Tuesday, March 17, 2015

ചീമുട്ടയും തക്കാളിയും

ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പരസ്യമായി മൂത്രിക്കുകയും കാഷ്ടമിടുകയും ചെയ്യാമെന്ന്  2015 മാർച്ച്  13 ലെ  കേരള നിയമസഭാ സമ്മേളന നടപടികളിലൂടെ നമുക്ക് മനസ്സിലായി. കേരള ജനതയെ വിറ്റ് കാശു വാങ്ങിയ ഒരുത്തനെ വാഴിക്കില്ലെന്ന്  പ്രതിപക്ഷം പ്രതിജ്ഞ എടുത്തു കൊണ്ട് പ്രതിഷേധം ശക്തമാക്കിയപ്പോൾ  ഭരണകൂടം അതു മറി കടക്കുവാനും തന്ത്രം പയറ്റി. അതിൽ അവർ സാങ്കേതികമായി വിജയിക്കുകയും ചെയ്തു.
"മാണി ബജറ്റ് അവതരിപ്പിച്ചാൽ സമാനതകളില്ലാത്ത സംഭവങ്ങൾക്ക്  നിയമ സഭ സാക്ഷ്യം വഹിക്കുമെന്ന"  പ്രതിപക്ഷ നേതാവ്  വി.എസ് .അച്ചുതാനന്ദന്റെ വാക്കുകൾക്ക്  പൊന്നും വില കൽപ്പിക്കുവാൻ പാർട്ടിയിലെയും മുന്നണിയിലെയും പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തല്ക്കാലം മറന്ന്  പ്രതിപക്ഷ മുന്നണിയിലെ എല്ലാവരും ഒറ്റക്കെട്ടായി .  എന്നാൽ കേരള നിയമ സഭയിൽ ഒരു ആസൂത്രണവും ഇല്ലാതെയാണ്  പ്രതിപക്ഷം തോന്നിയതുപോലെ പ്രതിഷേധിച്ചത്. നാട്ടുമ്പുറത്തെ  ഒരു ഫുട്ബാൾ കളിക്ക് പോലും കൃത്യമായ പ്ലാനിംഗ് ഉണ്ടാകും .യുവ തുർക്കികൾ എന്നു കരുതിയ പല വിപ്ലവ എം.എൽ .എ മാരും യുദ്ധം തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ പ്രഷർ കൂടി നിലം പൊത്തി. പത്തു മുട്ടയും നാലു ചുവന്ന തക്കാളിയും ആയുധമായി കയ്യിൽ  കരുതാനുള്ള മൂള ഇവരുടെ ചെവിയിലാരും ഓതി കൊടുത്തതുമില്ല . വെള്ള യൂണിഫോമണിഞ്ഞ പോലീസെന്ന വാച്ച് ആൻഡ്‌ വാർഡ്‌ സംരക്ഷിത വലയം തീർത്താലും കാട്ടു കള്ളനെ ഉന്നം പിടിച്ച് മുട്ടയും തക്കാളിയും എറിയാമായിരുന്നു. കൈവിട്ട കളിയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നടന്നത് . എന്നാലത്  തങ്ങളുടെ വിജയമാക്കി മാറ്റാൻ പ്രതിപക്ഷത്തിന് കഴിഞ്ഞതുമില്ല. ദൈവത്തിനെ കൂട്ടുപിടിച്ച് നാടു മുടിക്കുന്ന പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്ന ഈ കഫം തീനികളെ അപമാനിക്കാൻ മുട്ടയും തക്കാളിയും സമരായുധമാക്കാമായിരുന്നു.

ചീമുട്ടയേറുകൊണ്ട്  കാട്ടു  കള്ളന്റെ വളിഞ്ഞ മുഖം കാണാമെന്ന വ്യാമോഹവും നമുക്ക് വേണ്ട. അതും അവർ അലങ്കാരമാക്കും.
 ഒരു അന്യ മത സ്ത്രീയെ പ്രേമിച്ച ഒരു യുവാവിനോട്  അവന്റെ മതത്തിൽ പെട്ട യൂത്ത് വിംഗ് നേതാവ് വിളിച്ച് ഉപദേശിച്ചത് "നീ അവളെ പരമാവധി ഉപയോഗിച്ചോ .കല്യാണം കഴിച്ച് അബദ്ധമൊന്നും കാണിക്കരുത് .ഒരു കാര്യം കൂടി എല്ലാ ദിവസവും പള്ളിയിൽ തല കാണിക്കണം ,ഞങ്ങൾ നിന്നോട് കൂടെയുണ്ട് ".

ഇവർ കോടി രൂപ അഴിമതി നടത്തി  അണ്ണാക്കിലാക്കും.അതിൽ നിന്നും ഒരു ലക്ഷം രൂപ ദൈവത്തിനു കാണിക്കയിടും. പള്ളിയുടെ നവീകരണ ത്തിനായി  അഞ്ചു ലക്ഷം  നല്കും. മെത്രാനെയും അച്ചനെയും കപ്യാരെയും സഭയിലെ പ്രമാണിമാരെയും വിളിച്ച് സല്കരിക്കാൻ ചിലവ്  രൂപ ഇരുപതിനായിരം..  ബാക്കി ദൈവ പുത്രന്റെ സ്വന്തം ആമാശയത്ത്തിൽ... സ്വന്തം പാർട്ടിയിലെ ആരെങ്കിലും വെളിപാട് കൊണ്ട് ഉറഞ്ഞു തുള്ളിയാൽ അവനെ മെരുക്കാൻ കുറച്ചു പച്ച നോട്ടവന്റെ അണ്ണാക്കിൽ തിരുകും.

കച്ചോടം നല്ലവണ്ണം നടത്തുവാൻ മെയ്  വഴക്കമുള്ള കള്ളന്മാരുടെ മുഖ ഷേപ്പ് മാറ്റാൻ പത്തു ചീമുട്ടക്കും നാല് ചുവന്ന തക്കാളിക്കും കഴിയുമായിരുന്നു. നിയമ സഭയുടെ കറുത്ത അദ്ധ്യായമെന്ന്  മുഖ്യൻ പത്രക്കാരുടെ മുമ്പിൽ വാ തുറന്ന പോലെ തക്കാളി മുട്ട വിപ്ലവമായി പ്രതിപക്ഷത്തിനും ചരിത്രത്തിൽ രേഖപ്പെടുത്താമായിരുന്നു.
പാസ്സായ / പാസാകാത്ത ബഡ് ജറ്റിൽ മുട്ടക്കും തക്കാളിക്കും വില കൂട്ടിയതിനെതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി സാധാരണ ജനങ്ങളും പിന്തുണ നല്കുമായിരുന്നു. സാധാരണകാരുടെ വറചട്ടിയിൽ മണ്ണ് വാരിയിടുന്ന ഉപ്പു തൊട്ട് കർപ്പൂരം വരെ വില കൂടുന്ന ജന ദ്രോഹ ബജറ്റ് ചർച്ചയാവാതിരിക്കുകയും നിയമ സഭാ സമര വിഷയം മാത്രം സജീവമായി നില്ക്കുകയും ചെയ്യുന്ന ഒരു ദുരന്ത ചിത്രം കൂടി ഇവിടെയുണ്ട്.

CM Ravi :-"ചക്കരഭരണി കാത്തു സൂക്ഷിക്കുവാൻ ഭരണപക്ഷം വ്യക്തമായ പ്ലാനിംഗ് നടത്തി വന്നതാണ് എന്ന് ഓരോ അടവിലും കണ്ടു.. ചീമുട്ടയെയും ചീഞ്ഞ തക്കളിയെക്കാളും മുളക്സ്പ്രേയെക്കാളും എത്രയോ വലുതാണ് ചക്കരഭരണി !"

Thursday, March 12, 2015

ഒരു താടി പുരാണം ..

