന്നു പൊങ്ങുന്ന നീലപ്പൊന്മാനിന്റെ ചിത്രമായിരുന്നുവത്. ബെഡ്റൂമിലെ ചുവരിൽ തൂക്കിയ ആ ചിത്രത്തിലേക്കു നോക്കി കിടന്ന ഒരു വൈകുന്നേരമാണ് ഓറഞ്ചും ആപ്പിളും പൊതിഞ്ഞു പിടിച്ച് കുറച്ച് പുതിയ പുസ്തകങ്ങളുമായി ശ്യാമും ലൈലയുമെത്തിയത്. അവരുടെ സാമീപ്യം എനിക്ക് എപ്പോഴും ആശ്വാസമായിരുന്നു. ശ്യാം എപ്പോഴും അരികത്തു തന്നെ ഇരുന്നിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. ലൈലയും ശ്യാമുമായുള്ള വർത്തമാനത്തിനിടയിൽ മീര കാപ്പിയുമായി വന്നു. റോബസ്റ്റ കാപ്പി പൊടിയുടെ കൂടെ ഏലക്കയും ഇഞ്ചിയും ചതച്ചിട്ട് മീര തിളപ്പിക്കുന്ന കാപ്പി മൊത്തിക്കുടിച്ച് ശാന്തതയോടെ ശ്യാമിനെ കേട്ടിരുന്നു. "സമയം ഒരുപാടായി പോകാ"മെന്നു പറഞ്ഞ് ലൈല ശ്യാമിനെ എഴുന്നേൽപ്പിക്കുമ്പോൾ ശ്യാമിന്റെ കൈപിടിച്ച് വീണ്ടുമിരുത്തി.

"നീ സംസാരിക്ക്. എനിക്ക് കേൾക്കണം"

ശ്യാമുമായി എത്രയോ നാളുകളായുള്ള അടുപ്പമാണ്. അവന്റെ വാക് ചാതുരിയും പ്രസരിപ്പും ഇഷ്ടപ്പെട്ടു തന്നെയാണ് ലൈല ശ്യാമിൽ പടർന്നു പിടിച്ചത്. ഒരു സാഹിത്യ കൂട്ടായ്മയിൽ പരിചയപ്പെട്ട അവരുടെ സൗഹൃദം ആഴത്തിൽ വേരു പിടിച്ച് തണൽ മരങ്ങളായി വളരുകയായിരുന്നു.

എന്റെ മനസ്സിൽ കരിമ്പടം മൂടുമ്പോഴൊക്കെ തോളിൽ തട്ടിവിളിച്ച് ശ്യാം പറയും.
"അനന്തൂ, എഴുന്നേൽക്ക്. എത്ര എത്ര പുസ്തകങ്ങളുണ്ട് നിനക്ക് ചുറ്റും. ദിവസവും ഒന്നെങ്കിലുമെടുത്ത് വായിക്കൂ. പുതിയ സിനിമകൾ കാണൂ. ഇടക്കൊക്കെ പാട്ടുകേൾക്കാൻ സമയം കണ്ടെത്ത്.. ഉഷാറാവാൻ ഉത്സാഹം കെടാതിരിക്കാൻ അതൊക്കെയാണ് നീ ചെയ്യേണ്ടത്. ഇങ്ങനെ ചിറകൊടിഞ്ഞിരിക്കാതെ ... "

റിലീസായ പുതിയ ചിത്രങ്ങൾ കാണാൻ തിയേറ്ററിലേക്ക് ശ്യാമും ലൈലയും കൂട്ടുവരും. സാംസ്കാരിക സദസ്സുകളിൽ അവരെന്നെയും കൊണ്ടു പോകും. പരിചയക്കാരൊക്കെ വന്ന് കയ്യിൽ തൊട്ട് മുഖത്തു നോക്കി മന്ദഹസിച്ച് പരസ്പരം ഒന്നും സംസാരിക്കാതെ നിശ്ചലമായങ്ങനെ നിൽക്കുമ്പോൾ ഈ ഭൂമിയിൽ ഞാൻ ജീവിച്ചത് എത്രയോ കാലം മുമ്പാണെന്നു തോന്നും...

മുൻപ് പല യാത്രകൾക്കും ശ്യാമിന്റെ വാക്കുകളായിരുന്നു എനിക്ക് പ്രചോദനം .
പോക്കറ്റിൽ പണമില്ലെങ്കിലും ഇറങ്ങി നടക്കും...ആ നടത്തങ്ങളെല്ലാം ഒടുക്കം തിരികെയെത്തുന്നത് ശ്യാമിന്റെ അടുക്കൽതന്നെയാവും .
അപ്പോൾ ശ്യാം എന്നെ ചേർത്തുപിടിച്ച് യാത്രാ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ് ഒരു പാട് സംസാരിക്കും. അവനൊപ്പമുള്ള ദിവസങ്ങളിൽ ഉള്ളം കുളിർക്കുമ്പോഴാണ് അന്നൊക്കെ വീട്ടിലേക്കു മടങ്ങുന്നത്. പിന്നീട് ഒരു റിംങ് ടോണിനപ്പുറം എപ്പോഴും ശ്യാമിന്റെ വാക്കുകൾ കേൾക്കാമെന്നത് ഏറെ ആശ്വാസമായി .

വർഷങ്ങൾക്ക് മുൻപ് നടന്ന ചെറുകഥാ ക്യാമ്പിൽ വെച്ചാണ് ശ്യാമിനെയും ലൈലയെയും മീരയെയും ഹരിതയെയും പരിചയപ്പെടുന്നത്.

നാലു ദിവസങ്ങളിലായി നടന്ന കഥാക്യാമ്പിൽ പ്രശസ്തരായ എഴുത്തുകാരെല്ലാം വന്നു, സംസാരിച്ചു. രാവിലെ ക്യാമ്പ് തുടങ്ങും മുമ്പ് പരിസര പ്രദേശങ്ങളിലെ നാട്ടു വഴികളിലൂടെ ഒരു നടത്തമുണ്ടായിരുന്നു ഞങ്ങൾക്ക് . ഞങ്ങൾ എന്നു പറഞ്ഞാൽ മുപ്പത്തി രണ്ട് ക്യാമ്പംഗങ്ങളിൽ പെട്ടെന്ന് അടുപ്പം തോന്നിയ ഒരു ചെറു സംഘം. അനന്തു , മീര, ലൈല, ശ്യാം, ഹരിത അങ്ങനെ അഞ്ചു പേർ. ആദ്യ ദിവസം സന്ധ്യക്ക് ലൈല പാട്ടുപാടിയപ്പോൾ ശ്യാം സഞ്ചിയിൽ കൊണ്ടുനടന്നിരുന്ന ഫ്ലൂട്ടെടുത്ത് വായിച്ചു. തുടർന്നുള്ള ജീവിതത്തിലും ഈണം നൽകാൻ അവൻ അവളോടൊപ്പം ചേർന്നൊഴുകും എന്ന് അന്നേ തോന്നിയിരുന്നു.

ക്യാമ്പവസാനിച്ചപ്പോൾ മടക്കയാത്ര തിരികെ ട്രെയിനിൽ ഞങ്ങളൊന്നിച്ചായിരുന്നു. ശ്യാമും ലൈലയും തൊട്ടുതൊട്ടാണിരുന്നത്. ഇടക്ക് ശ്യാം അവളുടെ മടിയിൽ തലവെച്ചു കിടന്നു. കഴിഞ്ഞ നാലു ദിവസങ്ങൾ അവരെ അത്രമേൽ അടുപ്പിച്ചിരുന്നു. ഹരിതയും മീരയും ഒരു സീറ്റിലായിരുന്നു. എപ്പോഴും ഒരു നിറകുടം മന്ദഹാസമായിരുന്നു മീരയുടെ മുഖത്ത് . പ്രസരിപ്പുനിറഞ്ഞ ആ മന്ദഹാസം ഞാൻ ഇഷ്‌പ്പെട്ടു തുടങ്ങിയിരുന്നു.

ഹരിതയും ഞാനും പരസ്പരം കത്തുകൾ മുടങ്ങാതെ എഴുതികൊണ്ടിരുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ച്,സിനിമകളെക്കുറിച്ച് .... അക്കാലത്തെ ആനുകാലികങ്ങളിലെ രചനകളെക്കുറിച്ച്, സ്വന്തം എഴുത്തുകളെക്കുറിച്ച്, പുതിയ ആശയങ്ങളെക്കുറിച്ച് ...

ഹരിതയുടെ കഥകളും ഇടക്കിടെ വിവിധ ആനുകാലികങ്ങളിൽ വന്നുകൊണ്ടിരുന്നു. ക്യാമ്പു കഴിഞ്ഞ് നാലഞ്ചു വർഷത്തിനുള്ളിൽ മലയാള സാഹിത്യത്തിൽ ഹരിത ശ്രദ്ധിക്കപ്പെട്ട യുവ എഴുത്തുകാരിയായി. ആയിടക്കാണ്, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെ ഒരു കഥയും അച്ചടിച്ചു വന്നത്.

തൊട്ടടുത്ത ആഴ്ചത്തെ മലയാളം വാരികയിൽ, സാഹിത്യ വാരഫലത്തിൽ കഥയുടെ നിരൂപണവും വന്നു.

അനന്തുവിന്റെ കഥ ദീർഘതകൊണ്ട് ഒരിക്കലും മരിക്കാത്ത രോഗിയെപ്പോലെയാണെന്നാണ് വിലയിരുത്തിയത്. ഒരാഫീസിലെ ജീർണ്ണതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഇക്കഥ സംക്ഷേപണത്തിന്റെ ചാരുത പ്രദർശിപ്പിച്ചെങ്കിൽ അനുവാചകർ സസന്തോഷം അംഗീകരിക്കുമായിരുന്നു. കഥാകാരനു ഔചിത്യമില്ല. കഥ വായിക്കുമ്പോൾ 'ഇതു തീരാറായോ , തീരാറായോ എന്ന ആകാംക്ഷയോടു കൂടി, ക്ഷമയില്ലായ്മയോടു കൂടി വാരികയുടെ പുറങ്ങൾ ഞാൻ മറിച്ചു നോക്കി. എഴുത്തുകാരൻ ദൈർഘ്യം കൊണ്ട് കഥയെ വിരൂപമാക്കികളഞ്ഞു....." പ്രശസ്ത നിരൂപകൻ ശ്രീ. എം.കൃഷ്ണൻ നായർ എഴുതിയ നിരൂപണം
‘ദീർഘത നിന്ദ്യം’ എന്ന തലക്കെട്ടോടെയാണ് പ്രസിദ്ധീകരിച്ചത്.

പിന്നീട് ഒരു യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു കൊണ്ടു നിന്നപ്പോൾ അദ്ധ്യക്ഷൻ പറഞ്ഞു: "കാളമൂത്രം പോലെ പറയാതെ , കാര്യങ്ങൾ ചുരുക്കി പറയ്" . മുഖമടച്ചൊരു അടിയായിരുന്നു അത്. ഞാൻ വർത്തമാനം നിർത്തി. ഇരുന്നു. ഇനി സംസാരിക്കുന്നില്ലെന്നുറപ്പിച്ചു. കൈയിലുണ്ടായിരുന്ന കുറിപ്പുകളൊക്കെ പോക്കറ്റിൽ തിരുകി. മനസ്സിൽ സംഘർഷമാവുന്ന വിഷയങ്ങളൊക്കെ വൈകാരികമായി തുറന്നവരിപ്പിച്ചതായിരുന്നു എന്റെ പിഴവ് . പിന്നീട് ചില യോഗങ്ങളിലൊക്കെ പങ്കെടുക്കുമ്പോൾ മറ്റുള്ളവർക്ക് അലോസരമാവാതിരിക്കാൻ എടുത്തു പറയേണ്ട പ്രധാന കാര്യങ്ങൾ മുൻകൂട്ടി എഴുതി തയ്യാറാക്കുകയും, അതു നോക്കി വായിക്കുകയുമായിരുന്നു. അത് ഉള്ളിൽ തൊടാത്ത ജീവനില്ലാത്ത വാക്കുകളായി തോന്നി തുടങ്ങിയപ്പോൾ സാന്നിധ്യമറിയിച്ച് ഒന്നും പറയാതിരിക്കുക എന്ന ശീലത്തിലേക്കു വഴിമാറി. പരമാവധി ഉൾവലിഞ്ഞു. അടുപ്പമുള്ളവരോട് ഒരു പാട് വിശേഷങ്ങൾ, .തോന്നലുകൾ എല്ലാം പങ്കുവെച്ച് മനസ്സിന്റെ കെട്ടഴിക്കാറുള്ള ഞാൻ ഒന്നും പറയാതെയായി. സൗഹൃദ വേളകൾ സ്നേഹാന്വേഷണങ്ങളിൽ മാത്രമൊതുങ്ങി നിന്നു. എന്റെ സാമീപ്യം അലോസരമാവുന്നു എന്ന് തോന്നുന്ന ഇടങ്ങളിലൊന്നും സാന്നിധ്യം ഉണ്ടാവാതിരിക്കാൻ പരമാവധി ഒഴിഞ്ഞു മാറി.

അധികകാലം മൗനമായിരിക്കാനാവില്ല എന്നറിയാമായിരുന്നു. നെഞ്ചു കനത്ത് പൊട്ടുമ്പോലെ തോന്നും. അതിന് ഒരു ചികിത്സയും ഫലപ്രദമാവില്ലെന്നറിയാം. ഡയറിയിലും നോട്ടു പുസ്തകങ്ങളിലും കുറിപ്പുകളെഴുതിയിടുക എന്നതൊരു മറുമരുന്നായിരുന്നു. അപ്പോഴും കഥകൾക്കുള്ള ആശയങ്ങളൊക്കെ മനസ്സിനെ തൊടാറുണ്ടായിരുന്നു. അസ്വസ്ഥമാക്കാറുണ്ടായിരുന്നു. അവയെല്ലാം എഴുതാൻ മനസ്സുഴുതുമറിക്കാൻ ശ്രമിച്ചതേയില്ല. മനപ്പൂർവ്വമായിരുന്നു ആ കുരുതികൾ... ഡയറിയിൽ എഴുതുന്ന ചില കുറിപ്പുകൾ നീണ്ടു പോയാൽ വലിച്ചു കീറി തുണ്ടം തുണ്ടമാക്കി പുറത്തേക്കെറിയും.. അല്ലെങ്കിൽ മുറ്റത്ത് ചപ്പുചവറുകൾക്കൊപ്പം തീ കൂട്ടി കത്തിക്കും.

എന്നോടുള്ള ഇഷ്ടവും പരിഗണയും കൊണ്ട് തുടരെ വന്നുകൊണ്ടിരുന്ന ഹരിതയുടെ കത്തുകളായിരുന്നു തീച്ചൂട് കുറച്ചൊക്കെ തണുപ്പിച്ചത്. അവളെഴുതുന്ന എഴുത്തുകൾ എനിക്ക് ജീവാമൃതമായിരുന്നു.

വാക്കുകൾ കൊണ്ടും എടുത്തു ചാടിയ പെരുമാറ്റം കൊണ്ടും പ്രിയപ്പെട്ടവരെ ഞാനൊരുപാട് മുറിവേൽപ്പിച്ചിട്ടുണ്ട്. അതിന്റെ വിങ്ങലിലും നീറ്റലിലും ഉള്ളു പൊള്ളുന്നുമുണ്ട്. പശ്ചാത്തപിച്ച് ഭൂമിയോളം താഴ്ന്നിട്ടും ചില മുറിവുകൾ ഉണങ്ങിയില്ല, ഇതുവരെ..

നഗര റോഡിൽ ചിറകൊടിഞ്ഞു വീഴാൻ മനോവ്യഥകളും ഒരു കാരണമായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു.. ജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ , വീടിനകത്തെ കുഞ്ഞുമുറിയിലേക്ക് ഉൾവലിയണമെന്നൊക്കെ പലപ്പോഴും തോന്നിയിട്ടുണ്ട് … കുഞ്ഞുനാളിൽ കട്ടിലിനടിയിൽ കമ്പിളി തൂക്കിയിട്ട കൂട്ടിൽ സ്വർഗ്ഗം കണ്ടെത്താറുണ്ടായിരുന്നു. ഉറക്കം നഷ്ടപ്പെട്ട എനിക്ക് എട്ടു മണിക്കൂറെങ്കിലും ശാന്തമായി ഉറങ്ങാനുള്ള ഗുളികകൾ കുറിച്ചത് ഉടനെയൊന്നും നിർത്തരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചതാണ്. ഞാനതനുസരിച്ചില്ല. ഡോക്ടറെ കാണാൻ പോയിട്ട് കുറെയായി. മരുന്നുകൾ ഇപ്പോൾ കഴിക്കുന്നുമില്ല. കാറ്റും കോളും പിടിച്ച കറുത്തിരുണ്ട അന്തരീക്ഷത്തിൽ ആർത്തലക്കുന്ന തിരമാലയിൽ ഒറ്റപ്പെട്ട ഒരു പായക്കപ്പൽ ദിക്കറിയാതെ... കര പറ്റുമോ എന്നറിയാതെ ഒഴുകുകയാണ്...

മനസ്സിനെ ശാന്തമാക്കാനുള്ള ഔഷധം എന്റെ കൈവശം തന്നെയുണ്ടായിരുന്നു. വിറളി പിടിപ്പിക്കുന്ന ഉൾചൂടിനെ തണുപ്പിക്കാനുള്ള ദിവ്യൗഷധം കൂടിയാണത്.. നിലച്ചുപോയ എഴുത്തുകൾക്കൊരു തുടർച്ചയുണ്ടായാൽ മതി. ഡയറികൾ മറിച്ച് പലപ്പോഴായി കുറിച്ച കുഞ്ഞു കുഞ്ഞു കുറിപ്പുകളൊക്കെ വെറുതെ മറിച്ചു നോക്കുമ്പോൾ മനസ്സിന് കൈവരുന്ന ശാന്തത ഞാനനുഭവിക്കാറുള്ളതാണ്.

കൊടുങ്കാറ്റ് നിലച്ച് മാനം തെളിഞ്ഞ് കപ്പൽ തീരത്തടുത്തപ്പോഴൊക്കെ കരയിൽ മീര നിറ മന്ദഹാസത്തോടെ കാത്തു നിന്നിരുന്നു. അവൾ എന്നെയും താങ്ങി നനഞ്ഞ തീരമണലിലൂടെ ലൈറ്റ് ഹൗസിനടുക്കലേക്ക് നടന്നു. മരവാതിൽ തുറന്ന് പടവുകൾ കയറി ലൈറ്റ് ഹൗസിന്റെ മുകളിലേക്കു നടക്കുമ്പോൾ വിറച്ചു കൊണ്ട് ഞാനവളുടെ ദേഹത്തേക്ക് ചാഞ്ഞു കിടക്കുകയായിരുന്നു.

മേൽ തട്ടിലെത്തിയപ്പോൾ അവൾ മുറുക്കം വിട്ട് കൈകളയച്ചു. കുഴഞ്ഞു വീഴാതെ ഞാൻ പാരപെറ്റിൽ പിടിച്ചു നിന്നു . നല്ല കാറ്റുണ്ട്. ദൂരെ ഒരു ദിക്കിൽ നീല കടൽ. മറുഭാഗത്ത് തെങ്ങോലകളുടെ പച്ചപ്പ്. അതിനപ്പുറം ശാന്തമായുറങ്ങുന്ന മലകൾ ...

ഉള്ളിൽ ഒരു കുളിർമ്മ. കവിളിൽ ചുംബിച്ചുകൊണ്ട് ചെവിയിൽ മീര പറഞ്ഞു. " അക്ഷരങ്ങളെ , വാക്കുകളെ നീ ഭയപ്പെടരുത്. അക്ഷരങ്ങളാണ് നിന്റെ ജീവാമൃതം. വാക്കുകളാണ് നിന്റെ ജീവശ്വാസം."

“ നിനക്ക് നിന്റെ ഭാഷയിലേ സംവദിക്കാൻ പറ്റൂ. നിന്റെ അനുഭവങ്ങൾ നിന്റെ ചിന്തകൾ നിനക്കു മാത്രമേ പറയാൻ കഴിയൂ ... ഉള്ളു പൊള്ളുന്നവരുടെ ഹൃദയ വ്യഥകൾ ചിലരെ സ്പർശിക്കും. അവർ അത് ഹൃദയപൂർവ്വം സ്വീകരിക്കും. ചിലർ അത് നിഷ്കരുണം തിരസ്കരിക്കും.”

ഞാൻ എഴുതാത്തതിലാണ് അവൾക്കെന്നോട് നീരസം. മറ്റ് പലയിടങ്ങളിലും മുങ്ങി താഴുന്നതിലാണ്, സ്വയം നഷ്‌പ്പെടുത്തുന്നതിലാണ് അവൾ എന്നോട് പിണങ്ങിയിട്ടുള്ളത്. വായനയില്ലാതെ വരണ്ടു പോകുമ്പോൾ വായിച്ച നല്ല പുസ്തകങ്ങൾ നീട്ടി മീര പറയും "വായിച്ചു നോക്ക്. നീയൊന്നുഷാറാവും. "

പാർസലായി അയക്കാറുള്ള പുസ്തകങ്ങളുടെ കൂടെയുള്ള കവറിൽ ഹരിതയും എഴുതാറുണ്ടായിരുന്നു. "ഇതൊക്കെ വായിക്കണം, നിനക്കൊന്നു ജീവൻ വെക്കട്ടെ .."

മീരയും ഹരിതയുമായിരുന്നു ജീവിതത്തിൽ പലപ്പോഴും തട്ടി ഉണർത്തിയത്. കിഴക്ക് ഹൈറേഞ്ചിലേക്ക് ആദ്യമായി മീരയെ കാണാൻ പോയപ്പോൾ വീടിനു മുൻപിലൂടെ ഒഴുകുന്ന പുഴയിലേക്ക് , പാറക്കെട്ടുകൾ നിറഞ്ഞ കുളിക്കടവിലേക്ക് അവൾ എന്നെ കൊണ്ടുപോയി. തെളിഞ്ഞ തണുത്ത വെള്ളത്തിൽ അവൾ നീന്തിക്കുളിക്കുന്നത് , ഓടപ്പടർപ്പുകൾ വളർന്ന് കുളിരുള്ള തണൽ വീഴ്ത്തിയ കരയിലിരുന്ന് ഞാൻ കണ്ടു. എനിക്ക് നീന്തലറിയില്ലായിരുന്നു. ഈറനോടെ പുഴയിൽ നിന്ന് കയറി വന്ന അവളോടൊപ്പം ഓടക്കാടുകളുടെ ചില്ലകൾ വകഞ്ഞു മാറ്റി മറ്റാരുടെയും നോട്ടമെത്താത്ത ഒരിടത്തേക്കു നടന്നു. കരിയിലയനക്കത്തിൽ ഒരു പാമ്പ് ഇഴഞ്ഞു പോവുന്നതു കണ്ട് ഞാനൊന്ന് വിറച്ചു. അവൾ ഭയപ്പെടാതെ എന്റെ കൈയിൽ മുറുകെ പിടിച്ചു. നിലത്തിരുന്ന എന്റെ മടിയിലേക്ക് ചാഞ്ഞു കിടന്ന അവളുടെ നനഞ്ഞ മുടിയിലൂടെ ഞാൻ വിരലുകളോടിച്ചു. അപ്പോൾ പുഴയിൽ നിന്നും ഒരു മീൻ കൊത്തിയെടുത്ത് വെള്ളം തെറുപ്പിച്ച് വർണ്ണചിറകുകൾ കുടഞ്ഞ് പറന്നു പൊങ്ങുന്ന നീലപ്പൊന്മാനെ ഓടപ്പടർപ്പുകൾക്കിടയിലൂടെ കണ്ടു. സിരകളിൽ രക്തം തിളച്ചപ്പോൾ , ഓടക്കാട്ടിലെ കുളിരിൽ കരിയിലകൾ മെത്തയാക്കി രണ്ടു നാഗങ്ങൾ കിടന്നു പുളഞ്ഞു.

പിന്നീടൊരു ഹൈറേഞ്ച് യാത്രയിൽ മലയുടെ ചെരിവിലുള്ള ഒരു കശുമാവിൻ തോപ്പിലായിരുന്നു വിയർത്തൊഴുകിയത്. മീരയോട് ചേർന്നു കിടക്കുമ്പോൾ , അവളുടെ കണ്ണുകൾ ആലസ്യത്തോടെ നീലാകാശത്തൊഴുകുന്ന മേഘങ്ങൾക്കൊപ്പമായിരുന്നു.. അപ്പോൾ അവൾ പറയും . അനന്തൂ, നമുക്കും മേഘങ്ങളെപ്പോലെ നീലാകാശത്തു കൂടെ ദൂരെ ദൂരേക്ക് പറന്നു പോയാലോ".

മാറി കൊണ്ടിരുന്ന എന്റെ വിലാസങ്ങളിലേക്ക് ഹരിതയുടെ ഇല്ലന്റുകളും കവറുകളും ആഴ്ചയിൽ ഒന്നും രണ്ടുമൊക്കെ വന്നുകൊണ്ടേയിരുന്നു. മൊബൈൽ ഫോൺ യുഗത്തിലും അവളുടെ കത്തുകൾ എന്നെ തേടിയെത്തി. ഒരിക്കൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാനവളോടു പറഞ്ഞു: " ഹരിതയുടെ എഴുത്തുകൾ ഞാൻ മാത്രം വായിക്കേണ്ടതല്ല. എന്തെല്ലാം വിഷയങ്ങളാണ് നീ എനിക്ക് എഴുതുന്നത്. എന്തു രസമുള്ള മധുര ഭാഷയാണ് അക്ഷരങ്ങൾ കോർത്തുകൊണ്ട് നീയുണ്ടാക്കുന്നത്. നീ എനിക്കയച്ച കത്തുകൾ എഡിറ്റ് ചെയ്ത് ഒരു പുസ്തകമാക്കാവുന്നതാണ്.”
അതിനവൾ പറഞ്ഞത് :
"എന്റെ വായനക്കാർക്കു വേണ്ടി ഞാൻ കഥകളെഴുതുന്നുണ്ട്. ഞാൻ നിനക്കു മാത്രം വായിക്കാൻ എഴുതുന്നതിൽ എന്റെ ഒരു ഇഷ്ടം കൂടിയുണ്ട്. ഇനി നിനക്കത് അച്ചടിച്ചേ തീരൂ എന്നുണ്ടെങ്കിൽ , ഞാൻ മരിച്ചതിനു ശേഷം അതൊക്കെ പ്രസിദ്ധീകരിച്ചോളൂ".

എന്റെ നാക്കു പിഴവിന് അവൾ തന്ന മറുപടി വേദനിപ്പിച്ചു. പിന്നീട് ഇതുവരെ അവളെനിക്ക് എഴുതിയിട്ടില്ല. കത്തെഴുത്ത് നിലച്ചത് അകൽച്ച കൂടുന്നതിനും കാരണമായി. അത് അതിലേറെ സങ്കടമായി. ഞാൻ എന്തെങ്കിലുമൊക്കെ എഴുതുന്നത് , അല്ലെങ്കിൽ മനസ്സിൽ തോന്നുന്ന ആശയങ്ങൾ പങ്കുവെച്ചിരുന്ന, എന്തും തുറന്നു പറഞ്ഞിരുന്ന, ചർച്ച ചെയ്തിരുന്ന എനിക്ക് സ്വന്തമായിരുന്ന ഒരു ഹരിതതീർത്ഥം കൈമോശം വന്നതങ്ങനെയാണ്.

ഹൃദയ ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് സൂക്ഷിച്ചു വെച്ച ഹരിതയുടെ കത്തുകൾ വീണ്ടുമെടുത്തു വായിച്ചത്. അതോടൊപ്പം അലമാരയിലും റാക്കിലും പൊടി പിടിച്ചു ഊറാൻ കുത്തി കിടന്ന പഴയ ഡയറികൾ തുടച്ച് മറിച്ചു നോക്കി.  ജോലി വർഷങ്ങളായി നാടുവീട്ടായതിനാൽ എന്റെ മുറിയിലെ എന്റെ സ്വപ്നങ്ങൾക്കൊപ്പമായിരുന്നു ആ വിശ്രമവേളകൾ . ശരീരത്തിന് മാത്രമല്ല മനസ്സിനും ഒരുണർവ്വുണ്ടാവുന്നു...

ഒരു പുസ്തകം തുന്നികെട്ടാനുള്ള ആഗ്രഹം ഉത്സാഹത്തോടെ ഏറ്റെടുത്തത് ശ്യാമും ലൈലയുമായിരുന്നു. ജീവിതം വീണ്ടും ഒഴുകിതുടങ്ങിയതിനാൽ പുസ്തകത്തിന് "നിശ്ചലമാവാതിരുന്നത്" എന്ന തലക്കെട്ടാണ് ഞാനാദ്യം നിശ്ചയിച്ചത്. പ്രസാധകരാണ് "നീലപ്പൊന്മാൻ" എന്ന പേര് നിർദ്ദേശിച്ചത്.

പലകാലത്തെഴുതിയ കഥകൾക്ക് ആമുഖമായി ഹരിത എഴുതിയ കുറിപ്പ് ഇമെയിലിൽ ലഭിച്ചത് വായിപ്പോൾ എനിക്ക് ഒരു പാട് സന്തോഷം തോന്നി. വറ്റിപോയ ഹൃദയവിളക്കിലെ തിരിനാളം അണയാതെ വീണ്ടും മുനിഞ്ഞു കത്താനുള്ള എണ്ണ വീഴ്ത്തലായിരുന്നുവത്.
പുസ്തകത്തിനു വേണ്ടി ഹരിതയിൽ നിന്നും ഒരു കുറിപ്പ് ലഭിക്കാൻ ശ്യാമും ലൈലയും അവളെ നേരിൽ പോയി കാണുകയായിരുന്നു.

ഇ മെയിൽ ലഭിച്ചതിന്റെ പിറ്റേന്ന് വൈകുന്നേരം ഹരിതയുടെ പേര് ഫോണിൽ തെളിഞ്ഞു. എത്രയോ നാളുകൾക്കു ശേഷമാണ് അവളെന്നെ വിളിക്കുന്നത്. നിശ്ചലമായ സൗഹൃദത്തിന്റെ റിംങ് ടോൺ... ഹരിതയുടെ ശബ്ദം കാതിൽ കേട്ടു. അവളെന്നോട് സംസാരിക്കുന്നു !. "അനന്തൂ... ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്. വിശദമായി ഞാനെഴുതാം നിനക്ക്. ഞാൻ മുൻപ് വായിക്കാത്ത കുറേ കഥകൾ കൂടി നീ എഴുതിയിട്ടുണ്ടല്ലോ. എനിക്ക് സന്തോഷായി".

മധുമൊഴി മൗനമായി കാതോർത്തതേയുള്ളൂ.

ഹരിത തുടർന്നു." ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ, ഒരു കെട്ട് സമ്മാനവും കൊണ്ടു വരുന്നുണ്ട് ?"

" ഒരു കെട്ട് സമ്മാനമോ?"

