Thursday, March 27, 2008

മുഖശ്രീ മാറുമ്പോള്‍ mughasree maarumpol

1906 നവംബര്‍ 19 ന്‌ ജനിക്കുകയും 101 വര്‍ഷമായി ഭാരത ജനതയെ സേവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കനറാബാങ്കിന്റെ ലോഗോക്ക്‌ 2007 ഡിസംബര്‍ 29 മുതല്‍ രൂപ മാറ്റം വന്നു.
ലോഗോ മാറ്റിയത്‌ പൊതുജനങ്ങള്‍ക്കു വേണ്ടിയാണെന്നാണു പറയുന്നത്‌. നൂറ്റിയൊന്നു വര്‍ഷം ഐശ്വര്യത്തില്‍ നിന്ന്‌ ഐശ്വര്യത്തിലേക്ക്‌ , സമൃദ്ധിയില്‍ നിന്ന്‌ സമൃദ്ധിയിലേക്ക്‌ മുന്നേറിയ കനറാബാങ്ക്‌ ലോഗോ മാറ്റാനും രാജ്യത്താകമാനമുള്ള ഏരിയാ ഓഫീസുകളിലൂടെയും ശാഖകളുടെയും എ.ടി.എം കൗണ്ടറുകളുടേയും മുമ്പില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കാനും, പത്രപരസ്യങ്ങള്‍ നല്‍കാനും വഴിയോരങ്ങളില്‍ കൂറ്റണ്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വേണ്ടി ആയിരം കോടിയോളം രൂപയാണ്‌ ചിലവഴിച്ചത്‌...
കനറാ ബാങ്കിന്റെ ലോഗോ മാറ്റാന്‍ ആയിരം കോടിയും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രണ്ടായിരം കോടിയുമാണ്‌  ചെലവാക്കിയത്‌. വലിയൊരു കാര്യത്തിന്‌ ചെലവാക്കാവുന്ന ചില്ലറക്കാശ്‌ തന്നെ. സംഗതി വേണ്ട വിധം നടക്കണമെങ്കില്‍ അത്‌ വിശ്വസ്‌തരായ ആളുകളെ ഏല്‌പ്പിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. പരസ്യ കരാര്‍ ഏല്‌പിച്ചത്‌ കേന്ദ്രധനകാര്യ മന്ത്രിയുടെ പുത്രന്റെ ഉടമസ്ഥതയിലുള്ള പരസ്യ കമ്പനിക്കായിരുന്നു.
പരസ്യ സൂക്തവും ബഹു കേമം തന്നെ.
ഒറ്റനോട്ടത്തില്‍ ഒരു കീ ചെയിന്‍ പോലെ തോന്നുന്നു. സാധാരണ ജന വിഭാഗങ്ങള്‍ക്കുള്ള സേവന താഴിട്ടുപൂട്ടി, പണക്കാര്‍ക്കു മാത്രം സ്വാഗതമോതുന്നതിന്റെ പ്രതീക ചിഹ്നമാണോ പുതിയ ലോഗോ എന്നു സംശയിച്ചു പോകുകയാണ്‌.........
എസ്‌.ബി.ഐ, എസ്‌.ബി.ടി കനറാബാങ്ക്‌ തുടങ്ങിയ ദേശസാല്‍കൃത ബാങ്കുകളിലെ ഇടപാടുകാരില്‍ ഭൂരിഭാഗവും 45 വയസിനു മുകളിലുള്ളവരാണെന്നാണ്  കണ്ടു പിടുത്തം......യുവ നിരയുടെ ഇടപാട്‌ , ഐ.സി.ഐ.സി.ഐ , എച്ച്‌.ഡി.എഫ്‌.സി, ഐ.ഡി.ബി.ഐ, ഫെഡറല്‍ബാങ്ക്‌ തുടങ്ങിയ കുളൂസ്‌ ബാങ്കുകളിലാണ്‌................
യുവത്വത്തെയും വിദേശികളെയും വാരിപ്പുണരാനാണ് ഈ പുതുവസ്‌ത്രമണിയൽ എന്നു സംശയിച്ചു പോകും .പരമ്പര്യത്തെ പിഴുതെറിഞ്ഞ്‌ പുതുലോക്രമത്തിനനുസരിച്ച്‌ ചുവടു വെച്ചു നോക്കുന്ന കനറാബാങ്ക്‌ നമ്മുടെ മണ്ണില്‍ മുളപൊട്ടി, വേരുപിടിച്ച്‌ പടര്‍ന്നു പന്തലിച്ചത്‌ ഇന്ത്യക്കാരുടെ സഹകരണവും പിന്തുണയും കൊണ്ടാണ്‌.
വിദേശ ബാങ്കുകള്‍ അനേകം  ഇന്ത്യയില്‍ കാലുകുത്തുമ്പോൾ പിടിച്ചു നില്‍ക്കാന്‍ സ്വദേശികളും അടിമുടി മാറുകയാണ്‌....
ഒരെളിയ സംശയം?ഇന്ത്യയിലെ ഇടപാടുകാരും മാറിമറിയുമോ?
മാറിമറിയുകയല്ല. സാധാരണക്കാരായ കര്‍ഷക, കര്‍ഷകതൊഴിലാളി പീറ ഇടപാടുകാരെ തുടച്ചു നീക്കും.. ബാങ്കുകളുടെ നാലയലത്ത്‌ അടുപ്പിക്കില്ല. അവര്‍ക്ക്‌ വേണമെങ്കില്‍ നാട്ടിലെ വട്ടിപ്പലിശക്കാരുടെ മുമ്പിൽ താണുവണങ്ങി കൈ നീട്ടാം......
സ്വദേശിയും വിദേശിയുമായ കുളൂസ്‌ ബാങ്കുകള്‍ക്ക്‌ വേണ്ടത്‌ കുംഭേര ഇടപാടുകാരെ മാത്രം........ ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മജിയെ ഇറക്കി വിടുമോ ? അര്‍ദ്ധ നഗ്നനായ രാഷ്‌ട്ര പിതാവിനെ കോട്ടും സൂട്ടുമണിയിച്ച്‌ മോഡേണാക്കുന്നതും കാണേണ്ടി വരുമോ?