                                           താടി കൊണ്ടുള്ള പരീക്ഷണങ്ങൾ ..എനിക്ക് "പ്രാന്താ"ണെന്നു ചോദിച്ച തങ്കു (മകൾ) തന്നെയാണ് ഈ ഫോട്ടോയെല്ലാം എടുത്തത് .വീട്ടിൽ മൂന്ന് ആഴ്ച ചെറിയൊരു വിശ്രമമായി ഇരിക്കേണ്ടി വന്നു. പുസ്തകങ്ങൾ വായിച്ചു. ചില കുറിപ്പുകൾ എഴുതി വെച്ചു. പഴയ നല്ല കാലത്ത് മൈനയും മറ്റു കൂട്ടുകാരികളും എനിക്ക് എഴുതിയ വീട് നൂറു മാറിയാലും ഇപ്പോഴും സൂക്ഷിക്കുന്ന കത്തുകൾ വെറുതെ മറിച്ചു നോക്കി.
  പഴയ നമ്പരുകൾ തപ്പി പിടിച്ച് ചിലരെ വിളിച്ചു. ഇൻലന്റിലും കാർഡിലുമായി ഒന്ന് രണ്ടു കത്തുകൾ എഴുതി പോസ്റ്റ്‌ ചെയ്തു. അതിനിടയിൽ താടി വളർന്നു . അരുമയായ താടിയെ വടിച്ചു കളയാൻ തോന്നിയില്ല. അവധി കഴിഞ്ഞു. വൃത്തിയായി പോകേണ്ട ബാങ്കിൽ കോലം കെട്ട് ഒരു മാസം പോയി. "നീ എന്താ ഇങ്ങനെ പ്രാന്തനായി വരുന്നത് " എന്നും "നിനക്കെന്താ ഇത്ര മാത്രം നിരാശ ...?നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ... ?എന്താ ഇത്ര വിഷാദം...? നീയും മൈനയും തമ്മിൽ എന്തെങ്കിലും വഴക്കുണ്ടോ ? " എന്ന ഒരുപാട് ചോദ്യങ്ങളും അന്വേഷണങ്ങളും പല വഴിക്ക് കേട്ടു . "ലീവു കഴിഞ്ഞു വന്നത് പുതിയ രൂപത്തിലും ഭാവത്തിലുമാണെ"ന്നാണ് ജെറി റസീനയോടു പറഞ്ഞത് .

                                        മൈന താടി കത്തിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. ഉമ്മ വെക്കാൻ നേരം വൈക്കോൽ തുറുവിൽ പോയി ചാരിക്കോളാം എന്നു പറഞ്ഞവൾ തിരിഞ്ഞു കിടക്കും. അവളുടെ വയറ്റിൽ നിന്റെ രോമമെത്തുമെന്ന്‌ ബാബുരാജ് പറഞ്ഞത് അതുകൊണ്ട് നടന്നില്ല. സുനിൽ എന്താണ് താടി വളർത്തി നടക്കുന്നത് എന്നത് അന്വേഷിക്കാൻ അവൻ ആശയെയും ചുമതലപ്പെടുത്തിയിരുന്നു. ബാങ്കിലെ സൂചനാ പണി മുടക്കു ദിവസം കണ്ടപ്പോൾ താടി വടിച്ചൂടെ എന്നവൾ ചോദിച്ചു .
കെ.ടി.അനിലും ബാബുവും പറഞ്ഞത് വാപ്പയുടെ തനി പകർപ്പായെന്നാണ് . "നിന്റെ അപ്പൻ തന്നെടാ " എന്ന് ഇസ്രായേലിൽ ചേക്കേറിയ ലോനപ്പൻ റജി കമന്റിട്ടു. മത്തൻ കുത്തിയാൽ പിന്നെ കുമ്പളം മുളക്കുമോ?
തങ്കു മോൾ കാച്ചിയതാണ് രസകരമായത് . കഴിഞ്ഞ ആഴ്ച വയനാട്ടിൽ ചീരാലിൽ കോടതി വീട്ടിൽ ചെന്നപ്പോൾ മോൾ വാപ്പയോട് പറയുകയാണ്‌ "ഡാഡിയെ കണ്ടാൽ ഇപ്പോൾ ഉപ്പച്ചീടെ ഏട്ടനാണെന്നു തോന്നും " എന്ന് . 
"ഡാഡിയുടെ മുഖത്തു നോക്കുമ്പോൾ പേടി തോന്നുന്നു" തങ്കു മോൾ ഈ വാക്ക് പറഞ്ഞപ്പോഴാണ് താടി വടിക്കുവാൻ ബ്ലേഡ് വാങ്ങിയത്. ഒരു ദിവസം രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാണ് ഈ പരീക്ഷണങ്ങൾ എല്ലാം നടത്തിയത്. അമ്പട്ടന് കൊടുക്കേണ്ട ചില്ലറ ലാഭമായി. ബാർബറെ കണ്ടാൽ ചുരുങ്ങിയത് ഇരുന്നൂറുപ്പിക എങ്കിലും ചിലവാകുമായിരുന്നു. ഇടക്കൊരു ദിവസം താടി ക്രോപ്പ് ചെയ്ത് ഡൈ ചെയ്തതിന് ബംഗ്ലാദേശിൽ നിന്നെത്തിയ പയ്യൻ ബാർബർ വാങ്ങിയത് രൂപ മുന്നൂറാണ് .
താടി വടിച്ച് ബാങ്കിൽ എത്തിയ ദിവസം ചോല ഇറക്കിയോ എന്ന് ലവ് ലി ചോദിച്ചു. താടി വളർത്തി കള്ള സ്വാമിയായി നടന്ന കാലത്ത് മുഖത്തു നോക്കാറില്ലാതിരുന്ന വിനോദ് അരികത്തു വന്നു ഇതാണ് നല്ലതെന്നു പറഞ്ഞു . ജൂന ആദ്യമായി "ഗുഡ് മോർണിംഗ് " പറഞ്ഞു. അവൾ വളച്ചെടുത്ത പ്രമോദ് ഇന്ന് വൈകീട്ട് കണ്ടപ്പോൾ താടി ഇല്ലാത്തതാണ് നല്ലതെന്ന് പറഞ്ഞു .ഇരുണ്ട കാർമേഘം മാറി നിലാവുദിച്ചത് കണ്ടതു കൊണ്ടാവണം സുൽത്താൻബിയും ഗീതാ മാരാരും പ്രത്യേകം കുശലാന്വേഷണം നടത്തി. 
താടിയുള്ളകാലത്ത് മൗനം പാലിച്ച അഷറഫ് ഇന്നലെ "ഒരു മുഴു കയ്യൻ ജുബ്ബ കൂടി ഇട്ടോണ്ട് വരാൻ പറയാനിരിക്കായിരുന്നു." എന്നു പറഞ്ഞു നയം വ്യക്തമാക്കി. "വേഷം അഴിച്ച് എക്സിക്യൂട്ടീവ് ആകാൻ തീരുമാനിച്ചു എന്നു കേട്ടല്ലോ" എന്നാണ് സോണിയാജി ഫോണിലൂടെ കളിയാക്കിയത് . ദില്ലീന്ന് സോണിയാ മദാമയല്ല . റിക്കവറിയിലെ സെല്ലിലെ നമ്മുടെ സോണിയാജിയെയാണ് ഉദ്ദേശിച്ചത് .
വൈകീട്ട് വീട്ടിലെത്തിയപ്പോൾ മൈനയുടെ ചോദ്യം "താടിയില്ലാ അപ്പനെ കണ്ട് ലവ് ലിയും സോണിയയുമൊക്കെ എന്തു പറഞ്ഞു ?"
"നിന്റെ സുഹൃത്തുക്കളല്ലേ അവരൊക്കെ... വിളിച്ച് ചോദിക്ക് " രണ്ടു മാസം അരുമയായി കൊണ്ട് നടന്ന താടി വടിച്ചു കളഞ്ഞ സങ്കടത്തിലും ദേഷ്യത്തിലുമായിരുന്നു ഞാൻ...