"അതെ. കഴിഞ്ഞ നാളുകളിൽ ഡയറികളിൽ ഞാൻ നിനക്കെഴുതിയ കുറിപ്പുകൾ"

" അപ്പോ നീയെന്നെ മറന്നില്ല. ഇനിയുമങ്ങോട്ട് തുഴയാൻ തീർച്ചയായും ആ ഡയറിക്കുറിപ്പുകൾ എനിക്ക് അമൃതാവും"

" ഒറ്റ പ്രാർത്ഥനയേ എനിക്കിപ്പോഴുള്ളൂ , നിന്റെ മനസ്സിലുള്ള ആശയങ്ങളെല്ലാം എഴുതാനുള്ള മനസ്സു നിനക്കുണ്ടാവണേ എന്ന് " .

അവൾ പറഞ്ഞത് കേട്ടതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. നിശബ്ദം കണ്ണുകളടച്ചു കിടക്കുക മാത്രം ചെയ്തു. അപ്പോൾ നെറ്റിത്തടത്തിൽ തണുത്ത വിരൽ സ്പർശമറിഞ്ഞു. കണ്ണു തുറന്നു. ഏലവും ഇഞ്ചിയും മണക്കുന്ന റോബസ്റ്റാ കാപ്പിയുമായി മന്ദഹസിച്ചു കൊണ്ട് മീര അരികത്ത്. ചുടുകാപ്പിയുടെ ആവി മണത്തപ്പോൾ ശ്യാമും അരികത്തുണ്ടെന്നു തോന്നി . അവന്റെ സ്പർശത്തിനായി കൈ നീട്ടി. മീര കൈകളിൽ പിടിച്ച് അരികത്തിരുന്നു. കാപ്പി മൊത്തി മൊത്തി കുടിക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ ദൂരെ എവിടെ നിന്നോ നേർത്ത ഒരു പുല്ലാങ്കുഴൽ നാദം ഒഴികെയെത്തുന്നതായി എനിക്കു തോന്നി.

അന്നു രാത്രി ശ്യാമിന്റെ സ്നേഹം എന്നെ തേടിയെത്തി. രാത്രി മുഴുവൻ അവൻ സംസാരിച്ചു. ഞാൻ മീരയോട് ചേർന്നു കിടക്കുകയായിരുന്നു. സംസാരം അവൾ തടഞ്ഞില്ല. ഉറക്കക്കമിളച്ചാൽ എന്നോട് ദേഷ്യപ്പെടാറുള്ള അവൾ അന്ന് ഒന്നും പറഞ്ഞില്ല. സ്പീക്കറിൽ അവളും കേൾക്കുകയായിരുന്നു ശ്യാമിന്റെ വാക്കുകൾ . അപ്പുറത്ത് ലൈലയും ഉറങ്ങാതെ ശ്യാമിനെ ചേർത്തു പിടിച്ച് അരികെ തന്നെ ഇരിക്കുകയായിരുന്നു. ശ്യാമിന്റെ തലമുടിയിലൂടെ ലൈലയുടെ കൈവിരലുകൾ പതുക്കെ വാത്സല്യപൂർവ്വം ഓടുന്നുണ്ടായിരുന്നു. കഥകളെക്കുറിച്ചാണ് ശ്യാമും സംസാരിച്ചത്.

"നിശ്ചലമാവാതിരുന്നത്" എന്നതായിരുന്നു പുസ്തകത്തിന് കൂടുതൽ ഉചിതമായ തലക്കെട്ട് എന്നു ശ്യാം പറഞ്ഞപ്പോൾ ഞാൻ മന്ദഹസിച്ചതേയുള്ളൂ.

കുളിരുള്ള തെളിനീരുമായി, നിശ്ചലമാവാതെ ഒഴുകുന്ന പുഴയുടെ കരയിലെ പച്ചപ്പിൽ നിന്നും ഒരു നീലപ്പൊന്മാൻ ചിറകുവീശി ആകാശത്തേക്കു പറന്നു പോകുന്ന ഒരു ദൃശ്യമാണ് എന്റെ മനസ്സിലപ്പോൾ തെളിഞ്ഞത്.

ചുവരിലേക്ക് നോക്കി. ഹരിത സമ്മാനിച്ച ജീവൻ തുടിക്കുന്ന നീലപൊന്മാന്റെ ഛായാചിത്രം അവിടെത്തന്നെയുണ്ട്. അന്ന് ശ്യാം സംസാരിച്ചു തീരുന്നത് വരെ എന്റെ കണ്ണുകൾ നീലപ്പൊന്മാനൊപ്പമായിരുന്നു.

…...…...…...…...…...…...…...….
സുനിൽ കോടതി ഫൈസൽ, ചീരാൽ .പി.ഒ , വയനാട് - 673 595, 9961077070 , sunilkodathifaizal@gmail.com
…...…...…...…...…...…..
നന്ദി


2 comments:

Anonymous said...

വീണ്ടും നീല പൊന്മാൻ

Anonymous said...

Yes