5 comments:

Anonymous said...

ഇന്ത്യന്‍ കറന്‍സിയില്‍ നിന്നും മഹാത്മജിയെ ഇറക്കി വിടുമോ മാഷേ? അര്‍ദ്ധ നഗ്നനായ രാഷ്‌ട്ര പിതാവിനെ കോട്ടും സൂട്ടുമണിയിച്ച്‌ മോഡേണാക്കുന്നതും കാണേണ്ടി വരുമോ?

കണ്ണൂരാന്‍ - KANNURAN said...

അപ്പൊ അതാണു കാര്യം..ഈ കോടികള്‍ എത്തുക ചിദംബരത്തിന്റെ പുത്രന്റെ സ്ഥാപനത്തിലേക്കാണ്. അപ്പൊ ഇനി പല ബാങ്കുകളും മുഖശ്രീ മാറ്റും.. എന്തു പറയാന്‍ അല്ലെ?

തോന്ന്യാസി said...

കനറാ ബാങ്കിന്റെ ലോഗോ മാറ്റാന്‍ ആയിരം കോടിയും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ രണ്ടായിരം കോടിയുമാണത്രെ ചെലവാക്കാന്‍ പോകുന്നത്‌

പത്തായിരവും പതിനഞ്ചായിരവും ലോണെടുത്ത് ഒടുവില്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്ന എത്രയോ പേരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ പോലും തയ്യാറാകാത്ത ഇവര്‍ മുഖം മിനുക്കുന്നത് എന്തിനുവേണ്ടിയാണ്?

മൂര്‍ത്തി said...

പ്രസക്തമായ പോസ്റ്റ്..ഹുണ്ടികക്കാരന്റെ ചിരി അണിയറയില്‍ കേള്‍ക്കുന്നില്ലേ?

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കാര്യം എന്തായാലും കാനറാബാങ്ക് ലോഗോ മാറ്റിയതു കാരണം അതിന്റെ ടിവി പരസ്യം കോഡിനേറ്റ് ചെയ്ത വകയില്‍ ഞാനുള്‍പ്പെടെ 100 കണക്കിനാളുകള്‍ക്ക് വരുമാനം കിട്ടി. ഏവരും ആ പരസ്യചിത്രം കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു.